ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബ്രിട്ടനില്‍ കോവിഡ് പോരാളികള്‍ക്കായി ധനസമാഹരണം നടത്തി ശ്രദ്ധേയനായ രണ്ടാം ലോകമഹായുദ്ധ നായകന്‍ ക്യാപ്റ്റന്‍ സര്‍ ടോം മൂര്‍ അന്തരിച്ചു. കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഞായറാഴ്ചയാണു ബെഡ്‌ഫഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും ബാധിച്ചിരുന്നു. ടോം മൂറിന്റെ മരണം അദ്ദേഹത്തിന്റെ കുടുംബമാണ് അറിയിച്ചത്. “അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ഞങ്ങൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നതിൽ സന്തോഷമുണ്ട്. ഭൂതകാല സ്മരണകൾ പങ്കിട്ട് സന്തോഷത്തോടെയാണ് അദ്ദേഹം വിടവാങ്ങുന്നത്.” കുടുംബാംഗങ്ങൾ അറിയിച്ചു. ജീവിത സായാഹ്നത്തിലാണ് ടോമിനെ ലോകമറിഞ്ഞതെങ്കിലും അതിൽ അദ്ദേഹം അതീവ സന്തോഷവാനായിരുന്നുവെന്ന് മക്കൾ കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിസന്ധിയിൽ രാജ്യത്തുടനീളമുള്ള രോഗികളെ പരിചരിക്കുന്ന എന്‍എച്ച്എസിനായി 1,000 പൗണ്ട് സമാഹരിക്കാനാണ് യോര്‍ക്ക്‌ഷെയറിലെ കീഗ് ലിയില്‍ നിന്നുള്ള മൂർ ആദ്യം മുന്നിട്ടിറങ്ങിയത്. ഏപ്രില്‍ അവസാനത്തോടെ നൂറാം വയസ്സിലേക്കെത്തുന്നതിനു മുമ്പായി 100 തവണ തന്റെ ഗാര്‍ഡന്‍ നടന്നു തീര്‍ക്കുമെന്ന ഉദ്യമം അദ്ദേഹം ഏറ്റെടുത്തു. ശാരീരികമായി നടക്കുവാന്‍ ഏറെ പ്രയാസപ്പെടുന്ന അദ്ദേഹം സ്റ്റീൽ ഫ്രയിമും കുത്തിപിടിച്ച് ആ വെല്ലുവിളി പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍എച്ച്എസിനായി സമാഹരിച്ചത് 38.9 മില്യണ്‍ പൗണ്ട് ആണ്. അദ്ദേഹത്തിന്റെ ഈ ശ്രമം ലോകമാകെ പ്രചോദനമായി. ആ വലിയ ഉദ്യമത്തിന് എലിസബത്ത് രാജ്ഞി മൂറിന് സര്‍ പദവി നല്‍കി ആദരിച്ചു.
രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യയിലും ബര്‍മ്മയിലും സേവനം ചെയ്തിട്ടുള്ള വ്യക്തിയാണ് ക്യാപ്റ്റന്‍ ടോം. 1940ലാണ് അദ്ദേഹം ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്നത്. 1941ൽ ഇന്ത്യയിലെത്തി. ലോകയുദ്ധകാലത്ത് ഇന്ത്യയിൽ നിന്ന് ഇപ്പോൾ മ്യാന്മാറിന്റെ ഭാഗമായ മേഖലകളിലെത്തിയാണ് അദ്ദേഹം സൈന്യത്തെ നയിച്ചത്. എലിസബത്ത് രാജ്ഞി ടോമിന് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന് അനുശോചന സന്ദേശം അയയ്ക്കുകയും ചെയ്തു. ക്യാപ്റ്റൻ ടോമിന്റെ മകൾ ഹന്നയോട് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുകയും ചെയ്തു. അദ്ദേഹം യഥാർത്ഥ നായകനായിരുവെന്ന് ജോൺസൻ പറഞ്ഞു. ദുഃഖസൂചകമായി നമ്പർ 10 ന് മുകളിലുള്ള പതാക പകുതി താഴ്ത്തികെട്ടി.
1920 ഏപ്രിൽ 30 ന് വെസ്റ്റ് യോർക്കിലെ കീഗ്ലിയിലെ വീട്ടിൽ ജനിച്ച ടോമിന്റെ ബാല്യകാലം ഏകാന്തത നിറഞ്ഞതായിരുന്നു. ഇസബെല്ലയുടെയും വിൽഫ്രെഡിന്റെയും രണ്ടാമത്തെ കുട്ടിയായിരുന്നു അദ്ദേഹം. 1939 ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രാദേശിക പ്രതിരോധത്തിൽ സന്നദ്ധപ്രവർത്തകനായി ചേർന്നു. പിന്നീട് ഹോംഗാർഡ് ആയി. യുദ്ധവീരൻ, കോവിഡ് പ്രതിരോധ പോരാളി, പ്രചാരകൻ തുടങ്ങിയ നിലകളിൽ അനേകർക്ക് പ്രചോദനം നൽകിയ ക്യാപ്റ്റൻ ഇനിയില്ല. തന്റെ പിന്നാലെ വരുന്നവർക്ക് മുന്നോട്ട് നടക്കാൻ ഒരു പാത തുറന്നിട്ടാണ് ടോം കാലയവനികയ്ക്കുള്ളിൽ മറയുന്നത്… പ്രണാമം, ക്യാപ്റ്റൻ സർ ടോം മൂർ.
Leave a Reply