അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലടക്കം നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചി ഡിസിപി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലുപേർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്.

കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയാണ് പരാതിക്കാരി. ജൂണ്‍ 24-നാണ് അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ സാമ്പത്തി സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവിലെത്തുന്നത്. വളരെ വെെകാരികമായാണ് വർഷ ഫെയ്‌സ്‌ബുക്ക് ലെെവിൽ സഹായം അഭ്യർത്ഥിച്ചത്. വര്‍ഷയ്‌ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. നിരവധിപേർ വർഷയെ സഹായിക്കാൻ രംഗത്തെത്തി. ശസ്‌ത്രക്രിയ‌യ്‌ക്കു ആവശ്യമായതിനേക്കാൾ അധികം തുക അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പിന്നീട് പണമയക്കുന്നത് നിർത്താൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെടേണ്ടിവന്നു.

വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് തന്നോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി വർഷ ആരോപിക്കുന്നു. ഇതിനു സമ്മതിക്കാതെ വന്നപ്പോൾ ഫിറോസ് കുന്നുപറമ്പിൽ അടക്കമുള്ളവർ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്‌തതായാണ് വർഷയുടെ പരാതി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാജൻ കേച്ചേരി അടക്കമുള്ളവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഫിറോസ് കുന്നുംപറമ്പിലിനെ അടുത്ത ദിവസം വിളിച്ചുവരുത്തി മൊഴിയെടുക്കും. അമ്മയുടെ ചികിത്സയ്‌ക്കുള്ള പണം എടുത്തു കഴിഞ്ഞാൽ ബാക്കിയുള്ള തുക സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മറ്റ് ചിലർക്ക് നൽകാൻ തങ്ങൾ തീരുമാനിച്ചിരുന്നതായും എന്നാൽ, ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ വർഷ സമ്മതിച്ചില്ലെന്നുമാണ് ഫിറോസ് കുന്നുംപറമ്പിൽ അടക്കമുള്ളവരുടെ വിശദീകരണം.

അതിനിടെ, വർഷയുടെ അക്കൗണ്ടിലേക്ക് ഹവാല പണമെത്തിയതായി ആരോപണമുയർന്നിരുന്നു. നിലവിൽ ഹവാല പണമെത്തിയതിനു തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ബാങ്കിങ് ചാനൽ വഴി ഹവാല ഇടപാടിനു യാതൊരു സാധ്യതയുമില്ലെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഫിറോസ് കുന്നുംപറമ്പിലടക്കമുള്ളവരുടെ മുൻ ജീവകാരുണ്യപ്രവർത്തനങ്ങളും പരിശോധിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലാണ് ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പ്രതികരിച്ചത്.