ന്യൂസ് ഡെസ്ക്, മലയാളം യുകെ

അബൂദാബി ഗ്രാന്‍ഡ്‌പ്രിക്‌സിൽ മൂന്നാം സ്ഥാനത്തെത്തി, ബ്രിട്ടീഷുകാരനായ ലാന്‍ഡോ നൊറിസ് കരിയറിലെ ആദ്യ ഫോർമുല–1 ഡ്രൈവേഴ്സ് കിരീടം സ്വന്തമാക്കി. തന്റെ എട്ടാം സീസണിൽ ജയം നേടിയ മാക്‌സ് വെർസ്റ്റാപ്പനെ രണ്ട് പോയിന്റിന് പിന്തള്ളി നേടിയ നേട്ടം ബ്രിട്ടീഷ് മോട്ടോർ സ്പോർട്‌സിന് അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത് . 26 കാരനായ നൊറിസ് ഏഴാം സീസണിലാണ് ലോകചാമ്പ്യൻ പദവിയിലേക്ക് ഉയരുന്നത്. 1998 ന് ശേഷം ഡ്രൈവേഴ്സ്, കൺസ്ട്രക്ടേഴ്സ് ഇരട്ട കിരീടവും മക്‌ലാരൻ വീണ്ടും സ്വന്തമാക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മത്സരത്തിന്റെ മുഴുവൻ ഘട്ടങ്ങളിലും മക്‌ലാരൻ തന്ത്രപരമായ നിയന്ത്രണം പുലർത്തിയപ്പോള്‍, ഓസ്‌കർ പിയാസ്‌ത്രിയുടെ രണ്ടാം സ്ഥാന നേട്ടം നൊറിസിന് ശക്തമായ പിന്തുണയായി. നൊറിസിന്റെ റേസ് താളം തെറ്റിക്കാൻ ഒട്ടേറെ ശ്രമം നടന്നെങ്കിലും അത് വലിയ സ്വാധീനം ചെലുത്തിയില്ല. സുനോദയുമായുണ്ടായ കടുത്ത ഓവർടേക്കിംഗ് നീക്കത്തിൽ അന്വേഷണം നടന്നെങ്കിലും നൊറിസിന് ശിക്ഷ ഒഴിവായി. പ്രതിരോധത്തിൽ അനാവശ്യ നീക്കങ്ങൾ നടത്തിയതിന് സുനോദയ്ക്കാണ് പിഴ ലഭിച്ചത്.

അവസാന രണ്ട് റേസുകളിലുണ്ടായ നിരാശകൾക്കുശേഷം അബുദാബിയിൽ കാറിൻ്റെ കരുത്തും ടീമിൻ്റെ കൃത്യമായ തന്ത്രങ്ങളും ആശ്രയിച്ചാണ് ബ്രിട്ടീഷ് താരം തന്റെ കാലങ്ങളായുള്ള സ്വപ്നം സാക്ഷാത്കരിച്ചത്. പതിനാറ് വർഷത്തെ പരിശ്രമത്തിന്റെ നേട്ടമാണ് ഇത് എന്ന് വികാരഭരിതനായ നൊറിസ് പ്രതികരിച്ചു. വെർസ്റ്റാപ്പൻ വിജയിച്ചെങ്കിലും നൊറിസ് മൂന്നാം സ്ഥാനത്തെത്തിയതോടെ കിരീടം ഉറപ്പായി. 2008ൽ ലൂയിസ് ഹാമിൽട്ടൺ നേടിയതിനുശേഷം ഒരു ബ്രിട്ടീഷ് ഡ്രൈവർ ഫോർമുല–1 കിരീടം നേടുന്നത് ഇതാദ്യമായാണ്.