ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇലക്ട്രിക് കാറുകൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി 37,000 പൗണ്ടില്‍ താഴെ വിലയുള്ള വാഹനങ്ങൾ മേടിക്കുന്നവർക്ക് കിഴിവ് ലഭിക്കും. പുതിയ പദ്ധതി പ്രകാരം 10 ശതമാനം കിഴിവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. എന്നാൽ ഈ നീക്കം ചില വിലകുറഞ്ഞ ചൈനീസ് മോഡലുകൾ മേടിക്കുന്നവർക്ക് പ്രയോജനം ചെയ്യുകയുള്ളൂ എന്ന വിമർശനം ശക്തമാണ്. ടെസ്‌ല ഉൾപ്പെടെയുള്ള കമ്പനികളുടെ കാറുകൾ മേടിക്കുന്നവർക്ക് പൂർണ്ണ വിലയും നൽകേണ്ടിവരും.
കൂടുതൽ ഡ്രൈവർമാർ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ആണ് ഗതാഗത വകുപ്പ് ഈ ഗ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത് . നേരത്തെ ഉണ്ടായിരുന്ന ഈ പദ്ധതി 2022 ജൂണിൽ നിർത്തലാക്കിയിരുന്നു. ഇത് പ്രകാരം ഇ വി വാങ്ങുന്നവർക്ക് 3710 പൗണ്ട് വരെ കിഴിവ് ലഭിക്കും. യുകെയിലെ വിൽപ്പനയിൽ ടെസ്‌ലയെ മറികടന്ന BYD പോലുള്ള വിലകുറഞ്ഞ ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്ക് ഈ നീക്കം ഗുണം ചെയ്തേക്കാം. എലോൺ മസ്‌കിന്റെ കമ്പനി നിർമ്മിക്കുന്ന പുതിയ കാറുകളുടെ വില ഏകദേശം £40,000 മുതൽ ആരംഭിക്കുന്നു.
ഒരു ഇലക്ട്രിക് കാർ സ്വന്തമാക്കുന്നത് ഞങ്ങൾ എളുപ്പവും വിലകുറഞ്ഞതുമാക്കുന്നുവെന്ന് ഗതാഗത സെക്രട്ടറി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു. ഇലക്ട്രിക് വാഹന വിപണിയിൽ വാഹനങ്ങൾക്ക് വില കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് സെക്രട്ടറി പറഞ്ഞിരുന്നു. യുകെയിൽ ഒരു പുതിയ ഇവിയുടെ ശരാശരി വില £22,000 ആണ് . ഇത് ഒരു സാധാരണ പെട്രോൾ കാറിന്റെ വിലയുടെ ഇരട്ടിയാണ്. എന്നിരുന്നാലും ചൈനീസ് ബ്രാൻഡുകൾ നിർമ്മിക്കുന്ന ചില ഇലക്ട്രിക് കാറുകൾ £18,000 വരെ വിലയ്ക്ക് യുകെ വിപണിയിൽ വിൽക്കുന്നുണ്ട് . യുകെ മോട്ടോർ ട്രേഡ് അസോസിയേഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വർഷത്തിന്റെ ആദ്യ പകുതിയിൽ വിറ്റഴിക്കപ്പെട്ട പുതിയ കാറുകളിൽ അഞ്ചിലൊന്ന് ഇലക്ട്രിക് ആയിരുന്നു. എന്നിരുന്നാലും 2030 ൽ പുതിയ പെട്രോൾ, ഡീസൽ കാറുകൾ വിൽക്കുന്നതിനുള്ള നിരോധനത്തിന് മുമ്പ് പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ കടുത്ത ആശങ്കയുണ്ട്.
Leave a Reply