ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടൻെറ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റീവ് പാർട്ടിയിലെ അംഗങ്ങൾക്കിടയിൽ നടത്തിയ തിരഞ്ഞെടുപ്പ് ഇന്നലെ അവസാനിച്ചു. ഇതിൻറെ ഫലം സെപ്റ്റംബർ അഞ്ചാം തീയതി തിങ്കളാഴ്ച്ച ഉച്ച 12 . 30 – ന് അറിയാം. വിദേശകാര്യമന്ത്രി ലിസ് ട്രസും (47) ഇന്ത്യൻ വംശജനായ മുൻ ധനകാര്യമന്ത്രി റിഷി സുനകും (42) തമ്മിലാണ് മത്സരം. പുതിയ പ്രധാനമന്ത്രി വരുന്ന ബുധനാഴ്ച്ച പാർലമെന്റിനെ അഭിസംബോധന ചെയ്യും. തുടക്കത്തിൽ റിഷി സുനകായിരുന്നു പ്രധാനമന്ത്രി പദത്തിലേക്കുള്ള പിന്തുണയിൽ മുന്നിട്ട് നിന്നിരുന്നത്. എന്നാൽ നിലവിൽ രാഷ്ട്രീയ നിരീക്ഷകർ സാധ്യത കൽപ്പിക്കുന്നത് ലിസ് ട്രസിനാണ്. 1.60 ലക്ഷം കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണ് ഒരു മാസം നീണ്ടുനിന്ന ഓൺലൈൻ പോസ്റ്റൽ വോട്ടെടുപ്പിൽ പങ്കെടുത്തത്.
ഒരുമാസം നീണ്ടുനിന്ന പ്രചാരണത്തിൽ നാണ്യപെരുപ്പം തടയുമെന്നാണ് പ്രധാനമായും സുനക് വാഗ്ദാനം ചെയ്തത്. എന്നാൽ നികുതികൾ വെട്ടി കുറയ്ക്കും എന്നാണ് ട്രസ്റ്റിന്റെ വാഗ്ദാനങ്ങളിൽ പ്രധാനം. പ്രചാരണത്തിനിടയിൽ ലണ്ടനിൽ വച്ച് റിഷി സുനക് ഗോപൂജ നടത്തിയത് വൻ ചർച്ചയായിരുന്നു. ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം എത്തിയാണ് റിഷി സുനക് ഗോപൂജ നടത്തിയത്. റിഷി സുനക് പ്രധാനമന്ത്രി പദത്തിലേറിയാൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും കമ്പനികൾക്കും ബ്രിട്ടനിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതൽ സജീവമാകണമെന്ന് ഇന്ത്യൻ വംശജരായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തിയ പ്രചാരണത്തിനിടയിൽ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Leave a Reply