ന്യൂസ് ഡെസ്ക് മലയാളം യുകെ
അബർഡീൻഷെയർ : സ്കോട്ടിഷ് എസ്റ്റേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വേനൽക്കാലം ചിലവഴിക്കാൻ എസ്റ്റേറ്റിൽ എത്തിയ രാജ്ഞിയ്ക്ക് കോവിഡ് ഭീഷണി. എന്നാൽ വേനൽക്കാലം ബാൽമോറലിൽ തന്നെ തുടരാനാണ് രാജ്ഞിയുടെ തീരുമാനം. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരനെ ശനിയാഴ്ച വീട്ടിലേക്ക് അയച്ചിരുന്നു. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച രാജ്ഞിയോടൊപ്പം ആൻഡ്രൂ രാജകുമാരനും അദ്ദേഹത്തിന്റെ മുൻ ഭാര്യ സാറാ ഫെർഗൂസൺ, രാജകുമാരി ബിയാട്രീസ്, ഭർത്താവ് എഡോർഡോ മോസി, എഡ്വേർഡ് രാജകുമാരൻ, സോഫി എന്നിവരുമുണ്ട്. ബാൽമോറലിലെ എല്ലാ ജീവനക്കാരും ദിവസവും കോവിഡ് പരിശോധനയ്ക്ക് വിധേയരാവുന്നുണ്ടെന്നും പോസിറ്റീവ് ആയ ജീവനക്കാരനെ വീട്ടിലേക്ക് അയക്കുകയും സ്റ്റാഫ് കാന്റീനും ബാറും പൂട്ടുകയും ചെയ്തുവെന്ന് കൊട്ടാര വൃത്തങ്ങൾ അറിയിച്ചു.
മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്ഞിക്കും കുടുംബത്തിനും സ്കോട്ടിഷ് എസ്റ്റേറ്റിലെ ഞായറാഴ്ചത്തെ ആരാധന നഷ്ടപ്പെട്ടു. സർക്കാർ മാർഗനിർദേശപ്രകാരം, രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച ഇംഗ്ലണ്ടിലെയും വടക്കൻ അയർലണ്ടിലെയും ആളുകൾ, കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തുകയാണെങ്കിലും സ്വയം ഒറ്റപ്പെടേണ്ടതില്ല. 10 ദിവസത്തെ ക്വാറന്റീന് ശേഷം പിസിആർ പരിശോധന നടത്താൻ നിർദ്ദേശിക്കുന്നു. എന്നാൽ ഇത് നിർബന്ധമില്ല.
ഏപ്രിലിൽ ഫിലിപ്പ് രാജകുമാരന്റെ മരണശേഷം വിൻഡ് സർ കോട്ടയിൽ നിന്ന് രാജ്ഞിയുടെ ആദ്യ യാത്രയാണ് ബാൽമോറലിലേയ്ക്ക്. കുടുംബത്തോടൊപ്പമുള്ള പാർട്ടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വില്യം രാജകുമാരനും കേറ്റ് മിഡിൽടണും അവരുടെ മൂന്ന് കുട്ടികളും ഈ മാസം അവസാനം സാറയ്ക്കും മൈക്ക് ടിൻഡലിനും പുറമേ ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
Leave a Reply