Crime

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിന്റെയും ശാലിനിയുടെയും വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. യുുവതിയെ അറസ്റ്റ് ചെയ്തെങ്കിലും കൗണ്‍സിലിങ് നല്‍കി വിട്ടയച്ചു.

അജിത്ത് കാരണം ജോലിയും വരുമാനവും ഇല്ലാതായെന്ന് ആരോപിച്ചാണ് യുവതിയുടെ ആത്മഹത്യാശ്രമം. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഫര്‍സാനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫര്‍സാന ജോലി ചെയ്യുന്ന ആശുപത്രിയില്‍ അജിത്തും ശാലിനിയും എത്തിയിരുന്നു.

അപ്പോള്‍ ഇരുവര്‍ക്കും ഒപ്പം നിന്ന് ഫര്‍സാന വീഡിയോ എടുത്തിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നലെയാണ് യുവതിയെ ജോലിയില്‍ നിന്നും അധികൃതര്‍ പുറത്താക്കിയത്. ജോലി നഷ്ടമായതോടെ ഫര്‍സാന ശാലിനിയെ കണ്ട് അഭ്യര്‍ത്ഥിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതോടെ മറ്റൊരു സ്ത്രീക്കൊപ്പം ഫര്‍സാന അജിത്തിന്റെ വീട്ടില്‍ എത്തുകയായിരുന്നു. യുവതിയെ അനുനയിപ്പിച്ച് വിടാന്‍ ശ്രമിച്ചെങ്കിലും തിരികെ പോകാതെ കരയുകയായിരുന്നു. പിന്നീട് ആത്മഹത്യ ശ്രമവും നടത്തി.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ആഘാതം, അമിത രക്തസ്രാവം, ആന്തരിക രക്തസ്രാവം എന്നിവ മൂലമാണ് മരണം എന്ന് റിപ്പോർട്ടിൽ പറയുന്നു. വെടിയുണ്ടയേറ്റ പരിക്കുകളൊന്നും കണ്ടെത്തിയില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ ഞായറാഴ്ച നടന്ന കർഷകരുടെ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബൻബീർപുർ സന്ദർശിച്ചതിൽ പ്രതിഷേധിച്ചാണ് കർഷകർ ഒത്തുകൂടിയത്.

ടികുനിയ- ബൻബീർപുർ റോഡിൽ പ്രതിഷേധക്കാരുടെ മുകളിലൂടെ മന്ത്രിയുടെ വാഹനം ഇടിച്ചു കയറ്റിയതിനെ തുടർന്നാണ് കർഷകർ കൊല്ലപ്പെട്ടത് എന്നാണ് ആരോപണം. നക്ഷത്ര സിംഗ്, ദൽജീത് സിംഗ്, ലവേപ്രീത് സിംഗ്, ഗുർവീന്ദർ സിംഗ് എന്നീ നാല് കർഷകരാണ് കൊല്ലപ്പെട്ടത്.

18-വയസുള്ള കർഷകനായ ലവ്പ്രീത് സിംഗ് വലിച്ചിഴക്കപ്പെട്ടു എന്നും ആഘാതവും രക്തസ്രാവവും ഉണ്ടായാണ് മരിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നു. ഗുർവീന്ദർ സിംഗിന്റെ ശരീരത്തിൽ മൂർച്ചയുള്ള വസ്തുക്കളിൽ നിന്ന് മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണവും ആഘാതവും രക്തസ്രാവവും മൂലമാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.

ദൽജീത് സിംഗിനെ വലിച്ചിഴച്ചുവെന്നും അദ്ദേഹത്തിന്റെ ശരീരത്തിൽ മറ്റ് മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട മറ്റ് നാല് പേരും ബിജെപി പ്രവർത്തകർ ആണെന്നാണ് റിപ്പോർട്ട്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ കാറിൽ നിന്ന് വലിച്ചിറക്കി പ്രതിഷേധക്കാർ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം.

ബിജെപി പ്രവർത്തകനായ ശുഭം മിശ്ര ആക്രമണത്തിൽ മരിച്ചു. ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. വടി കൊണ്ട് അടിച്ചതാണ് ഹരിയോം മിശ്രയുടെ മരണത്തിന് കാരണം, ഇദ്ദേഹത്തിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. ആഘാതവും രക്തസ്രാവവുമാണ് ഇയാൾ മരിച്ചത്. വലിച്ചിഴക്കപ്പെട്ടതും വടി കൊണ്ടുള്ള മർദ്ദനവുമാണ് ശ്യാംസുന്ദർ നിഷാദിന്റെ മരണത്തിന് കാരണം.

നാലു വർഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ അറസ്റ്റിലായ ആര്യൻ ഖാൻ. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ചോദ്യം ചെയ്യലിലാണ് ആര്യന്റെ വെളിപ്പെടുത്തല്‍. യുകെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴും ലഹരി ഉപയോഗിച്ചിരുന്നെന്ന് ആര്യൻ എൻസിബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

ചോദ്യം ചെയ്യലിനിടെ ആര്യൻ ഖാൻ തുടർച്ചയായി കരഞ്ഞതായി എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ആര്യൻ ഖാൻ പിതാവ് ഷാറുഖ് ഖാനുമായി ഫോണിൽ സംസാരിച്ചു. നിയമനടപടികളുടെ ഭാഗമായി ലാൻഡ് ഫോണിൽ നിന്ന് 2 മിനിറ്റ് സംസാരിച്ചതായി എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു.

ഞായറാഴ്ച ആഡംബര കപ്പൽ കോർഡിലിയയിൽ എൻസിബി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ആര്യൻ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിലായത്. ആര്യന്റെ സുഹ‍ൃത്ത് അർബാസ് മെർച്ചന്റ്, മോഡലും നടിയുമായ മുൺമുൺ ധമേച്ഛ, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് കൊക്കെയ്‌നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തു.

ഫാഷൻ ടിവി മാനേജിങ് ഡയറക്ടർ ഖാഷിഫ് ഖാന്റെ പങ്കാളിത്തത്തോടെയാണു കപ്പലിൽ ലഹരിവിരുന്നു സംഘടിപ്പിച്ചതെന്നാണ് വിവരം. രഹസ്യവിവരത്തെത്തുടർന്ന് എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരെപോലെ കയറുകയായിരുന്നു. സംഘാടകർ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലിൽ ടിക്കറ്റ് എടുത്തിട്ടില്ലെന്നുമാണ് ആര്യൻ അന്വേഷണസംഘത്തോടു പറഞ്ഞത്. എന്നാൽ, ആര്യൻ ഖാന്റെ വാട്സാപിൽ ലഹരിമരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ അന്വേഷണസംഘം കണ്ടെത്തി.

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയെന്ന് ആരോപിച്ച് പെണ്‍കുട്ടിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം എരുമേലി സ്വദേശി ആഷിഖ് ആണ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെയാണ് ആഷിഖ് പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചത്. പത്തനംതിട്ട വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി സ്വദേശിയായ 23 വയസ്സുള്ള യുവതിക്കാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടി തന്നെയാണ് പരാതി നല്‍കിയത്.

പെണ്‍കുട്ടിയും ആഷിഖും സ്‌കൂള്‍ കാലഘട്ടം മുതല്‍ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പ്രണയം അവസാനിപ്പിക്കാമെന്ന് യുവതി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പെണ്‍കുട്ടി യു.കെയില്‍ ഉപരിപഠനത്തിന് പോകാന്‍ തീരുമാനിച്ചപ്പോള്‍ പാസ്‌പോര്‍ട്ട് എടുക്കാനായി 1500 രൂപ നല്‍കിയത് ആഷിഖ് ആയിരുന്നു. എന്നാല്‍ യാത്രയ്ക്ക് ദിവസം അടുത്ത് വന്നതോടെ തനിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെയാണ് യുവാവ് പ്രകോപിതനായത് എന്നാണ് വിവരം.

ഞായറാഴ്ച ഇരുവരും എരുമേലിയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ തനിക്ക് പ്രണയം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. തന്റെ ബൈക്കിന്റെ പിന്നില്‍ കയറാന്‍ ആഷിഖ് നിര്‍ബന്ധിച്ചുവെങ്കിലും യുവതി വഴങ്ങാതെ വീട്ടിലേക്ക് പോയി. പിന്തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ ശേഷം ആഷിഖ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. യുവതിക്ക് കാര്യമായി പരിക്കുകളില്ലെന്നാണ് വിവരം.

പാലാ സെന്റ് തോമസ് കോളേജിലെ മരച്ചുവട്ടിൽ വെച്ച് ഇല്ലാതാക്കിയ അഭിഷേകിന്റെ ക്രൂരത കൃത്യമായ ആസൂത്രണമായിരുന്നെന്ന് പോലീസ്. വിദ്യാർഥിനി നിഥിനാമോളെ കൊലപ്പെടുത്താൻ സഹപാഠി അഭിഷേക് മുന്നൊരുക്കങ്ങൾ നടത്തിയെന്തിന് തെളിവുകൾ ലഭിച്ചു.

ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ചുള്ള വിവരങ്ങൾ ആഴ്ചകൾക്കുമുമ്പേ പ്രതി വിവിധ സൈറ്റുകളിൽ തിരഞ്ഞെന്ന് പോലീസ് പറഞ്ഞു. ഞരമ്പുമുറിച്ച് മനുഷ്യരെ കൊല്ലുന്നത് സംബന്ധിച്ചാണ് കൂടുതൽ വായിച്ചത്. എവിടെയുള്ള ഞരമ്പുകൾ മുറിച്ചാൽ പെട്ടെന്ന് മരണം ഉറപ്പാക്കാമെന്ന് പരിശോധിച്ചു. കഴുത്തിൽ എത്ര ഞരമ്പുകളുണ്ടന്നും അവയിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന രീതികളും പ്രതി സൈറ്റുകളിൽ പരിശോധിച്ചതായി പോലീസ് പറഞ്ഞു.

കഴുത്ത് അറുത്താൽ മരണം സംഭവിക്കാനെടുക്കുന്ന സമയവും തിരഞ്ഞു. കൊല നടത്തിയാൽ ലഭിക്കാവുന്ന ശിക്ഷ, എടുക്കാവുന്ന കേസുകൾ എന്നിവയും ഇയാൾ കൃത്യമായി മനസ്സിലാക്കിയിരുന്നു.

ഇതിനിടെ നിഥിന മോളെ കൊല്ലുമെന്ന് സൂചിപ്പിച്ച് പ്രതി അഭിഷേക് സുഹൃത്തിനയച്ച വാട്‌സ്ആപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. ഇതുസംബന്ധിച്ച് സുഹൃത്തിന്റെ പക്കൽ നിന്നും പോലീസ് മൊഴിയെടുത്തു. ഇതിൽ, നിഥിനാമോളെ കൊല്ലുമെന്നും അങ്ങനെ ചെയ്താൽ തൂക്കിക്കൊല്ലാൻ പോകുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. പെട്ടന്നുണ്ടായ വികാരത്തിൽ ചെയ്തതാെണന്നും സ്വന്തം കൈമുറിച്ച് പെൺകുട്ടിയെ പേടിപ്പിക്കാൻ കത്തി കരുതിയതാണെന്നുമുള്ള പ്രതിയുടെ വാദം ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനാണെന്ന് പോലീസ് കരുതുന്നു.

കൊല്ലാനുപയോഗിച്ച പേപ്പർ കട്ടറിൽ പ്രതി മാറ്റങ്ങൾ വരുത്തിയെന്നും പോലീസ് പറഞ്ഞു. മൂർച്ചയേറിയ ബ്ലേഡ് കൂത്താട്ടുകുളത്തെ ഒരു കടയിൽനിന്ന് ഏതാനും ദിവസം മുമ്പ് വാങ്ങി സാധാരണ പേപ്പർ കട്ടറിലിട്ട് സജ്ജമാക്കി. ഈ കടയിൽ പ്രതിയെ എത്തിച്ച് തിങ്കളാഴ്ച തെളിവെടുക്കും.

കണ്ണൂരില്‍ വീടിന്റെ സീലിങ് തകര്‍ന്നു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൊടിക്കുണ്ട് കൊയിലി വീട്ടില്‍ വസന്ത (60) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വസന്തയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വീടിന്റെ സീലിങിന്റെ ബീം തകര്‍ന്നതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. മരം അടക്കമുള്ളവ കൊണ്ട് നിര്‍മിച്ച വീടിന്റെ മച്ച് പാടെ തകര്‍ന്നു വീണ നിലയിലായിരുന്നു. മുകള്‍ ഭാഗം മുഴുവനായും താഴേക്ക് വീണു.
മുകള്‍ നിലയിലുണ്ടായിരുന്ന മുറികളിലെ മേശ, അലമാര, കട്ടില്‍ ഉള്‍പ്പെടെയുള്ളവ താഴത്തെ മുറിയില്‍ കിടന്നിരുന്ന വസന്തയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

അപകടത്തില്‍, മുകളില്‍ കിടക്കുകയായിരുന്ന മകന്‍ ഷിബുവും താഴേക്ക് വീണു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഷിബുവിനെ എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

പിന്നീട് ഒരു കോണി വച്ച് ഷിബുവിനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മുകളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. വസന്തയെയും പുറത്തെടുക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടു. വീടിന് ഏതാണ്ട് 50 വര്‍ഷത്തെ പഴക്കമുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.

ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധു മുഹമ്മദ് ഷാന്‍ ആണ് പിടിയിലായത്. തമിഴ്‌നാട്ടിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുഹമ്മദ് ഷാന്‍ പിടിയിലായത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ആറുവയസുകാരന്‍ അല്‍താഫ് ആണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അല്‍താഫിന്റെ മാതാവ് സഫിയ, മുത്തശ്ശി സൈനബ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുടുംബപ്രശ്‌നം സംബന്ധിച്ച കേസ് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഹമ്മദ് ഷാന്‍ ചുറ്റികയുമായി വീട്ടിലെത്തി അല്‍ത്താഫിനേയും അമ്മയേയും മുത്തശ്ശിയേയും ആക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് അല്‍ത്താഫിന്റെ സഹോദരിക്ക് നേരെ തിരിഞ്ഞപ്പോള്‍ കുട്ടി വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിപ്പോയതുകൊണ്ട് മാത്രമാണ് അല്‍ത്താഫിന്റെ സഹോദരി രക്ഷപ്പട്ടത്. സമീപത്തെ ഒരു വീട്ടിലെത്തിയ പെണ്‍കുട്ടി മുഹമ്മദ് ഷാന്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് വിവരിച്ചു. എല്ലാവരേയും കൊന്നെന്നും സാക്ഷി പറയാതിരിക്കാന്‍ നിന്നേയും കൊല്ലുമെന്നും ഷാന്‍ പറഞ്ഞപ്പോഴാണ് രക്ഷപെട്ട് ഓടിയതെന്ന് കുട്ടി അയല്‍ക്കാരോട് വെളിപ്പെടുത്തി. പിന്നാലെയാണ് പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.

കര്‍ഷക പ്രതിഷേധത്തിനിടയിലേയ്ക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറി രണ്ട് മരണം, എട്ടുപേര്‍ക്ക് പരിക്ക്. വഴിയരികില്‍ സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്ന കര്‍ഷകരുടെ ഇടയിലേയ്ക്കാണ് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറിയത്.

കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാഹനമാണ് ഇടിച്ചുകയറിയത്. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയുടെ വാഹനത്തിന് പിന്നാലെയുണ്ടായിരുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. നേതാക്കളുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റുകയായിരുന്നെന്നാണ് കര്‍ഷക സംഘടനനേതാക്കളുടെ ആരോപണം. പരിക്കേറ്റ 8 കര്‍ഷകരുടെ നില ഗുരുതരമായി തുടരുകയാണ്.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് അപകടത്തിന് ഇടയാക്കിയ വാഹനം ഓടിച്ചെതെന്നു കർഷകർ പറഞ്ഞു. എന്നാൽ, അതല്ല, മന്ത്രിയുടെ വാഹന വ്യൂഹങ്ങളിലൊന്ന് കർഷകരെ ഇടിക്കുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്. അപകടത്തിന് ഇടയാക്കിയ വാഹനം കർഷകർ കത്തിച്ചു.

ഗൾഫിൽ ബിസിനസ് പങ്കാളിയായ സുഹൃത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ സിനിമാ നിർമാതാവ് പൊലീസ് പിടിയിൽ. കൊല്ലം മങ്ങാട് അജി മൻസിലിൽ അംജിത് (44) ആണ് പിടിയിലായത്. ഗൾഫിൽ നിന്നു മടങ്ങി വരുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. കൂട്ടുപ്രതികളായ 6 പേർ നേരത്തേ പിടിയിലായിരുന്നു. അംജിത്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

2019 മേയ് എട്ടിന് പുലർച്ചെ എം സി റോഡിൽ കരിക്കത്തിന് സമീപമാണ് കൊലപാതക ശ്രമം നടന്നത്. ഗൾഫിലേക്ക് പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കാറിൽ പുറപ്പെട്ട അടൂർ കണ്ണംകോട് നാലുതുണ്ടിൽ വടക്കതിൽ എ. ഷബീറിനെ (40) യാത്രാ മധ്യേ ആക്രമിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം.

ആഡംബര‌ കാറിലെത്തിയ അക്രമിസംഘം കാറിനെ മറികടന്ന് തടഞ്ഞു നിർത്തി വടിവാളും കമ്പിവടികളും ഉപയോഗിച്ചു കാറിന്റെ ഗ്ലാസ് അടിച്ചു പൊട്ടിച്ചു. ഡ്രൈവറെ വണ്ടിയിൽ നിന്ന് ഓടിച്ചു വിട്ടശേഷം ഷബീറിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതോടെ യാത്ര മുടങ്ങി ഷബീർ ആശുപത്രി‌യിലായി.

ഷബീറും അംജിത്തും ചേർന്ന് ഗൾഫിൽ ബിസിനസ് നടത്തിയിരുന്നു. മൊബൈൽ ഫോൺ കടയുടെ പാർട്ണർ ആണെന്ന രീതിയിൽ പല തവണ പണം വാങ്ങി. ഇതിനിടെ അംജിത് കിങ് ഫിഷർ എന്ന സിനിമയും നിർമിച്ചു. ബിസിനസ് അക്കൗണ്ടിൽ അംജിത് നടത്തിയ തിരിമറികൾ ഷബീറിന് ബോധ്യപ്പെടാതിരിക്കാൻ അവധി കഴിഞ്ഞ് തിരികെ ഗൾഫിൽ എത്തുന്നത് തടയാനായിരുന്നു ആക്രമണ പദ്ധതി. ഇതിനായി ചമ്പക്കുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തിന് കിളികൊല്ലൂർ സ്വദേശി മാഹീൻ വഴി 2 ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകുകയായിരുന്നു.

പ്രതികളുപയോഗിച്ച വാഹനവും ആയുധങ്ങളും പൊലീസ് സംഭവം നടന്ന് വൈകാതെ പിടിച്ചെടുത്തു. മാഹീനെ ഗൾഫിലെത്തിച്ചു ജോലി നൽകി അംജിത് സംരക്ഷിച്ചെങ്കിലും നാട്ടിലെത്തിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാവാച്ചി എന്ന് വിളിക്കുന്ന ടി ദിനേശ് ലാൽ, എസ് ഷാഫി, ബി വിഷ്ണു, പി പ്രജോഷ്, ഷാഫി, ആഷിക് എന്നിവരാണു മറ്റു പ്രതികൾ. നാലാം പ്രതി ആഷിക് അടുത്തിടെ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു.

വാഴക്കാട് അനന്തായൂരിലെ അരുംകൊലക്ക് കാരണം ഭാര്യ ഷാക്കിറയുടെ അപഥ സഞ്ചാരമെന്ന് പ്രതിയുടെ മൊഴി. കത്തിയും കയറും വാങ്ങിയത് ചെറൂപ്പയിലെ കടയിൽ നിന്നാണെന്നും പ്രതി ഷമീർ പൊലീസിനോട് സമ്മതിച്ചു. ഷാക്കിറയുടെ കാമുകൻ ഭീക്ഷണിപ്പെടുത്തിയതോടെയാണ് വൈരാഗ്യം കൂടിയതെന്നും, ഇതേത്തുടർന്ന് കൊല നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷമീർ പൊലീസിനോട് പറഞ്ഞു. പ്രതിയെ കൊല നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചു.

ഷാക്കിറയെ കൊന്ന് രക്ഷപ്പെട്ട മുഹമ്മദ് ഷമീറിനെ സാഹസികമായാണ് വാഴക്കാട് പൊലീസ് പിടികൂടിയത്. മാവൂർ പി എച്ച് ഡി ഭാഗത്തുള്ള ഗോളിയ റയോൺസിന്റെ കാട് മുടി കിടക്കുന്ന സ്ഥലത്ത് നിന് ആത്മഹത്യ ചെയ്യാൻ തയ്യാറായി നിൽക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

മക്കളുടെ മുന്നിലിട്ടാണ് ഷമീർ ഭാര്യയെ കഴുത്തുമുറുക്കിക്കൊന്നത്. ഇതിനു ശേഷം ഒളിവില്‍പ്പോയ ഷമീറിനെ ഇന്ന് വൈകുന്നേരത്തോടെ പിടികൂടുകയായിരുന്നു. അനന്തായൂര്‍ ഇളംപിലാറ്റാശ്ശേരി കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടെയും മകള്‍ ഷാക്കിറ(27)യെയാണ് ഭര്‍ത്താവ് ഷമീര്‍ (34) കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി രണ്ടുമണിക്ക് വീട്ടിനകത്തുവെച്ചാണ് സംഭവം. കൊലയ്ക്കുശേഷം വീട്ടുടമസ്ഥനെ ഫോണില്‍ വിളിച്ചുപറഞ്ഞശേഷമാണ് ഷമീര്‍ നാടുവിട്ടത്.

വാഴക്കാട് പഞ്ചായത്തിലെ അനന്തായൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ്‌ സംഭവം. പോലീസെത്തി വീട്ടില്‍കയറി നോക്കിയപ്പോള്‍ ഡൈനിങ് ഹാളില്‍ കഴുത്തില്‍ കയര്‍മുറുകി മരിച്ചു കിടക്കുന്ന ഷാക്കിറയെയാണ് കണ്ടത്. കോഴിക്കോട് ജില്ലയിലെ മുക്കം മണാശ്ശേരി സ്വദേശിയാണ് ഷമീര്‍. പത്തുവര്‍ഷം മുമ്പ് മുണ്ടുമുഴി അനന്തായൂര്‍ ഭാഗത്ത് കല്ലുവെട്ട് ജോലിക്കെത്തിയ ഇയാള്‍, ഷാക്കിറയെ വിവാഹം കഴിക്കുകയായിരുന്നു. പ്രതിക്കായി കൊണ്ടോട്ടി ഡി. വൈ. എസ്. പി കെ. അഷ്‌റഫിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.

Copyright © . All rights reserved