പ്രധാനമന്ത്രിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി.
ഇന്ത്യന്‍ പ്രദേശത്തേക്കുള്ള ചൈനയുടെ നുഴഞ്ഞുകയറ്റ വിഷയം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലണ്ടനിലെ ഹൗണ്‍സ്ലോയില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യവെയാണ് കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം.’രാജ്യത്ത് പ്രതിപക്ഷം എന്ന ആശയത്തെ സര്‍ക്കാര്‍ അനുവദിക്കുന്നില്ല. പാര്‍ലമെന്റിലും ഇതുതന്നെയാണ് സംഭവിക്കുന്നത്, ചൈനക്കാര്‍ നമ്മുടെ പ്രദേശത്തിനകത്ത് കയറുന്നു അതിനെക്കുറിച്ച് സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. ഇത് ലജ്ജാകരമാണ്’ രാഹുല്‍ ഗാന്ധി പറഞ്ഞു.

നമ്മുടെ രാജ്യം ഒരു തുറന്ന രാജ്യമാണ്, നമ്മുടെ ബുദ്ധിയില്‍ അഭിമാനിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന ഒന്നാണ് എന്നാല്‍ ഇന്ന് ഇത് നശിപ്പിക്കപ്പെട്ടു. അതിനാലാണ് ഞങ്ങള്‍ ഭാരത് ജോഡോ യാത്ര നടത്താന്‍ തീരുമാനിച്ചത്. പ്രതിപക്ഷം ഉന്നയിക്കുന്ന ഒരു ആശയവും സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും ഇത് നമുക്കെല്ലാവര്‍ക്കും പരിചിതമായ ഒരു ഇന്ത്യയല്ലെന്നും അദ്ദേഹം ആരോപിച്ചു.

ഇന്നലെ രാവിലെ അദ്ദേഹം ലണ്ടനില്‍ മഹാത്മാഗാന്ധിക്കും ഗുരു ബസവണ്ണയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നങ്ങളെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ തെരുവുകളില്‍ നടക്കാന്‍ പോലും സ്ത്രീകള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു ഇന്ത്യന്‍ രാഷ്ട്രീയ നേതാതിവ് കേംബ്രിഡ്ജിലോ ഹാര്‍വാര്‍ഡിലോ പ്രസംഗിക്കാന്‍ കഴിയുന്നു എന്നാല്‍ എന്നാല്‍ ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ സംസാരിക്കാന്‍ കഴിയില്ല എന്നത് വിജിത്രമാണ് ‘ രാഹുല്‍ പറഞ്ഞു.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞ ബിസിനസ്സ് വ്യവസായി ഗൗതം അദാനിയെയും അദ്ദേഹം പരിഹസിച്ചു.’ഒന്നോ രണ്ടോ ബിസിനസുകാര്‍ മിക്കവാറും എല്ലാ ബിസിനസ്സുകളും നിയന്ത്രിക്കുന്നു. അവര്‍ ഈയടുത്താണ് പ്രശസ്തരായത്. നിങ്ങള്‍ക്ക് അവരുടെ സമ്പത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കാണാം. ഒരാള്‍ തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് പണം സമ്പാദിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു, ‘ഇന്ത്യയിലെ ആളുകള്‍ പറയുന്നത് മാധ്യമങ്ങളില്‍ പോലും കാണിക്കുന്നില്ല, മാധ്യമങ്ങള്‍ ദേഷ്യമോ വിദ്വേഷമോ അക്രമമോ ബോളിവുഡോ ക്രിക്കറ്റോ മാത്രമേ കാണിക്കൂ, യഥാര്‍ത്ഥ പ്രശ്നങ്ങളല്ല’.

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന ഗാന്ധിജിയുടെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പരാമര്‍ശം കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വാക്‌പോരിലേക്ക് മാറിയിരുന്നു. യുകെയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പര്യടനത്തിലാണ് രാഹുല്‍ ഗാന്ധി, ബിഗ് ഡാറ്റ, ജനാധിപത്യം, ഇന്ത്യ-ചൈന ബന്ധങ്ങള്‍ എന്നിവയെ കുറിച്ച് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ അദ്ദേഹം സെഷനുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 7 ന് അദ്ദേഹം തിരിച്ചെത്തും.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഘടനകള്‍ ക്രൂരമായ ആക്രമണത്തിനിരയാണെന്ന് രാഹുല്‍ ഗാന്ധി. മാധ്യമങ്ങളും സ്ഥാപന ചട്ടക്കൂടുകളും ജുഡീഷ്യറിയും പാര്‍ലമെന്റും എല്ലാം ആക്രമിക്കപ്പെടുകയാണ്. ഞങ്ങളുടെ ശബ്ദവും ജനങ്ങളുടെ ശബ്ദവും സാധാരണ രീതിയില്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരുന്നു ഇത് ആധുനിക ഇന്ത്യയില്‍ മുമ്പ് കണ്ടിട്ടില്ല. ഭാരത് ജോഡോ യാത്ര ആവശ്യമായി വന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഘടനകള്‍ ക്രൂരമായ ആക്രമണത്തിന് വിധേയമായതിനാലാണ്. പ്രതിപക്ഷം രാജ്യത്തിന്റെ സ്ഥാപന ഘടനകളോട് പോരാടുകയാണ്. ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷനുമായി യുകെയില്‍ നടത്തിയ സെഷനിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

‘ബിജെപിക്കെതിരെ കടുത്ത അമര്‍ഷമുണ്ട്. ഭാരത് ജോഡോ യാത്രയില്‍ ആ രോഷത്തിന്റെ അടിയൊഴുക്കുണ്ടായിരുന്നു. മാധ്യമങ്ങളില്‍ നിങ്ങള്‍ അതിനെക്കുറിച്ച് കേള്‍ക്കുന്നില്ല’, 2024ലെ നിര്‍ണായക പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചും അത് വിജയിക്കാന്‍ സഹായിക്കുമെന്ന് താന്‍ കരുതുന്ന കാര്യങ്ങളെക്കുറിച്ചും രാഹുല്‍ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ വളരെയധികം ഏകോപനം നടക്കുന്നു. പാര്‍ട്ടികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആര്‍എസ്എസിനേയും ബിജെപിയേയും പരാജയപ്പെടുത്തേണ്ടതാണെന്ന അടിസ്ഥാന ആശയം പ്രതിപക്ഷത്തിന്റെ മനസ്സില്‍ ആഴത്തില്‍ വേരൂന്നിയതാണ്. അതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. ചര്‍ച്ച ആവശ്യമുള്ള തന്ത്രപരമായ പ്രശ്‌നങ്ങളുണ്ട്. ചില സംസ്ഥാനങ്ങള്‍ വളരെ ലളിതമാണ്. മറ്റുള്ളവ കുറച്ചുകൂടി സങ്കീര്‍ണ്ണമാണ്. എന്നാല്‍ ഈ ചര്‍ച്ച നടത്താനും അത് പരിഹരിക്കാനും പ്രതിപക്ഷത്തിന് വളരെയധികം കഴിവുണ്ട്, ”അദ്ദേഹം പറഞ്ഞു.

”ഇന്ത്യയിലെ പ്രതിപക്ഷം ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി പോരാടുന്നില്ല. നമ്മള്‍ ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാപന ഘടനയോട് പോരാടുകയാണ്. ഇന്ത്യയിലെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുത്ത ആര്‍എസ്എസിനോടും ബിജെപിയോടും ഞങ്ങള്‍ പോരാടുകയാണ്. ഈ സ്ഥാപനങ്ങള്‍ നിഷ്പക്ഷമല്ല. ഇന്ത്യയില്‍ ഒരു ജനാധിപത്യ പുനരുജ്ജീവനം ഞാന്‍ പ്രതീക്ഷിക്കുന്നു.’, രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘ഏതെങ്കിലും തരത്തിലുള്ള ഭീഷണിപ്പെടുത്തലുകളെ അംഗീകരിക്കാനാവില്ല. ഞാന്‍ അഹിംസയില്‍ വിശ്വസിക്കുന്നു, ഭീഷണിപ്പെടുത്തുന്നത് എനിക്ക് ഇഷ്ടമല്ല. അത് എന്റെ വ്യക്തിപരമായ വീക്ഷണമാണ്.’,മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി.

അദാനി വിഷയത്തില്‍ കോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ് സോറോസിന്റെ പരാമര്‍ശത്തെക്കുറിച്ചും കോണ്‍ഗ്രസ് നേതാവ് സംസാരിച്ചു. ജോര്‍ജ് സോറോസിന് അദ്ദേഹത്തിന്റെ അഭിപ്രായം ഉണ്ടായിരിക്കാം. എന്നാല്‍ എനിക്ക് ആ കാഴ്ചപ്പാടില്‍ താല്‍പ്പര്യമില്ല. ഇന്ത്യയില്‍ എന്റെ സ്വന്തം കണ്ണുകൊണ്ട് കാണുന്നത് ഞാന്‍ വിശ്വസിക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ അദാനി 609-ാമത്തെ വലിയ ധനികനില്‍ നിന്ന് രണ്ടാമത്തെ വലിയ ധനികനായി മാറിയതായി എനിക്ക് കാണാന്‍ കഴിയും. അദ്ദേഹത്തിന് പ്രതിഫലം ലഭിക്കുന്നത് എനിക്ക് കാണാന്‍ കഴിയും. വ്യവസായങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചിരിക്കുന്നു. അത് പറയാന്‍ ഞങ്ങള്‍ക്ക് ജോര്‍ജ്ജ് സോറോസിന്റെ ആവശ്യമില്ലെന്നും രാഹുല്‍ തുറന്നടിച്ചു.