ജെഗി ജോസഫ്

ഈശോയെ ദൈവവും കര്‍ത്താവുമായി പ്രഖ്യാപിച്ച തോമാശ്ലീഹായുടെ ഓര്‍മ്മയാചരിച്ച് കൊണ്ട് യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളില്‍ ഒന്നായ ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ ദുക്‌റാന തിരുനാള്‍ ആഘോഷങ്ങളും യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്‌കൂളുകളില്‍ ഒന്നായ ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാര്‍ഷികാഘോഷങ്ങളും പ്രൗഢോജ്ജ്വലമായി ആഘോഷിച്ചു. ഫില്‍ട്ടന്‍ സെന്റ്. തെരേസാസ് ചര്‍ച്ചില്‍ ഉച്ചക്ക് ഒരു മണിയോടെ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ബിജു ചിറ്റുപറമ്പന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ജിമ്മി പുളിയ്ക്കക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കി.

റവ. ഫാ. ബെന്നി മരങ്ങോലില്‍ ങടഎട, റവ. ഫാ. ജോസ് പൂവനിക്കുന്നേല്‍ ഇടടഞ , റവ. ഫാ. സിറില്‍ ഇടമന, റവ. ഫാ. ജോയി വയലില്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭക്തിസാന്ദ്രമായ ലദീഞ്ഞും തുടര്‍ന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ തോമാശ്ലീഹായുടെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപം എഴുന്നെള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണവും നടന്നു.

‘എന്റെ കര്‍ത്താവേ എന്റെ ദൈവമേ’ എന്നുള്ള വിശ്വാസ പ്രഖ്യാപനം പ്രവാസികളായി മാതൃനാട്ടില്‍ നിന്നും ഏറെ ദൂരെയാണെങ്കിലും തങ്ങള്‍ക്കു പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വിശ്വാസം പ്രൗഢോജ്ജ്വലമായി ഉയര്‍ത്തിപിടിക്കുവാന്‍ സീറോ മലബാര്‍ സഭയ്ക്കും വിശ്വാസികള്‍ക്കും കിട്ടിയ ഏറ്റവും മനോഹരമായ അവസരമായിരുന്നു വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍. കുട്ടികളും മുതിര്‍ന്നവരും അണിയണിയായി അണി ചേര്‍ന്ന പ്രദക്ഷിണത്തിനു ശേഷം എല്ലാ രൂപങ്ങളും ഫില്‍ട്ടന്‍ സെന്റ്. തെരേസാസ് ചര്‍ച്ചിന് മുന്നില്‍ ഒത്തു ചേരുകയും തുടര്‍ന്ന് എല്ലാവരും കൂടി ആഘോഷപൂര്‍വ്വം പള്ളിക്കുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു. STSMCC യുടെ ക്വയര്‍ സംഘത്തിന്റെ മനോഹരമായ ഗാനാലാപനം വിശുദ്ധ കുര്‍ബാനയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.
ഫില്‍ട്ടന്‍ സെന്റ്. തെരേസാസ് ചര്‍ച്ചില്‍ നിന്നും മാറിപ്പോകുന്ന ഫാ. ടോം ഫിനഗന് STSMCCയുടെ സ്‌നേഹോപഹാരം ഫാ. പോള്‍ വെട്ടിക്കാട്ടും ഫാ. ജോയി വയലിലും ചേര്‍ന്ന് സമ്മാനിച്ചു. തുടര്‍ന്ന് കഴുന്ന് എടുക്കലും പാച്ചോര്‍ നേര്‍ച്ചയും നടന്നു. അതിനു ശേഷം ആറ് മണിയോട് കൂടി ഗ്രീന്‍ വേ സെന്ററില്‍ ഒന്നാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ ഏകദേശം 360 ഓളം കുട്ടികള്‍ വിശ്വാസ പരിശീലനം നേടുന്ന യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്‌കൂളില്‍ ഒന്നായ സെന്റ്. തോമസ് സീറോ മലബാര്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. വേദപാഠ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ ജെയിംസ് ഫിലിപ്പ് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. സണ്‍ഡേ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിജി വാധ്യാനത്ത് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അധ്യക്ഷനായിരുന്ന STSMCC വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് മുഖ്യാതിഥിയായിരുന്ന മാര്‍ സ്രാമ്പിക്കല്‍ പിതാവിനെയും സെക്രട്ടറി ഫാ. ഫാന്‍സുവാ പത്തില്‍, ഫാ. ജോയി വയലില്‍, ഫാ. സിറില്‍ ഇടമന എന്നിവര്‍ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം പറഞ്ഞു. ബ്രിസ്റ്റോളില്‍ വളരെ മികച്ച രീതിയില്‍ നടന്നു പോകുന്ന സണ്‍ഡേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അവരെ പഠിപ്പിക്കുന്ന അധ്യാപകരെയും കുട്ടികളുടെ മാതാപിതാക്കളെയും നല്ല രീതിയില്‍ സഹകരിക്കുന്ന പിടിഎയെയും ആത്മാര്‍ത്ഥമായി അഭിനന്ദിച്ചു. പിതാവിന്റെ എല്ലാവിധ ഗൈഡന്‍സിനും ഫാ. പോള്‍ വെട്ടിക്കാട്ട് നന്ദി പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബ്രിസ്റ്റോള്‍ ഇടവക സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടനു നല്‍കുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. ബ്രിസ്റ്റോളില്‍ ഓരോ തവണയും താന്‍ വരുമ്പോള്‍ ഏറെ കാര്യങ്ങള്‍ മനസിലാക്കുന്നുവെന്നും യുകെയിലുള്ള ഈ സമൂഹത്തിന്റെ നന്നായി നടന്നു പോകുന്ന വേദപാഠ പ്രവര്‍ത്തനങ്ങള്‍ രൂപത മുഴുവന്‍ വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫാ. ജോയി വയലിനെ രൂപതാ മതബോധന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ആയി നിയമിച്ചതെന്നും അത് പോലെ തന്നെ ഈ ഇടവക യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് നല്‍കിയ വലിയ സംഭാവനകളില്‍ ഒന്നായ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം രൂപതയുടെ കീഴിലുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ നടത്തുന്ന ബൈബിള്‍ കലോത്സവത്തിനെ കുറിച്ച് എടുത്തു പറയുകയും നിരവധി പ്രശ്‌നങ്ങള്‍ക്കിടയിലും അതൊന്നും വകവയ്ക്കാതെ വേദപാഠ ക്ലാസില്‍ തങ്ങളുടെ കുട്ടികളെ അയക്കുന്ന മാതാപിതാക്കളെയും പഠിപ്പിക്കുന്ന അധ്യാപകരെയും പിതാവ് അഭിനന്ദിച്ചു.

സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും പിതാവ് നിര്‍വ്വഹിച്ചു. ഫാ. ജോയി വയലില്‍, ഫാ. സിറില്‍ ഇടമന, ഡീക്കന്‍ ജോസഫ് ഫിലിപ്പ്, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, ട്രസ്റ്റി ലിജോ പടയാറ്റില്‍, പിടിഎ പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍, വിദ്യാര്‍ത്ഥികളുടെ പ്രതിനിധി ഡോണാ ജിജി തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സിനി ജോമി എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്ന് ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ഡാന്‍സും സ്‌കിറ്റും, മാര്‍ഗം കളിയും പരിചമുട്ട് കളിയുമൊക്കെയായി നാല് മണിക്കൂറോളം ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹത്തിനു അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. തങ്ങളുടെ കുഞ്ഞുങ്ങള്‍ വേദിയില്‍ അവതരിപ്പിച്ച ഹൃദ്യമായ കലാപരിപാടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയേകി കൊണ്ട് സദസ്യരും നിറഞ്ഞ കൈയ്യടിയോടെയാണ് ഓരോ പരിപാടിയും ആസ്വദിച്ചത്. സമയപരിമിതി കാരണം വിജയികള്‍ക്കുള്ള സമ്മാനദാനം മറ്റൊരു അവസരത്തിലേക്ക് മാറ്റി വച്ചു. എന്നിരുന്നാലും മുഴുവന്‍ കുട്ടികളും തങ്ങളുടെ പ്രോഗ്രാമുകള്‍ വേദിയില്‍ അവതരിപ്പിക്കുകയും അതിനു ശേഷം നടന്ന സ്നേഹവിരുന്നോടെ പരിപാടികള്‍ക്ക് സമാപനമായി.
STSMCC യുടെ ട്രസ്റ്റിമാരായ ലിജോ പടയാറ്റില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു, വിവിധ കമ്മിറ്റിയംഗങ്ങള്‍, വേദപാഠ അധ്യാപകര്‍, ഫാമിലി യൂണിറ്റി കോഡിനേറ്റേഴ്സ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.