ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ മലയാളികൾക്ക് സുപരിചിതനായ ബൈജു മേനാച്ചേരി(52) അന്തരിച്ചു. മലയാളികള്‍ക്കിടയിലെ മികച്ച സംഘാടകന്‍ എന്നറിയപ്പെടുന്ന ബൈജുവിന്റെ വേർപാട് ആകസ്മികമായാണ് സംഭവിച്ചത്. വിവിധ ആവശ്യങ്ങൾക്കായി നാട്ടിൽ എത്തിയ ബൈജു ഇന്നലെ രാത്രിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു വര്‍ഷത്തിലേറെ ആയി നാട്ടിലെ വസ്തുവകകള്‍ വില്‍ക്കുന്നതിനും മറ്റുമായി ഇദ്ദേഹം നാട്ടില്‍ ആയിരുന്നു. ഇന്ന് രാവിലെ ബൈജുവിന്റെ ഭാര്യ ഹില്‍ഡയും രണ്ടു മക്കളും നാട്ടിലേക്കു യാത്ര തിരിക്കുവാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കടന്ന് വന്നത്. കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‍കാരം നാളെ ചാലക്കുടിയിലെ ഇടവക ദേവാലയത്തില്‍ വെച്ച് നടക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് അടുത്ത ബന്ധുമിത്രാദികൾ എല്ലാം നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. മരണവാർത്ത അറിഞ്ഞപ്പോൾ മുതൽ യുകെ മലയാളികൾ ഞെട്ടലിലാണ്. കേവലം ഒരു മലയാളി സുഹൃത്തിനെ മാത്രമല്ല ഇത്തവണ മരണം കവർന്നെടുത്തത്, അവരുടെ എല്ലാ പ്രശ്നങ്ങളിലും ഒപ്പം നിന്നിരുന്ന, സംഘടനയെ മുന്നിൽ നിന്ന് നയിച്ച പ്രിയ സഹോദരനാണ് മരണപ്പെട്ടിരിക്കുന്നത്. ചാലക്കുടിക്കാരുടെ സ്വത സിദ്ധമായ മുഖം നോക്കാതെ മറുപടി പറയാനുള്ള ശീലം മലയാളികൾക്ക് ഇടയിൽ വലിയ സ്വാധീനം ലഭിച്ചിരുന്നു. എന്നാൽ വിമർശകർക്കു പോലും വളരെ പ്രിയപ്പെട്ട ഒരാൾ ആയിരുന്നു ബൈജു. വലിയ സൗഹൃദവലയം തന്നെ ആയിരുന്നു അദ്ദേഹത്തിൻെറ പ്രധാന മുതൽകൂട്ട്.
ചാലക്കുടിയിലെ അറിയപ്പെടുന്ന പ്രൗഢ കുടുംബങ്ങളിൽ ഒന്നായ മേനാച്ചേരിയാണ് ബൈജുവിന്റെ വീട്. രണ്ടു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ ബൈജുവും ഭാര്യ ഹില്‍ഡയും നോട്ടിന്‍ഹാമിലെ ആദ്യ മലയാളി കുടുംബങ്ങളില്‍ ഒന്നാണ്. നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെയും പിന്നീട് പിറന്ന മുദ്രയുടെയും ഒക്കെ ആദ്യകാല സംഘാടകര്‍ ആയ ബൈജു പരിപാടികൾ വ്യത്യസ്തമാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു. ടാക്‌സി ഡ്രൈവര്‍ ആയി ജോലി ചെയ്ത കാലയളവിൽ പോലും മലയാളികൾക്കും പരിസരവാസികൾക്കും ബൈജു പ്രിയങ്കരനായിരുന്നു. സിനിമ മോഹം ഏറെ നാളായി ഉള്ളിൽ കൊണ്ട് നടന്നിരുന്ന ബൈജു മടങ്ങുന്നത് ആഗ്രഹം പൂർത്തീകരിച്ചാണ്.
ബൈജു മേനാച്ചേരിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply