കേംബ്രിഡ്ജ്: യു കെ യിലെ മുൻനിര മലയാളി സംഘടനകളിലൊന്നായ ‘കേംബ്രിഡ്ജ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ’ 2024 -2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. നിരവധി വർഷങ്ങളായി സാമൂഹ്യ, സാംസ്കാരിക, കായിക, ജീവ കാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി കേരളീയ പൈതൃകത്വത്തിനു മുൻതൂക്കം നൽകി പ്രവർത്തിച്ചു വരുന്ന സംഘടന എന്ന നിലയിൽ, കേംബ്രിഡ്ജ് മലയാളികൾക്ക് അഭിമാനവും, യു കെ യിൽ ഏറെ ശ്രദ്ധേയവുമായ മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ‘കേംബ്രിഡ്ജ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ’.

‘സികെസിഎ’ മുൻ ഭരണ സമിതിയുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ വാർഷീക ജനറൽ ബോഡി യോഗത്തിൽ നിന്നും ഏകകണ്ഠമായാണ് റോബിൻ കുര്യാക്കോസിനെ പ്രസിഡണ്ടായും, വിൻസന്റ് കുര്യനെ സെക്രട്ടറിയായും, സനൽ രാമചന്ദ്രനെ ഖജാൻജിയായും തെരഞ്ഞെടുത്തത്. പുതിയ ഭരണ സമിതിയിൽ ജൂലി എബ്രഹാം വൈസ് പ്രസിഡണ്ടും, റാണി കുര്യൻ ജോ.സെക്രട്ടറിയും, അനൂപ് ജസ്റ്റിൻ ജോ. ട്രഷററുമാണ്.

അഡ്വ.ജോസഫ് ചാക്കോ, ജോസഫ് ചെറിയാൻ, ജോർജ്ജ് പൈലി കുന്നപ്പിള്ളി, മാത്യു തോമസ്, അനിൽ ജോസഫ്, പ്രശാന്ത് ഫ്രാൻസിസ്, റോയ് തോമസ്, റോയ് ആൻറണി, ടിറ്റി കുര്യാക്കോസ്,ജോസഫ് ആൻറണി, ജോസഫ് പേരപ്പാടൻ, അരുൺ പി ജോസ്, ഷെബി അബ്രാഹം, ഷാജി വേലായുധൻ, സന്തോഷ് മാത്തൻ, അഭിലാഷ് ജോസ്, ജിനേഷ് മാത്യു, അശ്വതി വാര്യർ, ജിസ്സ സിറിൽ, രഞ്‌ജിനി ചെല്ലപ്പൻ, ജെമിനി ബെന്നി, ഷിജി ജെൻസൺ, ഡെസീന ഡെന്നിസ് , ഷിബു ജയിംസ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർമാരായി തെരഞ്ഞെടുത്തു. ഇവർ വിവിധ സബ് കമ്മിറ്റിൾക്ക് നേതൃത്വം നൽകും.

‘സികെസിഎ’ മുൻ കാലങ്ങളിൽ തുടങ്ങി വെച്ചിട്ടുള്ള മലയാളികൾക്കായുള്ള ക്ഷേമകരമായ കർമ്മ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്ക്കാരിക പൈതൃകവും, ഭാഷാ പോഷണം, കായിക-മാനസ്സിക ക്ഷമതാ സംരക്ഷണം തുടങ്ങിയ മേഖലകൾക്ക് മുൻ‌തൂക്കം നൽകി പ്രവർത്തിക്കുവാനും നവ നേതൃത്വ യോഗം തീരുമാനിച്ചു.