ന്യൂസ് ഡെസ്ക് മലയാളം യുകെ
ലാറ്ററൽ ഫ്ലോ കോവിഡ്-19 ടെസ്റ്റുകൾ ഉപയോഗിക്കുന്നതിന് എൻഎച്ച്എസ് ജീവനക്കാർക്ക് മുൻഗണന നൽകണമെന്ന പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കാൻ റാപ്പിഡ് ടെസ്റ്റുകളിൽ ആരോഗ്യ പ്രവർത്തകർക്ക് മുൻഗണന നൽകണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും റോയൽ കോളേജ് ഓഫ് നേഴ്‌സിംഗും പറഞ്ഞു. വർദ്ധിച്ചുവരുന്ന ആവശ്യകത നിയന്ത്രിക്കാൻ രണ്ടാഴ്ചത്തേക്ക് വിതരണം നിയന്ത്രിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. യുകെയിലെ പ്രധാന കോവിഡ് കേസുകൾ 189,213 എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തി. ഇതിൽ വെയിൽസിൽ നിന്നുള്ള കണക്കുകളും ഉൾപ്പെടുന്നു. പോസിറ്റീവായി 28 ദിവസത്തിനുള്ളിൽ മരിച്ചത് 332 പേരാണ്, മാർച്ച് 2 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
വെയിൽസ് ഇംഗ്ലണ്ടിന് നാല് ദശലക്ഷം ലാറ്ററൽ ഫ്ലോ ടെസ്റ്റുകളാണ് വായ്പ നൽകിയിട്ടുള്ളത്. അടുത്ത വർഷം ആദ്യം യുകെയിലെ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളുടെ വിതരണം മൂന്നിരട്ടി ആക്കാനും, പ്രതിമാസം 300 ദശലക്ഷം ആയി ഉയർത്താനും ഉള്ള തയ്യാറെടുപ്പിലാണ് എന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. പിസിആർ, ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ എന്നിവയിൽ ആരോഗ്യപ്രവർത്തകർക്ക് മുൻഗണന നൽകണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. ഇത് ജീവനക്കാരുടെ കുറവിനെ പരിഹരിക്കാൻ കാരണമാകുമെന്ന് അവർ കൂട്ടിച്ചേർത്തു. ഓൺലൈനിൽ നിന്ന് റാപ്പിഡ് ടെസ്റ്റുകൾ ഓർഡർ ചെയ്യാനോ ഫാർമസിയിൽ നിന്ന് ശേഖരിക്കാനോ കഴിയാതെ വന്ന സാഹചര്യത്തിൽ തനിക്ക് ദിവസങ്ങളോളം ജോലിയിൽ നിന്ന് വിട്ടുമാറേണ്ട അവസ്ഥ ഉണ്ടായെന്ന് ലണ്ടനിൽ നിന്നുള്ള ഒരു ക്യാൻസർ കെയർ വർക്കർ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിൽ ഉള്ള കുറവിന് പ്രധാന കാരണങ്ങളിലൊന്ന് ഇതാണ് എന്നും അവർ കൂട്ടിച്ചേർത്തു. ക്രിസ്തുമസ് കാലയളവിനു മുമ്പ് തൻറെ ആശുപത്രിയിൽനിന്ന് റാപ്പിഡ് പരിശോധനകൾ നിർത്താൻ കഴിഞ്ഞിരുന്നില്ല എന്ന അനുഭവം കേംബ്രിഡ്ജ്ഷെയർ ആസ്ഥാനമായുള്ള മറ്റൊരു എൻഎച്ച്എസ് ജീവനക്കാരനും പങ്കുവെച്ചു. ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ പോലെതന്നെ പിസിആർ ടെസ്റ്റുകളുടെ കാര്യവും ഇതേ അവസ്ഥയിലാണെന്ന് ഒരു എൻഎച്ച്എസ് ഡോക്ടർ പറഞ്ഞു. അതിനാൽ ക്രിസ്തുമസിന് തൊട്ടുമുൻപ് “ഫിറ്റ് ടു ഫ്ലൈ” ടെസ്റ്റിനായി അവർക്ക് ഏകദേശം 80 പൗണ്ട് ആണ് ചിലവഴിക്കേണ്ടി വന്നത്. കെന്റിലെ ജിപി നേഴ്സായ കരോളിന് ലാറ്ററൽ ഫ്ലോ ടെസ്റ്റുകളോ പിസിആറോ ബുക്ക് ചെയ്യാൻ കഴിയാതെ വന്നതിനാൽ ഒരു ടെസ്റ്റും എടുക്കാതെ തന്നെ ക്രിസ്‌മസിന് ശേഷം ജോലിയിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീട് കോവിഡിൻെറ ലക്ഷണങ്ങൾ കാണിക്കുകയും പോസിറ്റീവായി സ്‌ഥിരീകരിക്കുകയും ആയിരുന്നു.
Leave a Reply