ലണ്ടന്‍: ഭാവിയിലെ കാറുകള്‍ റോഡിലെ കുഴികളും മറ്റും തിരിച്ചറിഞ്ഞ് അവയേക്കുറിച്ച് തങ്ങള്‍ക്ക് വിവരം നല്‍കുന്ന വിധത്തിലുള്ളതായിരിക്കുമെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട്. റോഡുകളുടെ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സിയാണ് ഹൈവേയ്‌സ് ഇംഗ്ലണ്ട്. ഈ വിധത്തില്‍ കണക്ടഡ് ആയിട്ടുള്ള വാഹനങ്ങള്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കാര്യക്ഷമമായി ചെയ്യാന്‍ സഹായിക്കുമെന്നും ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഹൈവേയ്‌സ് ഇംഗ്ലണ്ട് വ്യക്തമാക്കി.

റോഡുകളുടെ അവസ്ഥയേക്കുറിച്ച് മനസിലാക്കുന്നതിനായി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ പദ്ധതിയുണ്ടെന്നും ഹൈവേയ്‌സ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഒ സള്ളിവന്‍ പറഞ്ഞു. ഇതിലൂടെ റോഡുകളുടെ നിലവാരം മനസിലാക്കാന്‍ അതിവേഗം സാധിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചത്. ബ്രിട്ടനിലെ റോഡുകള്‍ ശരിയായ വിധത്തില്‍ പരിപാലിക്കുന്നതില്‍ സാങ്കേതികവിദ്യക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2020ല്‍ ആരംഭിക്കാനിരിക്കുന്ന സര്‍ക്കാരിന്റെ അടുത്ത റോഡ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിയില്‍ ഈ റിപ്പോര്‍ട്ട് പരിഗണിക്കും. 15 ബില്യന്‍ പൗണ്ടിന്റെ റെക്കോര്‍ഡ് നിക്ഷേപമാണ് റോഡുകള്‍ സുരക്ഷിതമാക്കാനായി ചെലവഴിക്കപ്പെടുന്നത്. ഈ റിപ്പോര്‍ട്ട് ജനങ്ങള്‍ വായിക്കണമെന്നും അതേക്കുറിച്ചുള്ള നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് കണ്‍സള്‍ട്ടേഷന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ആരംഭിക്കുന്ന കണ്‍സള്‍ട്ടേഷന്‍ ഫെബ്രുവരി 7 വരെ തുടരും.