പൊലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപ്പെടുത്തിയ ആലപ്പുഴയിലെ 15 അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. പീഡനക്കേസ് പ്രതിയെ ആണ് അഭിഭാഷകർ രക്ഷിച്ചത്.അഭിഭാഷകര്‍ നല്‍കിയ സ്വകാര്യഹര്‍ജിയില്‍ പൊലീസിനെതിരെ കേസെടുക്കാനും കോടതി ഉത്തരവിട്ടു.
പീഡനക്കേസിലെ പ്രതിയെ അറസ്റ്റുചെയ്യാന്‍ മൂന്നാറില്‍നിന്ന് എത്തിയ എസ്.ഐയെയും സംഘത്തെയുമാണ് ഇരുപതോളം അഭിഭാഷകര്‍ ചേര്‍ന്ന് മുറിയില്‍ തടഞ്ഞുവച്ചത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയിട്ടും അഭിഭാഷകർക്കെതിരെ കേസെടുക്കാതെ ആലപ്പുഴ നോര്‍ത്ത് പൊലീസ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു.
മൂന്നാറിലെ ഒരു പീഡനക്കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി സൈനോജ് ശിവനെ അറസ്റ്റുചെയ്യാനാണ് മഫ്തിയില്‍ പൊലീസ് സംഘം എത്തിയത്. ആലപ്പുഴ ജില്ലാക്കോടതിക്ക് സമീപത്തെ വക്കീല്‍ ഓഫിസില്‍ പ്രതി എത്തുമെന്നറിഞ്ഞ് എസ്.ഐയും സംഘവും കാത്തുനിന്നു. പ്രതി വക്കീല്‍ ഓഫിസിലേക്ക് കയറിയ ഉടനെ പൊലീസുകാര്‍ അകത്തേക്ക് കയറി. എന്നാല്‍ പ്രതിയെ പിടികൂടാന്‍ അഭിഭാഷകര്‍ അനുവദിച്ചില്ല. പിന്നെ പൊലീസുമായി ഉന്തും തള്ളുമായി ഇരുപതോളം അഭിഭാഷകര്‍ ചേര്‍ന്ന് മൂന്നാര്‍ സ്റ്റേഷനില്‍നിന്നെത്തിയ നാലംഗ പൊലീസ് സംഘത്തെ വളഞ്ഞുവയ്ക്കുകയും പ്രതിയെ ഓടി രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു.
ബഹളമായതോടെ ആലപ്പുഴ നോര്‍ത്ത് പൊലീസിന്റെ സഹായം തേടി. എന്നാല്‍ നോര്‍ത്ത് സിഐയും സംഘവും എത്തി അഭിഭാഷകരുമായി സംസാരിച്ച് പ്രശ്നം ഒത്തുതീര്‍ക്കുകയായിരുന്നു. നേരത്തെ ആലപ്പുഴയിലെ മറ്റൊരു പീഡനക്കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ആഴ്ചകള്‍ക്ക് മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ഈ പ്രതിയെയാണ് പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി അറസ്റ്റുചെയ്യാന്‍ സമ്മതിക്കാതെ അഭിഭാഷകര്‍ രക്ഷപ്പെടുത്തിയത്.
Leave a Reply