പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ മംഗലാപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത് വ്യാജ മാധ്യമ പ്രവര്‍ത്തകരെയാണെന്ന് വാര്‍ത്ത നല്‍കി ജനം ടി വി. കാര്‍ണ്ണാടകയില്‍ നിന്നുള്ള ബിഗ് ന്യൂസെന്ന ഇംഗ്ലീഷ് ചാനലിന് പിന്നാലെയാണ് ജനം ടി വി ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏഷ്യാനെറ്റ്, മീഡിയ വണ്‍, മാതൃഭൂമി ന്യൂസ്, 24 ന്യൂസ് എന്നിവയുടെ റിപ്പോര്‍ട്ടര്‍മാരേയും കാമറാമാന്മാരേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ഇവര്‍ വ്യാജ മാധ്യമ പ്രവര്‍ത്തകരാണെന്നാണ് ജനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമ്പതോളം വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായെന്നും ഇവരുടെ കൈയ്യില്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും ജനം ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
മംഗളൂരുവില്‍ ( വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന ആശുപത്രിക്ക് മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് റിപ്പോര്‍ട്ടിംഗ് അനുവദിക്കാതെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെ ഗേറ്റിന് പുറത്ത് നിന്ന് പോലും റിപ്പോര്‍ട്ടിംഗ് നടത്താന്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് അനുവദിച്ചില്ല. ക്യാമറ അടക്കമുള്ളവയും പോലീസ് പിടിച്ചെടുത്തിരുന്നു. ജനം ടിവിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം അറിയിച്ചുകൊണ്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
ഒടുവിൽ നീണ്ട സമ്മർദ്ദത്തെ തുടർന്ന് ഏഴു മണിക്കുറുകൾ ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. മാധ്യമപ്രവര്‍ത്തകര്‍ തലപ്പാടിയിലെത്തിച്ചശേഷം കേരള പൊലീസിന് കൈമാറി. ഏഴുമണിക്കൂര്‍ തടഞ്ഞുവച്ചശേഷം വന്‍ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇവരെ വിട്ടയച്ചത്. മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെങ്കിലും വാഹനങ്ങള്‍ വിട്ടുനല്‍കിയിട്ടില്ല.
പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട രണ്ടുപേരുടെ പോസ്റ്റ് മോര്‍ട്ടം അടക്കമുളള നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തല്‍സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ.പി.എസ് ഹര്‍ഷ പൊലീസ് സംഘവുമായി ഇടപെട്ടത്. കമ്മിഷണര്‍ക്കൊപ്പമുണ്ടായിരുന്ന പൊലീസുകാര്‍ റിപ്പോര്‍ട്ടിങ് തടസപ്പെടുത്തുകയും ചെയ്തു.
റിപ്പോര്‍ട്ടര്‍മാരും ക്യാമറാമാന്‍മാരും അടക്കം പത്തുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായതോടെ തിരിച്ചറിയല്‍ രേഖകളില്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വിശദീകരണക്കുറിപ്പിറക്കി. അംഗീകൃത തിരിച്ചറിയില്‍ കാര്‍ഡ് ഇല്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് കമ്മിഷണറുടെ വിശദീകരണം.
Leave a Reply