ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരൻെറ ജീവിതം കുറെ നാളുകളായി വിവാദങ്ങൾക്ക് നടുവിൽ ആണ്. അടുത്തിടെയായി പുതിയ ഒരു വിവാദത്തിനും തുടക്കമായിട്ടുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്ത് ടോം ബ്രാഡ്ബിയുടെ ” ഹാരി & മേഗൻ : ആൻ ആഫ്രിക്കൻ ജേർണി ” എന്ന ഡോക്യുമെന്ററി യിലൂടെ മാധ്യമങ്ങളെ ആകെ വിമർശിച്ചു എന്നതാണ് പുതിയ ആരോപണം.

ഹാരിയെ മുറിവേറ്റ ഹൃദയത്തിന് ഉടമയായ ഒരു യുവാവായാണ് ബ്രിട്ടനിൽ ഇപ്പോൾ പലരും ചിത്രീകരിക്കുന്നത്. ഷേക്സ്പിയർ നാടകങ്ങളിലെ പ്രിൻസ് ഹാളിനോടാണ് ഹാരിയെ ഉപമിക്കുന്നത്. എന്നാൽ അടുത്തിടെയായി അമ്മയുടെ മരണത്തിന്റെ ദുഃഖം തന്നെ ഇന്നും വേട്ടയാടുന്നു എന്ന ഹാരിയുടെ പ്രതികരണത്തിന് മറുപടിയായി അദ്ദേഹത്തെ മറ്റൊരു ഷേക്സ്പീരിയൻ കഥാപാത്രമായ ഹാംലറ്റുമായാണ് ഉപമിച്ചിരിക്കുന്നത്.

മാധ്യമങ്ങൾ എന്നും രാജകുടുംബത്തിന്റെ നിലനിൽപ്പിന് അവിഭാജ്യ ഘടകങ്ങളാണ്. രാജകുടുംബങ്ങളിലെ വിവാഹവും, മരണവും ജന്മദിനവുമെല്ലാം മാധ്യമശ്രദ്ധ ആകർഷിക്കപ്പെടുന്നതാണ്. മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന അവസാനത്തെ രാജ്ഞിയായി നിലവിലുള്ള എലിസബത്ത് രാജ്ഞി മാറും എന്നാണ് നിഗമനം. രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾ എല്ലാം തന്നെ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കപ്പെട്ടവരാണ്. ഏറ്റവും അവസാനത്തെ ഇരയായി ഹാരി രാജകുമാരൻ മാറിയിരിക്കുകയാണ്.