സൗത്ത് വെയ്ല്‍സില്‍ ഒരു കാറപകടത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. മുന്‍ ക്യൂ പി ആര്‍ ഫുട്‌ബോള്‍ താരത്തിന്റെ മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മറ്റുള്ളവർ അയാളുടെ സുഹൃത്തുക്കൾ ആണ്. മറ്റു രണ്ട് പേര്‍ ഗുരുതര നിലയിലാണ്. എ 48 ല്‍ നിന്നും അല്പം മാറി കാട്ടിനുള്ളില്‍ ആയിരുന്നു ഇന്നലെ അതിരാവിലെ കാര്‍ കണ്ടടുത്തത്. അപകടത്തില്‍പെട്ടവര്‍ 48 മണിക്കൂര്‍ ആയി ആരാലും ശ്രദ്ധിക്കപ്പെടാതെ അവിടെ കിടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈവ് സ്മിത്ത് (21), ഡേസി റോസ് (21), റാഫേല്‍ ജീന്‍ (24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഫീ റസണ്‍ (20, ഷെയ്ന്‍ ലോഗ്ലിന്‍ (32) എന്നിവര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന തിരക്കു പിടിച്ച ഹൈവേയില്‍ ഒരു അപകടം നടന്നിട്ട് രണ്ടു ദിവസം ആരും അറിഞ്ഞില്ല എന്നത് തികച്ചും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നു . അപകടത്തില്‍ മരണമടഞ്ഞ റാഫേല്‍ ജീന്‍ മുന്‍ കാര്‍ഡിഫ് സിറ്റി ഫുട്‌ബോള്‍ താരം ലിയോണ്‍ ജീനിന്റെ മകനാണ്. 2019-ല്‍ ഇതേ വഴിയിലൂടെ അപകടകരമാം വിധം കാറോടിച്ചതിന് ശിക്ഷിക്കപ്പെട്ട വ്യക്തി കൂടിയാണ് റാഫേല്‍. 2015-ല്‍കൊക്കെയ്ന്‍ വ്യാപാരവുമായി ബന്ധപ്പെട്ട് ലിയോണ്‍ ജീന്‍ കുറച്ചു നാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച മീസ്ഗ്ലാസിലെ മഫ്‌ളര്‍ ബാറില്‍ ഇവര്‍ പാര്‍ട്ടി പങ്കെടുത്തതായി പറയപ്പെടുന്നു. ശനിയാഴ്ച്ച വെളുപ്പിന് 2 മണിക്കാണ് ഇവരെ അവസാനമായി കാണുന്നത്. മുന്‍പേ പരിചയക്കാരായിരുന്നോ എന്ന കാര്യം ഉറപ്പായിട്ടില്ല. ന്യുപോര്‍ട്ടിലെ നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെട്ടത് എന്ന ചില വാര്‍ത്തകളും ഉണ്ട്. ശനിയാഴ്ച്ച ഒരു പെട്രോള്‍ സ്റ്റേഷനിലെ സി സി ക്യാമറയിലാണ് ഇവരുടെ അവസാന ദൃശ്യമുള്ളത്. അതിനു തൊട്ടുമുന്‍പായി ഡാന്‍സിയും റാഫേലും ഒരുമിച്ചുള്ള ഒരു സ്‌നാപ്ചാറ്റ് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.
ഇവരെ കാണാതായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഇവരെ കണ്ടെത്തുന്നതിനുള്ള സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. റോഡില്‍ നിന്നും തെന്നി മാറി ഒരല്‍പം താഴ്ച്ചയുള്ള ഭാഗത്ത് മരക്കൂട്ടങ്ങള്‍ക്കിടയിലായിരുന്നു കാര്‍ കാണപ്പെട്ടത്. നിയന്ത്രണം വിട്ട് തെന്നി മാറിയതാവാം എന്നാണ് നിഗമനം. അപകടത്തില്‍ പെട്ട കാറിന്റെ അതുവരെയുള്ള യാത്രയുടെ ദൃശ്യങ്ങള്‍ വിവിധ സി സി ടി വി ക്യാമറകളില്‍ നിന്നായി ശേഖരിക്കുകയാണ് പോലീസ്.
അതിനിടയില്‍ അപകടമുണ്ടായ സ്ഥലത്ത് പ്രശനങ്ങല്‍ സൃഷ്ടിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അപകട സ്ഥലത്തു നിന്നും മാറി പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടും പോകാതിരുന്ന തോമസ് ടെയ്‌ലര്‍ എന്ന 47 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ അപകടത്തില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നാണ് ടെയ്‌ലര്‍ പറയുന്നത്. തിരക്കു പിടിച്ച നിരത്തില്‍ അപകടം നടന്നിട്ട് രണ്ടു ദിവസക്കാലത്തോളം ആരും അറിഞ്ഞില്ല എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് അയാള്‍ പറയുന്നു.
Leave a Reply