ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലോസ് ഏഞ്ചൽസ് : ലോസ് ഏഞ്ചൽസിലെ വിചാരണ വേളയിൽ തന്റെ രക്ഷകർത്തൃത്വ ( കൺസർവേറ്റർഷിപ്പ് )ത്തിനെതിരെ തുറന്ന് സംസാരിച്ച് അമേരിക്കൻ പോപ്പ് ഗായിക ബ്രിട്നി സ്പിയേഴ്സ്. തന്റെ പിതാവ് തന്നെ “100,000%” നിയന്ത്രിക്കുകയാണെന്നും ഈയൊരു ക്രമീകരണം അവസാനിപ്പിക്കണമെന്ന് അവൾ വെളിപ്പെടുത്തി. “ഞാൻ പരിഭ്രാന്തയായി. എനിക്ക് എന്റെ ജീവിതം തിരികെ വേണം.” ബ്രിട്നി കൂട്ടിച്ചേർത്തു. 2008 ൽ കോടതി ഉത്തരവിട്ട കൺസർവേറ്റർഷിപ്പിൽ മകളുടെ സ്വകാര്യ, ബിസിനസ് കാര്യങ്ങളിൽ പിതാവ് ജാമി സ്പിയേഴ്‌സിന് നിയന്ത്രണം ലഭിച്ചിരുന്നു. മാനസികാരോഗ്യത്തെച്ചൊല്ലി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഈ ഉത്തരവ് ഉണ്ടായത്. “ഈ കൺസർവേറ്റർഷിപ്പ് അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” 20 മിനിറ്റ് നീണ്ട വെളിപ്പെടുത്തലിൽ ബ്രിട്നി വികാരാധീനയായി ഇപ്രകാരം പറഞ്ഞു.
തന്റെ പിതാവ് രക്ഷകർത്തൃത്വം ദുരുപയോഗം ചെയ്യുകയാണെന്ന് ഗായിക അറിയിച്ചു. “എനിക്ക് നല്ലൊരു ജീവിതം ജീവിക്കാൻ അർഹതയുണ്ട്. എന്റെ ഇത്രയും ജീവിതകാലം മുഴുവൻ ഞാൻ പ്രവർത്തിച്ചു. രണ്ട് മൂന്ന് വർഷം ഇടവേള എടുക്കാൻ ഞാൻ അർഹയാണ്.” കാമുകനെ വിവാഹം ചെയ്ത് ഒരു കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും കൺസർവേറ്റർഷിപ്പ് അതിന് അനുവദിക്കില്ലെന്ന് സ്പിയേഴ്സ് പറഞ്ഞു. തനിക്ക് ഗർഭനിരോധന ഉപകരണം (ഐയുഡി) ഘടിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇത് നീക്കംചെയ്യാൻ തന്റെ രക്ഷകർത്താവ് അനുവദിക്കില്ലെന്നും അവൾ അവകാശപ്പെട്ടു.
ആരോഗ്യപരമായ കാരണങ്ങളാൽ ബ്രിട്നിയുടെ പിതാവ് 2019 ൽ മകളുടെ സ്വകാര്യ കൺസർവേറ്റർ സ്ഥാനത്ത് നിന്ന് താൽക്കാലികമായി സ്ഥാനമൊഴിഞ്ഞിരുന്നു. മകളുടെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പിതാവ് മികവ് പുലർത്തുന്നുണ്ടെന്ന വാദമാണ് ജാക്കിന്റെ അഭിഭാഷകർ മുന്നോട്ടു വച്ചത്. # ഫ്രീബ്രിറ്റ്നി മൂവ്മെന്റുമായി സഹകരിച്ച് നിരവധി ആരാധകർ കോടതിക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ബ്രിട്നിയെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യം മുഴക്കിയാണ് അവർ പ്രതിഷേധ പ്രകടനം നടത്തിയത്. ഡിമെൻഷ്യയോ മറ്റ് മാനസികരോഗങ്ങളോ ഉള്ള, സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത വ്യക്തികൾക്ക് ഒരു സംരക്ഷകനെ അനുവദിച്ച് നൽകുന്ന കോടതി നടപടിയാണ് കൺസർവേറ്റർഷിപ്പ്.
Leave a Reply