Crime

നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം.
എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ (36) ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം.

പുത്തന്‍കുരിശില്‍ നിന്നും തമ്മനത്തുനിന്നുമായി മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. നെല്ലിയാമ്പതിയില്‍ പോയി തിരിച്ചുവരുന്നതിനിടെ വെള്ളച്ചാട്ടം കണ്ട് വണ്ടി നിര്‍ത്തുകയായിരുന്നു.

അപകടമുന്നറിയിപ്പ് അവഗണിച്ചാണ് ഇയാള്‍ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയത്. ജയ് മോന്‍ വണ്ടിയില്‍ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

ഒരു മണിക്കൂറോളം പോലീസും അഗ്‌നിശമന വിഭാഗവും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പണിക്കന്‍കുടിയില്‍ വീട്ടമ്മയെ അയല്‍വാസി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതി പണിക്കന്‍കുടി മണിക്കുന്നേല്‍ ബിനോയിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഇയാളുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നു പിടിക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്.

കാമാക്ഷി സ്വദേശിനി താമഠത്തില്‍ സിന്ധു (45) വിന്റെ മൃതദേഹമാണ് ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്നും കണ്ടെത്തിയത്. ഇയാളും സിന്ധുവും തമ്മില്‍ കാലങ്ങളായി അടുപ്പത്തിലായിരുന്നെന്നു പോലീസ് പറഞ്ഞു. പ്രതിയുമായി അടുപ്പം നിലനില്‍ക്കെ വീട്ടമ്മ പിണങ്ങിക്കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ കാണാന്‍ പോയതില്‍ ഇയാള്‍ പ്രകോപിതനായിരുന്നു എന്നു പറയുന്നു

ഭര്‍ത്താവുമായി പിരിഞ്ഞ് ഇളയ മകനുമായി സിന്ധു കാമാക്ഷിയില്‍ നിന്നു പണിക്കന്‍കുടിയിലെത്തി വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഭാര്യയെ ഉപേക്ഷിച്ചു കഴിയുന്ന ബിനോയിയുമായി സിന്ധു പിന്നീട് അടുപ്പത്തിലാകുകയായിരുന്നു.

സിന്ധു അടുത്ത നാളില്‍ ഭര്‍ത്താവിനെ കാണാന്‍ പോയതില്‍ ബിനോയി പ്രകോപിതനായിരുന്നു. ഇതിന്റെ പേരില്‍ വഴക്കിട്ട ഇയാള്‍ മകനെ കൊന്നു കെട്ടിത്തൂക്കുമെന്നു സിന്ധുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പറയുന്നു. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ വെള്ളത്തൂവല്‍ പോലീസ് കേസെടുത്തിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ ബിനോയി തന്നെയാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണ സംഘം. 12നാണ് സിന്ധുവിനെ കാണാതായത്. മകന്‍ വിവരം സിന്ധുവിന്റെ സഹോദരന്മാരെ അറിയിച്ചു. ഇവര്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ബിനോയി സ്വന്തം വീട്ടില്‍ പുതിയ അടുപ്പ് പണിതതായി രണ്ടുദിവസം മുമ്പ് കുട്ടി പറഞ്ഞു. അമ്മയെ കാണാതായ ദിവസം ബിനോയിയുട വീട്ടില്‍ എത്തിയപ്പോഴാണ് പുതിയ അടുപ്പ് ശ്രദ്ധയില്‍ പെട്ടത്.

കഴിഞ്ഞ 11ന് രാത്രി മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടില്‍ കൂട്ടു കിടക്കുന്നതിനായി സിന്ധു പറഞ്ഞു വിട്ടിരുന്നു. ബിനോയിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. പിറ്റേന്നു മകന്‍ വീട്ടില്‍ എത്തിയപ്പോഴാണ് അമ്മയെ കാണാതായത്.

തുടര്‍ന്ന് മകന്‍ സിന്ധുവിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.

സിന്ധുവിന്റെ തിരോധാനം സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് ബിനോയ് സ്ഥലത്തുനിന്നു മുങ്ങിയത്. 29ന് തൃശൂരില്‍ ബിനോയി എടിഎം ഉപയോഗിച്ച് പണമെടുത്തതായി പോലീസ് കണ്ടെത്തി. പിന്നീട് പാലക്കാട്ടും എത്തിയതായി വിവരമുണ്ട്.

ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് ബിനോയി എന്നും നേരത്തേ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി ഡൽഹിയിൽ മലയാളി നഴ്‌സിനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോട്ടയം സ്വദേശി ഗ്രീനു ജോര്‍ജ്ജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഗ്രീനു ജോര്‍ജിനെ ഡല്‍ഹി അമര്‍ കോളനി പൊലീസാണ് അറസ്റ്റ് ചെയ്തത്. 2014 മുതൽ യുവതിയുമായി അടുപ്പം പുലർത്തിയ ഗ്രീനു ജോർജ് അന്ന് മുതൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചതായാണ് പരാതി.

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഗ്രീനു ജോർജ് നിരവധി തവണ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാൽ കഴിഞ്ഞ കുറേ കാലമായി വിവാഹ കാര്യം പറയുമ്പോഴൊക്കെ ഗ്രീനു ഒഴിഞ്ഞു മാറി. ഇതിനിടെ ഗ്രീനു ജോർജിന്‍റെ മാതാപിതാക്കൾ പെൺകുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് പെൺകുട്ടി ഡൽഹിയിൽ പൊലീസിൽ പരാതി നൽകിയത്.

പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രീനു ജോർജിന്‍റെ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് റിപ്പോർട്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മൂന്നാഴ്ച മുൻപ് കാണാതായ ഇടുക്കി പണിക്കൻകുടി വലിയപറമ്പിൽ സിന്ധു (45)വിന്റെ മൃതദേഹം കണ്ടെത്തി. സിന്ധുവിനെ കൊലപ്പെടുത്തി സമീപവാസിയായ മാണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ കഴിച്ചു മൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബിനോയിക്ക് വേണ്ടി പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്.

കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കൻകുടിയിൽ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതോടെ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെയാണ് ബിനോയിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വീട്ടുകാര്‍ തിരിച്ചറിഞ്ഞു. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പൊലീസ്. സിന്ധുവിനെ കാണാതായ സമയത്ത് പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ഭീകരാക്രമണത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു. സംഭവത്തെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ അപലപിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) ആശയങ്ങള്‍ പിന്തുടരുന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച്ച ഉച്ചയ്ക്കുശേഷം ഓക്‌ലാന്‍ഡിലെ കൗണ്ട് ഡൗണ്‍ ലിന്‍മാളിലാണ് ആക്രമണം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പനയ്ക്കു വച്ചിരുന്ന കത്തി എടുത്ത് അക്രമി അവിടെ എത്തിയവരെ കുത്തുകയായിരുന്നു. പരുക്കേറ്റ ആറു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇതെന്നും ജസീന്ത ആര്‍ഡന്‍ പ്രതികരിച്ചു.

ആക്രമണത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഉടന്‍ തന്നെ സംഭവ സ്ഥലത്ത് പത്തോളം വാഹനങ്ങളില്‍ എത്തിയ പോലീസ് ഇയാളെ അറുപതു സെക്കന്‍ഡോളം വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ ഇയാള്‍ മരിച്ചു. അഞ്ചോളം ആംബുലന്‍സുകളും അടിയന്തര സേവന വിഭാഗവും എത്തിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്.

2011-ല്‍ ന്യൂസിലന്‍ഡിലെത്തിയ ശ്രീലങ്കന്‍ പൗരനാണ് ആക്രമണം നടത്തിയത്. ഐഎസിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍ 2016 മുതല്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിച്ച ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ആദ്യം ഇയാള്‍ പോലീസിന്റെ നോട്ടപ്പുള്ളയാകുന്നത്. പല തവണ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റുന്നു.സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഓക്ലന്‍ഡില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ തിരക്ക് കുറവായിരുന്നു.

ന്യൂസിലന്‍ഡിന്റെ സമീപകാല ചരിത്രത്തിലെ രണ്ടാമത്തെ ഭീകരാക്രമണമാണിത്. 2019 മാര്‍ച്ച് 15-ന് ക്രൈസ്റ്റ് ചര്‍ച്ചിലെ മോസ്‌കില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 50 വിശ്വാസികള്‍ കൊല്ലപ്പെട്ടിരുന്നു.

ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനിയായ വീട്ടമ്മയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം. നാല്‍പത്തിയഞ്ചുകാരിയായ സിന്ധുവിന്റെ തിരോധാനത്തിന് പിന്നില്‍ അയല്‍കാരനായ ബിനോയിക്ക് പങ്കുണ്ടെന്നാണ് പരാതി. കേസ് അന്വേഷണത്തില്‍ പൊലീസ് അലംഭാംവം കാണിക്കുന്നുവെന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞ മാസം 12 നാണ് സിന്ധുവിനെ കാണാതായത്. തുടര്‍ന്ന് കുടുംബം വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതാണ് സിന്ധുവിന്റെ ബന്ധുക്കളുടെ ആരോപണം ശക്തിപ്പെടുത്തുന്നത്. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് ഇവിടെ വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രണയം സഫലമാകില്ലെന്ന് ഉറപ്പായതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച കാമിതാക്കളിൽ യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. പെരുമ്പാവൂർ മാറമ്പള്ളി നാട്ടുകല്ലുങ്കൽ വീട്ടിൽ നാദിർഷാ അലി (30) ആണ് മരിച്ചത്. മറയൂർ സ്വദേശിനിയും അധ്യാപികയുമായ യുവതിയെ (26) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറയൂർ ഭ്രമരം വ്യൂപോയിന്റിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പ്രണയം വീട്ടിലറിയിക്കാനായില്ലെന്നും ഒന്നിച്ചു മരിക്കാൻ തീരുമാനിച്ചെന്നും പറഞ്ഞ് ഇരുവരും വീഡിയോ ചിത്രീകരിച്ച് കൂട്ടുകാർക്ക് അയച്ചിരുന്നു. ശേഷമാണ് യുവാവ് പാറക്കെട്ടിൽ നിന്നു ചാടി ജീവനൊടുക്കിയത്. കൂടെയുണ്ടായിരുന്ന യുവതിയെ കൈഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിലായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്‌കൂൾ അധ്യാപികയായ യുവതിയും നൃത്തപരിശീലകനായ നാദിർഷ അലിയും മൂന്നു വർഷമായി പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇന്നലെ ഒരുമിച്ച് കാറിലാണ് ഇവർ വ്യൂ പോയിന്റിൽ എത്തിയത്. ഇവിടെവെച്ച് ജീവനൊടുക്കുന്നതിനെ കുറിച്ച് സൂചന നൽകുന്ന വിഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ചത്.

പിന്നീട് നിലവിളി കേട്ട് വിനോദസഞ്ചാരികൾ സമീപവാസികളെയും കൂട്ടി നടത്തിയ തിരച്ചിലിലാണ് കൈത്തണ്ട മുറിഞ്ഞ നിലയിൽ യുവതിയെ കണ്ടെത്തിയത്. യുവതി പറഞ്ഞതനുസരിച്ചു നടത്തിയ തിരച്ചിലിൽ 150 അടി താഴ്ചയിലുള്ള മുൾക്കാട്ടിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി.

പയ്യന്നൂര്‍ കോറോത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്ത സുനീഷയുടെ ഭര്‍ത്താവ് വിജീഷിനെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യെയാണ് കഴിഞ്ഞയാഴ്ച ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന സുനീഷയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു.

സുനീഷയും ഭര്‍ത്താവ് വിജീഷും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാന്‍ അനുവദിക്കണമെന്ന് സുനീഷ ആവശ്യപ്പെടുന്നതും ഭര്‍ത്താവ് വിജീഷ് അത് എതിര്‍ക്കുന്നതുമാണ് ശബ്ദരേഖയില്‍ ഉള്ളത്. സുനീഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭര്‍ത്താവ് വിജീഷില്‍ നിന്നും ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നും യുവതി മര്‍ദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഫോണ്‍ സംഭാഷണവും നേരത്തെ പുറത്ത് വന്നിരുന്നു. ഞായറാഴ്ച വൈകുന്നേരം നാലരക്കാണ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ ഭാര്യ സുനീഷയെ ഷാളുപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സുനീഷ സഹോദരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉള്ളത്. ഭര്‍ത്താവ് വിജീഷ് എല്ലാ ദിവസവും തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നുണ്ട്. ഭര്‍ത്താവിന്റെ മാതാപിതാക്കളും മര്‍ദ്ദിക്കാറുണ്ട്. കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ഓഡിയോയിലുണ്ടായിരുന്നു.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ഒന്നര വര്‍ഷം മുമ്പാണ് വിജീഷും സനീഷയും വിവാഹിതരായത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാതെ പയ്യന്നൂര്‍ പോലീസ് ഇരുവീട്ടുകാരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഇതിന് ശേഷം മര്‍ദ്ദനം തുടര്‍ന്നെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്ന യുവതിയുടെ ഓഡിയോ സന്ദേശത്തിലുള്ളത്.

ഞായറാഴ്ച വൈകുന്നേരം നാലരക്കാണ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ സുനീഷയെ ഷാളുപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊച്ചി മേയര്‍ എം അനില്‍കുമാറിന് ഭീഷണി കത്ത്. താലിബാന്‍ ചീഫ് കമാന്‍ഡര്‍ ഫക്രുദീന്‍ അല്‍ത്താനിയുടെ പേരിലാണ് കൊച്ചി മേയര്‍ക്ക് ഭീഷണിക്കത്ത് എത്തിയത്.

കോഴിക്കോട്ട് നിന്നാണ് കത്ത് എത്തിയിരിക്കുന്നത്. ഭീഷണിക്കത്തില്‍ ബിന്‍ലാദന്റെ ചിത്രവുമുണ്ട്. സംഭവത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.

കൊച്ചി കടപ്പുറത്ത് നഗ്നനായി നടത്തിക്കും. പത്ര മാധ്യമങ്ങളില്‍ തന്റെ ഫോട്ടോ കണ്ട് പോകരുത്. ഫോട്ടോ കൊടുത്ത് അഹങ്കാരം കാട്ടിയാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ പറയുന്നു.

സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എല്‍ഡിഎഫ് പരാതി . എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസാണ് പരാതി നല്‍കിയിരിക്കുന്നത്.

തന്നോട് ആര്‍ക്കെങ്കിലും വിരോധമുള്ളതായി അറിയില്ലെന്നും മാനസിക വിഭ്രാന്തിയുള്ള ആരോ ആണ് ഇത് ചെയ്തതെന്നും മേയര്‍ അനില്‍കുമാര്‍ പറഞ്ഞു. എന്തായാലും ഇതിനു പിന്നാലെ നടക്കാന്‍ ഇല്ല. മേയര്‍ എന്ന നിലയില്‍ ഒരു ഭീഷണി വന്നപ്പോള്‍ അത് പോലീസില്‍ അറിയിക്കുകയാണ് ചെയ്തത്, അദ്ദേഹം വ്യക്തമാക്കി.

വീട്ടിൽ ഒളിച്ചുകളിക്കുന്നതിനിടെ ഒന്നര വയസുകാരി ഷോക്കേറ്റ് മരിച്ചു. കുറവിലങ്ങാട് വെമ്പള്ളിക്കു സമീപം കദളിക്കാട്ടിൽ അലൻ ശ്രുതി ദമ്പതികളുടെ മകളായ ഒന്നരവയസ്സുകാരി റൂത്ത് മറിയമാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കളിക്കുന്നതിനിടെ കുട്ടി അപകടത്തിൽ പെട്ടത്. അയൽവക്കത്തെ കുട്ടികളും ഒന്നിച്ച് സാറ്റ് കളിക്കുന്നതിനിടയിൽ ആണ് കുഞ്ഞിന് ഷോക്കേറ്റത്. കളിക്കുന്നതിനിടെ വീട്ടിലെ ഫ്രിഡ്ജിന്റെ പിന്നിൽ കുട്ടി ഒളിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഷോക്കേറ്റ് മരണം സംഭവിച്ചത്.

ടൈൽസ് പണിക്കാരനായ അലനും അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലെ കരാർ ജീവനക്കാരിയായ ശ്രുതിയും ജോലിക്ക് പോയിരിക്കുകയായിരുന്നു. പതിവായി ജോലിക്ക് പോകുമ്പോൾ അമ്മയുടെ പക്കലാണ് കുഞ്ഞിനെ ഏൽപ്പിക്കുന്നത്. പതിവുപോലെ ഇന്നും മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ ശ്രുതിയുടെ അമ്മയുടെ പക്കൽ കുഞ്ഞിനെ ഏൽപ്പിച്ചു പോവുകയായിരുന്നു. അതിനിടെ ആണ് ഉച്ചയോടെ മരണം പിഞ്ചു കുഞ്ഞിന്റെ ജീവൻ കവർന്നെടുത്തത്. അയൽപക്കത്തെ കുട്ടികളുമൊത്ത് റൂത്ത് മറിയവും സഹോദരി ഹെയറയും കളിക്കുന്നത് പതിവായിരുന്നു. അതിനിടെയാണ് ഇന്ന് അപ്രതീക്ഷിതമായി അപകടമുണ്ടായത്.

സംഭവം നടക്കുമ്പോൾ ശ്രുതിയുടെ അമ്മ വീട്ടിലുണ്ടായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി യത്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചതായി നാട്ടുകാർ പറയുന്നു. കുഞ്ഞിനെയും കയ്യിൽ വച്ച് ശ്രുതിയുടെ അമ്മ ഇരിക്കുന്ന കാഴ്ചയാണ് നാട്ടുകാർ കണ്ടത്. തുടർന്ന് ഉടൻ തന്നെ കുറവിലങ്ങാട് ഉള്ള സ്വകാര്യ ആശുപത്രിയിലേക്ക് നാട്ടുകാർ കുഞ്ഞിനെ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞു മരിച്ചതായി ഡോക്ടർമാരും പരിശോധനയ്ക്കുശേഷം പറഞ്ഞു.

സംഭവത്തിൽ കുറവിലങ്ങാട് പോലീസ് സ്വകാര്യ ആശുപത്രിയിലെത്തി കുഞ്ഞിന്റെ ഇൻക്വസ്റ്റ് പരിശോധന പൂർത്തിയാക്കി. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. സംഭവത്തിൽ അസ്വാഭാവികമായി മറ്റെന്തെങ്കിലും ഉണ്ടോ എന്ന കാര്യം കുറവിലങ്ങാട് പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ നിലവിലുള്ള വിവരമനുസരിച്ച് ഷോക്കേറ്റതിനെത്തുടർന്നാണ് മരണം സംഭവിച്ചത് എന്നാണ് പൊലീസ് കരുതുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ മരണം നാട്ടുകാരേയും ഞെട്ടിച്ചു.

വിവരം അറിഞ്ഞ ശേഷം പിതാവ് അലനും, മാതാവ് ശ്രുതിയും എത്തുകയായിരുന്നു. പിഞ്ചുകുഞ്ഞിന്റെ അപ്രതീക്ഷിതമായുണ്ടായ വേർപാട് ഇരുവരെയും കടുത്ത ആഘാതത്തിലാണ് എത്തിച്ചിരിക്കുന്നത്. സംഭവത്തിൽ പോസ്റ്റ്മോർട്ടം പരിശോധന പൂർത്തിയാക്കിയശേഷം പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വൈകാതെ തന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാകുമെന്ന് കോട്ടയം മെഡിക്കൽ കോളേജ് അധികൃതരും പ്രതികരിച്ചു.

ഫ്രിഡ്ജിന് പിന്നിൽ ഷോക്ക് അടിക്കുന്നതിനു കാരണമായി എന്തെങ്കിലും തകരാർ ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞുങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ എത്രത്തോളം ശ്രദ്ധ പുലർത്തണമെന്ന കൂടിയാണ് വെമ്പള്ളി സംഭവം തെളിയിക്കുന്നത്. ഷോക്ക് ഏൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ കുഞ്ഞു കുട്ടികൾക്ക് എത്രത്തോളം അപകടകരമാണ് എന്നും വെമ്പള്ളി സംഭവം തെളിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved