ലണ്ടന്‍: യുകെയില്‍ വാഹന ഇന്‍ഷുറന്‍സ് നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക്. ശരാശരി പ്രീമിയം തുക എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 827 പൗണ്ടിലെത്തിയതോടെയാണ് ഇത്. ഈ വര്‍ഷം ശരാശരി പ്രീമിയം തുക 900 പൗണ്ടിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സര്‍വകാല റെക്കോര്‍ഡായിരിക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 2016 തുടക്കത്തില്‍ രേഖപ്പെടുത്തിയ നിരക്കിനേക്കാള്‍ 23 ശതമാനം അധികമാണ് ഈ നിരക്ക്. അതേ സമയം 2011ല്‍ രേഖപ്പെടുത്തിയ 858 പൗണ്ടെന്ന ഏറ്റവും ഉയര്‍ന്ന നിരക്കിനേക്കാള്‍ 31 പൗണ്ട് കുറവുമാണ്.
പ്രീമിയം തുക ഇതേ നിരക്കില്‍ തുടരുകയാണെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ എല്ലാ റെക്കോര്‍ഡുകളും ഭേദിക്കുമെന്ന് കണ്‍ഫ്യൂസ്ഡ് ഡോട്ട്‌കോമിന്റെ കാര്‍ ഇന്‍ഷുറന്‍സ് പ്രൈസ് ഇന്‍ഡെക്‌സ് പറയുന്നു. 2016 അവസാന മാസങ്ങളില്‍ പ്രീമിയം തുക 8 ശതമാനം വര്‍ദ്ധനയോടെ 767 പൗണ്ടില്‍ എത്തിയിരുന്നു. ലണ്ടനിലെ വാഹന ഉടമകളായിരുന്നു ഏറ്റവും കൂടുതല്‍ തുക പ്രീമിയം ഇനത്തില്‍ നല്‍കിയത്. ശരാശരി 1283 പൗണ്ട് വരെ ഇവര്‍ക്ക് നല്‍കേണ്ടതായി വന്നു. സ്‌കോട്ട്‌ലന്‍ഡിലായിരുന്നു കഴിഞ്ഞ വര്‍ഷം പ്രീമിയം നിരക്കില്‍ ഏറ്റവും വര്‍ദ്ധനയുണ്ടായത്.
അതിര്‍ത്തി പ്രദേശങ്ങളില്‍ 17 ശതമാനവും നോര്‍ത്ത്, ഈസ്റ്റ് മേഖലകളില്‍ 13 ശതമാനവും ഹൈലാന്‍ഡുകളിലും ദ്വീപുകളിലും 11 ശതമാനവും പ്രീമിയം നിരക്കില്‍ വര്‍ദ്ധനയുണ്ടായി. ക്രാഷ് ഫോര്‍ ക്യാഷ് ക്ലെയിമുകളുടെ എണ്ണം വര്‍ദ്ധിച്ചതും ഇന്‍ഷുറന്‍സ് പ്രീമിയം ടാക്‌സ് ഉയര്‍ന്നതും നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.
Leave a Reply