ബിനോയി ജോസഫ്

കേരള ജനത കണ്ട മഹാപ്രളയ സമയത്ത് സ്വന്തം ജനതയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മെമ്പർ ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത്  പുത്തൻ ചുവടുകൾ വയ്ക്കാനൊരുങ്ങുന്നു. യുകെയിലെ രാഷ്ട്രീയ രംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മലയാളിയായ ബൈജു വർക്കി തിട്ടാല മാറുകയാണ്. കേംബ്രിഡ്ജ് സിറ്റി കൗൺസിലിലെ കൗൺസിലറായ ബൈജു തിട്ടാലയ്ക്ക് യുകെയിലെ ജനാധിപത്യ പ്രക്രിയയിൽ പ്രധാന പങ്കുവഹിക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. ലേബർ പാർട്ടിയുടെ പ്രതിനിധിയായി കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ബൈജുവിൽ പാർട്ടിയ്ക്കുള്ള വിശ്വാസം അടിവരയിട്ടുകൊണ്ടാണ് പുതിയ ഉത്തരവാദിത്വങ്ങൾ പാർട്ടി ഭരമേല്പിക്കുന്നത്. കേംബ്രിഡ്ജ് മേഖലയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്ഥിരസാന്നിധ്യമായ ബൈജു തിട്ടാലയുടെ നേതൃപാടവും കഠിനാദ്ധ്വാനവും രാജ്യത്തിനുവേണ്ടി കൂടുതൽ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് ലേബർ പാർട്ടി.

നവംബർ മുതൽ യൂറോപ്യൻ പാർലമെൻറിലേയ്ക്ക് ഇന്റേൺഷിപ്പിനായാണ് ബൈജുവിനെ പാർട്ടി നിയോഗിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് ചർച്ചകൾ നിർണായ വഴിത്തിരിവിൽ എത്തി നിൽക്കുന്ന ഘട്ടത്തിലാണ് യൂറോപ്യൻ പാർലമെന്റിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള അവസരം ഈ മലയാളി കൗൺസിലറെ തേടിയെത്തിയത്. യൂറോപ്യൻ യൂണിയനിലെ അംഗ രാജ്യങ്ങളിൽ നിന്നുള്ള എം.ഇ.പിമാരും രാജ്യ തലവന്മാർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങളും വിവിധ പാർലമെന്റ് കമ്മിറ്റികളുടെ നടപടികളും നേരിട്ട് കാണുവാൻ ഇന്റേൺഷിപ്പ് അവസരം നല്കും. യൂറോപ്യൻ രാജ്യങ്ങൾക്കായി നടത്തുന്ന നിയമനിർമ്മാണ പ്രക്രിയയുടെ നൂലിഴ കീറിയുള്ള ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും  സാക്ഷ്യം വഹിക്കാൻ ഈ നിയമ വിദഗ്ദന് അവസരം ലഭിക്കും. ക്രിമിനൽ ഡിഫൻസ് ലോയറായി പ്രാക്ടീസ് ചെയ്യുന്ന ബൈജു തിട്ടാല കേംബ്രിഡ്ജിൽ നിന്നാണ് എൽഎൽബി നേടിയത്. ലോയിൽ മാസ്റ്റേർസ് ഡിഗ്രിയും ഈസ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹം നേടിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യൂറോപ്യൻ പാർലമെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനുള്ള അവസരം പൂർണമായും ഉപയോഗപ്പെടുത്താനും സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ വിനിയോഗിക്കാനുമുള്ള ഒരുക്കത്തിലാണ് ബൈജു വർക്കി തിട്ടാല. യൂറോപ്യൻ പാർലമെന്റിലെ ഇന്റേൺഷിപ്പിനിടെ സംവദിക്കുന്നവരുമായി  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെക്കുറിച്ചും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെക്കുറിച്ചും താൻ ജവഹർലാൽ  നെഹ്റുവിന്റെ രാജ്യത്തുനിന്ന് വരുന്നു എന്ന ആമുഖത്തോടെ പറയാൻ സാധിക്കുമെന്ന സന്തോഷം കൗൺസിലർ ബൈജു വർക്കി തിട്ടാല മലയാളം യുകെയോട് പങ്കുവെച്ചു. ലേബർ പാർട്ടിയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കോൺഫ്രൻസിൽ ഡെലഗേറ്റായും അദ്ദേഹത്തെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. ന്യൂനപക്ഷ അവകാശങ്ങളും സാമൂഹിക സമത്വവും എന്നും ഇഷ്ട വിഷയങ്ങളാക്കുന്ന ബൈജുവിന് പൂർണ പിന്തുണയാണ് കേംബ്രിഡ്ജിലെ ജനങ്ങൾ നല്കുന്നത്.

കേരളത്തിലെ പ്രളയ സമയത്ത് ബൈജു തിട്ടാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കാഴ്ച വച്ചത്. ആർപ്പൂക്കര പഞ്ചായത്തിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലായിരുന്നു ബൈജു. അരിയും പഞ്ചസാരയുമടക്കം മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കളാണ് ബൈജുവിന്റെ ശ്രമഫലമായി ക്യാമ്പിലെത്തിയത്. മലയാളം യുകെ പ്രസിദ്ധീകരിച്ച അപ്പീലിനെ തുടർന്ന് നിരവധി പേരാണ്  യുകെയിൽ നിന്ന് ബൈജുവിനെ ബന്ധപ്പെട്ട് സഹായം നല്കിയത്.