പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടയാ അക്രമ സംഭവങ്ങളില്‍ കൂടുതല്‍ അറസ്റ്റ്. കരവാളൂര്‍ മാവിളയില്‍ കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തിലാണ് പുനലൂര്‍ പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ കാര്യറ ആലുവിളവീട്ടില്‍ അബ്ദുല്‍ ബാസിത് എന്ന ബാസിത് ആല്‍വി(25)യാണ് അറസ്റ്റിലായത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഹര്‍ത്താല്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം സ്‌കൂട്ടറിലെത്തി കെഎസ്ആര്‍ടിസി ബസിന് കല്ലെറിയുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. ഇതോടെ ഹര്‍ത്താല്‍ ദിനത്തില്‍ പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും അറസ്റ്റിലായി.

പുനലൂര്‍ കാര്യറ ദാറുസലാമില്‍ മുഹമ്മദ് ആരിഫ് (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മന്‍സിലില്‍ സെയ്ഫുദീന്‍ (25), കോക്കാട് തലച്ചിറ അനീഷ് മന്‍സിലില്‍ അനീഷ് (31) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവര്‍ കെഎസ്ആര്‍ടിസിക്ക് കല്ലെറിയാനായി എത്തിയപ്പോള്‍ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവരുടെ കല്ലേറില്‍ ബസ്സിന്റെയും ലോറിയുടെയും മുന്നിലെ ചില്ലുതകരുകയും ബസ് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി പി രാഗേഷി(47)ന് കണ്ണിനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആദ്യം പിടിയിലായത് അനീഷാണ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. എണ്‍പതോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

ഈ കല്ലേറില്‍ കെഎസ്ആര്‍ടിസിക്ക് മൂന്നുലക്ഷത്തിന്റെയും ലോറികള്‍ക്ക് ഒന്നരലക്ഷത്തിന്റെയും നഷ്ടമുണ്ടായി. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ കൊട്ടാരക്കരയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ശേഷം രണ്ടു ബൈക്കുകളിലായി പുനലൂരിലെത്തിയ ഇവര്‍ വാഹനങ്ങള്‍ക്കു കല്ലെറിയുകയായിരുന്നു.

പുനലൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ്‌കുമാര്‍, എസ്‌ഐ മാരായ ഹരീഷ്, ജിസ് മാത്യു, സിപിഒ മാരായ അജീഷ്, സിയാദ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.