ന്യൂസ് ഡെസ്ക്, മലയാളം യുകെ
യാത്രക്കാരെ അമിതമായി ചൂഷണം ചെയ്യുന്ന വിമാന കമ്പനികളുടെ കഴുത്തറപ്പൻ നയങ്ങൾക്കെതിരെ സ്പെയിനിലെ കൺസ്യൂമർ റൈറ്റ് മിനിസ്ട്രി രംഗത്ത് വന്നു. ബഡ്ജറ്റ് എയർ ലൈനുകൾ ഹാൻഡ് ലഗേജിന് അധികനിരക്ക് ഈടാക്കുന്നതിന് റയാൻ എയർ , വ്യൂലിംഗ് എന്നിവ ഉൾപ്പെടെയുള്ള ബജറ്റ് എയർലൈനുകൾക്ക് മൊത്തം 179 മില്യൺ പൗണ്ട് പിഴയാണ് ചുമത്തിയത്. ക്യാബിൻ ബാഗുകൾ വലിപ്പം കൂടി തുടങ്ങിയ നിരവധി കാരണങ്ങൾ പറഞ്ഞ് യാത്രക്കാരെ പിഴിഞ്ഞിരുന്ന എയർലൈൻ കമ്പനികൾക്ക് വൻ തിരിച്ചടിയാണ് കൺസ്യൂമർ റൈറ്റ് മിനിസ്ട്രിയുടെ നടപടി.
മെയ് മാസത്തിൽ അഞ്ച് എയർലൈനുകൾക്കാണ് 150 മില്യൺ യൂറോ പിഴ ചുമത്തിയത്. അന്ന് പിഴ ചുമത്തിയ കാര്യം മന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അവരുടെ അപ്പീലുകൾ നിരസിച്ചതോടെയാണ് വാർത്ത പുറത്തുവന്നത്. റയാൻഎയറിന് 108 മില്യൺ യൂറോയും ഐഎജിയുടെ ലോ-കോസ്റ്റ് യൂണിറ്റ് വ്യൂലിംഗിന് 39 മില്യൺ യൂറോയും ഈസിജെറ്റിന് 29 മില്യൺ യൂറോയും ലോ കോസ്റ്റ് സ്പാനിഷ് വിമാനക്കമ്പനിയായ വോലോട്ടിയയ്ക്ക് 1.2 മില്യണും പിഴ ചുമത്തി.
വലിയ ക്യാബിൻ ലഗേജുകൾക്ക് അധിക പണം ആവശ്യപ്പെടുന്നതും യാത്രക്കാർക്ക് സമീപമായി ആശ്രിതരായ കുട്ടികൾക്കും മറ്റുള്ളവർക്കും സീറ്റ് റിസർവ് ചെയ്യുന്നതിനുമായി അധികം പണം ഈടാക്കുന്നത് അവസാനിപ്പിക്കാൻ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴയ്ക്കെതിരെ അപ്പീൽ പോകാൻ വിമാന കമ്പനികൾക്ക് സാവകാശമുണ്ട്. എന്നാൽ അപ്പീൽ തള്ളുകയാണെങ്കിൽ യാത്രക്കാർക്ക് ഭീമമായ നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയാണ് വിമാന കമ്പനികൾ നേരിടാൻ പോകുന്നത്. ഗവൺമെൻ്റിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് ആറ് വർഷമായി തങ്ങൾ പ്രചാരണം നടത്തുകയാണെന്ന് പ്രാരംഭ പരാതി നൽകിയ ഉപഭോക്തൃ അവകാശ ഗ്രൂപ്പുകളിലൊന്നായ ഫാകുവ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു . വിമാനക്കമ്പനികൾക്കെതിരെ നിയമപരമായ കേസിന് തയ്യാറെടുക്കുകയാണെന്ന് അവർ പറഞ്ഞു. യാത്ര ചെയ്ത സമയം മുതൽ 5 വർഷത്തേയ്ക്ക് വിമാനയാത്രക്കാർ ഇങ്ങനെയുള്ള കേസുകളിൽ റീഫണ്ടിനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. വക്കീലില്ലാതെ തന്നെ നേരിട്ട് പരാതി നൽകിയാൽ മതിയാകും. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ സ്പെയിനിലെ ഉപഭോക്തൃകാര്യ മന്ത്രാലയം ചുമത്തിയ നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ പിഴകൾ വ്യക്തമായും യൂറോപ്യൻ യൂണിയൻ നിയമത്തിൻ്റെ ലംഘനമാണ് എന്ന് റയാൻഎയറിൻ്റെ ബോസ് മൈക്കൽ ഒലിയറി പറഞ്ഞു. യാത്രക്കാരുടെ കാര്യത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ ഐറിഷ് വിമാനക്കമ്പനിയായ റയാനെയർ, തങ്ങളുടെ അപ്പീൽ സ്പെയിനിലെ കോടതികളിൽ നൽകുമെന്ന് പറഞ്ഞു.
Leave a Reply