ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ കെയർ ഹോം ജീവനക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. അടുത്ത ദശാബ്ദത്തിന്റെ മധ്യത്തോടെ ഇംഗ്ലണ്ടിൽ ഏകദേശം 500,000 ത്തോളം കെയർ സ്റ്റാഫുകൾ കൂടി ആവശ്യമായി വരുമെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ കഴിഞ്ഞവർഷം 50,000 ത്തോളം സ്റ്റാഫുകളുടെ കുറവ് വന്നുവെന്ന റിപ്പോർട്ട് ഇപ്പോൾ പുതിയ ആശങ്കയ്ക്ക് ബ്രിട്ടനിൽ വഴിതെളിച്ചിരിക്കുകയാണ്. സ്കിൽസ് ഫോർ കെയറിന്റെ വാർഷിക റിപ്പോർട്ടിലാണ് ഏകദേശം 165,000 ജോലികൾ ഒഴിഞ്ഞുകിടക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുന്നത് സംബന്ധിച്ചുമുള്ള പ്രശ്നങ്ങളാണ് ഈ പ്രതിസന്ധിക്ക് വഴിതെളിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ ഇത്തരം ജീവനക്കാരുടെ ആവശ്യകത കൂടിയ സാഹചര്യവും ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ കയർ ഹോം ജീവനക്കാരുടെ അഭാവം പരിരക്ഷ വേണ്ടുന്നവരെ സാരമായി ബാധിക്കുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതോടൊപ്പം തന്നെ നിലവിലുള്ള ജീവനക്കാരിൽ 28 ശതമാനം പേരോളം 55 വയസ്സ് കഴിഞ്ഞവർ ആയതിനാൽ, പത്തുവർഷത്തിനുള്ളിൽ തന്നെ ഇവർ റിട്ടയർ ചെയ്യുമെന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.ജീവനക്കാരുടെ കുറവുള്ളതിനാൽ പരിചരണത്തിന്റെ ഗുണനിലവാരം കുറയുന്നതായും സ്‌കിൽ ഫോർ കെയർ കണ്ടെത്തിയിട്ടുണ്ട്. ദീർഘകാലമായുള്ള തുച്ഛമായ വേതനം ഇത്തരത്തിൽ എണ്ണം കുറയുന്നതിന്റെ ഒരു പ്രധാന കാരണമായാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. കെയർ വർക്കർമാരുടെ ശരാശരി മണിക്കൂർ വേതനം നിലവിൽ 9.50 പൗണ്ടാണ്. എൻ എച്ച് എസിലെ പുതിയ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്ക് ലഭിക്കുന്നതിനേക്കാൾ 1 പൗണ്ട് കുറവാണ് ഈ തുക എന്നത് ഭൂരിഭാഗം പേരെയും ഈ തൊഴിലിലേക്ക് നയിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ആവശ്യത്തിന് കെയർ ബെഡുകളും ഹോംകെയർ പാക്കേജുകളും ലഭ്യമല്ലാത്തതിനാൽ ആശുപത്രികൾക്ക് രോഗികളെ ആവശ്യത്തിലധികം സമയം വാർഡുകളിൽ നിർത്തേണ്ടിവരുകയും ഇത് മറ്റ് മെഡിക്കൽ ചികിത്സകളുടെ വിതരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഗവൺമെന്റിന്റെ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.