കൊല്ലം കരുനാഗപ്പള്ളിയില്‍ മകന്‍ അച്ഛനെ ശ്വാസം മുട്ടിച്ച് കൊന്നു. തേപ്പുപെട്ടിയുടെ വയർ കഴുത്തിൽ കുരുക്കിയാണ് പത്തൊന്‍പതുകാരന്‍ അച്ഛനെ കൊന്നത്. ഇരുവരം ലഹരിക്ക് അടിമകളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളനാതുരുത്ത് സ്വദേശിയായ വിശ്വനന്ദാണ് മരിച്ചത്. അച്ഛനും മകനും കരുനാഗപ്പള്ളി കോഴിക്കോട് വായനശാലാ ജംക്‌ഷനു സമീപം നാലു മാസമായി വാടകയ്ക്കു താമസിക്കുകയായിരുന്നു.
ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച്ച രാത്രിയും വഴക്കുണ്ടായി. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ വയര്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ വിശ്വനന്ദിനെ കണ്ടു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമലിനെ പൊലീസ് അറസ്റ്റു ചെയ്തു. അച്ഛനും മകനും തമ്മിലുള്ള വഴക്കില്‍ മടുത്ത് വിശ്വനന്ദിന്റെ ഭാര്യ ബന്ധുവീട്ടിലാണ് താമസം.
ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് പരാതിയിൽ നാലുപേർ അറസ്റ്റിൽ. ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ചുണ്ടിക്കാട്ടി നടിയുടെ മാതാവാണ് മരട് പോലീസിൽ പരാതി നൽകിയത്. ഇത് പ്രകാരമാണ് നടപടി.
വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റൂർ സ്വദേശി അഷറഫ് ഏന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു. തട്ടിപ്പുകാരിൽ മുന്ന് പേരെ കൂടി പിടികൂടാനുണ്ടെന്നും പേലീസ് അറിയിച്ചു.
അതേസമയം, വിവാഹാലോചനയുമായി വന്നവരാണ് പണം തട്ടാൻ ശ്രമിച്ചതെന്ന് ഷംന കാസിം പ്രതികരിച്ചു. വിവാഹാലോചനയുമായി വന്നവർ ഒരാഴ്ച കൊണ്ട് കുടുംബവുമായി അടുത്തു. കോവിഡ് കാലമായതിനാൽ ഇവരെ കുറിച്ച് നേരിട്ട് പോയി അന്വേഷിക്കാനായില്ല. ഇതിനിടെയാണ് വരനായി വന്നയാൾ പണം ആവശ്യപ്പെട്ടത്. ഇതോടെ സംശയം തോന്നുകയും പരാതിപ്പെടുകയുമായിരുന്നു. തട്ടിപ്പ് സംഘത്തിന് എതിരെ നടപടിയുമായി മുന്നോട്ട് പോയത് മറ്റാരും തട്ടിപ്പിന് ഇരയാവാതിരിക്കാനാണെന്നും നടി പ്രതികരിച്ചതായി ചൂണ്ടിക്കാട്ടുന്നു.
എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് മാരാരിക്കുളം എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടത്. മൂന്ന് പതിറ്റാണ്ടുകളായി താൻ |എസ്എൻഡിപിക്ക് നൽകിയ സംഭാവനകൾ വിവരി ക്കുന്ന 36 പേജുള്ള നോട്ട് വാട്സ്ആപ് ഗ്രൂപ്പുകളിൽ മഹേശൻ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫോണില്‍ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേശന്റെ വാഹനം ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്നു. തുടര്‍ന്ന് ഓഫീസിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടത്. രാവിലെ 8.30 നാണ് വാടസ്ആപ് നോട്ട് പോസ്റ്റു ചെയ്തത്.
എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് മഹേശന്‍. വെള്ളാപ്പള്ളിയും കുടുംബവും അംഗങ്ങളായുള്ള യൂണിയനിലാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ദീര്‍ഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറിയാണ്. ഇതിന് പുറമേ മൈക്രോ ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍, ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു.
കഴിഞ്ഞ ദിവസം ക്രൈo ബ്രാഞ്ച് മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മഹേശനെ ചോദ്യം ചെയ്തിരുന്നു. നിലവിൽ 21 കേസുകളിൽ പ്രതിയാണ്.
പെരിങ്ങോട്ടുകരയിലെ ഭർതൃവീട്ടിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐക്കും എസ്‌ഐക്കും സസ്‌പെൻഷൻ. അന്തിക്കാട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. നോർത്ത് സോൺ ഐജിയുടേതാണ് നടപടി.
ആറ് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസം മുല്ലശ്ശേരി സ്വദേശി ശ്രുതിയെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്രുതി ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വീട്ടുകാർ അറിയിച്ചത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ശ്രുതിയുടെ കഴുത്തിൽ ശക്തിയായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. എന്നാൽ, ബന്ധുക്കളുടെ ആരോപണത്തിൽ വേണ്ടത്ര ഗൗരവത്തിൽ അന്വേഷണം നടത്താത്തതിനാണ് സിഐ പികെ മനോജിനെയും, എസ്‌ഐ കെ ജെ ജിനേഷിനെയും സസ്‌പെന്റ് ചെയ്തത്.
ഗൗരവമേറിയ കേസ് എസ്‌ഐയിൽ നിന്ന് സിഐ ഏറ്റെടുക്കാത്തത് വലിയ വീഴ്ചയായാണ് മുതിർന്ന ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ഇക്കാര്യത്തിൽ തൃശ്ശൂർ റൂറൽ എസ് പി വിശ്വനാഥിന്റെ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് നടപടി. ശ്രുതിയുടെ മരണം ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. നേരത്തെ സംഭവത്തിൽ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. കഴിഞ്ഞ ഡിസംബർ 22 നാണ് ശ്രുതിയുടെയും അരുണിന്റെയും വിവാഹം നടന്നത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു.
ജോയ് അറയ്ക്കല്‍ ജീവനൊടുക്കിയ വാര്‍ത്തയറിഞ്ഞ് അത്ഭുതപ്പെട്ടിരുന്ന മലയാളി ബിസിനസുകാരന്‍ ടി.പി. അജിതും കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്ന് ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കണ്ടെത്താനായില്ല. പോലീസ് അന്വേഷണം തുടരുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് അജിതിനെ ഷാര്‍ജ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസ്സായിരുന്നു. കണ്ണൂര്‍ പനങ്കാവ്, ചിറയ്ക്കല്‍ ടിപി ഹൗസില്‍ ടി.പി.അജിത് ദുബായ് മെഡോസിലെ വില്ലയിലാണ് താമസം.
ദുബായില്‍ നിന്ന് ഷാര്‍ജയിലെത്തിയ ഇദ്ദേഹത്തെ ബുഹൈറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ടവറില്‍ നിന്ന് വീണ് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഉടന്‍ തന്നെ അല്‍ ഖാസിമി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേയ്ക്ക് മാറ്റി.
കഴിഞ്ഞ 30 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് സൊലുഷന്‍സ് ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ഡയറക്ടറായിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സ്‌പേസ് സൊലൂഷന്‍സ് ഇന്റര്‍നാഷനലിന് കീഴില്‍ ഗോഡൗണ്‍, ലോജിസ്റ്റിക്ക്, വര്‍ക്ക് ഷോപ്പ്, കോള്‍ഡ് സ്റ്റോറേജ് സൗകര്യം തുടങ്ങിയ വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ കേരളാ പ്രിമിയര്‍ ലീഗ് (കെപിഎല്‍-ദുബായ്) ഡയറക്ടറായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം ദുബായിലുണ്ട്. ഭാര്യ: ബിന്ദു. മകന്‍ അമര്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി അജിതിന്റെ കൂടെ ബിസിനസ് നോക്കിനടത്തുന്നു. മകള്‍ ലക്ഷ്മി വിദ്യാര്‍ഥിയാണ്.
പ്രമുഖ വ്യവസായി ആയിരുന്ന ജോയ് അറയ്ക്കല്‍ ജീവനൊടുക്കിയ വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹം എന്തിന് ഇതു ചെയ്‌തെന്ന് അജിത് അത്ഭുതപ്പെട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. ഒരിക്കലും ജോയ് അതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ഒരു ബിസിനസുകാരന്‍ മാനസിക കരുത്ത് നേടണം എന്നുമായിരുന്നു അജിതിന്റെ അഭിപ്രായം. എന്നാല്‍ അറയ്ക്കല്‍ ജോയി പോയ വഴിയ്ക്ക് തന്നെ അജിതും പോയി.
ഇന്ത്യന്‍ വംശജരായ ഒരു കുടുംബത്തിലെ എട്ടുവയസുകാരി ഉള്‍പ്പടെ മൂന്ന് പേര്‍ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍. ന്യൂജേഴ്സിയിലെ ഈസ്റ്റ് ബ്രന്‍സ്വിക്കിലെ പുതുതായി വാങ്ങിയ വീട്ടിലെ നീന്തല്‍ക്കുളത്തിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഭരത്പട്ടേല്‍ (62), മരുമകള്‍ നിഷ (33), നിഷയുടെ എട്ടുവയസുള്ള മകള്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. അയല്‍ക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞതിനു പിന്നാലെയാണ് അപകടം സംഭവിച്ചത്. കുടുംബം രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇവിടെ താമസിക്കാനെത്തിയതെന്നും നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നതായും അയല്‍ക്കാര്‍ പറയുന്നു.
അങ്കമാലിയിൽ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചു കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടി കൈ കാലുകൾ ചലിപ്പിക്കാനും കരയാനും തുടങ്ങിയതായും ശസ്ത്രക്രിയക്ക് ശേഷമുള്ള ഇത്തരം പുരോഗതി പ്രതീക്ഷനല്കുന്നതായും ഡോക്ടർമാർ അറിയിച്ചു. ഇത്തരം പുരോഗതി അടുത്ത 24 മണിക്കൂർ നീണ്ടു നിൽക്കുക യാണ് എങ്കിൽ ആശവഹമാണ് കുട്ടി യുടെ അവസ്ഥ.തുടർ ചികിത്സയിലേക്ക് ഉടൻ പ്രവേശിക്കാനും കഴിയും.
ഇന്നലെയാണ് തലച്ചോറിലെ രക്തസ്രാവം നീക്കാൻ ചെയ്യാനുള്ള അടിയന്തര ശസ്ത്രക്രിയക്ക് കുഞ്ഞിനെ വിധേയയാക്കിയത്. അങ്കമാലി ജോസെപുരത് വാടകക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി ഷൈജുതോമസ് കഴിഞ്ഞ വ്യാഴാഴ്ചയാണ് 57 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ റിമാൻഡിലാണ്
നടന് ദിലീപ് ഉള്‍പ്പെട്ട കേസില്‍ ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്നാരംഭിക്കും. ക്രോസ് വിസ്താരം മൂന്ന് ദിവസം നീണ്ടേക്കും. കോവിഡ് മൂലം നീണ്ട ഇളവേളയ്ക്കുശേഷമാണു വിചാരണ സജീവമാകുന്നത്.
പ്രൊസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. നടിയുടെ സഹോദരന്, നടി രമ്യാ നമ്പീശന്, സംവിധായകന് ലാലിന്റെ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും ഇതിനുശേഷം നടക്കും.
ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. നടന് സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിൻരെ തീയതിയും നിശ്ചയിക്കാനുണ്ട്. സിദ്ദീഖിനെ മുമ്പ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും കോടതിയിലെ തിരക്കുമൂലം മാറ്റിവയ്ക്കുകയായിരുന്നു.
ഭാമയെ വിസ്തരിക്കുന്നത് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നീട്ടിയത്. നടന് ദിലീപും ഇന്ന് കോടതിയിലെത്തിയേക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന് ദീലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പോലിസിന്റെ അന്വേഷണം തൃപ്തികരമാണെന്നു വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.
2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം. തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണു നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണു പ്രോസിക്യൂഷന്റെ ആരോപണം. ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
കോട്ടയം പുന്നത്തറയിലെ വൈദികന്‍ ഫാ.ജോര്‍ജ് എട്ടുപറയില്‍ മുങ്ങിമരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വൈദികന്റെ മൃതദേഹത്തില്‍ അസ്വഭാവികമായ പരുക്കുകളില്ല. തലയിലും കയ്യിലും ചെറിയ പരുക്കുകളുണ്ടെങ്കിലും ഇത് വീഴ്ചയില്‍ ഉണ്ടായാകാമെന്ന് നിഗമനം.
കോട്ടയം അയര്‍ക്കുന്നത്തിനുസമീപം പുന്നത്തുറ പള്ളിയില്‍ ഇന്നലെ കാണാതായ വൈദികന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളില്‍ മാനസികസമ്മര്‍ദത്തിലായിരുന്ന ഫാദര്‍ ജോര്‍ജ് എട്ടുപറയിലിന്റെ മരണം ആത്മഹത്യയെന്ന് തന്നെയാണ് സൂചന. വൈദികന്‍ വിഷാദരോഗിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ചങ്ങനാശേരി രൂപതയില്‍ ഉള്‍പ്പെട്ട പുന്നത്തുറ സെന്‍റ് തോമസ് പള്ളിയുടെ വികാരിയാണ് ഫാ.ജോര്‍ജ്.ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷമാണ് ഫാ.ജോര്‍ജിനെ കാണാതായത്. ചങ്ങനാശേരി ബിഷപ്പിനെ കാണാന്‍ മൂന്നുമണിക്ക് സമയം നിശ്ചയിച്ചെങ്കിലും അവിടെയും എത്തിയില്ല. മുറിയില്‍ തന്നെ ഉണ്ടാവുമെന്ന നിഗമനത്തിലായിരുന്നു അസിസ്റ്റന്റ് വികാരിയും ശുശ്രൂഷകനും. മൊബൈല‍് ഫോണും പള്ളിയിലെ സിസിടിവിയും ഓഫ് ആക്കിയിരുന്നു. ഇന്നു രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ കൈകള്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് െകട്ടിയിരുന്നു. ഇത് വൈദികന്‍ തന്നെ കെട്ടിയെന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി സ്വയം ഓഫ് ചെയ്തതാണെന്നും കണ്ടെത്തി.
അമേരിക്കയിലായിരുന്ന വൈദികന്‍ ഫെബ്രുവരിയില‍് ലോക്ഡൗണിനു തൊട്ടുമുമ്പാണ് വികാരിയായി ചുമതലയേറ്റത്. ഇതിനുശേഷം പള്ളിയുടെ ഒരു മുറിയില്‍ തീപിടുത്തമുണ്ടായി നാലുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും കുറേ രേഖകള്‍ കത്തിനശിക്കുകയും ചെയ്തു. രക്തസമ്മര്‍ദരോഗിയായ ഫാ.ജോര്‍ജ് ഇതിനുശേഷം മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ചങ്ങനാശേരി അതിരൂപത അറിയിച്ചു. പള്ളിയുടെ കുരിശ് മാറ്റിയത് പഴയ കാര്യമാണ്. അതും മരണവുമായി ഒരു ബന്ധവുമില്ല.വൈദികന്‍ സ്ഥലംമാറ്റത്തിനുശ്രമിച്ചിരുന്നു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ചങ്ങനാശേരി അതിരൂപത അറിയിച്ചു.
ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ എയര്‍പോര്‍ട്ട് റോഡില്‍ ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ബംഗളൂരുവിലെ ഗോവിന്ദപുരയിലുള്ളവരാണ് മരിച്ച മൂന്ന് പേരും.
എയര്‍പോര്‍ട്ട് റോഡിലെ ജാക്കൂര്‍ എയ്‌റോഡ്രോമിന് സമീപം ഞായറാഴ്ച 6.30-നാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേര്‍ രണ്ട് മോട്ടോര്‍ സൈക്കിളുകളിലായാണ് എത്തിയതെന്നും അഭ്യാസപ്രകടനത്തിനിടെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
16, 17, 22 വയസുള്ളവരാണ് മരിച്ചത്. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകന്ന വഴിയുമാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബൈക്ക് ആരുടെ പേരിലുള്ളതാണെന്നത് അടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.