ലണ്ടന്‍: ഫിനാന്‍ഷ്യല്‍ കോണ്‍ഡക്ട് അതോറിറ്റി ഏര്‍പ്പെടുത്തിയ ചട്ടങ്ങള്‍ ലംഘിച്ച ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ നടപടി. ആര്‍എസിക്കെതിരെയാണ് നടപടി നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍വര്‍ഷം ഉപഭോക്താക്കള്‍ അടച്ച തുകയും പോളിസി പുതുക്കുന്നതിന് എത്ര തുക വേണ്ടി വരുമെന്നതും വ്യക്തമായി കാണിച്ചിരിക്കണമെന്ന നിബന്ധനയാണ് ആര്‍എസി ലംഘിച്ചത്. പുതിയ നിരക്ക് കൂടുതലാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഓഫറുകള്‍ തേടാനുള്ള സൗകര്യമൊരുക്കുന്നതിനായാണ് ഈ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അയച്ച പോളിസി ലെറ്ററുകളില്‍ മുന്‍വര്‍ഷത്തെ പോളിസി തുകയും പുതുക്കാന്‍ എത്ര വേണ്ടി വരുമെന്നതും വ്യക്തമാക്കിയിട്ടില്ലായിരുന്നുവെന്ന് എഫ്‌സിഎ കണ്ടെത്തി.

1.2 മില്യനോളം വരുന്ന ഉപഭോക്താക്കളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള നടപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണ്. വിശദാംശങ്ങള്‍ കത്തില്‍ കാണിക്കാതിരുന്നതിന് വിശദീകരണവുമായി ഉപഭോക്താക്കള്‍ക്ക് കത്തെഴുതിക്കൊണ്ടിരിക്കുകയാണ് ആര്‍എസി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നഷ്ടപരിഹാരത്തിന് ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെങ്കിലും ഏതു വിധത്തിലുള്ള നഷ്ടപരിഹാരമാണ് ലഭിക്കുക എന്ന കാര്യത്തില്‍ എഫ്‌സിഎ വിശദീകരണം നല്‍കിയിട്ടില്ല. ആരൊക്കെയായിരിക്കും നഷ്ടപരിഹാരത്തിന് അര്‍ഹരാകുക എന്ന കാര്യത്തിലും വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ റീഫണ്ടുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ആര്‍എസി മാത്രമല്ല, മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളും ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നാണ് എഫ്‌സിഎ അറിയിക്കുന്നത്. കമ്പനികള്‍ ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എഫ്‌സിഎ ആവശ്യപ്പെടുന്നു. ശരിയായ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കരുതുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനികളോട് വിശദീകരണ ചോദിക്കാവുന്നതാണെന്നും ഏതെങ്കിലും വിധത്തില്‍ പണം തിരികെ ലഭിക്കാനുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താവുന്നതുമാണെന്ന് എഫ്‌സിഎ അറിയിക്കുന്നു.

ബ്രേക്ക്ഡൗണ്‍ പോളിസി റിന്യൂവല്‍ ഡോക്യുമെന്റേഷനില്‍ എല്ലാ വിവരങ്ങളും കൃത്യമായി ചേര്‍ത്തിരുന്നെങ്കിലും പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് ആര്‍എസി വക്താവ് പറഞ്ഞു. അവ ചേര്‍ക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും പരാതികളുള്ളവര്‍ക്ക് സമീപിക്കാവുന്നതാണെന്നും വക്താവ് വ്യക്തമാക്കി.