വനിത ലോകകപ്പ് ഫൈനലിൽ ടോസ് ഇംഗ്ലണ്ടിന്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഇരു ടീമുകളിലും ഒരു മാറ്റങ്ങളും ഇല്ല.
വനിതാ ലോകകപ്പ് കിരീടത്തിന് ഇന്നോളം മൂന്നു രാജ്യങ്ങളേ അവകാശികളായിട്ടുള്ളു – ഓസ്ട്രേലിയയും ഇംഗ്ലണ്ടും ന്യൂസീലൻഡും. ഈ മൂന്നു ടീമുകളെയും തോൽപിച്ചാണ് ഇന്ത്യ ഫൈനലിലേക്കു മാർച്ച് ചെയ്തതെന്നത് കിരീടപ്രതീക്ഷകൾക്കു തിളക്കം കൂട്ടുന്നു. ആറുവട്ടം ചാംപ്യന്മാരായ ഓസ്ട്രേലിയയെ ഹർമൻദീപ് കൗർ എന്ന ബാറ്റിങ് ജീനിയസിന്റെ ഒറ്റയാൾ പോരാട്ടത്തിൽ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
മുന്നിൽ നിന്നു പട നയിക്കുന്ന ക്യാപ്റ്റൻ മിതാലി രാജ് വനിതാ ക്രിക്കറ്റിലെ സച്ചിൻ തെൻഡുൽക്കറാണ്. ഏറ്റവുമധികം ഏകദിന റൺസ് നേടിയ താരം. തുടർച്ചയായ ഏഴ് അർധസെഞ്ചുറികളോടെ ചരിത്രമെഴുതിയ വമ്പത്തി. മിതാലിയിൽനിന്നു തൽക്കാലത്തേക്കു ശ്രദ്ധ മാറിനിൽക്കുകയാണിപ്പോൾ. വനിതാ ക്രിക്കറ്റിലെ വീരേന്ദർ സേവാഗ്, വിരാട് കോഹ്‌ലി എന്നൊക്കെ അർഥശങ്കയ്ക്കിടയില്ലാതെ വിശേഷിപ്പിക്കാവുന്ന ഹർമൻദീപ് കൗർ ആണ് ഇന്ത്യയെ പ്രതീക്ഷയുടെ കൊടുമുടി കയറ്റി നിർത്തിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ സെമിയിൽ 171 റൺസ് നേടി പുറത്താകാതെ നിന്ന ഹർമൻദീപ് ആണ് ഇപ്പോൾ ലോക ക്രിക്കറ്റിലെതന്നെ ഹീറോയിൻ.
ഇംഗ്ലണ്ടിനെതിരായ വിജയത്തോടെയായിരുന്നു ടൂർണമെന്റിൽ ഇന്ത്യയുടെ തുടക്കം. ഇംഗ്ലണ്ടാകട്ടെ, ഇന്ത്യയോടു തോറ്റതിൽപിന്നെ മികച്ച ഫോമിലാണ്. സെമിയിൽ ദക്ഷിണാഫ്രിക്കയെ അവസാന ഓവറിൽ തോൽപിച്ചാണ് അവർ ഫൈനലിലെത്തിയത്. നാട്ടുകാരുടെ മുന്നിൽ വിജയം കൊണ്ടു കയറാൻ ഇംഗ്ലണ്ടും ശ്രമിക്കുമ്പോൾ കളി ആവേശകരമാകുമെന്ന് ഉറപ്പാണ്
Leave a Reply