ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 2018 ദിവസങ്ങളോളം ഗുഹയിൽ കുടുങ്ങിയ തായ്‌ലൻഡ് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഡുവാങ്‌ഫെറ്റ് ഫ്രോംതെപിന്റെ ബ്രിട്ടനിലെ സ്കൂളിൽ വച്ചുള്ള മരണം ആത്മഹത്യയാണെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ വർഷമാദ്യം ഫെബ്രുവരി 12 ന് ലെയ്സെസ്റ്റർഷെയറിലെ മാർക്കറ്റ് ഹാർബറോയിലുള്ള ബ്രൂക്ക് ഹൗസ് കോളേജിലാണ് ഡുവാങ്‌ഫെറ്റ് ഫ്രോംതെപിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, രണ്ട് ദിവസത്തിന് ശേഷം കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

പതിനേഴുകാരനായ ഡുവാങ്‌ഫെറ്റിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ അത് ആത്മഹത്യയാണെന്ന നിഗമനത്തിൽ അന്വേഷണം ഉദ്യോഗസ്ഥർ എത്തിച്ചേർന്നിരിക്കുന്നത്. എന്തുകൊണ്ട് ഇത്തരത്തിലെ ഒരു തീരുമാനത്തിലേക്ക് യുവാവ് എത്തിച്ചേർന്നെന്ന കാര്യത്തിൽ പോലീസിന് വ്യക്തതയില്ലെങ്കിലും, മറ്റൊരാളുടെ പങ്കാളിത്തത്തിന്റെയോ സംശയാസ്പദമായ സാഹചര്യങ്ങളുടെയോ തെളിവുകൾ കണ്ടെത്തിയില്ലെന്ന് പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡോം എന്നറിയപ്പെടുന്ന ഡുവാങ്‌ഫെറ്റ് കഴിഞ്ഞ വർഷം അവസാനമാണ് ബ്രൂക്ക് ഹൗസ് കോളേജിലെ ഫുട്‌ബോൾ അക്കാദമിയിൽ വിദ്യാർത്ഥിയായി ചേർന്നത്.


2018-ൽ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ വൈൽഡ് ബോയേഴ്‌സ് ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ ഡോം ലോകമെമ്പാടും പ്രശസ്തി നേടിയിരുന്നു. പെട്ടെന്നുണ്ടായ കൊടുങ്കാറ്റിൽ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് ഡോമും സഹതാരങ്ങളും ഗുഹകളിൽ കുടുങ്ങുകയായിരുന്നു. 11നും 16 നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളും അവരുടെ 25 വയസ്സുള്ള കോച്ചും ഒമ്പത് ദിവസം ഭക്ഷണമില്ലാതെ ഇരുട്ടിൽ ചെലവഴിച്ച വാർത്ത ലോകശ്രദ്ധ നേടിയിരുന്നു. തുടർന്ന് 10,000 ത്തോളം ആളുകൾ ഉൾപ്പെട്ട ഒരു അന്താരാഷ്ട്ര തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലൂടെയുമാണ് അവരെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഇതിനുശേഷം ഡോമിന് ലഭിച്ച സ്കോളർഷിപ്പിലൂടെയാണ് ബ്രിട്ടനിലെ കോളേജിൽ അഡ്മിഷൻ ലഭിച്ചത്. ഫെബ്രുവരി 22-ന് ആരംഭിച്ച ഇൻക്വസ്റ്റ് ഒക്ടോബർ 4-ന് ലെസ്റ്റർ കോറോണേഴ്‌സ് കോടതിയിൽ അധികൃതർ റിപ്പോർട്ട് സമർപ്പിച്ചതോടെ , ആത്മഹത്യ എന്ന നിഗമനത്തിൽ എത്തി അവസാനിച്ചിരിക്കുകയാണ്.