ന്യൂസ് ഡെസ്ക് മലയാളം യുകെ
ഫ്ലോറിഡ : ഡേവിഡ് ബെക്കാമിന്റെ മൂത്ത മകൻ ബ്രൂക്ലിൻ ബെക്കാം വിവാഹിതനായി. ശനിയാഴ്ച്ച മിയാമിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. നടി നിക്കോള പെൽട്സ് ആണ് ബ്രൂക്ലിന്റെ ഭാര്യ. ‘ട്രാൻസ്ഫോമേർസ്: ഏജ് ഓഫ് എക്സിങ്ഷൻ’ ചിത്രത്തിലൂടെ ശ്രദ്ധേയയാണ് നിക്കോള പെൽട്സ്. കഴിഞ്ഞ വർഷം വിവാഹ നിശ്ചയം കഴിഞ്ഞതായി ഇരുവരും സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു. 2020 ജുലൈ 11 നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
മിയാമിയിൽ കടലിനോട് ചേർന്ന് നിക്കോളയുടെ പിതാവ് നെൽസൺ പെൽട്സിന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിൽ വെച്ചായിരുന്നു വിവാഹം. പ്രമുഖ ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ വാലന്റിനോയുടെ വസ്ത്രമാണ് നിക്കോള വിവാഹ ദിവസം ധരിച്ചത്. ആഡംബരപൂർണമായി നടന്ന ചടങ്ങിന് ഏകദേശം 3 മില്യൺ പൗണ്ട് ചിലവ് വരുമെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു. ബ്രൂക്ലിന് 23 നും വധു നിക്കോളയ്ക്ക് 27 വയസ്സുമാണ് പ്രായം. ബ്രൂക്ലിന്റെ ഇളയ സഹോദരി പത്തു വയസ്സുകാരി ഹാർപർ ബെക്കാമായിരുന്നു ബ്രയ്ഡ്സ് മെയ്ഡായി എത്തിയത്. സഹോദരൻ പതിനേഴു വയസ്സുള്ള ക്രൂസ് ബ്രൂക്ലിനൊപ്പമുണ്ടായിരുന്നു.
ജൂത വംശജയാണ് നിക്കോള പെൽട്സ്. വിവാഹത്തോടെ, പെൽട്സ് എന്ന പേര് ബ്രൂക്ലിൻ തന്റെ പേരിനൊപ്പം ചേർക്കും. ഡേവിഡ് ബെക്കാമിന്റെ മുത്തച്ഛനും ജൂത വംശജനാണ്. പരമ്പരാഗത ജൂത ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ബന്ധുക്കൾക്ക് പുറമേ, ഏതാനും സെലിബ്രിറ്റികളും വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ട്. നടി ഇവാ ലോംഗോറിയ, വിക്ടോറിയ ബെക്കാമിന്റെ സംഗീത ബാൻഡായിരുന്ന സ്പൈസ് ഗേൾസ് അംഗം മെൽ സി, ടെന്നീസ് താരം സെറീന വില്യംസ്, ലോകപ്രശസ്ത ഷെഫ് ഗോർഡൻ റാംസെ എന്നിവരും അതിഥികളായെത്തി. നിക്കോളയെ തങ്ങൾ വളരെയധികം സ്നേഹിക്കുന്നുവെന്നും തന്റെ കുടുംബത്തിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നും ബെക്കാം പ്രതികരിച്ചു.
Leave a Reply