പട്ടത്ത് ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനും എതിരേ മുദ്രാവാക്യങ്ങള്‍ എഴുതിയ വാഹനമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനനന്തപുരം പട്ടത്തുനിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ് സ്വകാര്യ ഹോട്ടലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിൽ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പഞ്ചാബ് സ്വദേശിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിലേക്ക് സംശയകരമായ സാഹചര്യത്തിൽ പഞ്ചാബ് സ്വദേശി എത്തിയത്.

ഞായറാഴ്ച വൈകീട്ടോടെയാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആര്‍എസ്എസിനെ വിമര്‍ശിച്ചും കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആർഎസ്എസിനും എതിരായ വാചകങ്ങൾ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. കറുത്ത മഷി കൊണ്ട് കാറിന് ചുറ്റും വലിയ അക്ഷരത്തിലാണ് ഇവ എഴുതിയിരിക്കുന്നത്. അമിത വേഗതയിലായിരുന്നു കാർ ഹോട്ടലിന് മുന്നിൽ നിർത്തിയത്. സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ഇയാൾ അസ്വസ്ഥനായി ഹോട്ടലിലെ ബാറിലേക്ക് പോയി. കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ ജീവനക്കാർ ഇയാൾക്ക് മദ്യം നൽകിയില്ല. ആകെ പ്രകോപിതനായ ഇയാൾ പിന്നീട് ഹോട്ടലിൽ ബഹളം വച്ചു. സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹോട്ടൽ അധികൃതർ പൊലീസിന് വിവരം അറിയിച്ചതോടെ ഇയാൾ കാർ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് നഗരത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ഡ്രൈവര്‍ യുപി സ്വദേശിയാണെന്നാണ് സൂചന. കാര്‍ എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി.

ബോംബ് സ്ക്വാഡും ഡോഗ് സ്വകാഡും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന ബാഗുകളിൽ നിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഉണങ്ങിയ നിലയിലായിരുന്നു കാറിന് പുറത്തെ മഷി. ഈ വാചകങ്ങളുമായി കാർ ഇത്രയും ദൂരം സഞ്ചരിച്ചതെങ്ങനെയെന്നാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. പഞ്ചാബ് സ്വദേശിയായ രത്തന്‍ സിംഗ് എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇയാള്‍ തന്നെയാണോ കാര്‍ ഓടിച്ച് വന്നതെന്ന് വ്യക്തമല്ല. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവം ഉന്നത നേതൃത്വത്തെയും വിവിധ അന്വേഷണ ഏജൻസികളെയും പൊലീസ് അറിയിച്ചിട്ടുണ്ട്.