ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് പാർലമെൻറിന്റെ സെക്യൂരിറ്റി ബാരിയറിലേയ്ക്ക് കാർ ഇടിച്ചു കയറ്റി. ഇന്നു രാവിലെ 7.37 നാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. വെസ്റ്റ് മിൻസ്റ്റർ സായുധ സേനയുടെ നിയന്ത്രണത്തിലാണ്. വെസ്റ്റ് മിൻസ്റ്റർ ട്യൂബ് സ്റ്റേഷൻ ഇതിനെത്തുടർന്ന് അടച്ചു. സ്കോട്ട്ലൻഡ് യാർഡും ആൻറി ടെററിസം യൂണിറ്റും അന്വേഷണം തുടങ്ങി. സംഭവത്തിൽ ഉൾപ്പെട്ട കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇത് ഒരു ഭീകരാക്രമണമാകാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. മനപ്പൂർവ്വം കാർ കാൽനടക്കാരുടെയും സെക്യൂരിറ്റി ബാരിയറിന്റെയും മേൽ ഇടിച്ചു കയറ്റുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മിൽബാങ്ക്, പാർലമെൻറ് സ്ക്വയർ, വിക്ടോറിയ ടവർ ഗാർഡൻസ് എന്നീ സ്ഥലങ്ങൾ പോലീസ് കോർഡണിലാണ്. ഇവിടേയ്ക്ക് ജനങ്ങൾക്ക് പോകാൻ അനുമതി നിഷേധിച്ചിരിക്കുകയാണ്.
പാർലമെന്റിനു സമീപം വെസ്റ്റ് ബൗണ്ട് റോഡിൽ യാത്ര ചെയ്തിരുന്ന കാർ പെട്ടെന്ന് എതിർദിശയിലേക്ക് പായുകയായിരുന്നു. സിഗ്നലിൽ കാത്തുനിന്ന സൈക്കിളിസ്റ്റിനെ ഇടിച്ചിട്ട കാർ വീണ്ടും പിന്നോട്ട് എടുത്ത് അതിവേഗതയിൽ പാഞ്ഞ് വന്ന് സെക്യൂരിറ്റി ബാരിയറിൽ വീണ്ടും ഇടിച്ചു. സിൽവർ നിറമുള്ള കാറാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരെ എമർജൻസി സർവീസുകൾ ഉടൻ തന്നെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.
Leave a Reply