തലസ്ഥാന നഗരത്തെ ഞെട്ടിച്ച നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടില്‍ മാര്‍ത്താണ്ഡം നേശമണി കോളേജ് റിട്ട. ഹിസ്റ്ററി പ്രൊഫസര്‍ രാജ് തങ്കം (60), ഭാര്യ തിരുവനന്തപുരം ജനറല്‍ ആശുപത്രി റിട്ട. ആര്‍.എം.ഒ ഡോ.ജീന്‍ പത്മ (58), മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകള്‍ കരോളിന്‍ (25) എന്നിവരെ ഇവരുടെ മകന്‍ കേഡല്‍ ജിന്‍സ് രാജ് വക വരുത്തിയത് ബുധനാഴ്ച രാത്രിയെന്ന് സൂചന. വീട്ടിനുള്ളിലെ അരും കൊലകള്‍ തിരിച്ചറിഞ്ഞതാണ് ഇവര്‍ക്കൊപ്പം താമസിച്ചുവന്ന കാഴ്ചവൈകല്യമുള്ള ബന്ധുവായ ലളിതയെ (70) കൊലപ്പെടുത്താന്‍ കാരണമായതെന്നും കരുതുന്നു. വീട്ടിലെ ജോലിക്കാരിയായ യുവതിയുടെ മൊഴിയും അതിനുശേഷമുണ്ടായ സംഭവവികാസങ്ങളും സാഹചര്യങ്ങളുമാണ് അന്വേഷണ സംഘത്തെ ഈ നിഗമനത്തിലേക്ക് നയിക്കാന്‍ കാരണം. സംഭവശേഷം നാടുവിട്ട കേഡലിനുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി കേരളത്തിനകത്തും പുറത്തും പൊലീസ് അന്വേഷണം വ്യാപകമാക്കി. നഗര മദ്ധ്യത്തില്‍ ക്‌ളിഫ് ഹൗസിന് സമീപമുണ്ടായ കൊലപാതകം അഞ്ചുദിവസം പിന്നിടുമ്പോഴും കാരണങ്ങള്‍ സംബന്ധിച്ച് പൊലീസിന് വ്യക്തമായ യാതൊരു സൂചനകളും ലഭ്യമായിട്ടില്ല. കേഡലിനെ പിടികൂടിയാല്‍ മാത്രമേ ഇത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ കഴിയൂ.

2009ല്‍ വിദേശത്തുനിന്ന് മടങ്ങിവന്നശേഷം അയല്‍ക്കാരുമായോ ബന്ധുക്കളോ സുഹൃത്തുക്കളുമായോ അധികം സമ്പര്‍ക്കം പുലര്‍ത്താതെ കഴിഞ്ഞുവന്ന കേഡലിന്റെയും മാതാപിതാക്കളുടെയും ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേഡലിന്റെ ഫോണിലൂടെയും പരിമിതമായ സൗഹൃദങ്ങളാണുണ്ടായിരുന്നത്. വിരലിലെണ്ണാവുന്ന ചില നമ്പരുകള്‍ മാത്രമാണ് ഇയാളുടെ ഫോണ്‍കോള്‍ വിവരങ്ങളില്‍ പൊലീസ് അന്വേഷണ വിധേയമാക്കുന്നത്. നഗരത്തിലെ ഒരു ഹോട്ടല്‍, കൊറിയര്‍ സര്‍വ്വീസ്, കുട്ടികള്‍ക്കുള്ള ഗെയിംസെര്‍ച്ച് സെര്‍ച്ച് എന്‍ജിനുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയ കേന്ദ്രീകരിച്ചുള്ള ചില ഇന്റര്‍നാഷണല്‍ കോളുകളുമുള്‍പ്പെടെ ചുരുക്കം ഫോണ്‍ ബന്ധങ്ങളാണ് ഇയാള്‍ക്കുള്ളത്. ഫോണും കമ്പ്യൂട്ടറും എല്ലാം വീട്ടിലുപേക്ഷിച്ച് പോയിട്ടുള്ള കേഡല്‍ പുതിയ ഫോണ്‍ കണക്ഷന്‍ എടുത്തിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ മൊബൈല്‍ കമ്പനികളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഇവര്‍ക്കുള്ള റബ്ബര്‍തോട്ടത്തില്‍ നിന്ന് അവിടുത്തെ നോട്ടക്കാരന്‍ നല്‍കിയ മുക്കാല്‍ ലക്ഷത്തോളം രൂപ ഇയാളുടെ കൈവശമുള്ളതായി പൊലീസിന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ പണവുമായാകാം ഇയാള്‍ രക്ഷപ്പെട്ടിട്ടുള്ളതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവരുടെ വീട്ടില്‍ ജോലിക്കാരിയായ സ്ത്രീയില്‍ നിന്ന് നിര്‍ണായകമായ സൂചനകളാണ് പൊലീസിന് ലഭിച്ചത്. കേഡലിന്റെ അമ്മ ജീനും സഹോദരി കരോളിനും വിദേശത്ത് പോകുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കുന്ന സൂചനകളൊന്നും വീട്ടുജോലിക്കാരിയുടെ മൊഴിയിലില്ലാത്തതിനാല്‍ കൊലയ്ക്ക് പിന്നില്‍ മറ്റെന്തോ കാരണം ഉണ്ടാകാമെന്നാണ് കരുതുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് കേഡലുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും പിണക്കങ്ങളോ പ്രശ്‌നങ്ങളോ ഉള്ളതായി തോന്നിയില്ല. ഉച്ചഭക്ഷണത്തിനുശേഷം ബെയിന്‍സ് കോമ്പൗണ്ടിലെ അയല്‍വീട്ടിലേക്ക് പോയ ജോലിക്കാരി വൈകിട്ടോടെയാണ് അവിടെ നിന്ന് മടങ്ങിയെത്തിയത്. വെള്ളറട സ്വദേശിനിയായ അവിടുത്തെ ജോലിക്കാരിയുമായി പതിവ് സൗഹൃദത്തിന് പോയതായിരുന്നു അവര്‍. വൈകുന്നേരം മടങ്ങിയെത്തിയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും വിദേശത്തുള്ള സുഹൃത്തിന്റെ കുടുംബവുമായി കന്യാകുമാരിയിലേക്ക് പോയെന്നാണ് കേഡല്‍ ധരിപ്പിച്ചത്. കേഡല്‍ മാതാപിതാക്കളെയും സഹോദരിയെയും വകവരുത്തിയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളോ മയക്കുമരുന്നോ നല്‍കി ബോധം കെടുത്തിയോ മുകള്‍ നിലയില്‍ എത്തിച്ചുണ്ടാകണം. അന്ന് രാത്രിയും ബന്ധുവായ വല്യമ്മയ്‌ക്കൊപ്പം ആഹാരം കഴിച്ച കേഡല്‍ അവരോടും മാതാപിതാക്കള്‍ കന്യാകുമാരിയിലാണെന്നാണ് ധരിപ്പിച്ചത്. വീട്ടിന്റെ താഴത്തെ നിലയില്‍ മാതാപിതാക്കളും വേലക്കാരിയും ബന്ധുവായ വല്യമ്മയും മാത്രമാണ് താമസം. താഴത്തെ നിലയിലെ ജോലികള്‍ മാത്രം ചെയ്യാനാണ് വേലക്കാരിയെ തുടക്കം മുതല്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ അവര്‍ കേഡലും കരോളിനും താമസിക്കുന്ന മുകള്‍ നിലകളിലേക്ക് പോകാറില്ല. കാഴ്ചയ്ക്ക് തകരാറുള്ളതിനാല്‍ ലളിതയും മുകള്‍ നിലയില്‍ കടക്കാറില്ല. വ്യാഴാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും ജോലിക്കാരിയോട് തനിക്കും വല്യമ്മയ്ക്കുമുള്ള ഭക്ഷണം തൊട്ടടുത്തുള്ളബന്ധുവീട്ടില്‍ പാചകം ചെയ്ത് വച്ചിരുന്നാല്‍ മതിയെന്നാണ് കേഡല്‍ നിര്‍ദേശിച്ചത്. ഇതനുസരിച്ച് അവര്‍ ഭക്ഷണം പാചകം ചെയ്ത് അവിടെയാണ് വച്ചിരുന്നത്. ഇതിന് പുറമേ ഇയാള്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്ന് ബിരിയാണി, ഷവര്‍മ്മ തുടങ്ങിയവയും രണ്ട് ദിവസങ്ങളിലായി പാഴ്‌സലായി വാങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച പകല്‍ പട്ടത്തിനും പ്‌ളാമൂടിനും മദ്ധ്യേയുള്ള പെട്രോള്‍ പമ്പിലെത്തി പത്ത് ലിറ്റര്‍ പെട്രോള്‍ കേഡല്‍ കന്നാസില്‍ വാങ്ങിയിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. മാതാപിതാക്കളെയും സഹോദരിയെയും ചുട്ടുകരിക്കാനായിരുന്നു ഇത്. പെട്രോള്‍ ഒഴിച്ച് ഇവരുടെ മൃതദേഹങ്ങള്‍ കത്തിച്ച് ചാമ്പലാക്കിയശേഷം സമീപത്തെ പറമ്പില്‍ അവശിഷ്ടങ്ങള്‍ കുഴിച്ചിടാനായിരുന്നു പരിപാടിയിട്ടിരുന്നതെന്നാണ് കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനായി കുഴിയെടുക്കാന്‍ രാത്രിയില്‍ പറമ്പിലിറങ്ങിയ കേഡലിന്റെ നീക്കം അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ശ്രമം ഉപേക്ഷിച്ചതെന്നും കരുതുന്നു. അസമയത്ത് പറമ്പിലെ ആളനക്കം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി ലൈറ്റിടുകയും ഒച്ചപ്പാടുണ്ടാക്കുകയും പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ കേഡല്‍ ഇയാള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട് താന്‍ പട്ടിയെ ഓടിക്കാനെത്തിയതാണെന്ന് വെളിപ്പെടുത്തി തടിതപ്പുകയായിരുന്നു. മാതാപിതാക്കളെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഡെറ്റോളും ഫിനോയിലും മറ്റും ഒഴിച്ചെങ്കിലും അസ്വാഭാവിക ഗന്ധത്തില്‍ സംശയം തോന്നിയ വല്യമ്മ ലളിത മുകള്‍ നിലയിലേക്ക് കടന്നുചെല്ലാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത കേഡല്‍ ഇവരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ രക്ഷയില്ലാതെ അവരെയും അപായപ്പെടുത്തി ബെഡ്ഷീറ്റില്‍ ചുരുട്ടിക്കെട്ടി എന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ച രാത്രിയിലാണ് ഈസംഭവമെന്നാണ് കരുതുന്നത്. ശനിയാഴ്ച ലളിതയെ കാണാത്തത് ചോദ്യം ചെയ്ത ജോലിക്കാരിയോട് കന്യാകുമാരിയില്‍നിന്ന് മടങ്ങിയെത്തിയ അച്ഛനമ്മമാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ലളിത ഊട്ടിയിലും കൊടൈക്കനാലിലും പോയതായാണ് കേഡല്‍ മറുപടി നല്‍കിയത്. ഇടയ്ക്ക് ലളിതയുമായി കുടുംബം ദൂരയാത്രയ്ക്ക് പോകാറുള്ളതിനാല്‍ ജോലിക്കാരി ഇത് വിശ്വസിച്ചു. എന്നാല്‍ സംസാരത്തിലും പെരുമാറ്റത്തിലും ചില അസ്വാഭാവികതകളും സങ്കോചവും തോന്നിയെങ്കിലും കേഡലുമായി അധികം ഇടപെട്ടിട്ടില്ലാത്തതിനാല്‍ വേലക്കാരി കൂടുതലൊന്നും ചോദിക്കാന്‍ മുതിര്‍ന്നില്ല. ഈസമയമെല്ലാം മാതാപിതാക്കളുടെയും സഹോദരിയുടെയും ലളിതയുടെയും മൃതദേഹങ്ങള്‍ തെളിവുകളില്ലാത്തവിധം മറവ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുകയായിരുന്നു കേഡലെന്നുവേണം കരുതാന്‍. പുറത്തൊരിടത്തും മൃതദേഹം മറവ് ചെയ്യാന്‍ സാധിക്കില്ലെന്ന് ഉറപ്പായപ്പോഴാകാം നിവൃത്തിയില്ലാതെ വീട്ടിനുള്ളിലെ ബാത്ത് റൂമില്‍ കൂട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചത്. ഫോറന്‍സിക് വിഭാഗവും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും നടത്തിയ തെളിവെടുപ്പില്‍ പുറത്തുനിന്ന് മറ്റാരുടെയും സാന്നിദ്ധ്യം സംഭവത്തിന് പിന്നിലുള്ളതായി കണ്ടെത്തിയിട്ടില്ല.

കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീട്ടാവശ്യത്തിനായി വളര്‍ത്തിയിരുന്ന കോഴികളെ കൊന്ന് കറി വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന വെട്ടുകത്തി, കൈമഴു തുടങ്ങിയവയാണ് കേഡല്‍ മാതാപിതാക്കളുടെ അരുംകൊലയ്ക്കും ഉപയോഗിച്ചത്. ടര്‍ക്കിയുള്‍പ്പെടെ മുട്ടയ്ക്കും മാംസത്തിനുംവേണ്ടി വളര്‍ത്തുന്ന നൂറിലേറെ കോഴികള്‍ ഇവരുടെ വീട്ടിലുണ്ട്. വീടിനോട് ചേര്‍ന്നുള്ള കോഴിക്കൂടിന്റേതുള്‍പ്പെടെ പ്രത്യേക സാഹചര്യവും അന്തരീക്ഷവുമായതിനാല്‍ കൊലപാതകത്തിന്റെ ആദ്യദിവസങ്ങളില്‍ രക്തത്തിന്റെയും മാംസത്തിന്റെയും ഗന്ധം തിരിച്ചറിയാന്‍ വേലക്കാരിക്കോ ലളിതക്കോ കഴിഞ്ഞിരുന്നില്ലെന്നാണ് പൊലീസിന്റെ നിഗമനം. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഷാഡോ പൊലീസ് സഹായത്തോടെകേഡലിനായി തമിഴ്‌നാടുള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളിലും പൊലീസ് ഊര്‍ജിത അന്വേഷണത്തിലാണ്. ഇയാളെ പിടികൂടിയാല്‍ മാത്രമേ ലഹരിവസ്തുക്കളുടെയോ മറ്റോ ഉപയോഗം കൃത്യത്തിന് പ്രേരണയായിട്ടുണ്ടോയെന്നുള്‍പ്പെടെ വ്യക്തമാകൂ. ഇയാളുടെ കമ്പ്യൂട്ടര്‍ പാസ് വേര്‍ഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിരിക്കുകയാണ്. ഇത് കണ്ടെത്തി തുറക്കാന്‍ പൊലീസ് കഴിഞ്ഞിട്ടില്ല. അതിനാല്‍, സിഡാക്കിന്റ സഹായം പൊലീസ് തേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ തുറന്ന് പരിശോധിച്ചാല്‍ എന്തെങ്കിലും തെളിവുകള്‍ ലഭിക്കുമോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.