കൊച്ചി: കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. തോപ്പുംപടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിലാണ് കപ്പലിടിച്ചത്. അപകടത്തില്‍ ഒരാളെ കാണാതായിട്ടുണ്ട്. മത്സ്യത്തൊഴിലാളികളായ രാഹുല്‍, തമ്പിദുരൈ എന്നിവരാണ് മരിച്ചത്. മോഡി എന്നയാളെ കാണാതായി. പുതുവൈപ്പില്‍ നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം.

പളളുരുത്തി സ്വദേശിയുടെ കാര്‍മല്‍മാത എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന ചരക്ക് കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത്. ബോട്ട് ഏകദേശം പൂര്‍ണ്ണമായും തകര്‍ന്നു. പതിനാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരില്‍ 11 പേരും രക്ഷപ്പെട്ടു. രണ്ടുപേരെ പരിക്കുകളോടെ ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി മിനിക്കോയ് കപ്പല്‍ച്ചാലിലാണ് ഇപ്പോള്‍ കപ്പല്‍ ഉള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് കപ്പല്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കപ്പല്‍ കൊച്ചിയിലേക്ക് കൊണ്ടുവരും. കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ കോസ്റ്റ് ഗാര്‍ഡിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കപ്പല്‍ വേഗത്തില്‍ കസ്റ്റഡിയിലെടുക്കാനായെന്നും അവര്‍ വ്യക്തമാക്കി.