ഷിബു മാത്യൂ , ന്യൂസ് ഡെസ്ക് മലയാളം യുകെ.
യുകെ മലയാളികളുടെ ഓണാഘോഷത്തിൽ ഏറ്റവും ജനശ്രദ്ധ നേടിയത് യൂറോപ്പിൻ്റെ സൗന്ദര്യമായ യോർക്ഷയറിലെ കീത്തിലിയിലെത്തിയ നവാഗത മലയാളി സംഘടനയായ പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ അവതരിപ്പിച്ച മെഗാ തിരുവാതിരയാണ്. മലയാളികളുടെ ഓണാഘോഷങ്ങളിൽ തിരുവാതിരയ്ക്കുള്ള സ്ഥാനം പറഞ്ഞറിയ്ക്കാൻ പറ്റാത്തതാണ്. പ്രത്യേകിച്ചും പ്രവാസ ലോകത്ത് മലയാളികളുടെ ഓണാഘോഷത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും തിരുവാതിര തന്നെ.
കോവിടിൻ്റെ പരിമിതികളിൽ നിന്ന് പുറത്ത് വന്നതിന് ശേഷമുള്ള യുകെ മലയാളികളുടെ ആദ്യ ഓണാഘോഷങ്ങളായിരുന്നു സെപ്റ്റംബറിലെ വാരാന്ത്യങ്ങളിൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലുമുള്ള മലയാളി കൂട്ടായ്മകളിൽ നടന്നത്. യുകെയിൽ ചെറുതും വലുതുമായി ആയിരത്തിലധികം മലയാളി അസ്സോസിയേഷനുകളും മലയാളി കൂട്ടായ്മകളുമുള്ളതായി അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. എല്ലാ കൂട്ടായ്മകളുടെ ആഘോഷങ്ങളുടെ പ്രധാന ഇനവും തിരുവാതിര തന്നെയായിരുന്നു.
ഈ വർഷത്തെ ഓണക്കാല തിരുവാതിരകളിൽ ഏറ്റവും ജനശ്രദ്ധയാകർച്ചിച്ചത് യോർക്ഷയറിലെ കീത്തിലിയിൽ അടുത്തിടെ രൂപം കൊണ്ട പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ അവതരിപ്പിച്ച മെഗാ തിരുവാതിരയാണ്. പത്ത് പേരിൽ താഴെ പങ്കെടുക്കുന്ന തിരുവാതിരകളിയാണ് സാധാരണ പലയിടങ്ങളിലും കണ്ടുവരാറുള്ളത്. ജോലിയും കുടുംബത്തിലെ മറ്റുള്ള തിരക്കുകളുമായിട്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുമുള്ളതുകൊണ്ട് ഒരുമിച്ച് കൂടാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണ് പലപ്പോഴും തിരുവാതിരയിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത്.
എന്നാൽ അതിൽ നിന്നൊക്കെ വിഭിന്നമായിട്ടാണ് ‘പ്രതീക്ഷ’യുടെ മെഗാ തിരുവാതിര നടന്നത്.
മുപ്പത്തിയാറോളം മലയാളി മങ്കമാരാണ് പ്രതീക്ഷയുടെ മെഗാ തിരുവാതിരയിൽ പങ്കെടുത്തത്.
ഒരു അസ്സോസിയേഷനിൽ നിന്ന് ഇത്രയധികം ആളുകൾ പങ്കെടുക്കുക എന്നതുതന്നെ അതിശയത്തിന് വകയേകുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള മെഗാ തിരുവാതിര സെറ്റംബർ ഒമ്പതാം തീയതി ശനിയാഴ്ച്ച കീത്തിലി വിക്ടോറിയ ഹാളിൽ അരങ്ങേറി. കാണികളെ ഒന്നടംങ്കം ഹരം പിടിപ്പിക്കുന്ന അവതരണമായിരുന്നു അസ്സോസിയേഷനിലെ പെൺപടകൾ കാഴ്ച്ചവെച്ചത്. ശ്രുതിയും താളവും തെറ്റാതെ ഒരേ നൃത്തച്ചുവടുകളിൽ തിരുവാതിര കളത്തിൽ മലയാളി മങ്കമാർ നിറഞ്ഞാടിയ ധന്യ മുഹൂർത്തം അക്ഷരാർത്ഥത്തിൽ കാണികളുടെ ഹൃദയം കവരുന്നതായിരുന്നു. പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുമ്പോൾ ചുവടുകൾ പിഴയ്ക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ അങ്ങനെ ഒരു ചെറു പിഴവു പോലും ഈ മെഗാ തിരുവാതിരയിൽ സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഓണാഘോഷത്തിന് ആഴ്ച്ചകൾക്ക് മുമ്പ് തന്നെ പ്രതീക്ഷയുടെ പെൺപടകൾ മെഗാ തിരുവാതിരയുടെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. കീത്തിലിയിൽ നിന്ന് പതിനെട്ടും, സ്റ്റീസ്റ്റണിൽ നിന്ന് പത്തും പാർക്ക് വുഡിൽ നിന്നുള്ള എട്ടു പേരുമടങ്ങുന്ന ഗ്രൂപ്പുകൾ ചേർന്ന് മുപ്പത്താറോളം പേരാണ് മെഗാ തിരുവാതിരയിൽ പങ്ക് ചേർന്നത്. ജോയ്സി ലിബിൻ, നീരജ് അക്കു എന്നിവർ ട്രെയിനേഴ്സും സോജി ദിപു, ജിൻ്റു ജോമിഷ്, ജോമോൾ ജ്യോതി എന്നിവർ കോർഡിനേറ്റേഴ്സായി കീത്തിലി ഗ്രൂപ്പിനെ നയിച്ചു. രാഖി ഷിൻസ്, ലിഞ്ചു ടോണി എന്നിവർ സ്റ്റീറ്റൺ ഗ്രൂപ്പിനേയും, മിന്നു സൽജിത്, സരിത ശ്രീജേഷ്, ജിഫ്ന ബിനു രാജ് എന്നിവർ പാർക്കു വുഡ് ഗ്രൂപ്പിനേയും നയിച്ചു.
ചെതും വലുതും ഗ്രൂപ്പുകളിലായി പാർക്കുകളിലും, ജോലി സ്ഥലത്തും, വീടുകളിലും മറ്റുമായി രാത്രി പകൽ വ്യത്യാസമില്ലാതെയായിരുന്നു മെഗാ തിരുവാതിരയുടെ പരിശീലനം നടന്നത്. ജീവിതത്തിൽ ഇതുവരെയും ഒരു നൃത്തച്ചുവടുപോലും വെയ്ക്കാത്ത പലരും പരിശീലനത്തിൻ്റെ അവസാന ഭാഗത്തെത്തിയപ്പോൾ അടുക്കും ചിട്ടയോടും ചിലങ്കയണിഞ്ഞവരോടൊപ്പമെത്തി എന്നതും ശ്രദ്ധേയമാണ്. നൈറ്റും ലോഗ് ഡേ ഷിഫ്റ്റ് ജോലിയുമൊക്കെ കഴിഞ്ഞാണ് പലരും പരിശീലനത്തിനെത്തിയിരുന്നത്. ഓപ്പസിറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവരെ കൂട്ടിയിണക്കുക എന്നതായിരുന്നു മെഗാ തിരുവാതിരയുടെ പരിശീലന കാലത്ത് പരിശീലകർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് പരിശീലകരിലൊരാളായ ജോയ്സി ലിബിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
പ്രദേശികരടക്കം മലയാളികൾ സായാഹ്നം ചിലവഴിക്കുന്ന ക്ലിഫ്കാസിൽ ഗ്രൗണ്ടായിരുന്നു മൂന്ന് ഗ്രൂപ്പുകൾ ഒരുമിച്ച് ചേർന്നുള്ള പരിശീലനത്തിൻ്റെ പ്രധാനയിടം. കുട്ടികളോടൊപ്പം ഉല്ലാസത്തിനെത്തിയ പാക്കിസ്ഥാനികളടക്കമുള്ള പ്രാദേശികർക്ക് മലയാളികളുടെ തിരുവാതിര പരിശീലനം വേറിട്ടൊരു കാഴ്ച്ചയായിരുന്നു. വ്യത്യസ്ത നിറങ്ങളോടെയുള്ള ട്രസ്സിട്ടുകൊണ്ടുള്ള പരിശീലനത്തിൻ്റെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാനും ചിലർ മറന്നില്ല.
ലോകത്തിൻ്റെ ഏത് മൂലയിൽ ചെന്നാലും ഗ്രഹാതുരത്വമുളവാക്കുന്ന മലയാളി സംസ്ക്കാരം മലയാളികൾ കാത്ത് സൂക്ഷിക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് സെപ്റ്റംബർ ഒമ്പതാം തീയതി കീത്തിലി വിക്ടോറിയ ഹാളിൽ അരങ്ങേറിയത്.
പ്രതീക്ഷ കൾച്ചറൽ മലയാളി അസ്സോസിയേഷനെ നയിക്കുവർ ഇവരാണ്.
പ്രസിഡൻ്റ് ലിനേഷ് N C, ജോമോൾ ജ്യോതി വൈസ് പ്രസിഡൻ്റ്, ശ്രീജേഷ് സലിംകുമാർ സെക്രട്ടറി, രാഹി ഷിൻസ് ജോയിൻ്റ് സെക്രട്ടറി, സൽജിത് കെ സത്യവൃതൻ ട്രഷറർ.
കമ്മറ്റിയംഗങ്ങൾ.
രഞ്ജിത്ത് മാത്യു, ജയ്സൺ ജോർജ് , സെബാസ്റ്റ്യൻ വി കെ, റോഷൻ പി ജി, ജിൻ്റു ജോമിഷ്, മിത ജീവൻ, ദീപു സാം, ടോണി മൈക്കിൾ, റെനിൽ & കൃഷ്ണ അഭിറാം എന്നിവരാണ്.
ഫോട്ടോഗ്രാഫി രംഗത്ത് പ്രഗത്ഭരായ ഏയർ വാലി സ്റ്റുഡിയോ, കീത്തിലി പകർത്തിയ മെഗാ തിരുവാതിരയുടെ പൂർണ്ണരൂപം കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
അപ്പച്ചൻ കണ്ണഞ്ചിറ
ഇപ്സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ കൾച്ചറൽ അസോസിയേഷനും, കേരളാ കമ്യൂണിറ്റി സപ്ലിമെന്ററി സ്കൂളും (KCA & KCSS) സംയുക്തമായി ഇപ്സ്വിച്ചിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രൗഢ ഗംഭീരമായി.
സെന്റ് ആൽബൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ഓണാഷോഷത്തിൽ പൂക്കളവും, പുലിക്കളിയും, ഓണപ്പാട്ടുകളും, സ്കിറ്റുകളും, തിരുവാതിരയും വർണ്ണ വിസ്മയം തീർക്കുകയായിരുന്നു.
താരനിബിഡമായ സ്റ്റേജ് ഷോയും, കുട്ടികളുടെ സിനിമാറ്റിക്, ബ്രേക്ക് ഡാൻസുകളും ചേർന്ന കലാപരിപാടികൾ ഏറെ ആകർഷകമായി. തൂശനിലയിൽ വിളമ്പിയ 24 ഇനം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ആഘോഷത്തിലെ ഏറ്റവും ഹൈലൈറ്റായി.
വാദ്യമേളങ്ങളുടേയും താലപ്പൊലിയുടേയും പുലികളിയുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ എഴുന്നള്ളിയെത്തിയ മാവേലിയും, കേരളീയ വേഷം ധരിച്ചെത്തിയ നൂറ് കണക്കിന് മലയാളികൾ അണിനിരന്ന ഘോഷയാത്രയും ഇപ്സ്വിച്ച് മലയാളികൾക്ക് വേറിട്ട അനുഭവമായി. മലയാളി മങ്കമാരുടെ തിരുവാതിരയും 34 കുട്ടികൾ ചേർന്നൊരുക്കിയ ‘പൊന്നോണ നൃത്ത’വും ആഘോഷത്തിന് മാറ്റേകി.
കലാഭവൻ ജോഷിയുടെ നേതൃത്വത്തിൽ മിനി സ്ക്രീൻ താരങ്ങളും സിനി ആർട്ടിസ്റ്റുകളും മലയാള പിന്നണി ഗായകരും അരങ്ങുവാണ മെഗാ സ്റ്റേജ് ഷോ ഇപ്സ്വിച്ച് മലയാളികൾക്ക് അവിസ്മരണീയമായ ഓണാഘോഷമാണ് സമ്മാനിച്ചത്.
കെസിഎയുടെ രക്ഷാധികാരി ഡോ. അനൂപ് മാത്യു ഓണ സന്ദേശം നൽകുകയും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കെ സി എ യുടെ കായിക ദിനത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ ക്രൈസ്റ്റ് ചർച്ച് വാരിയേഴ്സിനും, വടംവലിയിൽ ജേതാക്കളായ റെഡ് ഡ്രാഗൺസ് ഇപ്സ്വിച്ചിനും ഉള്ള ട്രോഫികളും തദവസരത്തിൽ സമ്മാനിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള, പായസ പാചക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
പ്രൗഢ ഗംഭീരമായ കെസിഎ ഓണാഘോഷത്തിന് പ്രസിഡന്റ് ജോബി ജേക്കബ്, സെക്രട്ടറി ജുനോ ജോൺ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
സുജു ജോസഫ്
സാലിസ്ബറി: കേരളത്തിലെ പരമ്പരാഗതമായ ഓണസദ്യകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഗൃഹാതുരതയുണർത്തിയ തനി നാടൻ രുചി കൂട്ടുകളിൽ എസ് എം എ അംഗങ്ങൾ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും പുരുഷന്മാരുടെയും സ്ത്രീകളുടെയും വാശിയേറിയ വടംവലി മത്സരവും കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികളും ഒത്തുചേർന്നപ്പോൾ സാലിസ്ബറി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം പ്രൗഢോജ്വലമായി.
എസ് എം എയുടെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി കൂടുതൽ ആളുകൾ താല്പര്യമറിയിച്ചതുകൊണ്ട് ഇക്കുറിയും സാലിസ്ബറി ടിന്റൻ വില്ലേജ് ഹാളിലാണ് ഇത്തവണത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിച്ചത്. പൂക്കളമി ട്ടതിന് ശേഷം രാവിലെ 11 മണിയോടെ കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന വിനോദ-കായിക മത്സരങ്ങളും പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരവും ഏവർക്കും ആവേശം പകർന്നു. തുടർന്നു നടന്ന പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ തനി നാടൻ ഓണസദ്യ എല്ലാവരിലും ഗ്രഹാതുരതയുണർത്തി. എസ് എം എ രക്ഷാധികാരി ജോസ് കെ ആന്റണിയുടെയും സജീഷ് കുഞ്ചറിയയുടെയും മറ്റ് അസോസിയേഷൻ അംഗങ്ങളുടെയും നേതൃത്വത്തിലാണ് നാടൻ രുചിക്കൂട്ടുകളുടെ കലവറ തീർത്ത ഓണസദ്യ ഒരുക്കിയത്.
സ്വാദിഷ്ടമായ ഓണസദ്യയ്ക്ക് ശേഷം കുട്ടികൾ രണ്ടു വശങ്ങളിലായി അണിനിരന്ന് അസോസിയേഷൻ ഭാരവാഹികളുടെയും വിശിഷ്ടാതിഥികളുടെയും പുലിക്കളി കലാകാരന്മാരുടെയും അകമ്പടിയോടെ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ആർപ്പുവിളികളോടെയാണ് മാവേലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചത്.
എസ്എംഎ പ്രസിഡന്റ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ലോകകേരള സഭാംഗവും യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും കേരള സർക്കാരിന്റെ മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റുമായ സി എ ജോസഫ് എസ് എം എയുടെ ഇത്തവണത്തെ ഓണാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. എസ് എം എ രക്ഷാധികാരി ജോസ് കെ ആന്റണി, യുക്മ സൗത്ത് വെസ്റ്റ് റീജണൽ പ്രസിഡണ്ടും എസ്എംഎ സെക്രട്ടറിയുമായ സുജു ജോസഫ്, എന്നിവർ ആശംസകൾ നേർന്നു. എസ്എംഎ രക്ഷാധികാരി ജോസ് കെ ആൻറണി, പ്രസിഡന്റ് ജോബിൻ ജോൺ, സെക്രട്ടറി സുജു ജോസഫ്, ട്രഷറർ ജെയ്‌വിൻ ജോർജ് എന്നിവർ ചേർന്ന് മുഖ്യാതിഥിയായി എത്തിയ സി എ ജോസഫിനെ പൊന്നാട അണിയിച്ച് എസ്എംഎയുടെ സ്നേഹാദരവും നൽകി. യൂണിവേഴ്‌സിറ്റി, എ ലെവൽ, ജിസിഎസ്ഇ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയവരെയും യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ വിജയികളായവരെയും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ മേഴ്‌സി സജീഷ് സ്വാഗതവും ട്രഷറർ ജെയ്‌വിൻ ജോർജ് കൃതജ്ഞതയും അർപ്പിച്ചു.
ഓണാഘോഷങ്ങളുടെ ഭാഗമായി എസ്എംഎയുടെ കലാപ്രതിഭകളായ വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിര വേറിട്ട മികവുപുലർത്തി. കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച പുതുമയാർന്ന നൃത്തങ്ങളും ഗാനാലാപനങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും കാണികളുടെ മുഴുവൻ പ്രശംസയും ഏറ്റുവാങ്ങി. മുഴുവൻ പരിപാടികളുടെയും അവതാരകരായി എത്തിയ മേഴ്സി സജീഷ്, നിധി ജയ്‌വിൻ, സിൽവി ജോസ്, ആൻ മേരി സന്ദീപ് എന്നിവർ തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. രാത്രി എട്ടുമണിയോടെ പരിപാടികൾക്ക് പരിസമാപ്തിയായി. എസ് എം എ യുടെ ഓണാഘോഷ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
ഉണ്ണികൃഷ്ണൻ ബാലൻ
ബെൽഫാസ്റ്റ്:സമീക്ഷ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായി നോർത്തേൺ ഐർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റ് നഗരത്തിന്റെ തെക്കൻ മേഖലയിൽ പുതിയ യൂണിറ്റ് രുപീകരിച്ചു. യൂണിറ്റിന്റെ ഉദ്ഘടാനം ദേശീയ സെക്രട്ടറി ശ്രീ.ദിനേശ് വെള്ളാപ്പള്ളി നിർവ്വഹിച്ചു. പുരോഗമന ആശയങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സമീക്ഷ എന്ന കലാ സാംസ്കാരിക സംഘനയുടെ നാൾവഴികൾ വിശദീകരിച്ചു. നോർത്തേൺ ഐർലണ്ടിലെ മലയാളി സമൂഹത്തിന്റെ സാമൂഹികവും, സാസംകാരികവും, തൊഴിൽപരവും, വംശീയവുമായ വിഷയങ്ങളിൽ സമത്വം ഉറപ്പ് വരുത്താൻ ഉള്ള പ്രവർത്തനങ്ങളിൽ ഓരോ സമീക്ഷ അംഗങ്ങൾക്കും ഉത്തരവാദിത്തമുണ്ട് എന്ന് ദിനേശ് വെള്ളാപ്പള്ളിൽ അഭിപ്രായപ്പെട്ടു.
നോർത്തേൺ ഐർലൻഡ് ഏരിയാ കോർഡിനേറ്റർ ബൈജു നാരായണൻ സംഘടനാ കാര്യങ്ങൾ വിശദീരിച്ചു. ക്യുഎൻസ് യൂണിവേഴ്സിറ്റി, സിറ്റി ഹോസ്പിറ്റൽ തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങൾ അടങ്ങുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന കമ്മിറ്റി എന്ന നിലയിൽ സമീക്ഷ ബെൽഫാസ്റ്റ് സൗത്ത് ഘടകം കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടത് ഉണ്ട് എന്ന് ശ്രീ. ബൈജു നാരായണൻ അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ചർച്ചയിൽ ബെൽഫാസ്റ്റിൽ ഏറ്റവും കൂടുതൽ മൾട്ടികൾച്ചറൽ ജീവിത ശൈലി ഉള്ള പ്രദേശമാണ് നഗരത്തിന്റെ തെക്കൻ പ്രദേശം. അത് കൊണ്ട് തന്നെ ഇതര സമൂഹങ്ങളുമായി പൊതു വിഷയങ്ങളിൽ സഹകരണം ഉറപ്പ് വരുത്തണം എന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ബെൽഫാസ്റ്റ് സൗത്ത് സോൺ കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായി ശ്രീ:മഹേഷ് കുമാർ, പ്രസിഡന്റായി ശ്രീ.ജയൻ മലയിൽ എന്നിവരെ തിരിഞ്ഞെടുത്തു. ട്രഷറർ-ശ്രീ അഭിലാഷ് , ജോയിന്റ് സെക്രട്ടറി ശ്രീ കെവിൻ കോശി,വൈസ് പ്രസിഡന്റ് -ശ്രീ റജി സാമുവൽ എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ഷാനോ
യുകെയിൽ പ്രസിദ്ധമായ യോർക്ഷയറിലെ കീത്തിലിയിലിൽ പുതുതായി എത്തിയ മലയാളി സമൂഹം രൂപം കൊടുത്ത ‘പ്രതീക്ഷ’ മലയാളി കൾച്ചറൽ അസ്സോസിയേഷൻ്റെ പ്രഥമ ഓണാഘോഷം അതിഗംഭീരമായി നടന്നു. ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് കീത്തിലി വിക്ടോറിയ ഹാളിൽ
പ്രതീക്ഷയുടെ പ്രസിഡൻ്റ് ലിനേഷ് N C, ജോമോൾ ജ്യോതി വൈസ് പ്രസിഡൻ്റ്, ശ്രീജേഷ് സലിംകുമാർ സെക്രട്ടറി, രാഹി ഷിൻസ് ജോയിൻ്റ് സെക്രട്ടറി, സൽജിത് കെ സത്യവൃതൻ ട്രഷറർ എന്നിവരുടെയും കമ്മറ്റിയംഗങ്ങളായ രഞ്ജിത്ത് മാത്യു, ജയ്സൺ ജോർജ് , സെബാസ്റ്റ്യൻ വി കെ, റോഷൻ പി ജി, ജിൻ്റു ജോമിഷ്, മിത ജീവൻ, ദീപു സാം, ടോണി മൈക്കിൾ, റെനിൽ & കൃഷ്ണ അഭിറാം തുടങ്ങിയവരുടെ നിറസാന്നിധ്യത്തിൽ
മലയാളിയും ഏയർഡെൽ NHS ഹോസ്പ്പിറ്റലിൻ്റെ നെഴ്സിംഗ് ഡെപ്യൂട്ടി ഡയറക്ടറുമായ സാജൻ സത്യൻ പ്രതീക്ഷയുടെ ഓണാഘോഷം നിലവിളക്ക് കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് സാജൻ സത്യൻ പ്രതീക്ഷയിലെ കുടുംബാംഗങ്ങൾക്കായി ഓണസന്ദേശം നൽകി. നാടുവിട്ടാലും മലയാളികൾ മലയാളത്തിൻ്റെ ആഘോഷങ്ങൾ മറക്കാറില്ല. ലോകത്തിൻ്റെ ഏത് ഭാഗത്ത് അവർ എത്തിയാലും അവരത് മലയാള തനിമയിൽ തന്നെ ആഘോഷിക്കും.
മലയാളികളുടെ ആഘോഷങ്ങൾക്ക് ഒത്തൊരുമയുടെ സ്വരമുണ്ട്. മലയാളികളുടെ ആഘോഷം മലയാളികൾ ആയിരിക്കുന്ന പ്രാദേശിക സമൂഹത്തിന് ഒത്തൊരുമയുടെ മാതൃകയാകണം എന്ന് സാജൻ സത്യൻ തൻ്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
തുടർന്ന് പ്രതീക്ഷയുടെ കലാകാരികൾ അവതരിപ്പിച്ച മെഗാ തിരുവാതിര നടന്നു. നാൽപ്പതിൽപ്പരം പേർ പങ്കുചേർന്ന മെഗാ തിരുവാതിര പ്രതീക്ഷയുടെ ഓണാഘോഷത്തിൽ ശ്രദ്ധേയമായി. മെഗാ തിരുവാതിരയ്ക്ക് ശേഷം ഓണക്കാലത്ത് കേരളത്തിൽ മലയാളികൾ കളിക്കുന്ന പുലികളിയും അരങ്ങേറി. തുടർന്ന് ഓണസദ്യ ആരംഭിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയിൽ ഇരുനൂറ്റി എഴുപത് ഇലകളിൽ സദ്യ വിളമ്പി.
വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം കലാപരിപാടികൾ തുടർന്നു. സ്റ്റേജ് നിറഞ്ഞാടിയ നൃത്തനൃത്യങ്ങൾ.. ആലാപനശൈലിയിൽ കഴിവ് തെളിയ്ച്ച പ്രതീക്ഷയുടെ കലാകാരന്മാർ മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടി.
തുടർന്ന് പ്രതീക്ഷയുടെ ഓണാഘോഷ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം നടന്നു.
വടംവലി മത്സരമായിരുന്നു പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ്റെ ഓണാഘോഷങ്ങളിൽ പ്രധാനം.
സ്ത്രീകളും പുരുഷന്മാരുമായി തിരിഞ്ഞ് എട്ട് ടീമുകളാണ് മത്സരത്തിനെത്തിയത്.
കാണികൾ ഏറ്റവും കൂടുതൽ ആസ്വദിച്ചത് വടംവലി മത്സരമായിരുന്നു.
രണ്ടായി തിരിഞ്ഞ് നടത്തിയ മത്സരത്തിൽ ഇരുവിഭാഗത്തിൽ നിന്നും ഓരോരുത്തർ വിജയിച്ചു.
കൂടാതെ ഓണാഘോഷത്തിന്റെ ഭാഗമായി നാലു ദിവസങ്ങളിലായി ഫുട്ബോൾ , ക്രിക്കറ്റ് , ബാഡ്മിന്റൺ എന്നീ മത്സരങ്ങൾ നടത്തുകയും വിജയിച്ച ടീമുകൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ നടത്തുകയുണ്ടായി.
രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികൾ വൈകിട്ട് ഏഴ് മണിയോടെ അവസാനിച്ചു.
ഫാൽകിർക് മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾ 09/09/23 ശനിയാഴ്ച്ച
ഫാൽകിർകിലെ ബൗഹൗസ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിമനോഹരമായി നടത്തി. കൂട്ടായ്മയുടെ ജോയിൻ സെക്രട്ടറി മീന സാബുവിന്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ വർണ്ണശബളമായ അത്തപ്പൂക്കളം ഏവരുടെയും കണ്ണിനും മനസ്സിനും കുളിർമയേകി. ആർപ്പു വിളികളോടെയും ഹര്ഷാരവത്തോടെയും മഹാബലിയെ വരവേറ്റു. ലക്ഷണമൊത്ത മഹാബലിയായി വേഷമിട്ട ജോർജ് വര്ഗീസും കൂട്ടായ്മയുടെ ഭാരവാഹികളും ചേർന്ന് സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡണ്ട് ഫ്രാൻസിസ് മാത്യു അധ്യക്ഷത വഹിക്കുകയും എല്ലാവരെയും ഓണാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
കൂട്ടായ്മയുടെ സീനിയർ മെമ്പർ ആയ സാബു കുര്യാക്കോസ് ഓണാശംസകൾ നേർന്നു കൊണ്ട് പ്രസംഗിച്ചു. തുടർന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷങ്ങൾക്ക് തിരിതെളിച്ചു .ചാരുതയാർന്ന തിരുവാതിരയും ഓണപ്പാട്ടും ഏവർക്കും ഹൃദ്യമായി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വാശിയേറിയ വടംവലി മത്സരങ്ങൾ ആവേശകരമായി നടത്തിയതിനു ശേഷം ഓണസദ്യ ആരംഭിച്ചു. ഓരോ കുടുംബങ്ങളും തയ്യാറാക്കി കൊണ്ടുവന്ന തനത് നാടൻ രീതിയിലുള്ള വിഭവങ്ങൾ നിറഞ്ഞ ഓണസദ്യ വളരെ സ്വാദോടെ എല്ലാവരും ആസ്വദിച്ചു.
ലിൻലിത്ഗോ ആൻഡ് ഈസ്റ്റ് ഫാൽകിർക്ക് എംപിയായ മാർട്ടിൻഡേയുടെയും ഫാമിലിയുടെയും സാന്നിധ്യം ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകർന്നു. ഒപ്പം വടംവലി മത്സാരാതിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
ആവേശത്തോടെ എല്ലാ കലാപരിപാടികളിലും പങ്കു കൊണ്ടും പിന്തുണച്ചും നിലകൊണ്ട എല്ലാവർക്കും, കൂടാതെ കൂട്ടായ പ്രവർത്തനത്തിലൂടെ ഓണാഘോഷം വൻ വിജയമാക്കിത്തീർത്ത കമ്മിറ്റി അംഗങ്ങൾക്കും ചാരുതയാർന്ന പരിപാടികൾ അവതരിപ്പിക്കാൻ പിന്തുണ നൽകിയ മാതാപിതാക്കൾക്കും അതോടൊപ്പം റാഫിൾ സമ്മാനങ്ങൾ സ്പോൺസർ ചെയ്തവർക്കും ആഘോഷത്തിന് ഭാഗമായി നമ്മുടെ ക്ഷണം സ്വീകരിച്ച് എത്തിയ മാർട്ടിൻഡേ എംപിക്കും ഫാമിലിക്കും പരിപാടികൾ ഭംഗി ആക്കി തീർത്ത ആങ്കർ സ്റ്റെഫിക്കും കമ്മിറ്റി മെമ്പർ ലിസി ജിജോ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഈ വർഷത്തെ ഓണാഘോഷങ്ങൾ പര്യവസാനിച്ചു.
കോണ്‍വാളില്‍ ട്രൂറോ മലയാളി അസോസിയേഷന്‍ അതിവിപുലമായ ഓണഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തനതായ കലാപരിപാടികളും മത്സരങ്ങളും വിഭവസമ്രുദ്ധമായ ഓണസദ്യയും ചേര്‍ന്ന ഓണം വിത്ത് ട്രൂറോ മലയാളി ഞായറാഴ്ചയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച സെന്റ് എർമെ കമ്മ്യൂണിറ്റി ഹാളിലാണ് ആഘോഷങ്ങള്‍ നടക്കുക. 200 ത്തില്‍ അധികം മലയാളികള്‍ പങ്കെടുക്കുന്ന ഈ മഹാ മാമാങ്കത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
എയിൽസ്ബറി മലയാളി സമാജം(AMS) ന്റെ ഈ വർഷത്തെ ഓണാഘോഷം കഴിഞ്ഞ സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്ച ഗംഗേ സ്കൂൾ ഹാളിൽ വച്ച് നടന്നു. മാവേലിയെ പ്രധാന കവാടത്തിൽ നിന്നും തനി കേരള തനിമ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞ കേരള മങ്കമാർ , പുഷ്പഹാരം ചാർത്തി സ്റ്റേജിലേക്ക് ആനയിച്ചത് വേറിട്ട കാഴ്ചയായി. നാട്ടിൽ നിന്നും ഇപ്പോൾ യുകെയിൽ എത്തിയതിൽ ഏറ്റവും പ്രായം കൂടിയ മുത്തശ്ശിയായ ശ്രീമതി പാറുക്കുട്ടിയമ്മ പ്രധാന ദീപം കെളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തത്.
നാട്ടിൽനിന്ന് എത്തിയ മുതിർന്നവർ എല്ലാം സ്റ്റേജിൽ സന്നിഹിതനായിരുന്നു . പ്രസിഡന്റ് കെൻ സോജൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കോട്ടയം ഗവൺമെൻറ് സഹകരണ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ശ്രീ എം എൻ ഗോപാലകൃഷ്ണൻ നായർ ഓണ സന്ദേശം നൽകി. സെക്രട്ടറി മാർട്ടിൻ സെബാസ്റ്റ്യൻ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും , ട്രഷറർ: ബിന്നു ജോസഫ് വാർഷിക കണക്കും അവതരിപ്പിച്ചു . നയന മനോഹരമായ അതിശയിപ്പിക്കുന്ന കലാപരിപാടികളും വടംവലി, അത്തപ്പൂക്കളം, നാടൻ ഇലയിലുള്ള വിഭവമായ സദ്യ എന്നിവയും ഏവരും ആസ്വദിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ദിലീപിൻെറ കൃതജ്ഞതയോടെ പരിപാടികൾ സമാപിച്ചു.
ഷാനോ
വെസ്റ്റ് യോർക്ഷയറിലെ കീത്തിലിയിൽ നവാഗതരായ മലയാളി സുഹൃത്തുക്കൾ രൂപീകരിച്ച ” പ്രതീക്ഷ മലയാളി കൾച്ചറൽ അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ ഒൻപത് ശനിയാഴ്ച കീത്തിലി വിക്ടോറിയ ഹാളിൽ വച്ച് നടക്കുന്നു. നിരവധി കലാ കായിക മത്സരങ്ങളുടെ പൂരവേദിയാകുന്ന ഓണാഘോഷം എയർഡെൽ എൻ എച്ച് എസ് ആശുപത്രിയുടെ ഡെപ്യൂട്ടി ചീഫ് നേഴ്സ് സാജൻ സത്യൻ ഉദ്‌ഘാടനം ചെയ്യും. വർണ്ണശബളമായ മെഗാ തിരുവാതിരയുടെയും പുലികളിയുടെയും ഘോഷയാത്രയുടെയും അകമ്പടിയോടെ പ്രതീക്ഷയുടെ ഓണാഘോഷം രാവിലെ ഒൻപതു മണിക്ക് ആരംഭിക്കും. തുടർന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ വിവിധ തരത്തിലുള്ള കലാ സംസ്കാരിക പരിപാടികൾ അരങ്ങേറും. അതോടൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും നടക്കും.
2020 തിൻ്റെ ആരംഭത്തിൽ കീത്തിലിയിൽ മലയാളികളുടെ രണ്ടാം വരവ് ആരംഭിച്ചിരുന്നെങ്കിലും 2022 ഒക്ടോബറിലാണ് നവാഗതർ ഒരുമിച്ച് ഒരസോസിയേഷന് രൂപം കൊടുത്തത്. നൂറ്റിമുപ്പതിലധികം കുടുംബങ്ങൾ അംഗമായിട്ടുള്ള പ്രതീക്ഷയുടെ പ്രഥമ ഓണാഘോഷമാണ് സെപ്റ്റംബർ 9 തിന് കീത്തിലി വിക്ടോറിയ ഹാളിൽ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ലിനേഷ് എൻ സി പ്രസിഡൻ്റ്, ജോമോൾ ജ്യോതി വൈസ് പ്രസിഡൻ്റ്, ശ്രീജേഷ് സലിംകുമാർ സെക്രട്ടറി, രാഹി ഷിൻസ് ജോയിൻ്റ് സെക്രട്ടറി, സൽജിത്ത് സത്യവൃദൻ ട്രഷറർ എന്നിവരോടെപ്പം രജ്ഞിത്, സെബാസ്റ്റ്യൻ, റോഷൻ, മിത, ദീപു സാം, ക്രിഷ്ണ, ജിൻ്റു, ജെയ്സൺ, റെനിൽ, ടോണി എന്നിവരടങ്ങിയ ഒരു വലിയ ടീമാണ് പ്രതീക്ഷയുടെ സാരഥികൾ.
പ്രാദേശീക പിന്തുണയോട് കൂടി നടത്തപ്പെടുന്ന പ്രതീക്ഷയുടെ പ്രഥമ ഓണാഘോഷ പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
പ്രവർത്തന മികവ് കൊണ്ടും, സംഘടനാ പ്രാവീണ്യം കൊണ്ടും, യുകെയിലെ തന്നെ പ്രമുഖ ഹിന്ദു സമൂഹ കൂട്ടായ്മകളിൽ മുൻനിരയിൽ നിൽക്കുന്ന ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ ഓണാഘോഷം മാഞ്ചസ്റ്ററിലെ ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഈ കഴിഞ്ഞ ശനിയാഴ്ച സെപ്റ്റംബർ രണ്ടിന് 500 ഓളം ആളുകളെ സംഘടിപ്പിച്ച് അതിവിപുലമായി ആഘോഷിച്ചു. GMMHC കുടുംബാംഗങ്ങൾ തലേദിവസം തന്നെ ജയൻ കമ്മ്യൂണിറ്റി സെൻറർ ഹാളിൽ ഒത്തുചേർന്ന് ഒരുക്കിയ കേരളത്തനിമയോടെയുള്ള സ്വാദിഷ്ടമായ ഇരുപത്തഞ്ചിൽപരം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ഏവർക്കും മറക്കാത്ത ഒരു അനുഭവമായിരുന്നു.
ഏകദേശം 500 ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം താലപ്പൊലിയേന്തിയ അമ്പതോളം തരുണീമണികളുടെയും മുത്തുക്കുടയും നെറ്റിപ്പട്ടവും അണിയിച്ച മാഞ്ചസ്റ്റർ മണികണ്ഠന്റെയും യുകെയിലെ തന്നെ പ്രശസ്ത ചെണ്ട മേള ടീം ആയ മാഞ്ചസ്റ്റർ മേളത്തിന്റെയും 100 കണക്കിന് പുരുഷാരത്തിന്റെ ആർപ്പുവിളികളോടെയും മാവേലി തമ്പുരാനെയും വാമനനെയും വേദിയിലേക്ക് ആനയിക്കുകയുണ്ടായി. തുടർന്ന് 2023 ലെ ഓണാഘോഷത്തിന്റെ കലാ സാംസ്കാരികോത്സവത്തിന്ന് തുടക്കം കുറിച്ചു.
ഓണാഘോഷത്തിലേക്ക് സന്നിഹിതരായ ഏവരെയും പ്രസിഡന്റ് രാധേഷ് നായർ ഹാർദ്ദവമായി സ്വാഗതം ചെയ്തു. ഏഴുതിരിയിട്ട ഭദ്രദീപം മാവേലി തമ്പുരാനും കമ്മറ്റി അംഗങ്ങളും കൂടി തെളിയിച്ച് ഉത്‌ഘാടനം നിർവ്വഹിച്ച തോടു കൂടി കലാസാംസ്കാരിക പരിപാടികൾക്ക് ആരംഭിച്ചു. അക്കാഡമിക് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് GMMHC ഭാരവാഹികൾ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിരക്കളി ഓണാഘോഷത്തിന് മാറ്റുകൂട്ടുകയുണ്ടായി. കുഞ്ഞുമക്കളടങ്ങുന്ന GMMHC യിലെ കലാകാരന്മാരും കലാകാരികളും നടത്തിയ നയന ശ്രവണ സുന്ദരമായ വിവിധങ്ങളായ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി.
200 കുടുംബങ്ങളുള്ള ജി എം എച്ച് സി യുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും അധികം ആളുകളെ (500) സംഘടിപ്പിച്ച ഓണാഘോഷം നടത്തിയത് എന്ന് ട്രഷറർ സുനിൽ ഉണ്ണി അഭിപ്രായപ്പെട്ടു. ആഴ്ചകൾക്ക് മുന്നേ ആരംഭിച്ച ഒരുക്കങ്ങൾക്ക് ശേഷം GMMHC യുടെ 2023 ഓണാഘോഷം അതിഗംഭീരമാക്കിയതിന് അഹോരാത്രം അക്ഷീണം പ്രയത്നിച്ച എല്ലാ GMMHC കുടുംബാംഗങ്ങൾക്കും ഓണം സെലിബ്രേഷൻ സ്പോൺസർമാർക്കും ജോയിന്റ് സെക്രട്ടറി ഹരീഷ് ചന്ദ്രൻ നന്ദിപറഞ്ഞതോടെ ഈ വർഷത്തെ ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചു. GMMHC 2023 സെപ്റ്റംബർ പതിനാറിന് ശനിയാഴ്ച വൈകിട്ട് അഞ്ച് മുതൽ പത്തു വരെ ഡെന്റൺ വെസ്റ്റ് എൻഡ്. ഹാളിൽ നടത്തുന്ന ബാലഗോകുലം-ശ്രീകൃഷ് ണജയന്തി ആഘോഷത്തിൽ കാണാമെന്ന ഉറപ്പോടെ കുടുംബാംഗങ്ങൾ വേദി വിട്ടു.