ലണ്ടന്‍: പാര്‍ലമെന്റ് കമ്പ്യൂട്ടറുകളില്‍ പോണ്‍ സിനിമകള്‍ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുന്ന ക്യാബിനറ്റ് മന്ത്രിമാരെ പുറത്താക്കണമെന്ന് അഭിപ്രായ സര്‍വേ. പാര്‍ലമെന്റ് ആവശ്യങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന കമ്പ്യൂട്ടറുകളില്‍ അശ്ലീല വീഡിയോകള്‍ കാണുന്ന ഫ്രണ്ട് ബെഞ്ചേഴ്‌സ് സ്വമേധയാ രാജിവെക്കുകയോ അവരെ പുറത്താക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്ന് ബിഎംജി റിസര്‍ച്ച് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. തെരേസ മേയുടെ ഡെപ്യൂട്ടിയായ ടോറി എംപി, ഡാമിയന്‍ ഗ്രീനിനെതിരെ നിലവില്‍ ഇത്തരമൊരാരോപണത്തില്‍ അന്വേഷണം നടന്നു വരികയാണ്.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രീനിന്റെ ഓഫീസിലെ കമ്പ്യൂട്ടറുകളില്‍ നിന്ന് പോണ്‍ വീഡിയോകള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നവരെ പുറത്താക്കണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. പുരുഷന്‍മാരില്‍ 46 ശതമാനവും സ്ത്രീകൡ 65 ശതമാനവും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. തന്റെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്നായിരുന്നു ഗ്രീന്‍ പറഞ്ഞത്.

എംപിമാരില്‍ സാധാരണക്കാരുടെ വിശ്വാസം നഷ്ടപ്പെടുന്നതായും മിക്ക പാര്‍ലമെന്റ് അംഗങ്ങളും അധികാര ദുര്‍വിനിയോഗം നടത്തുന്നതായും സ്ത്രീവിരുദ്ധ നിലപാടുകള്‍ എടുക്കുന്നവരായും ജനങ്ങള്‍ കരുതുന്നുവെന്നും സര്‍വേ പറയുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ ലൈംഗികാരോപണങ്ങളില്‍ അതിശയമില്ലെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും പറഞ്ഞു. എംപിമാരില്‍ നിന്ന് ഇത് അവര്‍ പ്രതീക്ഷിച്ചിരുന്നത്രേ!