കഞ്ചാവില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാന്‍ യുകെയിലെ ഡോക്ടര്‍മാര്‍ക്ക് ഇനി സാധിക്കും. ഇതു സംബന്ധിച്ച നിയമങ്ങളില്‍ ഇളവുകള്‍ വരുത്തി. ഇത്തരം മരുന്നുകള്‍ 2001ലെ മിസ്‌യൂസ് ഓഫ് ഡ്രഗ്‌സ് റെഗുലേഷന്‍സ് നിയമത്തിന്റെ ഷെഡ്യൂള്‍ 2ല്‍ ഉള്‍പ്പെടുത്തുമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു. ഡ്രഗ് റെസിസ്റ്റന്റ് അവസ്ഥയിലുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ഇത് ആശ്വാസമാകുമെന്നാണ് കരുതുന്നത്. ഷെഡ്യൂള്‍ 1ലാണ് കഞ്ചാവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് കഞ്ചാവിന് തെറാപ്യൂട്ടിക് മൂല്യമില്ലെന്നും അതുകൊണ്ടു തന്നെ കൈവശം വെക്കാനോ മരുന്നായി നിര്‍ദേശിക്കാനോ സാധിക്കുകയില്ല.
ഗവേഷണ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിയുണ്ടെങ്കിലും അതിന് ഹോം ഓഫീസിന്റെ ലൈസന്‍സ് ആവശ്യമാണ്. എന്നാല്‍ ചില രോഗങ്ങളില്‍ ഇതിന് തെറാപ്യൂട്ടിക് മൂല്യമുണ്ടെന്ന് ഗവണ്‍മെന്റിന്റെ ഒഫീഷ്യല്‍ ഡ്രഗ് ഉപദേഷ്ടാക്കളും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഫോര്‍ ഇംഗ്ലണ്ട്, ഡെയിം സാലി ഡേവിസും വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഹോം സെക്രട്ടറിയുടെ നീക്കം. അപസ്മാര രോഗികളായ ചില കുട്ടികളുടെ ചികിത്സക്ക് കഞ്ചാവ് ഓയില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ ഇതിനായുള്ള അനുമതി നിഷേധിക്കപ്പെടുന്നത് പതിവായിരുന്നു. ഈ സംഭവങ്ങളും നിയമത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ കാരണമായിട്ടുണ്ട്.
കുട്ടികള്‍ക്ക് ചികിത്സ നിഷേധിച്ച സംഭവമുള്‍പ്പെടെയുള്ളവ വിശകലനം ചെയ്താല്‍ ഈ മരുന്നുകളുടെ കാര്യത്തില്‍ നമ്മുടെ നിലപാടകള്‍ തൃപ്തികരമല്ലെന്നാണ് വ്യക്തമാകുന്നതെന്ന് ജാവിദ് പറഞ്ഞു. ഈ മരുന്നുകള്‍ക്ക് അനുമതി നല്‍കുന്നത് ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസമാകുമെന്നും ജാവിദ് വ്യക്തമാക്കി.
Leave a Reply