ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബസ് ജീവനക്കാർ നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചു. മൂവായിരത്തിലധികം വരുന്ന ബസ് ഡ്രൈവർമാരാണ് വ്യാഴാഴ്ച മുതൽ പണിമുടക്കാൻ തീരുമാനിച്ചിരുന്നത്. ബസ് ജീവനക്കാർ പണിമുടക്കുമായി മുന്നോട്ടു പോയിരുന്നെങ്കിൽ വെസ്റ്റ് മിഡ്ലാൻഡിലുടനീളമുള്ള ജനങ്ങൾ യാത്രാ ദുരിതത്തിലായേനെ . വെസ്റ്റ് മിഡ്ലാൻഡിലെ ബസ് ജീവനക്കാർക്ക് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും മെച്ചപ്പെട്ട ശമ്പള വർദ്ധനവ് മുന്നോട്ട് വച്ചിട്ടുണ്ടെന്ന് യൂണിയൻ വക്താവ് പറഞ്ഞു.


എന്നാൽ സമരം താൽക്കാലികമായി നിർത്തിവച്ചതായുള്ള സൂചനകളാണ് യൂണിയൻ നേതാക്കൾ നൽകിയിരിക്കുന്നത്. പുതിയ ശമ്പള വർദ്ധനവിനെ കുറിച്ചുള്ള നിർദ്ദേശത്തെ കുറിച്ച് ജീവനക്കാരുടെ ഇടയിൽ അഭിപ്രായ സർവേ നടത്തിയേ അന്തിമ തീരുമാനത്തിലേയ്ക്ക് എത്തിച്ചേരുകയുള്ളൂ. പുതിയ ശമ്പള വർദ്ധനവിന്റെ നിർദ്ദേശം തൊഴിലാളികൾക്കിടയിൽ നിരസിക്കപ്പെട്ടാൽ മാർച്ച് 20-ാം തീയതി തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ പണിമുടക്ക് ആരംഭിക്കുമെന്ന് പ്രമുഖ യൂണിയനായ യുണൈറ്റഡിന്റെ ഇന്ത്യൻ വംശജനായ നേതാവ് സുലിന്ദർ സിംഗ് പറഞ്ഞു. പണിമുടക്കുമായി യൂണിയൻ മുന്നോട്ടു പോകുകയാണെങ്കിൽ 3200 -ലധികം ഡ്രൈവർമാരും 200 – ലധികം എൻജിനീയർമാരും അതിൽ പങ്കെടുക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടനിൽ ഇപ്പോൾ സമരങ്ങളുടെ കാലമാണ്. പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി മെച്ചപ്പെട്ട ശമ്പള വർദ്ധനവിനായി ഒട്ടുമിക്ക മേഖലകളിലെയും ജീവനക്കാർ സമരമുഖത്താണ് . ഇന്നലെ മുതൽ എൻഎച്ച്സിലെ 60,000 – ത്തിലധികം ജൂനിയർ ഡോക്ടർമാർ പണിമുടക്ക് നടത്തിക്കൊണ്ടിരിക്കുകയാണ്. മൂന്നു ദിവസത്തെ ഡോക്ടർമാരുടെ സമരം മൂലം ആയിരക്കണക്കിന് രോഗികളുടെ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഡോക്ടർമാരുടെ സമരത്തിന് പുറകെ നാളെ ബുധനാഴ്ച ആയിരക്കണക്കിന് അധ്യാപകരും സമരത്തിനിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. അധ്യാപകരുടെ സമരം 7 ദശലക്ഷം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ