മലയാളി മെഡിക്കൽ അസോസിയേഷൻ യുകെയുടെ വാർഷിക ലൈവ് വെർച്ച്വൽ കൂട്ടായ്മ ജനുവരി 30 ന് നടത്തുവാൻ തീരുമാനിച്ചു. യൂറ്റ്യൂബിലൂടെയും, സൂമിലൂടെയും സംപ്രേഷണം ചെയ്യുന്ന മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള പരിപാടിയിൽ യുകെയിലും, നാട്ടിൽ നിന്നും ഉള്ള വിവിധ കലാകാരൻമാർ അണിനിരക്കുന്ന ഈ കലാസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി എംഎംഎ യുടെ ഭാരവാഹികൾ അറിയിച്ചു. കലാവിരുന്നിന് മാറ്റു കൂട്ടാൻ എത്തുന്നത് യുകെയിൽ വളർന്ന് വരുന്ന താരങ്ങളായ ഈവാ കുര്യാക്കോസ്, സൗപർണ്ണികാ നായർ, ജിയാ ഹരികുമാർ, ലക്ഷ്മി രാജേഷ് എന്നിവരാണ്. ഇവരോടൊപ്പം പിയാനിസ്റ്റ് മിലാൻ മനോജ്, കോമഡി ഉത്സവം മിധുൻ രമേശ്, ശ്രീകുമാരൻ തമ്പി, മാൻകൊബ് ഗോപക്രിഷ്ണൻ എന്നിങ്ങനെ പലരും പങ്കെടുക്കുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നടത്താൻ പറ്റാതിരിക്കുകയും, ഈ വരുന്ന ജനുവരി മുപ്പതിന് നടത്താൻ തയാറെടുക്കുന്ന ആന്വൽ സോഷ്യൽ & കൾച്ചറലിന് എല്ലാവിധ ആശംസകളും നേരുന്നതായി കെ എസ് ചിത്ര, നടി നൈല ഉഷ, മിധുൻ രമേഷ് എംഎംഎയുടെ ഭാരവാഹികൾ മുഖേന അറിയിച്ചു. അതോടൊപ്പം ഈ പരിപാടി ഏവർക്കും ഒരു പുതിയ ഉണർവും, ഉന്മേഷവും, ഉത്തേജനവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടാപ്പം കോവിഡ് രോഗികളെ പരിചരിക്കുന്ന എല്ലാവരെയും സ്നേഹപൂർവം ഓർക്കുന്നു എന്നും, എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു എന്നും കെ എസ് ചിത്ര അറിയിച്ചു.
കോവിഡിന്റെ പിടിയിൽ അമർന്നിരിക്കുന്ന ഈ വിഷമ ഘട്ടത്തിൽ ഈ കലാപരിപാടികൾ നിങ്ങൾക്കേവർക്കും, ഒരാശ്വാസവും, ആനന്ദവും പ്രധാനം ചെയ്യുന്നതായിരിക്കുമെന്നും, എല്ലാവരും ഇതൊരറിയിപ്പായി സ്വീകരിക്കണമെന്നും എംഎംഎ ഭാരവാഹികൾ അറിയിച്ചു.
എംഎംഎയുടെ പ്രസിഡന്റ് ഡോ. ജോബ് സിറിയക്, സെക്രട്ടറി ഡോ ആന്റണി തോമസ് വാച്ചാപറമ്പിൽ, ട്രഷറർ ഡോ. സുരേഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് ഡോ. ജയൻ മന്നത് എന്നിവരാണ് എല്ലാ തയാറെടുപ്പുകൾക്കും നേതൃത്വം വഹിക്കുന്നത്.
കേരളത്തിൽ ആസന്നമായിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് തുടർഭരണം ഉറപ്പാക്കാൻ യുകെയിലും അയർലണ്ടിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ എൽഡിഎഫ് യുകെ & അയർലൻഡ് കമ്മിറ്റി നിലവിൽവന്നു. ഇടതുമുന്നണി പ്രവർത്തകരുടെ കൺവെൻഷനിൽ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
ശ്രീ.രാജേഷ് കൃഷ്ണ കൺവീനറായുള്ള കമ്മിറ്റിയിൽ , ശ്രീ.മാനുവൽ മാത്യു, ശ്രി.മുരളി വെട്ടത്ത് എന്നിവർ ജോയിൻറ് കൺവീനർമാരാകും , സർവ്വശ്രീ ടോമിച്ചൻ കൊഴുവനാലിൽ , ഷൈമോൻ തോട്ടുങ്ങൽ , സുജു ജോസഫ് , ലിയോസ് പോൾ , എബ്രഹാം കുര്യൻ , ബിനോജ് ജോൺ , ബിനു മുപ്രാപ്പള്ളി , ഷിനിത്ത് എ.കെ , വർഗ്ഗീസ് ജോയ് , ജയപ്രകാശ് മറയൂർ , ശ്രീമതി. സ്വപ്‌ന പ്രവീൺ ,ദിനേശ് ശ്രീധരൻ , രഞ്ജിഷ് ശശിധരൻ , ജിജോ അരയത്ത് , ബിജു ഗോപിനാഥ് , ആഷിഖ് മുഹമ്മദ് നാസർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
ശ്രീ.ഹർസെവ് ബെയ്‌ൻസ് കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയും സി.എ ജോസഫ് , രാജേഷ് ചെറിയാൻ , ജാനേഷ് സി.എൻ , വിനോദ് കുമാർ, ശ്രീകുമാർ എന്നിവർ രക്ഷാധികാരികളുമാണ്.
ജനുവരി 24 നു ചേർന്ന കമ്മിറ്റിയുടെ ആദ്യ യോഗം വിപുലമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ സബ്-കമ്മിറ്റികൾ രൂപീകരിച്ചു . പ്രമുഖ നേതാക്കളെയും മന്ത്രിമാരെയും യുകെയിലെ പ്രവാസി സമൂഹത്തെയും ഉൾപ്പെടുത്തി കൃത്യമായ ഇടവേളകളിൽ ആശയസംവാദത്തിനു വേദി ഒരുക്കും. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാകാനും പ്രവാസികളിൽ ആശയങ്ങൾ സ്വീകരിച്ചു ജനകീയ മാനിഫെസ്റ്റോ രൂപം നൽകാനുള്ള പ്രവർത്തനങ്ങൾക്കും കമ്മിറ്റി നേത്രത്വം നൽകും. പ്രവാസി സമൂഹത്തിന് വിവിധ മേഖലകളിലുള്ള പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനും ഘടകകഷികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു.
കേരളത്തിലെ ഇടതുപക്ഷ ജനകീയസർക്കാറിന്റെ ഭരണത്തുടർച്ച ലക്ഷ്യമാക്കി യുകെയിൽ LDF ക്യാമ്പയിൻ കമ്മിറ്റി രൂപീകരിച്ചു. ഓൺലൈനായി നടന്ന പ്രഥമ ഇടതുമുന്നണി യുകെ പ്രചാരണ കൺവെൻഷനിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സ.എംവി ഗോവിന്ദൻ മാസ്റ്റർ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു. രാജ്യത്തിനാകെ മാതൃകയായ ഇടതുപക്ഷ ബദൽ ആണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ എന്നും പ്രതിസന്ധികൾക്കിടയിലും ജനതയെ ചേർത്തുപിടിച്ചു മഹാമാരികൾക്കെതിരെ പോരാടി ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിയ പിണറായി സർക്കാരിന്റെ തുടർഭരണം നാടിന്റെ ആവശ്യം ആണെന്നും അതിനായി യുകെയിലെ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്നും ഗോവിന്ദൻമാസ്റ്റർ അഭ്യർത്ഥിച്ചു.
കൺവീനർ രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളാ കോൺഗ്രസ് (എം) നേതാവ് ശ്രീ. റോഷി അഗസ്റ്റിൻ എംഎൽ എ മുഖ്യാതിഥി ആയിരുന്നു.
കേരളത്തിലെ പിണറായി സർക്കാർ വളരെ മികച്ച പ്രവർത്തനം ആണ് കാഴ്ചവെക്കുന്നതെന്നും നാൽപതു വർഷം യുഡിഎഫിന്റെ ഭാഗമായി നിന്നിട്ടു കിട്ടാത്ത പരിഗണനയാണ് എൽഡിഫിൽ പുതുതായി വന്ന കേരളാകോൺഗ്രസിനു കിട്ടുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഏതൊരു പ്രതിസന്ധിയെയെയും തരണം ചെയ്യാൻ ശേഷിയുള്ള സഖാവ് പിണറായി വിജയൻ പ്രകൃതി ദുരന്തത്തെയും, നിപ്പ വൈറസിനെയും, സമചിത്തതയോടെ നേരിട്ട് ഇന്ന് കൊറോണയെ തുരത്തിയോടിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുന്നത്. മലയോര മേഖലയിലെ ജനങ്ങളോടുള്ള പരിഗണന യോടൊപ്പം വികസന സ്വപ്നങ്ങൾക്ക് യാതൊരു തടസവും ഉണ്ടാകാതിരിക്കാൻ ഇടതുപക്ഷ ഗവെർന്മെന്റ് പ്രത്യേകം ശ്രദ്ധിച്ചുവെന്നും ആക്ഷേപങ്ങളുടെ പെരുമഴ ഉണ്ടായിട്ടും സ്വസ്ഥതയോടെ ഭരണം നടത്താനുള്ള സാഹചര്യം ഉണ്ടായില്ലെങ്കിൽ പോലും അവിടെയൊന്നും മുട്ട് മടക്കാതെ ദീർഘ വീക്ഷണത്തോടെ നമ്മെ നയിച്ച പിണറായി സർക്കാരിന്റെ തുടര്ഭരണം സാധ്യമാകുമോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ലയെന്നും റോഷി അഗസ്റ്റിൻ എം എൽ എ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു .
യോഗത്തിനെത്തിയവർക്ക് ശ്രീ. ഷൈമോൻ തോട്ടുങ്കൽ സ്വാഗതം പറഞ്ഞു. AIC യുകെയുടെ സെക്രട്ടറിയും എൽഡിഫ് യുകെ മുഖ്യരക്ഷാധികാരിയുമായ ഹർസെവ് ബെയ്‌ൻസ് ക്യാമ്പയിൻ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ 21 അംഗ കമ്മിറ്റി രൂപീകരിച്ചു. കൺവീനറായി ശ്രീ.രാജേഷ് കൃഷ്ണയും ജോ. കൺവീനർമാരായി ശ്രീ.മുരളി വെട്ടത്തും ശ്രീ. മാനുവൽ മാത്യുവും ചുമതലയേൽക്കും. പ്രചാരണ പ്രവർത്തനങ്ങൾക്ക് വിവിധ സബ് കമ്മിറ്റികൾ പിന്നീട് രൂപീകരിക്കുമെന്ന് കൺവീനർ യോഗത്തിൽ അറിയിച്ചു.
സൂം മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി ഫേസ്ബുക്ക് ലൈവ് ഒരുക്കിയിരുന്നു. ഏതാണ്ട് രണ്ടായിരത്തഞ്ഞൂറിലധികം പേർ ഫേസ്ബുക്ക് ലൈവിൽ പരിപാടി വീക്ഷിച്ചു.
യോഗത്തിൽ പങ്കെടുത്തും പിന്നണിയിൽ പ്രവർത്തിച്ചും ക്യാമ്പയിൻ കമ്മിറ്റി രൂപീകരണ കൺവെൻഷൻ വൻവിജയം ആക്കിയ എല്ലാവർക്കും ജോ.കൺവീനർ ശ്രീ. മുരളി വെട്ടത്ത് നന്ദി രേഖപ്പെടുത്തി.
യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ സംഘടനയും ശിവഗിരി മഠത്തിന്റെ പോഷക സംഘടനയുമായ ഗുരുധർമ്മ പ്രചരണസഭയുടെ യുകെയിലെ യൂണിറ്റ് സേവനം യുകെ 2021ലെ കലണ്ടർ പ്രസിദ്ധീകരിച്ചു. യുകെയിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളും, മലയാള മാസം, രാഹുകാലം തുടങ്ങിയവ ഉൾപ്പെടുത്തികൊണ്ടുള്ള ഒരു സമ്പൂർണ്ണ കലണ്ടർ മൾട്ടി കളറിലാണ് അച്ചടിച്ചിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരിയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്തും യുകെയിലെ എല്ലാ ഗുരുവിശ്വാസികളുടെ വീടുകളിലും സൗജന്യമായി കലണ്ടർ എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ഇനിയും കലണ്ടർ കിട്ടാനുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്നും സേവനം ഡയറക്ടർ ബോർഡ് അറിയിച്ചു.
https://www.sevanamuk.com/registration/
കേരള നിയമസഭാ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിക്കുകയാണ്. യുകെയിലെ ഇടതുമുന്നണി ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം ഇന്ന് (ജനുവരി 23 ശനിയാഴ്ച) ഉച്ചയ്ക്ക് 2:30ന്(GMT) (ഇന്ത്യൻ സമയം രാത്രി 8 മണി) സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സ.എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. യുകെയിലെ കലാസാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ മുഖ്യാതിഥി ആയി കേരളാ കോൺഗ്രസ്സ് നേതാവ് ശ്രീ റോഷി അഗസ്റ്റിൻ പങ്കെടുക്കും. LDF UK കൺവീനർ സ.രാജേഷ് കൃഷ്ണയുടെ അധ്യക്ഷതയിൽ നടക്കുന്ന കൺവെൻഷനിൽ AIC UK സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ് യുകെയിലെ LDF ക്യാമ്പയിൻ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തും. പ്രവാസി കേരള കോൺഗ്രസ്സ് അധ്യക്ഷൻ ശ്രീ. ഷൈമോൻ തോട്ടുങ്ങൽ, യുകെയിലെ കലാസാംസ്കാരിക രംഗത്തെ പ്രമുഖ സാന്നിധ്യമായ ശ്രീ. മുരളി വെട്ടത്ത് തുടങ്ങിയവർ സംസാരിക്കും.
യോഗത്തിൽ പങ്കെടുക്കാവാനും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ തുടർഭരണം ഉറപ്പാക്കുവാനുമുള്ള പ്രവർത്തനങ്ങളിൽ അണിചേരുവാനും എല്ലാ പ്രവാസി സുഹൃത്തുക്കളും മുന്നിട്ടിറങ്ങണം എന്ന് AIC സെക്രട്ടറി സ.ഹർസെവ് ബെയ്‌ൻസ്, LDF (UK) ക്യാമ്പയിൻ കമ്മിറ്റി കൺവീനർ സ.രാജേഷ് കൃഷ്ണ എന്നിവർ അഭ്യർത്ഥിച്ചു
Zoom മീറ്റിങ്ങ്, ഫേസ്ബുക്ക് ലൈവ് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലൂടെ പരിപാടിയിൽ പങ്കെടുക്കാം. AIC UK യുടെ ഫേസ്ബുക്ക് പേജിൽ കൺവെൻഷൻ തത്സമയം വീക്ഷിക്കാവുന്നതാണ്.
ഏബ്രഹാം കുര്യൻ
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ സ്ത്രീപക്ഷ എഴുത്തു കാരിയും, കലാകാരിയും തൃശ്ശൂർ ഗവൺമെന്റ് കോളജിലെ ആർട്ട് ഹിസ്റ്ററി ലക്ചററുമായ ഡോ കവിത ബാലകൃഷ്ണൻ ഇന്ന് 5 PM ന് ‘കലയെഴുത്തിൻ്റെ മലയാളം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. പ്രശസ്ത ആർട്ടിസ്റ്റും മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാഗത്ഭ്യമുള്ള എഴുത്തുകയും ആയ ഡോ കവിത ബാലകൃഷ്ണൻ ബറോഡയിലെ എം എസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ആർട്ട് ഹിസ്റ്ററിയിൽ MFA യും Illustrated print picture culture in 20th Centuary India എന്ന വിഷയത്തിൽ ഗവേഷണം നടത്തി ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഡോ കവിതയുടെ ആർട്ടിക്കിളുകൾ പ്രധാനപ്പെട്ട ഇൻഡ്യൻ കലാ ജേർണലുകളായ Marg, Art and deal, take on art എന്നിവയിലും ലണ്ടൻ ജേർണലായ Journal of Illustrated research intellect ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചത് കൂടാതെ ഇൻഡ്യയിലും വിദേശത്തുമായി ധാരാളം ചിത്ര ശില്‌പ കലാപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. കലയെഴുത്തിനെ പറ്റി പ്രശസ്തമായ ചില സംവാദങ്ങളും ഡോ കവിതയുടേതായിട്ടുണ്ട്.
” നമ്മെ പുരുഷത്തവും പെണ്ണത്തവുമാക്കി അടച്ചിട്ട് വച്ച ഘടനയെ അഭിമുഖീകരിച്ചു തന്നെ അപ്രസക്തമാക്കണം”
“പെണ്ണെന്ന നിലയിൽ ഞാനും ആണെന്ന നിലയിൽ നിങ്ങളും അഴിച്ചു പണിഞ്ഞു കൊണ്ടിരിക്കുന്ന പ്രക്രിയയെ ആണ് കല എന്നു താൻ കരുതുന്നത് ” “അധികാരിയുടെ സ്വരത്തിലല്ലാതെ നിങ്ങൾ സംവദിക്കൂ എന്നാണ് എന്റെ സ്ത്രീപക്ഷം കണ്ണും കാതും തുറന്ന് പറയുന്നത് ” എന്നിങ്ങനെ പറയുന്ന വേറിട്ട സ്ത്രീപക്ഷ സംവാദത്തെ ഡോ കവിത മുന്നോട്ടുവയ്ക്കുന്നു.
കലയെഴുത്തിന്റെ വക്താവ് എന്നറിയപെടാൻ ആഗ്രഹിക്കുന്ന ഡോ കവിത മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ‘കലയെഴുത്തിന്റെ മലയാളം’ എന്ന വേറിട്ട പ്രഭാഷണത്തിലേക്ക് എല്ലാ ഭാഷാ സ്നേഹികളെയും മലയാളം മിഷൻ യു കെ ചാപ്റ്റർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞയാഴ്ച മലയാളം മിഷൻ ഭാഷാ പ്രവർത്തകനും അധ്യാപക പരിശീലകനുമായ ഡോ എം ടി ശശി ‘മലയാളത്തനിമയുടെ ഭേദങ്ങൾ’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം ശ്രോതാക്കളെ ഗൃഹാതുരത്വത്തിലേക്കും ഗതകാല സ്മരണയിലേക്കും കൂട്ടിക്കൊണ്ടുപോയതായി ഏവരും അയിപ്രായപ്പെട്ടു
മുൻ ആഴ്ചകളിൽ മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയൻ ശ്രീ വിനോദ് നാരായണൻ, ഗോൾഡ് 101.3 FM ന്യൂസ് എഡിറ്റർ തൻസി ഹാഷിർ, ഉത്തരാധുനീക സാഹിത്യകാരൻ ശ്രീ പി.എൻ ഗോപീകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ശ്രീ സി അനൂപ്, മലയാളം സർവ്വകാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ്, മാദ്ധ്യമ പ്രവർത്തകനും സാഹിത്യ നിരൂപകനുമായ ഡോ പി കെ രാജശേഖരൻ എന്നിവർ നടത്തിയ പ്രഭാഷണങ്ങൾ കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത്. ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങൾ ആ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്തു.
മലയാളം മിഷൻ അധ്യാപകർക്കും കുട്ടികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.
ഇന്ന് (24/01/2021) ഞായറാഴ്ച്ച വൈകിട്ട് യുകെ സമയം 5PM, ഇൻഡ്യൻ സമയം 10.30 PMനുമാണ് ഡോ കവിത ബാലകൃഷ്ണൻ ‘കലയെഴുത്തിന്റെ മലയാളം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.
ബ്രിട്ടനിലെ പ്രമുഖ കല ,സാംസകാരിക സംഘടനയായ ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ നാലാം വാർഷികം ജനുവരി 23 ,ശനിയാഴ്ച ഉച്ചക്ക് 1 :30 (യുകെ ) ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് ഓൺലൈനിൽ ഉത്‌ഘാടനം ചെയ്യും. മലയാള ചലച്ചിത്ര നടൻ ശ്രീ എം .ആർ.ഗോപകുമാർ ആണ് ചടങ്ങുകൾ ഉത്‌ഘാടനം ചെയ്യുന്നത് . കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ വിദ്യാഭാസ ചാരിറ്റി പ്രോജക്ടിന്റെ ഉത്‌ഘാടനം ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനി ആയ എ .വി .എം.പ്രൊഡക്ഷൻസിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറും ,ചെന്നൈയിലെ പ്രമുഖ വിദ്യാഭാസ സ്ഥാപനമായ എ .വി .എം .രാജേശ്വരി എഡ്യൂക്കേഷണൽ ട്രസ്റ്റ് സെക്രട്ടറിയുമായ ശ്രീ എ .വി..എം.ഷൺമുഖം നിർവഹിക്കും .
തായ്‌വാനിലെ പ്രമുഖ കലാ സാംസകാരിക പ്രവർത്തകനും ,കാർട്ടൂണിസ്റ്റുമായ ശ്രീ ഡി.അജോയ് കുമാറിന്റെ ലൈവ് ഇല്ലുസ്ട്രേഷൻ ചടങ്ങിന്റെ മുഖ്യ ആകർഷണം ആയിരിക്കും . തുടർന്ന് പ്രശസ്ത ഗായികയായ ശ്രീമതി പ്രവീണ അനൂപും , കീബോർഡിസ്റ്റും ,പ്രോഗ്രാമ്മറും ആയ ശ്രീ അനൂപ് ആനന്ദും സംഗീത വിരുന്ന് ഒരുക്കും . മഹാമാരിയുടെ സാഹചര്യത്തിൽ ആദരവോടെ ,കരുതലോടെ ക്ലബ്ബിന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി വലിയ ആഘോഷങ്ങളില്ലാതെ ആയിരിക്കും ക്ലബ്ബിന്റെ വാർഷികം ആചരിക്കുക എന്ന് ക്ലബ്ബിന്റെ പ്രസിഡന്റ് ശ്രീ ജോസ് മാത്യു , സെക്രട്ടറി ശ്രീ ബിജുമോൻ ജോസഫ് ,ട്രഷറർ ശ്രീ ടോം ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു .
ഏബ്രഹാം കുര്യൻ
പ്രവാസി മലയാളികളുടെ കുട്ടികളുടെ മലയാള ഭാഷാ പഠന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുവാനായി, കേരള ഗവൺമെൻറ് തുടക്കം കുറിച്ച മലയാളം മിഷന്റെ ഭാഗമായി ആരംഭിച്ച, മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ പഠന കേന്ദ്രങ്ങളിലുമുള്ള കുട്ടികൾക്ക്, സർട്ടിഫിക്കറ്റ് കോഴ്സായ ‘കണിക്കൊന്ന’യുടെ മൂല്യനിർണ്ണയമായ പഠനോത്സവം 2021 ഏപ്രിൽ 10 ന് നടത്തുന്നു. എല്ലാ മേഖലകളിലെയും പഠന കേന്ദ്രങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ പേരുകൾ അതാത് മേഖലകളിലെ കോർഡിനേറ്റർമാർക്ക് 2021 ഫെബ്രുവരി 10 നകം നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ് .
കോവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കുകയാണെങ്കിൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ആയിരിക്കും പഠനോത്സവം സംഘടിപ്പിക്കുന്നത്. വിശദാംശങ്ങൾ മേഖല കോർഡിനേറ്റർമാർ അതാത് മേഖലകളിൽ പ്രവർത്തിക്കുന്ന പഠന കേന്ദ്രങ്ങളിലെ പ്രധാന അധ്യാപകരെ അറിയിക്കുന്നതാണ്.
മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ , വിദഗ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ് , പ്രവർത്തക സമിതി കൺവീനർ ഇന്ദുലാൽ സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പഠനോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി രൂപം കൊടുക്കുന്ന പ്രത്യേക സമിതിയാണ് പഠനോത്സവത്തിന്റെ ചുമതല നിർവ്വഹിക്കുന്നത്.
മലയാളം മിഷൻ നാല് ഘട്ടങ്ങളായി നടത്തുന്ന കോഴ്സുകളുടെ പ്രാരംഭ സർട്ടിഫിക്കറ്റ് കോഴ്സ് ആയ ‘കണിക്കൊന്ന’ യുടെ മൂല്യനിർണയമാണ് പഠനോത്സവം ആയി 2021 ഏപ്രിൽ 10ന് യുകെയിലെ പഠന കേന്ദ്രങ്ങളിൽ നടത്തുന്നത് . ഡിപ്ലോമ കോഴ്സ്സായ ‘സൂര്യകാന്തി’, ഹയർ ഡിപ്ലോമ കോഴ്സായ ‘ആമ്പൽ’, സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ ‘നീലകുറിഞ്ഞി’ എന്നിവയും വിജയകരമായി പൂർത്തിയാക്കുമ്പോഴാണ് പഠിതാവ് കേരളത്തിലെ പത്താം ക്ലാസ് പഠനത്തിന് തുല്യതയിലെത്തുന്നത് . കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തിൽ ജോലി ചെയ്യുന്നതിനായി പി എസ് സി നടത്തുന്ന എഴുത്തുപരീക്ഷകൾക്ക് മലയാളം മിഷൻ കോഴ്സ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ് .
പ്രവാസികളുടെ പുതുതലമുറയെ കേരളത്തിന്റെ സംസ്കാരവും ഭാഷയും ആയി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കേരള ഗവൺമെൻറ് സാംസ്കാരിക വകുപ്പിന്റെ കീഴിൽ മലയാളം മിഷൻ പ്രവർത്തിക്കുന്നു. ഇന്ത്യയ്ക്ക് പുറത്ത് 42 രാജ്യങ്ങളിലും കേരളത്തിന് വെളിയിൽ 24 സംസ്ഥാനങ്ങളിലുമായി മലയാളം മിഷൻ പ്രവർത്തനങ്ങൾ ഇപ്പോൾ വ്യാപിച്ചിരിക്കുന്നു . ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് മലയാളം മിഷൻ ചാപ്റ്ററുകളുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് മലയാളം മിഷന്റെ മുദ്രാവാക്യം. മലയാളം മിഷന്റെ ചെയർമാൻ ബഹു മുഖ്യമന്ത്രിയും ഡെപ്യൂട്ടി ചെയർമാൻ ബഹു സാംസ്കാരിക വകുപ്പ് മന്ത്രിയുമാണ്. പ്രൊഫ സുജ സൂസൻ ജോർജാണ് ഡയറക്ടർ. ശ്രീ എം സേതുമാധവൻ രജിസ്ട്രാർ ആയും ഡോ എം റ്റി ശശി പ്രധാന അദ്ധ്യാപക പരിശീലകൻ ആയും സേവനം അനുഷ്ഠിക്കുന്നു.
യു കെ യിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾ 2017 സെപ്തംബർ 22 ന് ലണ്ടനിൽ വെച്ചു ബഹു സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കീഴിൽ ഭൂപ്രകൃതി അനുസരിച്ച് തിരിച്ച ആറു മേഖലകളിലായി, 43 സ്കൂളുകളും, 109 അദ്ധ്യാപകരും, 625 പഠിതാക്കളും റജിസ്റ്റർ ചെയ്തിട്ടുണ്ട് . കൂടാതെ ഓൺലൈനിൽ നൂറോളം മലയാളം മിഷൻ യു കെ ചാപ്റ്റർ അധ്യാപകർക്ക്, മലയാളം മിഷന്റെ പ്രധാന അധ്യാപക പരിശീലകനായ ഡോ എം ടി ശശിയുടേയും മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധൻ്റെയും നേതൃത്വത്തിൽ ഓൺലൈൻ പ്രാഥമിക പരിശീലനവും നൽകുകയുണ്ടായി.
ശ്രീ സി. എ ജോസഫ് പ്രസിഡന്റും ശ്രീ ഏബ്രഹാം കുര്യൻ സെക്രട്ടറിയുമായുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഭരണ സമിതിയുടെ മേൽനോട്ടത്തിൽ മിഡ് ലാൻഡ് സ് മേഖലാ കോർഡിനേറ്റർ ശ്രീ ആഷിക് മുഹമ്മദ് നാസർ, നോർത്ത് മേഖലാ കോർഡിനേറ്റർ ശ്രീ ജനേഷ് സി എൻ, സൗത്ത് ഈസ്റ്റ് മേഖലാ കോർഡിനേറ്റർ ശ്രീ ബേസിൽ ജോൺ എന്നിവരുടെ മുഖ്യ ചുമതലയിൽ കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് ഭാഷാ പ്രചാരണത്തിനായുള്ള ശതദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവ് വിജയകരമായി പുരോഗമിക്കുന്നു. അതോടൊപ്പം മലയാളം മിഷൻ യു കെ ചാപ്റ്ററിൻ്റെ ചിരകാല അഭിലാഷമായ പഠനോത്സവം ഏപ്രിൽ 10ന് യാഥാർത്ഥ്യം ആകുവാനും പോകുന്നു.
മലയാളം മിഷൻ യു കെ ചാപ്റ്ററിലെ പരമാവധി പഠിതാക്കളെ ആദ്യഘട്ടത്തിൽ ‘കണിക്കൊന്ന’ മൂല്യ നിർണ്ണയമായ പഠനോത്സവത്തിൽ പങ്കെടുപ്പിക്കണമെന്നാണ് പ്രവർത്തക സമിതി ആഗ്രഹിക്കുന്നത് .
രണ്ടു തരത്തിൽ പഠിതാക്കൾക്ക് കണിക്കൊന്ന പഠനോത്സവത്തിൽ പങ്കെടുക്കാം. കുറഞ്ഞത് രണ്ടു വർഷത്തെയെങ്കിലും പഠന കേന്ദ്രങ്ങളിലെ കൃത്യമായ പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയവർക്കും, ലാറ്ററൽ എൻട്രിയിലൂടെ, മേഖലാ കോർഡിനേറ്ററുടേയും ചാപ്റ്റർ സെക്രട്ടറിയുടെയും, പഠിതാവ് പഠന നിലവാരം കൈവരിച്ചിട്ടുണ്ട് എന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ, നേരിട്ടും പഠനോത്സവത്തിൽ പങ്കെടുക്കാം. ഭാഷാപരമായ നിലവാരം, പഠന നേട്ടങ്ങൾ എന്നിവ ആർജിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമെ മേഖലാ കോർഡിനേറ്ററും ചാപ്റ്റർ സെക്രട്ടറിയും ലാറ്ററലായി പ്രവേശനോത്സവത്തിന് മലയാളം മിഷനിലേക്ക് ശുപാർശ ചെയ്യുകയുള്ളു. സ്റ്റഡി സെന്ററിലെ കൃത്യമായ പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കി നിലവാരത്തിൽ എത്തി എന്നു കരുതുന്ന കുട്ടികളുടെ ലിസ്റ്റ് മലയാളം മിഷനിലെ രജിസ്ട്രേഷൻ നമ്പർ, മുഴുവൻ പേര് (ഇംഗ്ലിഷിലും മലയാളത്തിലും) സ്റ്റഡി സെന്ററിലെ നിരന്തര മൂല്യനിർണ്ണയത്തിന്റെ മാർക്ക് (പരമാവധി 40% ) എന്നിവ സഹിതം മേഖലാ കോർഡിനേറ്റർമാരെ അറിയിക്കുകയും മേഖലാ കോർഡിനേറ്റർമാർ ചാപ്റ്റർ സെക്രട്ടറിയെയും, ചാപ്റ്റർ സെക്രട്ടറി മലയാളം മിഷനെയും അറിയിക്കുന്നതുയിരിക്കും. ബാക്കി 60% മൂന്നു മണിക്കൂർ കൊണ്ട് ഓൺലൈനിലൂടെ നടത്തുന്ന ആറ് പഠനോത്സവ പ്രവർത്തനങ്ങളിലൂടെ നൽകുന്നതാണ് .
ജാതി മത വർഗ്ഗ രാഷ്ട്രീയ ചിന്തകൾക്കതീതമായി നമ്മുടെ മാതൃഭാഷയും സാംസ്കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മുഴുവൻ യുകെ മലയാളികളുടെയും പിന്തുണ ഉണ്ടാവണമെന്നും, യുകെ ചാപ്റ്ററിലെ എല്ലാ പഠന കേന്ദ്രങ്ങളിലെയും കുട്ടികൾ പങ്കെടുത്തു ‘കണിക്കൊന്ന’ പഠനോത്സവം വിജയിപ്പിക്കണമെന്നും, മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതിക്ക് വേണ്ടി പ്രസിഡണ്ട് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യൻ, വിദഗ്ധ സമിതി ചെയർമാൻ ജയപ്രകാശ് എസ് എസ്, പ്രവർത്തക സമിതി കൺവീനർ ഇന്ദുലാൽ സോമൻ എന്നിവർ അഭ്യർത്ഥിച്ചു.
‘കണിക്കൊന്ന’പഠനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്ട്രേഷൻ 2021 ഫെബ്രുവരി 10 ന് മുൻപായി നടത്തേണ്ടതാണ് . രജിസ്ട്രേഷൻ നടത്തുന്നതിനുവേണ്ടി താഴെ പറയുന്ന മേഖലാ കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ് .
1. ബേസിൽ ജോൺ (സൗത്ത് മേഖല കോർഡിനേറ്റർ 07710021788)
2. ആഷിക് മുഹമ്മദ് നാസർ (മിഡ്ലാൻഡ്സ് മേഖല കോർഡിനേറ്റർ- 07415984534 )
3. ജനേഷ് നായർ (നോർത്ത് മേഖല കോർഡിനേറ്റർ- 07960432577 )
4. രഞ്ജു പിള്ള (സ്കോട്ട്‌ലൻഡ് മേഖല കോർഡിനേറ്റർ- 07727192181)
5. ജിമ്മി ജോസഫ് (യോർക്ക്ഷെയർ ആൻഡ് ഹംബർ മേഖല കോഡിനേറ്റർ- 07869400005 )
6. എസ് എസ് ജയപ്രകാശ് (നോർത്തേൺ അയർലൻഡ് മേഖല കോഓർഡിനേറ്റർ-07702686022)
പൊതുവായ അന്വേഷണങ്ങൾക്ക് യുകെ ചാപ്റ്റർ സെക്രട്ടറി ഏബ്രഹാം കുര്യനെ (07882 791150) മൊബൈൽ നമ്പറിലും താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.
മലയാളം മിഷൻ യുകെ ചാപ്റ്ററിലെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച പ്രവർത്തക സമിതിയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനായി പ്രവർത്തക സമിതിയുടെ ശുപാർശയിൽ, 3 വനിതകളെ കൂടി മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് നിയമിച്ചു. കെന്റിലെ ചിസ്സൽഹസ്റ്റിൽ പ്രവർത്തിക്കുന്ന സെൻറ് മാർക്ക് മിഷൻ സ്കൂളിലെ പ്രധാന അധ്യാപിക വിനീത എം ചുങ്കത്ത് , സമീഷ എക്സിറ്റർ പഠന കേന്ദ്രത്തിലെ അധ്യാപിക രാജി ഷാജി, ലണ്ടൻ ഡെറി ഹരിശ്രീ പഠന കേന്ദ്രത്തിലെ അധ്യാപിക ദീപ സുലോചന എന്നിവരെയാണ് പ്രവർത്തക സമിതിയിൽ നിയമിച്ചത് . ഇവർ ഉൾപെടെ ഇപ്പോൾ 19 അംഗ പ്രവർത്തക സമിതി ആണ് യുകെ ചാപ്റ്ററിന് ഉള്ളത് . പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തക സമിതി അംഗങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും അഭിനന്ദനങ്ങളും നേരുന്നതായി മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡണ്ട് സി എ ജോസഫും സെക്രട്ടറി എബ്രഹാം കുര്യനും അറിയിച്ചു.
യു കെ യിലെ പ്രബലമായ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) യുടെ പൊതുയോഗം കഴിഞ്ഞ ഞായറഴ്ച ( ജനുവരി 17 ) വൈകുന്നേരം വെർച്ചൽ മീറ്റിങിലൂടെ നടന്നു. കഴിഞ്ഞ ഒരുവർഷകാലത്തെ പ്രവർത്തനങ്ങൾ പൊതുയോഗം വിലയിരുത്തി വരവുചെലവ് കണക്കുകൾ അംഗീകരിച്ചു. കോവിഡ് ബാധിച്ച് ആളുകൾ ബുദ്ധിമുട്ടുന്ന ഈ കാലത്തും പാടാം നമുക്ക് പാടാം എന്ന പരിപാടിയിലൂടെ ഒട്ടേറെ കലാകാരന്മാർക്ക് അവരുടെ കഴിവ് തെളിയിക്കാൻ അവസരം ഒരുക്കി നടത്തിയ സംഗീത മത്സരം എല്ലാവരുടെയും അഭിനന്ദനം ഏറ്റുവാങ്ങി , കൂടാതെ ക്രിസ്തുമസ് ഹൗസ് ഡെക്കറേഷൻ മത്സരം വിജയകരമായി നടത്താൻ കഴിഞ്ഞു. കൂടാതെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനും ,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ലിമയ്ക്കു കഴിഞ്ഞതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി .തുടർന്നു അടുത്തവർഷത്തേക്കു വേണ്ടിയുള്ള പുതിയ കമ്മറ്റിയേയും തിരഞ്ഞെടുത്തു .
സെബാസ്റ്റ്യൻ ജോസഫ് പ്രസിഡന്റായും ,സോജൻ തോമസ് സെക്രട്ടറിയായും ജോസ് മാത്യു ട്രഷറായും ചുമതലയേറ്റു . കൂടാതെ ഇവരോടൊപ്പം 16 അംഗ കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു. ഈ കോവിഡിന്റെ മഹാദുരന്തത്തിൽ സമൂഹം കഷ്ടപ്പെടുമ്പോൾ പോലും കഴിയുന്ന മുഴുവൻ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് ലിവർപൂൾ മലയാളി സമൂഹത്തിനുവേണ്ടി ഒട്ടേറെ നൂതനമായ പരിപാടികൾ നടപ്പിലാക്കുമെന്ന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ് പറഞ്ഞു . കഴിഞ്ഞ ഒരുവർഷം ലിമയെ നയിച്ച പ്രസിഡണ്ട് സാബു ജോണിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് അവർ നടത്തിയ പ്രവർത്തനത്തിന് പുതിയ പ്രസിഡന്റ് നന്ദി അറിയിച്ചു. ഞയറാഴ്ച്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പൊതുയോഗം 9 മണിക്കാണ് അവസാനിച്ചത് .
ഏബ്രഹാം കുര്യൻ
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ശത ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവിൽ മലയാളം മിഷൻ ഭാഷാധ്യാപകനും, മലയാളം മിഷൻ അധ്യാപക പരിശീലന വിഭാഗം മേധാവിയുമായ ഡോ എം ടി ശശി ഇന്ന് 4 പി എം മിന് ‘മലയാളത്തനിമയുടെ .ഭേദങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു. പ്രശസ്ത മലയാള പണ്ഡിതനായ ഡോ എം ടി ശശി മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ പ്രഭാഷണത്തിലും സംവാദത്തിലും തത്സമയം പങ്കെടുക്കുവാൻ എല്ലാ മലയാള ഭാഷാസ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗമായിരുന്ന ഡോ എം ടി ശശി എം എ, എം എഡ്, എം ഫിൽ ബിരുദധാരിയാണ്. ‘ആർ രാമചന്ദ്രൻ്റെ കാവ്യ ജീവിതം ദർശന പരവും ശൈലീ പരവുമായ അപഗ്രഥനം’ എന്ന വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. ഇദ്ദേഹം മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം സ്വദേശിയാണ്. ഹയർ സെക്കൻഡറി അധ്യാപകനായിരുന്ന ഡോ എം ടി ശശി ഇപ്പോൾ ഡെപ്യൂട്ടേഷനിൽ മലയാളം മിഷൻ അധ്യാപക പരിശീലനം വിഭാഗം മേധാവിയായി പ്രവർത്തിക്കുന്നു. ആനുകാലികങ്ങളിൽ എഴുതാറുള്ള ഇദ്ദേഹം ‘നവ സാഹിത്യ പാഠങ്ങൾ ‘ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം മിഷൻ പ്രവർത്തകർക്ക് സുപരിചിതനും മലയാളം മിഷൻ അധ്യാപകരുടെ വഴികാട്ടിയുമായ ഡോ. എം ടി ശശിയുടെ പ്രഭാഷണം ശ്രവിക്കുന്നതിനും സംവാദങ്ങളിൽ പങ്കെടുക്കുന്നതിനുമായി എല്ലാ മലയാള ഭാഷാ സ്നേഹികളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
മലയാളം മിഷൻ യുകെ ചാപ്റ്റർ കേരളപ്പിറവിദിനത്തിൽ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി ഫെബ്രുവരി രണ്ടാം വാരം അവസാനിക്കുന്ന നൂറുദിന കർമ്മ പരിപാടികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന ഈ സാംസ്കാരിക പരിപാടികൾക്ക് വിവിധ മേഖലകളിൽ നിന്നുമുള്ള ആളുകളുടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞയാഴ്ച പ്രശസ്ത സാഹിത്യ വിമർശകനും മാധ്യമ പ്രവർത്തകനുമായ ഡോ പി കെ രാജശേഖരൻ ‘മലയാള സാഹിത്യവും ചലച്ചിത്ര ലോകവും’ എന്ന വിഷയത്തിൽ ചലച്ചിത്ര ശകലങ്ങളുടെ അകമ്പടിയോടു കൂടി നടത്തിയ പ്രഭാഷണം ഒരു വേറിട്ട അനുഭവം ആയിരുന്നു എന്ന് അത് ശ്രവിച്ചവർ അറിയിച്ചു. ഡോ പി കെ രാജശേഖരൻ്റെ പ്രഭാഷണത്തോടൊപ്പം മുൻ ആഴ്ചകളിൽ മലയാളം മിഷൻ രജിസ്ട്രാർ ശ്രീ എം സേതുമാധവൻ, ദളിത് ആക്ടിവിസ്റ്റ് ശ്രീമതി മൃദുലാദേവി എസ്, ബല്ലാത്ത പഹയൻ ശ്രീ വിനോദ് നാരായണൻ, ഗോൾഡ് 101.3 FM ന്യൂസ് എഡിറ്റർ തൻസി ഹാഷിർ, ഉത്തരാധുനീക സാഹിത്യകാരൻ ശ്രീ പി.എൻ ഗോപീകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ശ്രീ സി അനൂപ്, മലയാളം സർവ്വകാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ, മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജ് എന്നിവർ നടത്തിയിരുന്ന പ്രഭാഷണങ്ങളും കേൾക്കുവാൻ നിരവധി ആളുകളാണ് താല്പര്യപൂർവ്വം ലൈവിൽ എത്തിയിരുന്നത്. ഭാഷാ സ്നേഹികളായ പല ആളുകളും പ്രഭാഷകരോട് ചോദ്യങ്ങൾ ചോദിക്കുകയും ക്രിയാത്മകമായ സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ആയിരങ്ങൾ ആ പ്രഭാഷണങ്ങൾ ശ്രവിക്കുകയും ചെയ്തു.
മലയാളം മിഷൻ അധ്യാപകർക്കും കുട്ടികൾക്കും ഭാഷാ സ്നേഹികൾക്കും പ്രയോജനപ്രദമായ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന മലയാളം ഡ്രൈവിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസർ, ജനേഷ് നായർ, ബേസിൽ ജോൺ എന്നിവരാണ്.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ എല്ലാവർക്കും പ്രയോജനപ്രദമായ ലൈവ് പ്രഭാഷണങ്ങളും, ഭാഷാ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളും, ഭാഷാസ്നേഹികളായ മുഴുവൻ ആളുകളും പ്രോത്സാഹിപ്പിക്കണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യർത്ഥിച്ചു.
ഇന്ന് (17/01/2021) ഞായറാഴ്ച്ച വൈകിട്ട് യുകെ സമയം 4 പി എം, ഇൻഡ്യൻ സമയം 09.30 പിഎം മിനുമാണ് ഡോ എം ടി ശശി ‘മലയാളത്തനിമയുടെ ഭേദങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണവും സംവാദവും നടത്തുന്നത്. തത്സമയം പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക . മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കുക.