യുകെ -യില്‍ വ്യാപകമായി പുരുഷന്മാര്‍ പീഡിപ്പിക്കപ്പെടുകയാണ് എന്ന് റിപ്പോര്‍ട്ട്. ‘സേഫ്‍ലൈനി'(Safeline)ന്‍റെ പുരുഷ ഹെല്‍പ്‍ലൈനി(Male helpline)ലേക്ക് സഹായം അഭ്യര്‍ത്ഥിച്ച് ലഭിച്ചത് 7000 ഫോണ്‍കോളുകളും നിരവധിക്കണക്കിന് മെസേജുകളും ഈമെയിലുകളുമാണ് എന്നും പറയുന്നു. 2020 -ലെ കണക്കുകളുടെ ഇരട്ടി വരും ഇത്. സേഫ്‍ലൈന്‍ എന്ന ചാരിറ്റി നല്‍കുന്ന നിരവധി സേവനങ്ങളിലൊന്നാണ് ലൈംഗികപീഡനത്തെ അതിജീവിക്കേണ്ടി വരുന്ന പുരുഷന്മാര്‍ക്ക് നല്‍കുന്ന സഹായം.
ചാരിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് നീൽ ഹെൻഡേഴ്‌സൺ റേഡിയോ 1 ന്യൂസ്‌ബീറ്റിനോട് പറഞ്ഞത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുരുഷന്മാര്‍ ആക്രമിക്കപ്പെടുന്ന കേസുകളില്‍ 110% വർദ്ധനവുണ്ടായി എന്നാണ്. ഒരുപാട് യുവാക്കള്‍ സഹായം തേടി എത്തുന്നു എന്നും അദ്ദേഹം പറയുന്നു. നീൽ പറയുന്നതനുസരിച്ച്, ആറ് പുരുഷന്മാരിൽ ഒരാൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ, വളരെ കുറച്ചുപേർ മാത്രമേ സഹായം ആവശ്യപ്പെടുന്നുള്ളൂ.
കൂടുതൽ പുരുഷന്മാര്‍ സഹായം തേടി മുന്നോട്ട് വരുന്നത് പ്രോത്സാഹനാജനകമാണെന്ന് അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ബിബിസി ‘വണ്‍ ഡ്രാമ ഫോര്‍ ലൈവ്സ്’ എന്ന പരിപാടി സംപ്രേക്ഷണം ചെയ്‍തിരുന്നു. അതില്‍, സീരിയൽ കില്ലർ സ്റ്റീഫൻ പോർട്ടിന്റെയും അയാളുടെ ഇരകളായ ആന്റണി വാൽഗേറ്റ്, ഗബ്രിയേൽ കോവാരി, ഡാനിയൽ വിറ്റ്വർത്ത്, ജാക്ക് ടെയ്‌ലർ എന്നിവരുടെയും കഥ പറയുന്നുണ്ട്.
ഡേറ്റിംഗ് ആപ്പുകൾ വഴിയോ സൈറ്റുകൾ വഴിയോ പോർട്ട് നാല് പുരുഷന്മാരെ പരിചയപ്പെടുകയും ‘ഡേറ്റ് റേപ്പ്’ എന്ന ഡ്രഗ് GHB അമിതമായി നൽകി അവരെ കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 2016 -ൽ ഇയാളെ ജീവപര്യന്തം തടവിലാക്കി. 2021 ഡിസംബറിൽ അവസാനിച്ച ഒരു ഇൻക്വസ്റ്റിൽ, മെട്രോപൊളിറ്റൻ പൊലീസിന്റെ പരാജയങ്ങൾ മൂന്ന് പുരുഷന്മാരുടെ മരണത്തിന് കാരണമായി എന്ന് പറയുന്നു.
പ്രോഗ്രാം സംപ്രേക്ഷണം ചെയ്തതിന് ശേഷമുള്ള ആഴ്‌ചയിൽ പുരുഷ ഹെൽപ്പ്‌ലൈനിലേക്കുള്ള കോളുകളിൽ 50% വർദ്ധനവ് കണ്ടതായി നീൽ പറയുന്നു. “ഒരു ഡേറ്റിംഗ് ആപ്പിലൂടെയോ സൈറ്റിലൂടെയോ പരിചയപ്പെട്ട ആരെങ്കിലും തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് ചെയ്യുന്ന ആളുകളുടെ എണ്ണത്തിലും വലിയ വർധനവുണ്ട്. ഈ ആളുകളെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്” എന്നും നീല്‍ പറയുന്നു.
ഡേറ്റിംഗ് ആപ്പിലൂടെ കണ്ടുമുട്ടിയ ഒരാളില്‍ നിന്നും ലൈംഗികാതിക്രമം അനുഭവിച്ചവരിൽ ഈ 28 -കാരനും പെടുന്നു. അവന്‍ പറയുന്നത്, “ഞാൻ അയർലണ്ടിൽ നിന്ന് ലണ്ടനിലേക്ക് മാറിയപ്പോൾ അത് എന്റെ ജീവിതത്തിലെ ഏറ്റവും ആവേശകരമായ സമയങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഏകാന്തത പോലെ ഒരുപാട് പ്രശ്നങ്ങൾ എന്നെ ബാധിച്ചു തുടങ്ങി” എന്നാണ്. യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതിനായിട്ടാണ് അവൻ ലണ്ടനിലെത്തിയത്.
പിന്നീട്, എല്‍ജിബിടിക്യു ആളുകള്‍ക്ക് ഡേറ്റിംഗിന് വേണ്ടിയുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. അവിടെവച്ചാണ് അയാളെ പരിചയപ്പെടുന്നത്. “ഒരു ഇരുണ്ട, ശീതകാല രാത്രിയിൽ, എനിക്ക് വിഷാദവും നിരാശയും തോന്നി. ആ സമയത്താണ് ആപ്പിലൂടെ കുറച്ച് പ്രായമുള്ള ഒരാളോട് സംസാരിക്കാൻ തുടങ്ങിയത്. അയാൾ എന്നെ അയാളുടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു… എനിക്ക് ഭയമായിരുന്നു, പക്ഷേ അവന്റെ നിർബന്ധവും എന്‍റെ ഏകാന്തതയും എന്നെ അങ്ങോട്ട് ചെല്ലുന്നത് സമ്മതിക്കാൻ പ്രേരിപ്പിച്ചു.”
അവിടെയെത്തിയ അവനെ അയാള്‍ GHB എടുക്കാന്‍ നിര്‍ബന്ധിച്ചു. നോ എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചാണ് എടുപ്പിച്ചത്. പിന്നീട്, തനിക്ക് ബോധം മറഞ്ഞു തുടങ്ങി എന്നും ഒരു പട്ടം പോലെ ആയി എന്നും അവന്‍ പറയുന്നു. പിന്നീട്, അവന്‍റെ സമ്മതമില്ലാതെ തന്നെ ലൈംഗികാതിക്രമം നടന്നു. എന്നാല്‍, അയാളുടെ ഫ്ലാറ്റില്‍ പോകാന്‍ തീരുമാനിച്ചതില്‍ എല്ലാവരും തന്നെ കുറ്റപ്പെടുത്തും എന്ന് ഭയന്ന അവന് പൊലീസില്‍ കാര്യങ്ങളറിയിക്കാന്‍ ആശങ്ക തോന്നി.
ഇതുപോലെയുള്ള ആശങ്കകളാണ് പലപ്പോഴും യുവാക്കളെ ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും സഹായം തേടുന്നതില്‍ നിന്നും വിലക്കുന്നത് എന്ന് നീല്‍ പറയുന്നു. മിക്കവാറും സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരാണ് അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നത്. അതുപോലെ തന്നെ പൊലീസില്‍ നിന്നുമുണ്ടാവുന്ന ചില പെരുമാറ്റങ്ങളും യുവാക്കളെ സഹായം തേടുന്നതില്‍ നിന്നും വിലക്കാറുണ്ട്. എന്തായാലും പുതിയ കണക്കുകൾ കാണിക്കുന്നത് കൂടുതൽ പുരുഷന്മാർ ലൈംഗികാതിക്രമം നേരിടേണ്ട അവസ്ഥയിലെത്തുന്നു എന്ന് തന്നെയാണ്. എന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് സഹായം തേടുന്നവരുടെ എണ്ണവും വർധിക്കുന്നു.
Leave a Reply