ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത അഞ്ച് വർഷ കാലം കൊണ്ട് പുകവലി മൂലമുള്ള ക്യാൻസർ ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ കാലയളവിൽ ഏകദേശം 3 ലക്ഷം ബ്രിട്ടീഷുകാർ രോഗബാധിതരാകുമെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുകവലി നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി യുകെ മാറാനുള്ള പദ്ധതികളെ പിന്തുണയ്ക്കാൻ എംപിമാരുടെ മേൽ ശക്തമായ സമ്മർദ്ദ നീക്കമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


2009 ജനുവരി 1 ന് ശേഷം ജനിച്ചവർക്ക് നിയമപരമായി പുകയില വാങ്ങുന്നത് നിരോധിക്കാനുള്ള ബിൽ ഇന്ന് പാർലമെൻറിൽ ചർച്ച ചെയ്യും. യുകെയിൽ പുകവലി മൂലമുള്ള മരണത്തിന്റെയും നാശത്തിന്റെയും വ്യാപ്തി എംപിമാർക്ക് അവഗണിക്കാൻ സാധിക്കില്ലെന്നും പ്രതിദിനം 350 യുവജനങ്ങൾ പുതുതായി പുകവലിക്കാൻ ആരംഭിക്കുന്നതായുള്ള കണക്കുകൾ ഉദ്ധരിച്ച് ക്യാൻസർ റിസർച്ച് യുകെ പറഞ്ഞു. ആയിരക്കണക്കിന് ആൾക്കാർക്ക് ക്യാൻസർ പിടിപെടുന്നത് എൻഎച്ച്എസിൽ കടുത്ത സമ്മർദ്ദം ഉളവാക്കുന്നതിന് മുഖ്യകാരണമായ പുകവലിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് ക്യാൻസർ റിസർച്ച് യുകെയിലെ ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ 2029 ഓടെ യുകെയിലുടനീളം 296,661 പുതിയ ക്യാൻസർ കേസുകൾ ഉണ്ടാകുമെന്ന് ചാരിറ്റി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വിശകലനത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ശരാശരി 160 ഓളം ക്യാൻസർ കേസുകളുടെ രോഗനിർണയം പുകവലി കാരണം ഓരോ ദിവസവും നടത്തുന്നതായുള്ള വെളിപ്പെടുത്തലും പുറത്തു വന്നിട്ടുണ്ട്. ഇതിലും ഞെട്ടിക്കുന്ന കണക്കുകളാണ് പുകവലിക്കാത്തവർക്ക് മറ്റുള്ളവരുടെ പുകവലി ഉപയോഗം മൂലം ഉണ്ടാകുന്നത്. മറ്റുള്ളവരുടെ പുകവലി മൂലം 2846 പേർക്ക് ക്യാൻസർ പിടിപെടാനുള്ള സാധ്യതയാണ് വിശകലനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഉപയോഗിക്കുന്നവരിൽ മൂന്നിൽ രണ്ടുപേരെ പുകവലി കൊല്ലുന്നതായി ചാരിറ്റിയുടെ പോളിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ഇയാൻ വാക്കർ പറഞ്ഞു. പുകവലി പൂർണമായും നിരോധിക്കുന്നത് ക്യാൻസറിനെ കൂടാതെ ജന്മ വൈകല്യങ്ങളും, ആസ്ത്മയും , സ്ട്രോക്ക്, ഹൃദ്രോഗം, ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളും കുറയുന്നതിന് സഹായിക്കുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ ക്രിസ് വിറ്റി പറഞ്ഞു.