ന്യൂസ് ഡെസ്ക്, മലയാളം യുകെ
റോയിട്ടേഴ്സ് വാർത്താ സംഘത്തിൻ്റെ ഭാഗമായി കിഴക്കൻ ഉക്രെയ്നിൽ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് പൗരൻ റഷ്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. റയാൻ ഇവാൻസ് ആണ് റഷ്യയുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവാൻ ഉൾപ്പെടെയുള്ള ആറംഗ സംഘം താമസിച്ചിരുന്ന ഹോട്ടലിൽ റഷ്യ ആക്രമണം നടത്തുകയായിരുന്നു.ഇവർ താമസിച്ചിരുന്ന സ്ഥലം ഉക്രെയ്നിന്റെ നിയന്ത്രണത്തിലാണെങ്കിലും അതിർത്തിക്ക് സമീപമാണ്. റഷ്യൻ മിസൈൽ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഉക്രെയ്ൻ അധികൃതർ പറഞ്ഞു . എന്നാൽ ഇതിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തകർന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 19 മണിക്കൂർ തിരച്ചിലിനു ശേഷമാണ് 40 വയസ്സുകാരനായ ഇവാന്റെ മൃതദേഹം കണ്ടെടുക്കാനായത്. ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി കൊല്ലപ്പെട്ട ഇവാന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. വളരെ നാളുകളായി ഇവാൻ റോയിട്ടേഴ്സ് സംഘത്തിൻറെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു . ലോകമെങ്ങുമുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഇവാൻ തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സ് പറഞ്ഞു.
റോയിട്ടേഴ്സ് സംഘത്തിലെ രണ്ട് പേർക്കു കൂടി റഷ്യൻ മിസൈൽ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട് അവരിൽ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഉക്രെയ്നിലെ റഷ്യൻ അധിനിവേശ പ്രദേശത്തു നിന്നും 12 മൈൽ മാത്രം അകലെയാണ് ക്രാമാറ്റോർഡ് എന്ന് ആക്രമണത്തിനിരയായ സ്ഥലം. ഇവിടം പതിവായി റഷ്യൻ ആക്രമണം നടത്തുന്ന സ്ഥലമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. പ്രശസ്ത ഉക്രെയ്ൻ എഴുത്തുകാരിയായ വിക്ടോറിയ ആമേലിന ഉൾപ്പെടെ ഒട്ടേറെ പേരാണ് റഷ്യ ഈ പ്രദേശത്ത് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Leave a Reply