ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേക്ക് കൂടിയറാൻ ആഗ്രഹിക്കുന്നവരിൽ നിന്നും തങ്ങളുടെ പേരിൽ അനധികൃതമായി ഫീസ് വാങ്ങിക്കുന്നതായി യുകെയിലെ പ്രമുഖ കെയർ ഹോം ഉടമകളായ കെയർ യുകെ അറിയിച്ചു. 150-ലധികം കെയർ ഹോമുകളുടെ സോഷ്യൽ മീഡിയ പേജുകളിൽ ജീവനക്കാരെ ആവശ്യപ്പെട്ടുകൊണ്ട് വ്യാജ തൊഴിൽ ഓഫറുകൾ നൽകിയിരിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും കെയർ യുകെ പറയുന്നു. തങ്ങൾ ഒരിക്കലും ഒരു ജോലി അപേക്ഷയുടെ ഭാഗമായി പണം വാങ്ങിക്കുകയില്ലെന്നും അവർ പറഞ്ഞു. ഇങ്ങനെ തട്ടിപ്പിന് ഇര ആയവരിൽ ഒട്ടേറെ മലയാളികളും ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്.
യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നതിനിടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. ഈ വർഷം ജൂൺ വരെയുള്ള കണക്കുകൾ അനുസരിച്ച് ദീർഘകാല തൊഴിൽ വിസകളിൽ മൂന്നിലൊന്നിൽ കൂടുതൽ (37%) കെയർ മേഖലയിലെ ജോലിക്കായാണ് നൽകിയിരിക്കുന്നത് . തൻെറ യുകെയിലുള്ള കാമുകനൊപ്പം താമസിക്കാൻ വിസയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയിൽ താമസിക്കുന്ന എമി തട്ടിപ്പിന് ഇരയായത്.
ഹെൽത്ത് കെയറിൽ ജീവനക്കാരെ ആവശ്യമുണ്ടെന്നുള്ള പരസ്യം കണ്ടതിന് പിന്നാലെയാണ് എമി ജൂലൈയിൽ ഒരു റിക്രൂട്ട്‌മെന്റ് ഏജൻസിയായ സിദാൻ കൺസൾട്ടൻസിയുമായി ബന്ധപ്പെട്ടത്. സ്‌പോൺസർഷിപ്പിന്റെ അഞ്ച് വർഷത്തെ സർട്ടിഫിക്കറ്റിനും വിസ പ്രോസസ്സിംഗിനും മറ്റുമായി പിന്നീട് 4,500 പൗണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള മെയിൽ ഇതിന് പിന്നാലെ ഇവർക്ക് ലഭിച്ചു. പിന്നീട് കെയർ യുകെയുടെ പ്രതിനിധി ആണെന്ന് അവകാശപ്പെടുന്ന ഒരാളുമായി ഇന്റർവ്യൂവും നടന്നു. കെയർ യുകെയിലെ “റിക്രൂട്ട്‌മെന്റ് ഡയറക്ടർ അഡ്മിനിസ്‌ട്രേറ്റർ” എന്ന ഐഡി നിന്ന് ഇവർക്ക് ഈമെയിലുകൾ ലഭിക്കുകയും ചെയ്തു. പിന്നീട് വിസ സംബന്ധിച്ച് വിവരം ലഭിക്കാനായി കെയർ യുകെയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് എമി തിരിച്ചറിഞ്ഞത്. ഇതൊക്കെയാണെങ്കിലും യുകെയിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകളിൽ നിന്ന് പണം തട്ടിയെടുക്കുന്ന ഇത്തരം വ്യാജന്മാർ നിയമാനുസൃത സ്ഥാപനങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടികൾ ഒന്നും തന്നെ സർക്കാരിൻെറ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
Leave a Reply