ബ്രെക്‌സിറ്റ് ഒരിക്കല്‍ കൂടി നീട്ടിവെക്കാനുള്ള തെരേസ മേയുടെ അപേക്ഷ ബ്രസല്‍സ് നിരസിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ യുകെ നല്‍കിയ അപേക്ഷയില്‍ അല്‍പം സാവകാശം കാട്ടണമെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ആവശ്യപ്പെട്ടു. വളരെ ചുരുങ്ങിയ കാലത്തേക്ക് ഒരു ദീര്‍ഘിപ്പിക്കല്‍ കൂടി ബ്രെക്‌സിറ്റിന് നല്‍കണമെന്നാണ് മേയ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ച ബ്രസല്‍സില്‍ നടക്കാനിരിക്കുന്ന അടിയന്തര ഉച്ചകോടിക്കു മുമ്പായി മേയ് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയില്‍ വിശദാംശങ്ങള്‍ കാര്യമായി ഉള്‍ക്കൊള്ളിച്ചിട്ടില്ല. ഇത് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ രോഷത്തിന് കാരണമായിട്ടുണ്ട്. ഇക്കാര്യത്തില്‍ മേയ്ക്ക് പറയാനുള്ള കേള്‍ക്കാമെന്നും യൂണിയനിലെ മറ്റ് അംഗങ്ങളും ഇതിനോട് സഹകരിക്കണമെന്നുമാണ് ടസ്‌ക് പറഞ്ഞിരിക്കുന്നത്.

എന്തായിരിക്കും അന്തിമ ഫലം എന്നത് പറയാനാകില്ലെങ്കിലും നമുക്ക് അല്‍പം ക്ഷമ കാണിക്കാമെന്ന് ടസ്‌ക് പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുകെ പങ്കെടുക്കുന്നില്ലെന്നാണ് മേയ് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കിയത്. നോ ഡീല്‍ സാഹചര്യത്തില്‍ പോലും നമുക്ക് വിജയിക്കാനാകുമെന്നത് താന്‍ നേരത്തേ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാല്‍ ഡീല്‍ രൂപീകരിക്കുന്നതു തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് അവര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ ആര്‍ട്ടിക്കിള്‍ 50 ഒരിക്കല്‍ കൂടി നീട്ടേണ്ടത് അത്യാവശ്യമാണ്. അത് വളരെ ചുരുങ്ങിയ കാലത്തേക്കു മാത്രമേ ആവശ്യമായുള്ളു. ഡീല്‍ പാസായിക്കഴിഞ്ഞാല്‍ അത് അവസാനിപ്പിക്കാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഈ ദീര്‍ഘിപ്പിക്കലിലൂടെ വളരെ കൃത്യമായ ഒരു പിന്‍വാങ്ങല്‍ നടപ്പാകണമെന്നും അവര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രെക്‌സിറ്റ് വീണ്ടും നീട്ടിയാല്‍ അത് മെയ് 22ന് അപ്പുറത്തേക്ക് ആക്കാന്‍ സാധിക്കില്ല. യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇതിന് കാരണം. യൂറോപ്യന്‍ പാര്‍ലമെന്റില്‍ യുകെ പങ്കെടുക്കണമെന്നാണ് ഒരു യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടത്. ബ്രെക്‌സിറ്റ് നീട്ടുന്നത് എന്തിനാണെന്ന് മേയ് യൂറോപ്യന്‍ നേതാക്കളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കില്‍ ബ്രെക്‌സിറ്റ് നീട്ടാന്‍ ബ്രസല്‍സ് അനുമതി നല്‍കിയേക്കില്ലെന്നാണ് മറ്റൊരു നയതന്ത്രജ്ഞന്‍ വെളിപ്പെടുത്തിയത്.