
ബിബിൻ എബ്രഹാം, ലണ്ടൻ.
ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കോറോണ വൈറസ് മൂലമുള്ള മരണം ഒരു ലക്ഷത്തിനു മേൽ എത്തി നിൽക്കുമ്പോൾ യു.കെയിൽ ഇതു വരെയുള്ള മരണസംഖ്യ പതിമൂവായിരത്തിനു മുകളിൽ ആയി ഉയർന്നു. ഇത് എൻ.എച്ച് എസ് ഹോസ്പിറ്റലുകളിൽ മരണമടഞ്ഞ രോഗികളുടെ മാത്രം കണക്കാണ്. കെയർ ഹോമുകളിലും വീടുകളിലുമായി മരണപ്പെട്ടവരുടെ കണക്കുകൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഇന്നലെ വരെ ഉള്ള കണക്കുകൾ പ്രകാരം യു.കെയിൽ ഒരു ലക്ഷത്തിനു മുകളിൽ ആളുകൾക്കാണ് കൊറോണ വൈറസ് ഇതു വരെ സ്ഥീരികരിച്ചത്. യു.കെ മലയാളി സമൂഹത്തെ മുഴുവൻ സങ്കടക്കടലിലാഴ്ത്തി ഇതു വരെ ഏഴു മലയാളികൾക്കാണ് ജീവൻ നഷ്ടമായത്. കൂടാതെ നിരവധി മലയാളികൾ യു.കെയിലെ വിവിധ എൻ. എച്ച്. എസ് ഹോസ്പിറ്റലുകളിൽ വെൻറിലേറ്ററിലുമാണ്.
യു.കെയിലെ ദിവസേനയുള്ള മരണനിരക്കിൽ കാര്യമായ മാറ്റം വരാത്തതും, വൈറസിൻ്റെ വ്യാപനം പിടിച്ചു നിറുത്താൻ സാധിക്കാത്തതും കാര്യമായ ആശങ്ക തന്നെയാണ് പൊതുസമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ ലോക്ഡൗൺ മൂന്നു ആഴ്ച്ചത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ, വൈറസിനെതിരേയുള്ള വാക്സിൻ കണ്ടു പിടിക്കുന്നതു വരെ ഒരു പക്ഷേ ഈ ലോക്ഡൗൺ തുടരേണ്ട ആവശ്യകതയെ കുറിച്ചും ഗവൺമെൻ്റ് വൃത്തങ്ങൾ ആലോചിക്കുന്നുണ്ട്.
അതിനിടയിൽ ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ഇല്ലാതെ ജോലി ചെയ്യേണ്ട അവസ്ഥ, കൃത്യമായ മെഡിക്കൽ സഹായം കിട്ടുവാനുള്ള കാലതാമസം, സാമ്പത്തിക പ്രശ്‌നങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയ നിരവധി പ്രശ്നങ്ങളിലൂടെ ആണ് യു.കെയിലെ മലയാളി സമൂഹം കടന്നു പോകുന്നത്.
മരണ ഭീതിയുടെ ആശങ്കയിൽ ആയിരിക്കുന്ന യു.കെയിലെ മലയാളി സമൂഹത്തിനു അല്പമെങ്കിലും സ്വാന്തനമേകുവാനായിട്ടാണ് യുകെയിലേക്ക് കുടിയേറിയ മലയാളികളായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നേഴ്സുമാരും, സോഷ്യൽ വർക്കേഴ്‌സും, അഭിഭാഷകരും, ഹെൽത്ത് കെയർ സെക്ടറിൽ ജോലി ചെയ്യുന്നവരെയും അല്ലാത്തവരെയും അണിനിരത്തി യു.കെ മലയാളികളുടെ ഏകീകൃത സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ്റെ പരസ്പര സഹായപദ്ധതി മാർച്ച് ആദ്യവാരം തുടക്കം കുറിച്ചത്.
ഇന്ന്, യു.കെയിലുള്ള ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് കൊറോണ വൈറസിൻ്റെ സാന്നിധ്യം യു.കെ യിൽ സ്‌ഥിരീകരിച്ച സമയം മുതൽ ഈ മഹാമാരിയെ നേരിടുവാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ യു.കെയിൽ നടപ്പിലാക്കി വരുന്നത്. യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിലെ ഡോക്ടർ ആയ സോജി അലക്‌സിന്റെ നേതൃത്വത്തിൽ മുപ്പത്തോളം ഡോക്ടർമാരും, പത്തോളം നേഴ്സിംഗ് അഡ്വാൻസ്ഡ് പ്രാക്റ്റിഷനർമാരും അടങ്ങുന്ന നാല്പതു പേരുടെ മെഡിക്കൽ ടീം. ഏതൊരു യുകെ മലയാളിക്കും മെഡിക്കൽ ടീമുവായി ബന്ധപ്പെടുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പർ. അത്യാവശ്യഘട്ടത്തില്‍, ഡോക്ടർമാർക്ക് രോഗികളുടെ അവസ്ഥ നേരിട്ട് കണ്ട് വിലയിരുത്തുവാനായി ഇന്ത്യയിലുള്ള ഉണർവ്വ് ടെലിമെഡിസിന്റെ സഹായത്താൽ ഡോക്ടർ ഓൺലൈൻ എന്ന വീഡിയോ കോൺഫറൻസ് സംവിധാനവും കൂടാതെ രോഗികളായവരും അല്ലാത്തവരും സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെപ്പറ്റിയും , മുൻകരുതലുകളെപ്പറ്റിയും മലയാളി ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വീഡോയോ സന്ദേശങ്ങൾ.
ഇതിനോടൊപ്പം, കോറോണ ബാധിച്ച രോഗികൾക്ക്, അല്ലങ്കിൽ രോഗ ബാധ സംശയിക്കുന്ന ആൾക്ക് യു.കെ ഗവണ്മെന്റ് നിർദ്ദേശിക്കുന്ന തരത്തിലുള്ള ഉപദേശങ്ങൾ, നിർദേശങ്ങൾ കൃത്യമായി ഈ ഹെൽപ്പ് ലൈൻ നമ്പറിലൂടെ ലഭ്യമാക്കുന്നു. കൂടാതെ ഐസൊലേഷനിൽ കഴിയുന്ന മലയാളി കുടുംബാംഗങ്ങൾക്കു മരുന്നുകളും , ഭക്ഷണവും വീടുകളിൽ എത്തിക്കുവാനും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുവാനും
250 ഓളം വരുന്ന വോളണ്ടിയേഴ്‌സ് ശൃംഗല. ഇതിൽ നേഴ്സുമാരും, സോഷ്യൽ വർക്കേഴ്സും, യു.കെയിലെ വിവിധ ഹെൽത്ത് കെയർ സെക്ടറിൽ ജോലി ചെയ്യുന്നവരും അല്ലാത്തവരും ഉൾപ്പെടുന്നു.
കൂടാതെ കൊറോണ തുറന്നു വിട്ട പ്രതിസന്ധിയിൽ നട്ടം തിരിയുന്ന മലയാളികൾക്കു അവരുടെ ജോലി, വിസ, സാമ്പത്തികം, നിയമപരമായ പ്രശ്നങ്ങൾക്കു ആവശ്യമായ നിയമ സഹായം സൗജന്യമായി നൽകുവാൻ പത്തോളം അഭിഭാഷകൾ അടങ്ങുന്ന ഒരു നിയമസഹായ സെല്ലും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ്റെ കീഴിൽ ഇരുപത്തിനാലു മണിക്കൂറും സജീവമാണ്. യു കെയിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികൾക്കും മറ്റു ടൂറിസ്റ്റുകൾക്കും വളരെ പ്രയോജനപ്രദമാണ് ഈ സേവനം.
യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ്റെ ഈ പരസ്പരസഹായം പദ്ധതിയിലേക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ട് വിളിക്കുന്ന ഓരോ വ്യക്തിയുടെയും സ്വകാര്യ വിവരങ്ങൾ നഷ്‌ടപ്പെടാതിരിക്കുവാൻ യുകെയിലെ ഗവൺമെൻ്റ് നിർദ്ദേശിച്ചിരിക്കുന്ന മുൻകരുതലുകൾ കൃത്യമായി നിഷ്കർഷിച്ചാണ് ഈ ഇരുപ്പത്തിനാല് മണിക്കൂർ ഹെൽപ്പ് ലൈൻ നമ്പർ പ്രവർത്തിക്കുന്നത്. കൂടാതെ യുകെയിൽ അങ്ങോളമിങ്ങോളമുള്ള മലയാളി വീടുകളിൽ സഹായമെത്തിക്കുവാൻ കഷ്ടപ്പെടുന്ന സന്നദ്ധ പ്രവർത്തകൾ അവർ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെപ്പറ്റി കൃത്യമായി അവബോധരുമാണ്.
അങ്ങനെ എല്ലാ അർത്ഥത്തിലും ഉയർന്ന നിലവാരത്തിലുള്ള ക്രമീകരണങ്ങളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ യു.കെയിലെ ഒരോ മലയാളി കുടുംബത്തിനുമായി ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. മാർച്ച് മാസം പതിനഞ്ചാം തീയതി തുടങ്ങിയ ഈ പരസ്പര സഹായ പദ്ധിതിയിലേക്ക് സഹായം അഭ്യർത്ഥിച്ച് അനേകം കോളുകൾ ആണ് ദിവസേന വരുന്നത്. ഒരോ കോളുകളും കൃത്യമായി വിശകലനം ചെയ്തു അതാതു ടീമിനു ഫോർവേഡ് ചെയ്യുന്നു. ഇന്നേക്ക് എകദേശം ആയിരത്തോളം കോളുകൾ ആണ് വിവിധ സഹായം അഭ്യർത്ഥിച്ച് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ്റ ഹെൽപ്പ് ലൈനിൽ എത്തിച്ചേർന്നത്.
ഇന്ന് യു.കെ നേരിടുന്ന ഈ ഭയാനകമായ സാഹചര്യത്തിൽ യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ നേത്ര്യത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ യുകെ മലയാളികൾക്ക് മാത്രമല്ല മറിച്ച് ആരോഗ്യ പ്രവർത്തകരുടെ അഭാവത്താൽ ബുദ്ധിമുട്ടുന്ന യുകെയിലെ ആരോഗ്യവകുപ്പിനും , മൊത്തം ബ്രിട്ടീഷ് സമൂഹത്തിനും ഒരു വലിയ കൈത്താങ്ങ് തന്നെയായി മാറിയിരിക്കുന്നു എന്നു നിസംശയം പറയാം.
യു.കെയിലുള്ള നിങ്ങളുടെ ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ ഏതെങ്കിലും വിധത്തിൽ ഉള്ള സഹായഹസ്തം ആവശ്യമായി വന്നാൽ ഈ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാവുന്നതാണ്. യു.കെ യുടെ പുറത്തു നിന്ന് വിളിക്കുന്നവർ 0044 എന്ന കോഡ് ചേർത്ത് വിളിക്കേണ്ടതാണ്.
ജിജോ അരയത്ത്
രക്തബന്ധങ്ങൾ അപകടത്തിലേക്ക് പോകുമ്പോൾ സാധാരണക്കാരനും സൂപ്പർ ഹീറോ ആയി മാറുന്നു.
യു കെ മലയാളികൾ അഭിനയിച്ച, പൂർണമായും ഇംഗ്ലണ്ടിൽ ചിത്രികരിച്ച വ്യത്യസ്തതയാർന്ന ഒരു മലയാള മ്യൂസിക് ആൽബം .
പ്രണയം വിരഹം തുടങ്ങിയ പതിവ് ഇതിവൃത്തങ്ങളിൽനിന്നും മാറി പുതുതലമുറയുടെ “ഈസി മണി മേക്കിങ്” എന്ന പ്രവണതയെ അടിസ്ഥാനമാക്കിയാണ് ഈ ആക്ഷൻ ത്രില്ലെർ മ്യൂസിക് ആൽബം ചിത്രികരിച്ചിരിക്കുന്നത് .രക്തബന്ധങ്ങൾ അപകടകളിലേക്കു പോകുമ്പോൾ ഏത് സാധാരണക്കാരനും സൂപ്പർഹീറോ ആയി മാറുന്നു .ആശ്രേയ പ്രൊഡക്ഷൻനാണ് ഈ ആൽബം റിലീസ് ചെയ്തിരിക്കുന്നത് .നിരവധി പുതുമുഖ കലാകാരന്മാർക്ക് അവസരം നൽകിയ ആശ്രേയ പ്രൊഡക്ഷന്റെ പല ഗാനങ്ങളും ഇതിനോടകം യൂട്യൂബിൽ ഒരു മില്യനിലധികം പ്രേക്ഷകരെ നേടി കഴിഞ്ഞു .യൂ കെ മലയാളിയും , ഐ ടി പ്രൊഫെഷനലും ,നിരവധി ഗാനങ്ങളുടെ സംഗീത സവിധായകനുമായ അബി എബ്രഹാം ആണ് ഈ മ്യൂസിക് ആൽബം സഗീതസംവിധാനം ചെയ്തിരിക്കുന്നത് . മിഥുൻ ജയരാജ് ,ക്രിസ്റ്റോ സേവ്യർ എന്നിവർ ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു .
തന്റെ സിനിമാ മോഹം ഉള്ളിലൊതുക്കി യൂ കെ യിൽ സ്ഥിരതാമസമാക്കിയ പ്രവീൺ ഭാസ്ക്കർ സംവിധാനം ചെയുന്ന രണ്ടാമത്തെ ആൽബം ആണ് മിഴിയെ 2 . അദ്ദേഹംതന്നെയാണ് ഇതിൽ പ്രധാനകഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് . ആഷ് എബ്രഹാമാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് .
ഗ്രേറ്റ് യാർമൗത് മലയാളി അസ്സോസിയേഷനി (GYMA )ലെ മെംബേർസ് ആയ പതിമൂന്നോളം കലാകാരന്മാരാണ് മറ്റുകഥാപാത്രങ്ങൾ .ഇവരെല്ലാം പുതുമുഖങ്ങളാണ് എന്നുള്ളതാണ് ഈ മ്യൂസിക്കൽ ആൽബത്തെ വ്യത്യസ്തമാക്കുന്നത് .അസോസിയേഷൻ പ്രസിഡന്റ് ബിൽജി തോമസ് ആണ് മെയിൻ വില്ലൻ വേഷം ചെയ്തിരിക്കുന്നത് . അസോസിയേഷൻ ഭാരവാഹിയായ ദിലീപ് കുറുപ്പത്ത് ആണ് ആർട്ട് ഡയറക്ടർ .സംഗീത രചന ഗോപു മുരളീധരൻ , RAP -ആഷ് എബ്രഹാം . നിരവധി മലയാള തമിഴ് സിനിമകളുടെ ഛായാഗ്രാഹകനായ അബു ഷാ ഈ ആൽബത്തിന്റെയും കാമറ ചെയ്തിരിക്കുന്നത് .ഇംഗ്ലണ്ടിന്റെ കിഴക്കേയറ്റമായ ഗ്രേറ്റ് യാർമോത്തിലും ലണ്ടനിലുമായാണ് ഈ ആൽബം ചിത്രികരിച്ചിരിക്കുന്നത് .റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ആയിരക്കണക്കിന് പ്രേക്ഷകരെനേടി ഈ ആൽബം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
നവീന്റെ എഡിറ്റിംഗിൽ ഗ്രേറ്റ് യാർമൗത് മലയാളികളായ
പ്രവീൺ ഭാസ്‌ക്കർ
ആഷ്
ബിൽജി തോമസ്
അനീഷ് സുരേഷ്
എബ്രഹാം ((കൊച്ചുമോൻ)
പ്രിയ ജിജി
ജോയ്‌സ് ജോർജ്
ദിലീപ് കുറുപ്പത്ത്
ബ്ലിൻറ്റോ ആന്റണി
ലിന്റോ തോമസ്
എബി
പ്രിൻസ് മുതിരക്കാല
റോബിൻ
മാസ്റ്റർ ഡാനി
മാസ്റ്റർ അതുൽ തുടങ്ങിയവരാണ് ഈ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്
സ്വന്തം ലേഖകൻ
ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 ഓളം അടുക്കുമ്പോൾ ഓരോ യുകെ മലയാളിയും ഭയാനകമായ ഒരു മാനസിക അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്ന് പോയിക്കൊണ്ടിരിക്കുന്നത് . യുകെയിലുള്ള മലയാളി കുടുംബങ്ങളിൽ നിന്ന് ഒരാളെങ്കിലും ഹോസ്‌പിറ്റലുകളിലും , നഴ്‌സിംഗ് ഹോമുകളിലും ജോലി ചെയ്യന്നവരാണെന്നതാണ് അവരെ ബാധിച്ച ഈ ഭയത്തിനുള്ള കാരണം .
ഞങ്ങൾ യാതൊരുവിധ സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയാണ് ജോലി ചെയ്യുന്നതെന്നും , ഇങ്ങനെ ജോലി ചെയ്‌താൽ ഞങ്ങൾക്ക് ഏതു സമയവും കൊറോണ വൈറസ് പിടിപെടാമെന്നും അതുകൊണ്ട് കുറച്ച് മാസ്‌കും , ഗ്ലൗസും എങ്കിലും നൽകി ഞങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി യുകെ മലയാളികളാണ് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന്റെ 0207062 6688 എന്ന ഹെൽപ്പ് ലൈൻ നമ്പരിലേയ്ക്ക് വിളിച്ച് സഹായം അഭ്യർത്ഥിച്ചുകൊണ്ടിരിക്കുന്നത്.
ലോകം മുഴുവനിലുമുള്ള ആരോഗ്യമേഖലയിൽ ഉണ്ടായിരിക്കുന്ന ഈ പ്രശ്നം ബ്രിട്ടീഷ് ഗവണ്മെന്റിനെയും , ആരോഗ്യ മേഖലയിലെ അധികാരികളെയും അറിയിച്ച് ഉടൻ ഒരോ യുകെ മലയാളിക്കും സഹായം എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷൻ ഉറപ്പ് നൽകിയിരുന്നു . ഈ പരിശ്രമത്തിന്റെ ഭാഗമായി യുണൈറ്റഡ് മലയാളി ഓർഗനൈസ്സേഷന് ലഭിച്ച ഹെൽപ്പ് ലൈൻ നമ്പർ ഇവിടെ നൽകുകയാണ് .
യുകെയിൽ ഏതെങ്കിലും ജോലി സ്ഥലങ്ങളിൽ മാസ്‌കും , ഗ്ലൗസും അടക്കമുള്ള Personal Protective Equipments ഇല്ലാത്തതിന്റെ പേരിൽ ജോലി ചെയ്യാൻ ഭയപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഉടൻ തന്നെ 08009159964 എന്ന നമ്പരിൽ ബന്ധപ്പെടുവാനോ അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെടുവാനും ഞങ്ങൾ അഭ്യർത്ഥിക്കുകയാണ് . ഉടൻ തന്നെ നിങ്ങൾക്ക് വേണ്ട സുരക്ഷ ഉപകരണങ്ങൾ എത്തിച്ച് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഈ ഏജൻസി നിങ്ങൾക്ക് ചെയ്തു തരുന്നതായിരിക്കും.
NHS Business Services Authority (NHSBSA) എന്ന ഈ ഏജൻസി യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിച്ച് കൊടുത്ത് എൻ എച്ച് എസ്സിനെയും , മറ്റ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും സഹായിക്കുവാനാണ് ഈ അടിയന്തിര ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് . ഈ നമ്പരിൽ വിളിക്കുമ്പോൾ നിങ്ങളുടെയും , നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും പേര് വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം നിങ്ങളുടെ സ്ഥാപനത്തിൽ Personal Protective Equipments ഓർഡർ ചെയ്യുന്നവരുമായി ബന്ധപ്പെട്ട് ഉടൻ തന്നെ വേണ്ട സുരക്ഷാ ഉപകരണങ്ങൾ എത്തിക്കുവാനുള്ള സത്വര നടപടികൾ ഈ ഏജൻസി സ്വീകരിക്കുന്നതായിരിക്കും.
ഹോസ്പിറ്റലുകൾക്ക് മാത്രമല്ല ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഈ സേവനം ലഭ്യമാണ് . അതുകൊണ്ട് തന്നെ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ നിങ്ങളുടെ ബന്ധുക്കളോ , സുഹ്ര്യത്തുക്കളോ യുകെയിലെ ഏതെങ്കിലും നഴ്‌സിംഗ് ഹോമുകളിലോ മറ്റ് ആരോഗ്യ മേഖലകളിലോ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ ഉടൻ തന്നെ അവർക്ക് കൂടി ഈ വിവരങ്ങൾ എത്തിച്ച് കൊടുക്കണം എന്നറിയിക്കുന്നു . അതോടൊപ്പം ബ്രിട്ടണിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന നമ്മൾ ഓരോരുത്തരുടെയും കുടുംബാഗംങ്ങളുടെ ജീവൻ സംരക്ഷിക്കാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്നും , അതുകൊണ്ട് തന്നെ അനാവശ്യമായി ഈ നമ്പരിൽ വിളിച്ച് നിങ്ങളുടെ ആരുടെയും വ്യക്തിപരമായ ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടിക്കരുതെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു
ബിജു ഗോപിനാഥ്
കോവിഡ് 19 രോഗത്തെക്കുറിചു മലയാളി സമൂഹത്തിനുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനും അവരെ NHS നിർദ്ദേശിക്കുന്ന ശരിയായ വിവരങ്ങളിലേക്കു നയിക്കാനും വേണ്ടി ആരോഗ്യരംഗത്തുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണ് സമീക്ഷയുടെ മെഡിക്കൽ ഹെൽപ്‌ഡെസ്‌ക്..
ലോക്ക്ഡൌൺ മൂലം കഷ്ടതകൾ അനുഭവിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിസമൂഹത്തിനു വേണ്ട സഹായങ്ങളും ഉപദേശങ്ങളും നല്കാൻ ഒരു പ്രത്യേക ടീം ആണ് തയ്യാറായിട്ടുള്ളത് .
ഫൈനാൻസ് , ലീഗൽ , പാരന്റൽ ആൻഡ് ചൈൽഡ് കെയർ തുടങ്ങിയ മേഖലകളിലും സ്‌നേഹപൂർണമായ ഉപദേശനിർദേശങ്ങളുമായി സമീക്ഷയുടെ ഹെൽപ് ലൈൻ 24 മണിക്കൂറും തുറന്നിരിക്കുന്നതായിരിക്കും.
യുകെ യുടെ എല്ലാ പ്രവിശ്യകളിലുമായി 24 ബ്രാഞ്ചുകൾ ഉള്ള വളരെ വിപുലമായ നെറ്റ്‌വർക്ക് ആണ് സമീക്ഷയ്ക്കുള്ളത് . ഈ വിഷമകരമായ ഘട്ടത്തിൽ മലയാളി സമൂഹത്തിനു കൈത്താങ്ങായി സമീക്ഷ പ്രവർത്തകർ ഉണ്ടാവുമെന്നും , സമീക്ഷയുടെ ഹെൽപ് ലൈൻ മുഴുവൻ സമയവും സഹായത്തിനുണ്ടാവുമെന്നും സമീക്ഷ ദേശിയ സമിതിക്കു വേണ്ടി പ്രസിഡന്റ് സ്വപ്ന പ്രവീൺ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിൽ എന്നിവർ അറിയിച്ചു .
ബാല സജീവ് കുമാർ
ലോകജനതയെ ആകെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം കോവിഡ് – 19, വൈദ്യശാസ്ത്രത്തിനും നിലവിലെ ചികിത്സാ രീതികൾക്കും പരിമിതികൾ നിശ്ചയിച്ച് മരണം വിതച്ച് പടർന്ന് പിടിക്കുകയാണ്. ലോകരാജ്യങ്ങൾ അതിർത്തികൾ അടച്ചും, സാമൂഹിക അകലം പാലിക്കാൻ നിർദ്ദേശിച്ചും, ശുചിത്വപാലനവും, അന്യസമ്പർക്കമില്ലാതെ വീടുകളിൽ തന്നെ കഴിയാൻ നിർബന്ധമായി പ്രേരിപ്പിച്ചും, ജനങ്ങളെ സുരക്ഷാ മുൻകരുതലുകൾ എടുക്കാൻ ഉദ്ബോധിപ്പിച്ചും ഈ രോഗത്തെ പ്രതിരോധിക്കാൻ കിണഞ്ഞു ശ്രമിക്കുമ്പോൾ, ദിനം പ്രതി നാ ശ്രവിക്കുന്ന ആശ്വാസകരമല്ലാത്ത വാർത്തകൾ നമ്മളിൽ വളർത്തുന്നത് ഉത്ഖണ്ഠയും ആകാംക്ഷയുമാണ്.
യു കെ യിലെ സമൂഹത്തിന് പ്രാപ്യമായ രീതിയിൽ, നിസ്തുല സേവനം നൽകുന്ന യു കെ മലയാളികളുടെ ഏക പൊതു സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഹെൽപ്പ്ലൈൻ നമ്പർ എല്ലാവർക്കും ആശ്വാസകരമാകുന്നുണ്ട് എങ്കിലും, ഇന്ത്യയിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഉറ്റവരെയും, ഉടയവരെയും അവരുടെ ക്ഷേമവും നമ്മുടെ മനസ്സിൽ ആധിയായി വളരുമ്പോൾ അതിന് അൽപ്പമെങ്കിലും ആശ്വാസമാകുന്ന തരത്തിലുള്ള പ്രാഥമിക ചുവടുവയ്പുമായി ഒരു കൂട്ടായ്മ രൂപം കൊള്ളുകയാണ്. യു കെ മലയാളികളുടെ പൊതു വ്യക്തിഗത കൂട്ടായ്മയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷനും, കെയറിംഗ് ഹാൻഡ്‌സ് ഇന്ത്യയും ചേർന്നുള്ള ഈ കൂട്ടായ്മയുടെ caringhandsindia.org എന്ന വെബ്‌സൈറ്റിലൂടെ യു കെ യിലെ പരസ്പര സഹായ സംരംഭത്തിന് പ്രാമുഖ്യം നൽകുന്നതോടൊപ്പം, വിവിധ ഭാഷകളിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ ഉപദേശവും, പരിരക്ഷയും ഈ വെബ്സൈറ്റ് സേവനം ഉപയോഗിക്കുന്ന ഏതൊരാൾക്കും സൗജന്യമായി ലഭ്യമാക്കുകയാണ്.
www.caringhandsindia.org എന്ന വെബ്‌സെറ്റിൽ പ്രധാനമായും മൂന്ന് ലിങ്കുകളാണ് ഉള്ളത്. ഇതിൽ പ്രധാനമായും കേരളത്തിലും മറ്റുള്ള ഇടങ്ങളിലും ഉള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ക്ഷേമത്തെ പറ്റി ഉൽകണ്ഠ ഉള്ള ഏതൊരാൾക്കും ഗുണകരമാകുന്നത് coronacare എന്ന ലിങ്കാണ്. ഇത് ആയിരക്കണക്കിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും, ഒരു ലക്ഷത്തിലധികം ഹോസ്പിറ്റൽ ബെഡ് സൗകര്യവുമുള്ള കാത്തലിക്ക് ഹോസ്പിറ്റൽ അസോസിയേഷൻ ഇന്ത്യ അടക്കമുള്ള ആതുരസേവന രംഗത്തെ പ്രമുഖരെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ശ്രമഫലമായി ഒന്നിപ്പിക്കുന്ന ജാലകമാണ്. വെബ് കോളിങ് സൗകര്യമുള്ള ഈ ലിങ്കിൽ നിങ്ങൾക്ക് താല്പര്യമോ ആരോഗ്യനിലയിൽ ആകാംക്ഷയോ ഉള്ള ആളുടെ പേര് വിവരങ്ങളും വിളിക്കാനുള്ള ഫോൺ നമ്പറും നൽകിയാൽ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ അവരെ വിളിച്ച് അവർക്ക് ആവശ്യമായ ആരോഗ്യപരമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്നതാണ്. നാട്ടിലുള്ള നമ്മുടെ ബന്ധുക്കളുടെയോ മാതാപിതാക്കളുടെയോ ആരോഗ്യനിലയിൽ ആകാംക്ഷയോ താല്പര്യമോ ഉള്ളവർക്ക് ആശ്വാസമേകുന്നതാണ് ഈ സംവിധാനം.
ആതുര സേവന രംഗത്ത് വിശ്വാസ്യമാർന്ന സേവനം പതിറ്റാണ്ടുകളായി ചെയ്തുകൊണ്ടിരിക്കുന്ന രാജഗിരി ഹോസ്പിറ്റൽ പോലുള്ള അനേകം സ്ഥാപനങ്ങളുടെ ഏകോപന ശ്രുംഖലയാണ് കെയറിംഗ് ഹാൻഡ്‌സ് ഇന്ത്യയുടെയും, യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെയും സഹകരണത്തോടെ നമ്മുടെ പ്രിയപ്പെട്ടവർക്കായി ഏക ജാലകത്തിൽ ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുന്നത്. ഈ വെബ് സൈറ്റിൽ ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന യു കെ യിലെ പ്രമുഖ മലയാളി സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ്-19 ഹെൽപ്പ് ലൈൻ നമ്പറും സേവനങ്ങളും ഉൾക്കൊള്ളുന്ന ലിങ്കുകളും, അതിന് സഹായകമാകുന്ന സാങ്കേതിക വിദഗ്ദ്ധരുടെ സേവന ലിങ്കുകളും ഉണ്ട്.
ആദ്യത്തേത് നാൽപ്പതോളം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും, നേഴ്സ് സ്പെഷ്യലിസ്റ്റുകളും പൊതുവായ ഉപദേശങ്ങൾ നൽകുന്ന യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈൻ നമ്പറും, യു കെ മലയാളികൾക്കും, ഹെൽത്ത്കെയർ രംഗത്ത് ജോലി ചെയ്യുന്നവർക്കും വേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും അടങ്ങിയ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലേക്കുള്ള കണ്ണാടിയുമാണ്.
രണ്ടാമത്തേത്, ഗ്രൂപ്പ് മീറ്റിങ്ങുകൾക്കും, വീഡിയോ കോൺഫറൻസുകൾക്കും, ആധുനിക സാങ്കേതിക വിദ്യാ സഹായത്തോടെയുള്ള ഡോക്ടർ-രോഗീ കൂടിക്കാഴ്ച്ചക്കും, രോഗനിർണയ – ചികിത്സാ – പരിപാലനത്തിനും സാധ്യതയുള്ള ഉണർവ് ടെലിമെഡിസിന്റെ വിവരങ്ങളാണ്. യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള ക്ലിനിക്കൽ ഗ്രൂപ്പ്, പ്രൊഫഷണൽസ് ഗ്രൂപ്പ്, വോളന്റിയേഴ്സ് ഗ്രൂപ്പ് എന്നിവർ ചേരുന്ന യുകെയിലെ പരസ്പര സഹായ സംരംഭം ഗ്രൂപ്പ് മീറ്റിങ്ങുകൾക്കും, ഇതര ആവശ്യങ്ങൾക്കുമായി ഉപയോഗിച്ച് ഉത്തമമാണെന്ന് ഉറപ്പുവരുത്തിയ വെബ് പ്ലാറ്റ്‌ഫോമാണിത്.
ഈ വിഷമഘട്ടത്തിൽ, യു കെ യിൽ പൊതുവായ ഉപദേശങ്ങൾക്കോ, അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യത്തിലുള്ള അത്യാവശ്യ സഹായങ്ങൾക്കോ യു കെ മലയാളികളുടെ പൊതു സംഘടനയായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഹെൽപ്പ് ലൈനിൽ വിളിക്കുക. കേരളത്തിലോ, ഇന്ത്യയിൽ എവിടെയെങ്കിലുമോ ഉള്ള ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ ഓർത്ത് വിഷമിക്കുന്നു എങ്കിൽ caringhandsindia.org എന്ന വെബ്‌സൈറ്റിലെ ലിങ്കിലൂടെ അവരുടെ പരിചരണം വിശ്വസ്ത കരങ്ങളിൽ ഏൽപ്പിക്കുക. പകച്ചു നിൽക്കാതെ ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ നമുക്ക് ഒന്നിക്കാം
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ കൂടി സഹായത്തിൽ അനുരാജു൦ കുടുംബവും പുതിയ വീട്ടിലേക്കു ഇന്നു രാവിലെ ഗ്രഹ പ്രവേശനം നടത്തി. കൊറോണ കാരണം ആരെയും പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞില്ല .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് 717 പൗണ്ട് ആണ് അനുരാജിന് നൽകിയത്, വീടുപണിയാൻ ബാക്കിവരുന്ന പണം നലകിയതു അദ്ദേഹത്തിന്റെ കൂടെ പഠിച്ച സുഹൃത്തുതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ കൂടി സഹായത്തിൽ പൂർത്തീകരിക്കുന്ന നാലാമത്തെ വീടാണിത്. .. അനുരാജിന്റെ വേദന നിറിഞ്ഞ ദുരന്തജീവിതം ആരെയും വേദനിപ്പിക്കും ..
ഇടുക്കി , നെടുംങ്കണ്ടത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തേയ്ക്കു നടത്തിയ ട്രെയിന്‍ യാത്ര അനുരാജ് എന്ന ചെറുപ്പക്കാരന്‍റെ ജീവിതംതന്നെ തകര്‍ത്തെറിഞ്ഞു ആ യാത്രയിൽ ഉണ്ടായ അപകടത്തില്‍ നിന്നും ആശുപത്രില്‍ എത്തിയ അനുരാജിനു നഷ്ട്ടമായത് ഒരുകൈയും ഒരു കാലുമായിരുന്നു മറ്റൊരു കൈ പകുതി ചലനമറ്റും പോയി .

എല്ലാം നഷ്ട്ടപെട്ടു പോയ അവസ്ഥയില്‍ എല്ലാ പ്രതിസന്ധികളെയും നേരിട്ട് പഠനം തുടര്‍ന്നു B A പാസ്സായി ,പിന്നിട് കോട്ടയം മംഗളം കോളേജില്‍ നിന്നു ബി എഡും കരസ്ഥമാക്കി അതിനു ശേഷം കേരളത്തില്‍ ജോലി അന്വോഷിച്ചു മടുത്തു അവസാനം മദ്ധ്യപ്രദേശില്‍ ഒരു ഹൈസ്കൂളില്‍ അധ്യാപകനായി ജോലി ലഭിച്ചു ,ഇതിനിടയില്‍ വിവാഹം കഴിച്ചു രണ്ടു കുട്ടികളും ജനിച്ചു .
മദ്ധ്യപ്രദേശിലെ ചൂട് കുട്ടികളെയും ഭാര്യയെയും രോഗികളാക്കി അങ്ങനെ അവിടെ തുടരാന്‍ കഴിയാത്ത സാഹചരൃത്തില്‍ ജീവന്‍ രക്ഷിക്കാന്‍ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു തിരിച്ചുപോന്നു ,അങ്ങനെ ഇടുക്കിയിലെ കൂട്ടാറില്‍ എത്തി ഒരു വാടകവീട്ടില്‍ താമസമാക്കി, ഉപജീവനത്തിന് ഭാര്യ അടുത്ത വീട്ടില്‍ കൂലിവേലയ്ക്ക് പോകും, എന്നാല്‍ പിന്നീട് ഭാര്യ രോഗിയായിമാറി .ഈ സാഹചരൃത്തില്‍ കുട്ടികളെ സംരക്ഷിക്കാനും വാടക കൊടുക്കുന്നതിനും വേണ്ടി കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍ക്കുകയാണ് അനുരാജ് എന്ന ഈ വിദൃാസമ്പന്നനായ ഈ അധ്യാപകന്‍ ..

പകുതി പട്ടിണിയില്‍ ജീവിക്കുമ്പോഴും ഇദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹം കയറി കിടക്കാന്‍ ഒരു കൂര എന്നതാണ് . അതാണ് ഇന്നു പൂർത്തീകരിച്ചത്. ഞങ്ങൾ നടത്തുന്ന എളിയ പ്രവർത്തനങ്ങളെ സഹായിക്കുന്ന നല്ലവരായ യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കഷ്ട്ടപാടും ബുദ്ധിമുട്ടും ജീവിതത്തിൽ അനുഭവിച്ചവരുടെ കൂട്ടയ്മയാണ് ഞങ്ങൾ ഇതുവരെ 85 ലക്ഷം രൂപയുടെ സഹായം നാട്ടിലെ ആളുകൾക്ക് ചെയ്തിട്ടുണ്ട് . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് നേതൃത്വം കൊടുക്കുന്നത് ,സാബു ഫിലിപ്പ് ,,ടോം ജോസ് തടിയംപാട്, ,സജി തോമസ് എന്നിവരാണ് ,
ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.”
യുകെയിൽ പഠിക്കുന്ന പ്രിയപ്പെട്ട വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്.
അടിയന്തിരമായി വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
പ്രിയപ്പെട്ട വിദ്യാർത്ഥികളെ,
നിങ്ങളിൽ പലരുടെയും സുഖവിവരങ്ങളിൽ ആശങ്കപ്പെട്ട് ഒട്ടനവധി പേരാണ് ഞങ്ങളെ ഓരോരുത്തരെയും ബന്ധപ്പെടുന്നത്. UKയിൽ നിന്നും ഇന്ത്യൻ ഹൈ കമ്മീഷൻ നിങ്ങളെ തിരിച്ചെത്തിക്കാൻ ഫ്ലൈറ്റ് അറേഞ്ച് ചെയ്യുന്നു എന്ന ഒരു വ്യാജ വാർത്തയും ഇന്നലെ പ്രചരിച്ചിട്ടുണ്ട്.
നിങ്ങളോട് കുറച്ചു നിർദ്ദേശങ്ങൾ ആണ് ഞങ്ങൾക്ക് മുന്നോട്ടുവയ്ക്കാൻ ഉള്ളത്.
• നിങ്ങളെ കുറിച്ച് ആശങ്ക പെട്ടിരിക്കുന്ന വീട്ടുകാരുമായി ദിവസം ഒരു പ്രാവശ്യമെങ്കിലും ബന്ധപ്പെടുക.
• നിങ്ങൾ സുരക്ഷിതരാണ് എന്ന് അറിയിക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്.
• ഈ ലോക്ഡൗൺ കാലത്ത് ഒരു കാരണവശാലും നാട്ടിലേക്ക് പോകാൻ കഴിയില്ല. നമ്മൾ എവിടെയാണോ അവിടെത്തന്നെ തുടരുന്നതാണ് ഇപ്പോൾ അഭികാമ്യം.
• നിങ്ങൾ എവിടെ താമസിക്കുന്നുവോ അവിടെ നിന്നും നിങ്ങളെ ഒരു സാഹചര്യത്തിലും ഇറക്കിവിടരുതെന്ന് ‘ലാന്റ് ലോർഡുകൾക്ക്’ ഗവൺമെൻറ് സുവ്യക്തമായ നിർദ്ദേശം കൊടുത്തിട്ടുണ്ട്.
• അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ യുകെയിലെ ഏതെങ്കിലും മലയാളി സംഘടനകളുമായോ ലോക കേരള സഭ അംഗങ്ങളുമായോ ബന്ധപ്പെടുക. വേണ്ട നിയമ സഹായം ഉറപ്പാക്കും.
• സർക്കാർ പല വിധമായ സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട് ഇനി വരാനുമുണ്ട്. അതല്ലാം കണ്ടെത്താനും അനുയോജ്യമായ നിർദ്ദേശങ്ങൾ തരാനും ഒരു ടീമിനെ സജ്ജമാക്കുന്നുണ്ട്.
• നിങ്ങളുടെ വിസ തീരുന്നത് ഈ കാലഘട്ടത്തിലാണെങ്കിൽ അത് പരിഹരിക്കാൻ വേണ്ട നിയമ സഹായത്തിന് ഏർപ്പാടുണ്ടാക്കാം.
• നിങ്ങൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെങ്കിൽ മലയാളി സംഘടനകൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഉള്ള ഏതെങ്കിലും ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുക. നമ്മുടെ കൂട്ടത്തിൽ ഉള്ള ഹെൽത്ത് കെയർ പ്രൊഫഷണൽ അടിയന്തരമായി തന്നെ വേണ്ട നിർദ്ദേശങ്ങളുമായി നിങ്ങളെ ബന്ധപ്പെടും.
• ഇനി നിങ്ങൾ ഒറ്റപ്പെട്ടു എന്ന തോന്നൽ ഉണ്ടെങ്കിൽ കൗൺസിലിങ്ങിനും നിങ്ങളോട് സംസാരിക്കാനും നമ്മളുടെ ആളുകളുണ്ടാകും.
• ആവശ്യത്തിന് ഭക്ഷണപദാർത്ഥങ്ങൾ ഇല്ലെങ്കിലും നിങ്ങൾക്ക് അതാത് പ്രദേശത്തെ വാളന്റിയേഴ്സിനെ ബന്ധപ്പെടാം.
• നമ്മൾ എല്ലാവരും ഒരേ സ്ഥിതിവിശേഷത്തിൽ കൂടെയാണ് കടന്നുപോകുന്നത് എന്നതിനാൽ അത്യാവശ്യത്തിന് വേണ്ട സാധനങ്ങൾ മാത്രം ആവശ്യപ്പെടുക. അനാവശ്യമായി സാധനങ്ങൾ സംഭരിച്ചു വെക്കണ്ട എന്നർത്ഥം.
യുകെയിലെ സംഘടനകളായ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍, യുക്മ, ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന MAUK, സമീക്ഷ, ചേതന, WMF UK, PMF UK, മലയാളം മിഷൻ യൂണിറ്റുകൾ. തുടങ്ങി എല്ലാ മലയാളി സംഘടകളും നിങ്ങളെ സഹായിക്കാൻ ഉണ്ടാവും. അതാത് പ്രദേശത്തെ മറ്റ് സംഘടനകളുടെ ലിസ്റ്റ് അടുത്തു തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.
ലോക കേരള സഭ UK അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഒരു ഡേറ്റബേസ് കളക്ട് ചെയ്യുന്നുണ്ട്. ലോകത്തിന്റെ ഏതു കോണിലിരുന്നും ആർക്കും ഇത് ഫിൽ ചെയ്യാം. ഞങ്ങളുടെ വാളന്റിയർമാർ ക്രോസ് ചെക്ക് ചെയ്യുന്നതായിരിക്കും. കേരളത്തിലെ കോവിഡ് – ഐ ടി വോളന്റിയർമാരാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. റജിസ്റ്ററേഷന് ശേഷം ആളുകളുടെ ബന്ധപ്പെടേണ്ട വിദ്യാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ കേരളത്തിൽ നിന്ന് ടെലിമെഡിസിൻ കൗൺസിലിങ്ങ് സംവിധാനവും കേരള സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Name
Email id
Phone number
Address
University
Address in Kerala
Immediate contact in Kerala
എന്നിവയാണ് ശേഖരിക്കുന്നത്.
ഇതാണ് രജിസ്ററർ ചെയ്യേണ്ട ലിങ്ക് :
Short URL: shorturl.at/hmP05
നാട്ടിൽ മക്കളെയോർത്ത് തീ തിന്നു കഴിയുന്ന രക്ഷിതാക്കളോട് ഒരു വാക്ക്. നിങ്ങൾ സുഖമായുറങ്ങൂ. നിങ്ങൾ ചേർത്തു നിർത്തുന്നതു പോലെ തന്നെ അവരെ ചേർത്തു നിർത്താൻ UK മലയാളികളുണ്ട്…!
ഹൃദയപൂർവ്വം ലോക കേരള സഭാ UK ടീം.
Thekkummuri Haridas
Carmel Miranda
Ashik Mohammed Nazar
Swapna Praveen
Jayan Edappal Manchester
Shafi Rahman
Sadanandan Sreekumar
Rajesh Krishna
2010 മുതൽ യുകെയിലെ കലാസാംസ്കാരിക സാഹിത്യ രംഗത്ത് സജീവമായി ഇടപെടുന്ന ലണ്ടൻ മലയാള സാഹിത്യവേദി പ്രവർത്തനത്തിന്റെ പത്താം വാർഷീകം ആഘോഷിക്കുന്ന വേളയിൽ ലോകമെമ്പാടുമുള്ള ഭാഷാസ്നേഹികൾക്കായി യൂട്യൂബ് ചാനൽ ആരംഭിക്കുന്നു.
പ്രവാസി എഴുത്തുകാരുടെയും പ്രമുഖ എഴുത്തുകാരുടെയും രചനകൾ വായിക്കപ്പെടുന്ന ചാനലിൽ നാടൻ കലകളെയും,കേരളീയ കലകളേയും പരിചയപ്പെടുത്തുന്നു. സാംസ്‌കാരിക സമ്മേളനങ്ങളുടെയും കലാമേളകളുടെയും ലൈവ് സ്ട്രീമിംഗ്, അഭിമുഖങ്ങൾ തുടങ്ങിയ പ്രവർത്തന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ചാനൽ ലോക പ്രവാസിമലയാളികൾക്ക് തങ്ങളുടെ സാഹിത്യരചനകൾ കൂടുതൽ വായനക്കാരിൽ എത്തുന്നതിനും അന്യം നിന്ന് പോകുന്ന തനത് കേരളീയ കലകളുടെ വളർച്ചക്കും കാരണമാകുമെന്ന് ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് അറിയിച്ചു.
യുകെയിലെ അബർഡീനിൽ താമസിക്കുന്ന ജോർജ്ജ് അറങ്ങാശ്ശേരി എഴുതിയ “കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ” വായിച്ചുകൊണ്ടു തുടക്കം കുറിക്കുന്നു. കഥ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.
ലോകത്തിന് തന്നെ ഭീക്ഷണിയായി വളരുന്ന കൊറോണ വൈറസ് പടരുന്ന ഈ വേളയിൽ ലണ്ടൻ മലയാള സാഹിത്യവേദിയുടെ പൊതുപരിപാടികൾ എല്ലാം മാറ്റി വെച്ചിരിക്കുകയാണ്. ഈ സമയം വീട്ട് തടങ്കലിൽ എന്ന പോലെ കഴിയുന്ന മലയാളികൾക്ക് ഈ ചാനൽ ഒരു ആശ്വാസം ആകും. ഈ ചാനലിന്റെ പ്രവർത്തനത്തിൽ പങ്കാളികൾ ആകുവാൻ ആഗ്രഹിക്കുന്നവർ ലണ്ടൻ
മലയാള സാഹിത്യവേദിയുടെ പ്രോഗ്രാം കോർഡിനേറ്ററും യുകെയിലെ അറിയപ്പെടുന്ന കലാസാംസ്കാരിക പ്രവർത്തകനുമായ സി. എ. ജോസഫുമായി ( 0784674602 ) ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
മാർച്ച് ആദ്യവാരമാണ് യുകെയിൽ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നത് . യുകെയിൽ പ്രാദേശികവും , ദേശീയവും , അന്തർദേശീയവുമായ നിരവധി മലയാളി സംഘടനകൾ നിലവിലുണ്ടെങ്കിലും അവയിൽ അംഗത്വം എടുക്കുന്നതിനോ, പ്രവർത്തിക്കുന്നതിനോ , സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനോ അവർ നിഷ്കർഷിക്കുന്ന മാനദണ്ഠങ്ങൾ അനുസരിച്ചുള്ള അംഗങ്ങൾക്ക് മാത്രമേ പറ്റുകയുള്ളൂ. പ്രാദേശികവും ,രാഷ്ട്രീയപരവും , മതപരവുമായ ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ യുകെയിലെ പല മലയാളിക്കും അന്യമാകുന്ന സാഹചര്യത്തിലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നിലവിൽ വന്നത് . യുകെയിലുള്ള എല്ലാ മലയാളികൾക്കും അവരുടെ ജാതി – മത – രാഷ്ട്രീയ – പ്രാദേശിക വ്യത്യാസമന്യേ അംഗത്വമെടുക്കാവുന്ന ഒരു സംഘടനയാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ. എല്ലാത്തിലും ഉപരിയായി യുകെയിലുള്ള എല്ലാ മലയാളികൾക്കും കൈത്താങ്ങാകുക എന്നുള്ളതാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പ്രഖ്യാപിത ലക്‌ഷ്യം.
രൂപീകൃതമായി ഒരാഴ്ചക്കുള്ളിൽ തന്നെ കൊറോണയെ പ്രതിരോധിക്കാൻ യുകെയിലെ മലയാളി ഡോക്ടർമാരെയും നഴ്സുമാരെയും ഏകോപിപ്പിച്ച് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നടത്തിയ പ്രവർത്തനം വൻ വിജയമായി. ഏതൊരു യുകെ മലയാളിയ്ക്കും പ്രാപ്യമാകുന്നതരത്തിൽ അവർക്കു സഹായകമായ വിവരങ്ങൾ ഫോണിലൂടെ നൽകുന്ന സംവിധാനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത് .ഐസൊലേഷനിൽ വീടുകളിൽ കഴിയേണ്ടിവരുന്ന യുകെ മലയാളികൾക്ക് തുണയായി ആവശ്യ സാധനങ്ങളും ,മരുന്നുകളും എത്തിച്ചുകൊടുക്കുന്നതും ഇതിന്റെ ഭാഗമായിട്ടുണ്ട്. തുടക്കമിട്ട ദിവസം തന്നെ 90-ൽ അധികം സന്നദ്ധ പ്രവർത്തകർ യു എം ഒ യുമായി കൈകോർത്തത് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് അഭിമാനിക്കാവുന്ന നേട്ടമാണ് .
കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി യു കെ മലയാളികൾക്ക് മൂന്നു തരത്തിലുള്ള സേവനങ്ങളാണ് സന്നദ്ധ സേവ അംഗങ്ങൾ നൽകുന്നത്.ആദ്യത്തേത് ക്ലിനിക്കൽ അഡ്വൈസാണ്. ഡോ.സോജി അലക്സിന്റെ നേതൃത്വത്തിലുള്ള മുപ്പതിലധികം ഡോക്ടർമാർ, നഴ്‌സ്, സാമൂഹ്യ പ്രവർത്തകർ സഹായഹസ്തവുമായി നമ്മോടൊപ്പമുണ്ട് . രണ്ടാമത്തേത് ഇമോഷണൽ സപ്പോർട്ടാണ്.രോഗം സ്ഥിതീകരിച്ചവരോ സംശയിക്കപ്പെടുന്നവരോ ആയവർക്ക് മാനസികമായ ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മൂന്നാമത്തേതായി ഐസൊലേഷനിൽ കഴിയുന്ന യുകെ മലയാളികൾക്ക് എന്താവശ്യവും എത്തിച്ചുകൊടുക്കാൻ സഹായിക്കുന്ന ഒരു ടീമിനെ സജജമാക്കുക എന്നുള്ളതാണ്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് മലയാളികൾക്കുണ്ടാകുന്ന നിയമപ്രശ്നങ്ങൾക്കു സൗജന്യ നിയമസഹായം നൽകുവാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ യുകെയിലെ ഒരു പറ്റം മലയാളി അഭിഭാഷകർ രംഗത്തു വന്നു കഴിഞ്ഞു. ഇപ്പോൾ യുകെ മലയാളികൾക്ക് എമിഗ്രേഷനുമായും ജോലിയുമായും ബിസിനസ്സും ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു സൗജന്യ നിയമസഹായം നല്കാൻ ഈ ലീഗൽ സെല്ലിന് കഴിയും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നാട്ടിലേയ്ക്ക് തിരികെ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കളുള്ള മലയാളി കുടുംബങ്ങൾ , വിസ തീർന്നതിന്റെ പേരിൽ കഷ്‌ടപ്പെടുന്ന മലയാളി വിദ്യാർത്ഥികൾ , ജോലി നഷ്‌ടപ്പെട്ടതിന്റെ പേരിൽ ബുദ്ധിമുട്ടുന്ന മലയാളികൾ , കൊറോണ പടർന്നു പിടിച്ചതിന്റെ പേരിൽ ബിസ്സിനസ്സ് നഷ്‌ടപ്പെട്ട മലയാളി ബിസ്സിനസ്സുകാർ തുടങ്ങിയവർക്കൊക്കെ ഈ സൗജന്യ നിയമ ഉപദേശം വളരെയധികം ആശ്വാസകരമാകും എന്ന് ഉറപ്പാണ് .
യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ 02070626688 എന്ന ഈ ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് അനേകം മലയാളികളാണ് ദിനംപ്രതി വിളിക്കുന്നത് .
യുകെ മലയാളികൾക്കു എന്തിനും ഏതിനും കൈത്താങ്ങായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നമ്മോടൊപ്പം എന്നുമുണ്ട്.