Crime

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനുമായി ഒളിച്ചോടാൻ പാർക്കിലെത്തിയ 17കാരിയെ പൊലിസ് കോൺസ്റ്റബിൾ പീഡിപ്പിച്ചു. ചാമരാജനഗർ സ്വദേശിയായ പതിനേഴുകാരി പീഡനത്തിന് ഇരയായത് ജൂലൈ 27നാണ്. ഗോവിന്ദരാജനഗര്‍ പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷനറി കോണ്‍സ്റ്റബിൾ പവൻ പിടിയിലായി. രാത്രി പട്രോളിങ് നടത്തുന്നതിനിടെയാണ് പവൻ പെണ്‍കുട്ടിയെ കണ്ടത്.

രാത്രി കാമുകനുമൊത്ത് ഒളിച്ചോടാനായി പെൺകുട്ടി ബെംഗളൂരുവിലെ വിജയ്‌നഗറിലുള്ള പാർക്കിലെത്തി. പെൺകുട്ടിയുടെ കയ്യിൽ പണം ഉണ്ടായിരുന്നില്ല. എന്നാൽ പാർക്കിൽ കാമുകനെത്തിയില്ല. പെൺകുട്ടിയുടെ സന്ദേശങ്ങൾക്കോ, ഫോൺ വിളികൾക്കോ മറുപടിയുണ്ടായില്ല. പിന്നാലെ കാമുകന്റെ ഫോൺ സിച്ച് ഓഫ് ആകുകയും ചെയ്തു. എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ പെൺകുട്ടി പാർക്കിൽ ഒറ്റപ്പെട്ടു പോകുകയും ചെയ്‌തു.

ഡൂട്ടിയിലുണ്ടായിരുന്ന പവൻ പാർക്കിൽ ഒറ്റയ്ക്കായ പെൺകുട്ടിയെ കാണുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. കാമുകനെകണ്ടെത്താൻ സഹായിക്കാമെന്നും പെൺകുട്ടിക്ക് വാക്ക് നൽകുകയും ചെയ്തു. തുടർന്ന് വിജയനഗറിലെ തന്റെ വാടക വീട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്‌തു. പിറ്റേദിവസം 500 രൂപ നൽകി പെൺകുട്ടിയെ മെജസ്റ്റിക് ബസ് ടെർമിനലിൽ കൊണ്ടുവിട്ടു. ബെംഗളൂരുവിൽനിന്ന് ബസിൽ കയറിയ പെൺകുട്ടി വീട്ടിൽ പോകാതെ കാമുകന്റെ വീട്ടിലേക്കാണ് പോയത്.

കാമുകന്റെ പിതാവിനോട് മകനുമായി പ്രണയത്തിലാണെന്നും വീടുവിട്ട് ഇറങ്ങിയെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞതോടെ ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു . മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ ഇതിനകം പൊലീസിൽ പരാതിപ്പെട്ടിരുന്നു. വനിതാ പൊലീസെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. വൈകാതെ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് പവനെ അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷമാണ് പ്രതി പൊലീസ് സേനയിൽ ചേർന്നത്. പീഡനക്കേസിൽ പിടിയിലായതോടെ ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെ‌യ്‌തു.

എലിവിഷം പുരട്ടിയ തക്കാളി ചേർത്ത ഭക്ഷണം കഴിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. മുംബൈ മലാദിലെ പാസർ വാദിയിൽ ജൂലായ് 21നാണ് സംഭവം. രേഖ നിഷാദ് എന്ന 27 വയസ്സുകാരിയാണ് മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

എലിയെ കൊല്ലാനായി വിഷം പുരട്ടി സൂക്ഷിച്ചതായിരുന്നു തക്കാളി. എന്നാൽ തൊട്ടടുത്ത ദിവസം ഇക്കാര്യം ഓർമയില്ലാതെ ഇതേ തക്കാളി കൂടി ചേർത്ത് രേഖ ന്യൂഡിൽസ് ഉണ്ടാക്കുകയായിരുന്നു. വൈകാതെ തന്നെ ഈ ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതാണ് രുചി വ്യത്യാസം അറിയാതെ പോയതെന്നും സംഭവത്തെ കുറിച്ച് പോലീസ് വിശദീകരിക്കുന്നു.

ന്യൂഡിൽസ് കഴിച്ചതിന് പിന്നാലെ ശക്തമായ ഛർദി അനുഭവപ്പെട്ടിരുന്നു. തുടർന്ന് രേഖയെ ഭർത്താവും സഹോദരനും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു.

ബുധനാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്. ടിവി കാണുന്നതിനിടെ പാചകം ചെയ്യുകയായിരുന്നു എന്നും അബദ്ധവശാൽ തക്കാളി ന്യൂഡിൽസിൽ ചേർക്കുകയായിരുന്നുവെന്നും പോലീസ് സബ് ഇൻസ്പെക്ടർ മുസ ദേവർഷി പറഞ്ഞു.

നാല് മാസം ഗര്‍ഭിണിയായ പതിനെട്ടുകാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളം വെളുത്തനാം വീട്ടില്‍ അനന്തുവിന്‍റെ ഭാര്യ ഭാഗ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാഗ്യയെ ഭര്‍താവും ഭര്‍തൃമാതാവും പീഡിപ്പിച്ചിരുന്നുവെന്ന കുടുംബത്തിൻ്റെ പരാതിയില്‍ എലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

എലത്തൂര്‍ ചെട്ടിക്കുളം സ്വദേശി ബൈജീവ് കുമാറിന്‍റെയും ദീപയുടെയും മകള്‍ ഭാഗ്യയെയാണ് ഭര്‍ത്താവ് അനന്തുവിന്‍റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സംഭവ സമയം ഭര്‍ത്താവ് അനന്തുവിന്‍റെ അമ്മ ഷീജ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭാഗ്യയുടെ ഭര്‍ത്താവ് അനന്തു ദിവസങ്ങള്‍ക്ക് മുൻപ് ആത്മഹത്യാശ്രമം നടത്തി പരിക്ക് പറ്റി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് ഈ സംഭവം.

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ആറ് മാസം മുൻപായിരുന്നു ഭാഗ്യയും അനന്തുവും വിവാഹിതരായത്. വിവാഹശേഷം വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ ആയിരുന്നെന്ന് ഭാഗ്യയുടെ ബന്ധുക്കല്‍ പറഞ്ഞു. പ്ലസ് ടുവിന് പഠിക്കുന്നതിനിടെയാണ് ഭാഗ്യ അനന്തുവുമായി അടുപ്പത്തിലായത്. ഇതിനിടെ ഭാഗ്യയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ അനന്തുവിനെതിരെ എലത്തൂര്‍ പൊലീസ് പോക്സോ കേസെടുക്കുകയും അന്തു റിമാന്‍ഡിലാവുകയും ചെയിതു.

പിന്നീട് ജാമ്യത്തിലിറങ്ങിയപ്പോഴാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഇരുവരും വിവാഹിതരായത്. ഭാഗ്യയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഭാഗ്യയുട ഭര്‍ത്താവ് അനന്തുവിനും ഭര്‍തൃമാതാവിനുമെതിരെ എലത്തൂര്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ആൺകുട്ടിയെ പ്രസവിക്കാത്തതിന്റെ പേരിൽ അമ്മയെ ചുട്ടുകൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം ശിക്ഷ ‘വാങ്ങിക്കൊടുത്ത്’ പെൺമക്കൾ. ആറ് വർഷം നീണ്ട നിയമപോരാട്ടത്തിലാണ് രണ്ട് പെൺമക്കൾ തങ്ങളുടെ അമ്മയ്ക്ക് നീതി നേടികൊടുത്തത്. ഉത്തർപ്രദേശ് സ്വദേശി മനോജ് ബൻസാലിനെയാണ് ഭാര്യ അനു ബൻസാലിനെ ദാരുണമായി കൊലപ്പെടുത്തിയത്.

2016 ജൂൺ 14നാണ് മനോജും സംഘവും അനുവിനെ ജീവനോടെ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 20ന് മരണപ്പെട്ടു. ആറു വർഷം നീണ്ട നിയമ പോരാട്ടത്തിലൂടെ അച്ഛന് ശിക്ഷ വാങ്ങിക്കൊടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മക്കളായ ടാനിയ ബൻസാലും (18) ലതിക ബൻസാലും (20) പറഞ്ഞു.

2000 ലാണ് മനോജ് ബൻസാൽ അനുവിനെ വിവാഹം ചെയ്തത്. രണ്ടു പെൺമക്കൾ ജനിച്ച ശേഷം ആൺകുട്ടിക്കായി ആഗ്രഹിച്ച് അനു ബൻസാൽ അഞ്ചു തവണ കൂടി ഗർഭിണിയായി. ലിംഗനിർണയ പരിശോധനയിൽ പെൺകുട്ടിയാണെന്നു കണ്ടതോടെ അഞ്ചു തവണയും ഗർഭച്ഛിദ്രം നടത്തുകയായിരുന്നു. തുടർന്ന് അനു നിരന്തരം മർദ്ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു.

അനുവിന്റെ അമ്മയാണ് മനോജിനെതിരെ കേസ് ഫയൽ ചെയ്തത്. ”ആൺകുട്ടിയെ പ്രസവിച്ചില്ലെന്നു പറഞ്ഞ് അച്ഛനാണ് അമ്മയെ കൊലപ്പെടുത്തിയത്. വളരെ ബുദ്ധിമുട്ടിയാണ് അമ്മ ഞങ്ങളെ വളർത്തിയത്. എന്നിട്ടും അച്ഛൻ ജീവനോടെ അമ്മയെ ചുട്ടുകൊന്നു. ഞങ്ങൾക്ക് അയാൾ വെറും ചെകുത്താൻ മാത്രമാണ്. ആറു വർഷം നിയമപോരാട്ടം വേണ്ടിവന്നെങ്കിലും അയാൾക്കു ശിക്ഷ കിട്ടിയത് അൽപം ആശ്വാസം നൽകുന്നു. അച്ഛനും മറ്റാളുകളും ചേർന്ന് അമ്മയെ ചുട്ടുകൊല്ലുമ്പോൾ ഞങ്ങളെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. അമ്മയെ അവർ കൊല്ലുന്നതിന് ഞങ്ങൾ സാക്ഷികളാണ്” ടാനിയയും ലതികയും പറഞ്ഞു.

യൂ ട്യൂബ് വ്‌ലോഗറെ ആലുവയിലെ ടൂറിസ്റ്റ് ഹോമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കാക്കര പൂയ്യച്ചിറ കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍ (49) ആണ് മരിച്ചത്. ഞാന്‍ ഒരു കാക്കനാടന്‍ എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് അബ്ദുള്‍ ഷുക്കൂര്‍ വ്‌ലോഗിങ് നടത്തിയിരുന്നത്.

കടബാധ്യതയും പണം കടമായി നല്‍കിയ വട്ടിപ്പലിശക്കാരന്റെ ഭീഷണിയുമാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തു. അഞ്ചുലക്ഷം രൂപ 2015-ല്‍ കടം വാങ്ങിയതായി കത്തില്‍ പറയുന്നു. മാസം 25000 രൂപവീതം പലിശനിരക്കില്‍ 15 ലക്ഷത്തോളം രൂപ 2021വരെ അടച്ചിട്ടും നിരന്തരം തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി കത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

മൂന്നുദിവസം മുന്‍പാണ് ആലുവ റെയില്‍വേ സ്റ്റേഷനുസമീപത്തെ ടൂറിസ്റ്റ് ഹോമില്‍ അബ്ദുള്‍ ഷുക്കൂര്‍ മുറിയെടുത്തത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആലുവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലിശക്കാരനെ ചോദ്യം ചെയ്യും. ഭാര്യ: റഷീദ. മകന്‍: ഫഹദ് (ഭാരത് മാതാ കോളേജ് ഡിഗ്രി വിദ്യാര്‍ഥി).

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്റവിട നസീര്‍ അടക്കം മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി കണ്ടെത്തി. തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി, താജുദ്ദീന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കുറ്റം സമ്മതിക്കുന്നതായി മൂന്ന് പ്രതികളും അറിയിച്ചതോടെയാണ് വിസ്താരം പൂര്‍ത്തിയാക്കാതെ വിധി പ്രസ്താവിച്ചത്. ഇവരുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ തമിഴ്‌നാട് സര്‍ക്കാര്‍ കോയമ്പത്തൂര്‍ ജയിലിലാക്കിയതിന് പ്രതികാരമായിട്ടാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിലുളളത്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ ബസ് 2005 സെപ്റ്റബര്‍ 9 ന് തട്ടിക്കൊണ്ടുപോയി കളമശേരിയില്‍ വെച്ച് കത്തിച്ചെന്നാണ് കേസ്. യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. 2010 ലാണ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയടക്കം 13 പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഈ കേസിന്റെ വിസ്താരം പൂര്‍ത്തായാകും മുന്‌പേ തന്നെ തടിയന്റവിട നസീര്‍ അടക്കമുളള മൂന്ന് പ്രതികള്‍ തങ്ങള്‍ കുറ്റമേല്‍ക്കുന്നതായി കോടതിയെ അറിയിച്ചു.

ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ വിധി. ബസ് കത്തിക്കല്‍ കേസിലടക്കം വിവിധ കേസുകളിലായി നിരവധിക്കൊല്ലം ജയിലില്‍ കഴിഞ്ഞതിനാല്‍ റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കും എന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികള്‍ നേരിട്ട് കുറ്റം സമ്മതിച്ചെന്നാണ് വിവരം. ഗൂഡാലോചന, തട്ടിക്കൊണ്ടുപോകല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ അനൂപ് സമാനമായ രീതിയില്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. പത്താം പ്രതിയായ സൂഫിയ മദനിയടക്കം ശേഷിക്കുന്ന പ്രതികളുടെ വിസ്താരം വൈകാതെ തുടങ്ങും.

ഡോക്ടർമാരുടെ അനാസ്ഥയിൽ മറ്റൊരു ജീവൻ കൂടി പൊലിഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പടെ മൂന്ന് ആശുപത്രികളിൽ നിന്നും യഥാസമയം ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. ആശുപത്രികളിൽ ഉണ്ടായ അനാസ്ഥയിൽ മകളുടെ ജീവൻ നഷ്ടമായെന്നാണ് യുവതിയുടെ അച്ഛൻ പരാതിപ്പെടുന്നത്. ഇടുക്കി ഏലപ്പാറ സ്വദേശി ലിഷമോൾ മരിച്ച സംഭവത്തിലാണ് പിതാവ് സിആർ രാമർ ആണ് ആരോഗ്യ മന്ത്രിക്ക് അടക്കം പരാതി നൽകിയിരിക്കുന്നത്.

ഞായറാഴ്ച്ച രാവിലെ കടുത്ത തലവേദനയെത്തുടർന്ന് ലിഷമോളെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും എത്തിച്ചു. ഉച്ചയ്ക്ക് 1.45ന് മെഡിക്കൽ കോളജിൽ എത്തിയിരുന്നെങ്കിലും ഡാക്ടർമാർ പരിശോധിക്കാൻ തയാറായില്ല. പല തവണ ആവശ്യപ്പെട്ടതോടെയാണ് 3.30ന് സ്‌കാനിങ് നടത്താൻ പോലും തയാറായത്. ഈ റിപ്പോർട്ടും യഥാസമയം പരിശോധിച്ചില്ലെന്നാണ് പരാതി.

അതേസമയം, ഒട്ടേറെ തവണ ആവശ്യപ്പെട്ടപ്പോൾ തിരക്കുളളവർക്കു മറ്റു ആശുപത്രികളിലേക്കു പോകാം എന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞത്. ഇതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ലിഷയെ മാറ്റുകയായിരുന്നു.

ഇവിടെ എത്തിയപ്പോഴാണ് ലിഷമോൾ അരമണിക്കൂർ മുൻപ് മരിച്ചു എന്ന് ഡോക്ടർമാർ അറിയിച്ചത്. ലിഷമോളുടെ മരണത്തിൽ മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് വീഴ്ച്ചയുണ്ടായെന്നാണ് പരാതി. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും പിതാവ് ആവശ്യപ്പെടുന്നു.

ഇടുക്കിയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ട യുവതി കസ്റ്റഡിയില്‍. ഉടുമ്പന്‍ചോലയിലാണ് സംഭവം. അവിവാഹിതയായ അതിഥി തൊഴിലാളിയാണ് പ്രസവ ശേഷം കുട്ടികളെ കൊന്ന് കുഴിച്ചിട്ടത്.

ഇന്നലെയാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അവിവാഹിതയായിനാല്‍ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഏലത്തോട്ടത്തില്‍ കുഴിച്ചിട്ടെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ എടുത്ത യുവതിയെ ചോദ്യം ചെയ്യുകയാണ്.

ഇരട്ടക്കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട ഏലത്തോട്ടത്തില്‍ പൊലീസെത്തി പരിശോധന നടത്തി. യുവതിയുടെ മാനസികാവസ്ഥ പരിഗണിച്ച് കൗണ്‍സിലിങ്ങ് നടത്തിയതിന് ശേഷമാകും വിശദമായ ചോദ്യം ചെയ്യലെന്നാണ് സൂചന.

കുണ്ടറ സ്വദേശിനിയായ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുണ്ടറ കുരീപ്പള്ളി തുമ്പുവിള ഹൗസിൽ ആമിന (22) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവിനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തത്. ആമിനയെ ഭർത്താവായ ജോനകപ്പുറം ബുഷറ മൻസിലിൽ അബ്ദുൽ ബാരി(34) കൊലപ്പെടുത്തിയതായി കണ്ടെത്തിയതോടെ പള്ളിത്തോട്ടം പോലീസ് പിടികൂടുകയായിരുന്നു.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണമാണു കൊലപാതകം തെളിയിച്ചത്. തുമ്പുവിള ഹൗസിൽ മുഹമ്മദ് ആഷിഖിന്റെയും പരേതയായ ഫസീല ബീവിയുടെയും മകളാണ് ആമിന. കഴിഞ്ഞ 22നു പുലർച്ചെയായിരുന്നു ആമിനയെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ചത്.

കഠിനമായ ശ്വാസതടസമെന്നു പറഞ്ഞു അബ്ദുൽ ബാരിയും ബന്ധുക്കളും ചേർന്നാണ് ആമിനയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു തന്നെ ആമിന മരിച്ചിരുന്നു. ആമിന കടുത്ത ശ്വാസതടസത്തെ തുടർന്ന് നിരവധി ആശുപത്രികളിൽ ചികിത്സ തേയിയിരുന്നു എന്നായിരുന്നു ഭർത്താവിന്റെ മൊഴി.

എന്നാൽ, മകളുടെ മുഖത്ത് കണ്ടെത്തിയ പാടിൽ സംശയം തോന്നിയ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം മൃതശരീരം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം കബറടക്കി. അസാധാരണ മരണത്തിനു കേസ് റജിസ്റ്റർ ചെയ്ത പോലീസ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറിൽ നിന്നു കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണു കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്.

ആമിനയ്ക്കു ശ്വാസതടസം അനുഭവപ്പെടാൻ തക്ക അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നും മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതുകാരണം ഉണ്ടായ ശ്വാസതടസമാണു മരണകാരണമെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്നു സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ നിർദേശപ്രകാരം അബ്ദുൽ ബാരിയെ ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്.

കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്‌നങ്ങളാണെന്നാണ് പ്രതിയുടെ കുറ്റസമ്മതം. കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എ അഭിലാഷിന്റെ മേൽനോട്ടത്തിൽ പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ആർ ഫയാസിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ സുകേഷ്, അനിൽ ബേസിൽ, ജാക്‌സൺ ജേക്കബ്, എഎസ്‌ഐമാരായ കൃഷ്ണകുമാർ, സുനിൽ, എസ്സിപിഒമാരായ സുമ ഭായി, ഷാനവാസ്, ബിനു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ കടലിൽ കാണാതായ നരുവാമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്ഥിരീകരിച്ചു. കാണാതായി 16 ദിവസത്തിന് ശേഷമാണ് ഡി.എന്‍.എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കിരണിന്റെ അമ്മയുടെ ഡി.എന്‍.എ സാമ്പിളുമായി ഒത്തുനോക്കിയാണ്​ പരിശോധന നടത്തിയത്​. മൃതദേഹത്തില്‍നിന്ന് തമിഴ്‌നാട് പൊലീസ് ശേഖരിച്ച സാമ്പിള്‍ ഒരാഴ്ച മുമ്പ് വിഴിഞ്ഞം പൊലീസിന് കൈമാറിയിരുന്നു.

ജൂലൈ ഒമ്പതിന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ട് ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. ഇവർ കിരണിനെ ബൈക്കിൽ ആഴിമല ഭാഗത്തേക്ക് കൊണ്ടുപോയെന്നും ഇടക്കുവെച്ച് ഇറങ്ങി ഓടിയെന്ന്​ അവർ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി. ഇതോടെ കിരണിനായി തിരച്ചിൽ ആരംഭിച്ചു. സംഭവശേഷം കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

ജൂലൈ 13ന് പുലർച്ചയാണ് അജ്ഞാത മൃതദേഹം കുളച്ചൽ തീരത്ത് കണ്ടെത്തിയത്. കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് കുളച്ചല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹത്തിന്‍റെ കൈയിലുള്ള ചരട് കണ്ട് മകന്‍റേതാണെന്ന്​​ കിരണിന്‍റെ പിതാവ് പറഞ്ഞിരുന്നെങ്കിലും വസ്ത്രങ്ങൾ ഇല്ലാതിരുന്നതിനാൽ സ്ഥിരീകരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍, സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. പോസ്റ്റ്മോർട്ടത്തിന്​ ശേഷം തമിഴ്നാട്ടിലെ ആശാരിപ്പള്ളം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

RECENT POSTS
Copyright © . All rights reserved