സ്വന്തം ലേഖകൻ
ലണ്ടൻ : ബഡ്ജറ്റ് അവതരണത്തിന് വെറും നാല് ആഴ്ചകൾ മാത്രം അവശേഷിക്കെ ബോറിസ് ജോൺസൺ മന്ത്രിസഭയിലെ ഏറ്റവും പ്രമുഖ വകുപ്പുകളിൽ ഒന്നായ ധനവകുപ്പിന്റെ തലവൻ സാജിദ് ജാവേദ് അപ്രതീക്ഷിതമായി ബോറിസ് ജോൺസൺ മന്ത്രിസഭയിൽ നിന്നു രാജിവെച്ചു. ബോറിസ് ജോൺസണുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ ഋഷി സുനക് ആണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രി. ബോറിസ് ജോൺസൺ മന്ത്രിസഭ പുനഃസംഘടന പ്രഖ്യാപിച്ചതോടെ രാജിവെച്ച സാജിദ് ജാവേദിന് പകരമായാണ് ഈ പുതിയ നിയമനം. ബ്രിട്ടീഷ് ധനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനകിനെ(39) പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് നിയമിച്ചത്. ബ്രെക്സിറ്റിനായുള്ള പ്രചാരണത്തിൽ മുൻപന്തിയിലായിരുന്നു ഇദ്ദേഹം. 2015ൽ ആദ്യമായി പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. ഈ നിയമനത്തോടെ ബ്രിട്ടീഷ് മന്ത്രിസഭയിലെ രണ്ടാമത്തെ ഇന്ത്യൻ വംശജനായ മന്ത്രിയാവുകയാണ് ഋഷി സുനക്. ഇന്ത്യൻ വംശജ പ്രീതി പട്ടേൽ ആഭ്യന്തര സെക്രട്ടറിയായി തുടരുന്നു.
2015ൽ യോർക്ക്ഷയറിലെ റിച്ച്മോണ്ടിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി, തെരേസ മേയ്, ബോറിസ് ജോൺസൺ മന്ത്രിസഭകളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു. വിൻചെസ്റ്റർ കോളേജിലും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം അതിനുശേഷം ഒരു നിക്ഷേപ സ്ഥാപനം തുടങ്ങുകയുണ്ടായി. 2009ലാണ് ഇൻഫോസിസ് സ്ഥാപകൻ നാരയണ മൂർത്തിയുടെ മകളെ വിവാഹം ചെയ്യുന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
ജാവിദും പ്രധാനമന്ത്രിയുടെ മുതിർന്ന ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെ തുടർന്നാണ് ജാവിദിന്റെ രാജി. ബജറ്റ് അവതരിപ്പിക്കുന്നതിനു നാല് ആഴ്ചമാത്രം ബാക്കിനിൽക്കുന്നതിനിടെയാണ് ജാവിദിന്റെ അപ്രതീക്ഷിത രാജി. മന്ത്രിസഭയിൽ നടന്ന അഴിച്ചുപണിയിൽ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ബെയ്‌നസ് മോർഗന് പകരക്കാരനായി പുതിയ സാംസ്കാരിക സെക്രട്ടറി ആയി ജനറൽ ഒലിവർ ഡോഡൻ സ്ഥാനമേറ്റു. നോർത്തേൺ അയർലൻഡ് സെക്രട്ടറി ജൂലിയൻ സ്മിത്തിന് പകരമായി ആഭ്യന്തര കാര്യാലയം മന്ത്രി ബ്രാൻഡൻ ലൂയിസ് എത്തി. ബിസിനസ് സെക്രട്ടറി ആൻഡ്രിയ ലീഡ്‌സോം, ഹൗസിംഗ് സെക്രട്ടറി എസ്ഥർ മക്വെയ് എന്നിവരെ സർക്കാരിൽ നിന്നും പുറത്താക്കി. വിദേശകാര്യ സെക്രട്ടറിയായി ഡൊമിനിക് റാബും കാബിനറ്റ് ഓഫീസ് മന്ത്രിയായി മൈക്കൽ ഗോവും ആരോഗ്യ സെക്രട്ടറിയായി മാറ്റ് ഹാൻകോക്കും തങ്ങളുടെ സ്ഥാനങ്ങളിൽ തുടരുന്നു.
Leave a Reply