Crime

കൊച്ചിയില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 69 കാരൻ മരിച്ചു. മരിച്ചത് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. ദുബായില്‍ നിന്നാണ് ഇവര്‍ എത്തിയത്.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കൊറോണ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്‌ക്കാരം നടക്കുക. ഇയാള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലുള്ളവരും നിരീക്ഷണത്തിലാണ്. കൊച്ചി കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മാര്‍ച്ച് 22നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ഹൃദ്രോഗവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇയാള്‍ക്കുണ്ടായിരുന്നു. രോഗി വന്ന വിമാനത്തിലെ യാത്രക്കാരും നിരീക്ഷണത്തിലാണ്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇടപഴകിയ ആളുകളുടെ നില തൃപ്തികരമാണെന്നാണ് പറയുന്നത്.മരണകാരണം ന്യുമോണിയ ആണെന്ന് നിഗമനം. ഇയാളുടെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.

അയല്‍വാസിയായ പെണ്‍കുട്ടികളെ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന്റെ കണ്ണ് പതിനാററുകാരന്‍ കുത്തിപ്പൊട്ടിച്ചു. കൊട്ടാരക്കര പോലീസ് സ്‌റ്റേഷന്റെ കീഴിലുള്ള വാളകം ഔട്ട് പോസ്റ്റിലെ പോലീസ് ഡ്രൈവര്‍ സന്തോഷ് വര്‍ഗ്ഗീസിന്റെ കണ്ണിലാണ് പതിനാറുകാരന്‍ കമ്പി കുത്തിക്കയറ്റിയത്.ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. വാളകം ഇരണൂര്‍ സ്വദേശിയാണ് അക്രമം കാട്ടിയത്.

അയല്‍വാസിയായ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന വിദ്യാര്‍ത്ഥി പെണ്‍കുട്ടികള്‍ കുളിക്കുമ്പോൾ ഒളിഞ്ഞുനോട്ടം ഉള്‍പ്പടെ ചെയ്യുമായിരുന്നു. പോലീസ് സംഘമെത്തിയപ്പോള്‍ പതിനാറുകാരന്റെ വീട് അടഞ്ഞുകിടന്നതാണ്. ജനലിലെ കര്‍ട്ടന്‍ നീക്കി അകത്തേക്ക് നോക്കിയപ്പോഴാണ് അകത്തുനിന്നും കമ്പി കൊണ്ട് സന്തോഷ് വര്‍ഗ്ഗീസിന്റെ കണ്ണില്‍ കുത്തിയത്. കണ്ണില്‍ ആഴത്തില്‍ മുറിവേറ്റ സന്തോഷ് വര്‍ഗ്ഗീസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിനാറുകാരനും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാനസിക അസ്വാസ്ഥ്യം കാട്ടിയതിനെ തുടര്‍ന്ന് പതിനാറുകാരനെ പിന്നീട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

നിർഭയാ കേസിലെ ഒരേ ഒരു ദൃക്‌സാക്ഷി ..നിർഭയയുടെ സുഹൃത്ത് അവീന്ദ്ര പാണ്ഡെ….മൊഴി നൽകുമ്പോൾ പലപ്പോഴും പൊട്ടിക്കരഞ്ഞ അവീന്ദ്ര വിധി നടപ്പായതിന്റെ ആശ്വാസത്തിലാണ്.. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നിയമ പോരാട്ടത്തിൽ ഉടനീളം സജീവമായിരുന്ന അവീന്ദ്ര പാണ്ഡെ നീതി ലഭിക്കുമെന്ന് ഉൽപ്പാക്കിയശേഷം ശേഷം പതിയെ വാർത്തകളിൽ നിന്ന് പിൻവാങ്ങുകയായിരുന്നു …

നിർഭയയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ പോലും അവീന്ദ്ര പ്രത്യക്ഷപ്പെട്ടില്ല.. .  പ്രതികളിൽ നാലുപേരെ തൂക്കിക്കൊന്നതിനു ശേഷം അവീന്ദ്ര പാണ്ഡെയുടെ അഭിപ്രായമറിയാൻ രാജ്യം ഉറ്റുനോക്കുകയാണെങ്കിലും നീതി ജയിച്ച സന്തോഷത്തിലും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ ഈ യുവാവ് തയ്യാറായിട്ടില്ല…

തിഹാർ ജയിലിൽ  പവൻ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശർമ, മുകേഷ് സിങ് എന്നിവരെ ഒരുമിച്ച് തൂക്കിലേറ്റിയത്… തൂക്കിലേറ്റും മണിക്കൂറുകൾക്കു മുൻപ് വരെ ശിക്ഷ മാറ്റി വയ്ക്കണമെന്ന പവൻ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളുന്നതുവരെ ജീവൻ തിരിച്ചുപിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു പ്രതികൾ .

എന്നാൽ അന്ന് ഡിസംബർ 16 നു ജീവനുവേണ്ടി ഇതേ പോലെ യാചിച്ച ഒരു പെൺകുട്ടിയുടെയും യുവാവിന്റെയും നിലവിളി പ്രതികൾ ഒരു നിമിഷം പോലും കേട്ടില്ല.. അവർ അർത്തട്ടഹസിച്ചു കൊലവിളി നടത്തുകയായിരുന്നു അന്ന്.

ആ സംഭവത്തെകുറിച്ച് അവീന്ദ്ര പാണ്ഡെ പലപ്പോഴും പറഞ്ഞതും വീണ്ടും ഓർത്തെടുത്തപ്പോൾ….

സംഭവശേഷം അവൾ ജീവിക്കാനാഗ്രഹിച്ചിരുന്നു. ഡിസംബർ 16ന് ശേഷം നിരവധി കാര്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ പലരും പല രീതിയിലാണ് സംഭവങ്ങളെ ജനങ്ങൾക്ക് മുൻപിലെത്തിക്കുന്നത്. അന്ന് രാത്രി എന്ത് സംഭവിച്ചുവെന്ന് എനിക്ക് പറയണം. എനിക്കെന്ത് സംഭവിച്ചു, എന്റെ സുഹൃത്തിനെന്ത് സംഭവിച്ചുവെന്ന് എനിക്ക് പറയണം അവീന്ദ്ര പറഞ്ഞു. തന്റേയും പെൺകുട്ടിയുടേയും അനുഭവം മറ്റുള്ളവർക്ക് പാഠമാകണമെന്നും എന്നാൽ മാത്രമേ അപകടത്തിൽ പെടുന്ന മറ്റൊരാളെ രക്ഷിക്കാൻ ഒരാൾക്ക് കഴിയൂവെന്നും അവീന്ദ്ര വ്യക്തമാക്കി.

അക്രമികൾ തന്നേയും സുഹൃത്തിനേയും ബസിനുള്ളിൽ നിന്ന് പുറത്തേയ്ക്കെറിയുന്നത് കണ്ടിട്ടും ഒരാളുപോലും തിരിഞ്ഞുനോക്കിയില്ല. പൊലീസെത്തിയിട്ടും രണ്ട് മണിക്കൂറിനുശേഷമാണ് തന്നേയും പെൺകുട്ടിയേയും ആശുപത്രിയിലെത്തിച്ചത്. അന്ന് രാത്രി ബസ് കാത്തുനിന്ന ഞങ്ങളെ അവർ വിളിച്ച് ബസിൽ കയറ്റുകയായിരുന്നു. കർട്ടനിട്ട് ജനാലകൾ ഭദ്രമാക്കിയ നിലയിലായിരുന്നു ബസ്. ഇരുമ്പ് വടികൊണ്ട് ഞങ്ങളെ ക്രൂരമായി മർദ്ദിച്ചു.

ഞങ്ങളുടെ വസ്ത്രങ്ങളും കൈവശമുണ്ടായിരുന്ന വസ്തുക്കളും അവർ പിടിച്ചുവാങ്ങി. അവർ ഇതിനുമുൻപും ഇതേ രീതിയിൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. ബസിൽ കയറിയ ശേഷം ഞങ്ങളേയും കൊണ്ട് അവർ രണ്ടര മണിക്കൂറോളം യാത്രചെയ്തു. ഞങ്ങൾ ബഹളം വച്ച് ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു.

എന്നാൽ പ്രതികൾ ബസിനുള്ളിലെ ലൈറ്റുകൾ കെടുത്തിക്കളഞ്ഞു. അവരെ പ്രതിരോധിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. അവൾ അവരെ ഇടിക്കുകയും ചവിട്ടുകയും ചെയ്തു. അവൾ എന്നെ രക്ഷിക്കാൻ ശ്രമിച്ചു. പൊലീസ് കൺട്രോൾ റൂമിലെ 100 എന്ന നമ്പർ അവൾ ഡയൽ ചെയ്യാൻ ശ്രമിച്ചു. എന്നാൽ അവർ അവളുടെ മൊബൈൽ പിടിച്ചുവാങ്ങി അവീന്ദ്ര പറഞ്ഞു.

ബസിൽ നിന്നും പുറത്തേയ്ക്കെറിഞ്ഞ ഞങ്ങളുടെ ദേഹത്ത് ബസ് കയറ്റി കൊല്ലാൻ ശ്രമിച്ചു. എന്നാൽ അപ്പോഴേക്കും ഞാൻ അവളെ പിടിച്ചുവലിച്ച് റോഡിൽ നിന്നും തെന്നിമാറി. ആ സമയത്ത് ഞങ്ങൾ നഗ്നരായിരുന്നു. അതുവഴി വന്ന നിരവധി വാഹനങ്ങൾ ഞങ്ങൾ നിറുത്താൻ ശ്രമിച്ചു. എന്നാൽ വാഹനങ്ങളുടെ വേഗം കുറച്ച് നിരവധി പേർ കാഴ്ചക്കാരെപോലെ കടന്നുപോയി. ഏതാണ്ട് 25 മിനിറ്റോളം അതേ നിലയിൽ തുടർന്നു. നിരവധി ഓട്ടോ റിക്ഷകളും കാറുകളും ബൈക്കുകളും കടന്നുപോയി.

പട്രോളിങ് നടത്തിയിരുന്ന രണ്ട് പേരാണ് പൊലീസിൽ വിവരമറിയിച്ചത്. 45 മിനിറ്റിനുശേഷം മൂന്ന് പൊലീസ് വാഹനങ്ങൾ അവിടെയെത്തി. എന്നാൽ സംഭവം ഏത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുമെന്ന സംശയത്തെതുടർന്ന് കുറേ സമയം വെറുതേ പോയി. സംഭവമറിഞ്ഞ് വന്നെത്തിയ പൊലീസോ കാഴ്ചക്കാരോ ആരും തന്നെ ഞങ്ങൾക്ക് വസ്ത്രങ്ങൾ തരികയോ ആംബുലൻസ് വിളിക്കുകയോ ചെയ്തില്ല.

എല്ലാവരും കാഴ്ചക്കാരെപോലെ ഞങ്ങളെ നോക്കിനിന്നു. പലവട്ടം യാചിച്ച ശേഷം ആരോ ഒരാൾ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു. അതുകൊണ്ട് ഞങ്ങൾ നാണം മറച്ചു. ആ സമയമത്രയും അവളുടെ രഹസ്യഭാഗത്തുകൂടി ചോരയൊഴുകുന്നുണ്ടായിരുന്നു. സമീപത്തെ ഏതെങ്കിലും ആശുപത്രിയിൽ ഞങ്ങളെ എത്തിക്കുന്നതിനുപകരം ദൂരെയുള്ള ആശുപത്രിയിലേയ്ക്ക് ഞങ്ങളെ കൊണ്ടുപോയി.

അമിതമായി ചോരയൊലിക്കുന്ന അവളെ തൊടാൻ പൊലീസുകാർ പോലും ഭയപ്പെട്ടു. ഞാൻ തനിയെയാണ് അവളെ പൊലീസ് വാഹനത്തിൽ കയറ്റിയത്. ഈ സമയമത്രയും അവിടെ തടിച്ചുകൂടിയ ഒരാൾ പോലും ഞങ്ങളെ സഹായിക്കാൻ മുൻപോട്ട് വന്നില്ല.

ഒരു പക്ഷേ കേസിൽ സാക്ഷിപറയാനുള്ള മടികാരണമാകാം ആരും തിരിഞ്ഞുനോക്കാതിരുന്നത്. ആശുപത്രിയിലെത്തിയിട്ടും ഞങ്ങൾക്ക് കാത്തിരിക്കേണ്ടിവന്നു. ഒരാൾ പോലും ഞങ്ങൾക്ക് ധരിക്കാൻ വസ്ത്രം തന്നില്ല. ഒടുക്കം ഒരാളുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി ഞാൻ എന്റെ വീട്ടിലേയ്ക്ക് വിളിച്ചു. എനിക്ക് വാഹനാപകടത്തിൽ പരിക്ക് പറ്റിയെന്നാണ് എന്റെ പിതാവിനോട് ഞാൻ പറഞ്ഞത്.

എന്റെ വീട്ടുകാർ എത്തിയ ശേഷമാണ് ആശുപത്രിയിൽ എനിക്ക് ചികിൽസ ലഭിച്ചത്. ഇരുമ്പ് വടികൊണ്ട് എനിക്ക് തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു. എനിക്ക് നടക്കാൻ പോലുമാകില്ലായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് എനിക്ക് കൈകൾ ഉയർത്താൻ കഴിഞ്ഞത്-ഇതായിരുന്നു അവീന്ദ്ര മൊഴിയിൽ പറഞ്ഞതും

പ്രതികൾക്കു വധശിക്ഷ നേടിക്കൊടുക്കാനായി, അതു നടപ്പാക്കിക്കിട്ടാനായി നിർഭയയുടെ ‘അമ്മ കോടതികൾ കേറി നടന്നത് നീണ്ട ഏഴു വര്ഷം ..അവസാനം ആ പ്രാർത്ഥനകൾക്ക് ഗുണമുണ്ടായി ..എങ്കിലും ഏറ്റവും ക്രൂരമായി മുറിവേൽപിച്ചത് കൂട്ടത്തിലെ പ്രായപൂർത്തിയാകാത്തവനാണെന്നാണ് റിപ്പോർട്ടുകൾ…അയാൾ ഇപ്പോൾ മൂന്നു വർഷത്തെ തടവ് കഴിഞ്ഞ് പുറത്തുണ്ട് എന്നതാണ് ഈ അമ്മയുടെ സങ്കടവും

നിർഭയയുടെ വീടിനു സമീപത്തെ റോഡിനോടു ചേർന്ന് ഒരു ബാനർ കെട്ടിയിട്ടുണ്ട്. ‘നിർഭയ മാംഗെ ഇൻസാഫ്’ (നിർഭയ നീതി തേടുന്നു) എന്നെഴുതിയ ബാനറിനു താഴെ ഉരുകിവീണ മെഴുകുതിരികൾ. ഏതാനും നാളുകളായി ഇവിടെ എന്നും രാത്രി എട്ടുമണിക്ക് നിർഭയയുടെ അമ്മ ദീപം തെളിക്കാറുണ്ട്

അതിൽനിന്നു ദീപപ്പകർച്ച ഏറ്റുവാങ്ങാൻ സമീപവാസികളായ കുറെയേറെ ആൾക്കാർ എന്നും വരും. ചിലപ്പോൾ പല നാടുകളിൽനിന്ന് അറിഞ്ഞുകേട്ട് എത്തുന്നവരുമുണ്ടാകും. കേസിലെ പ്രതികളെ തൂക്കിലേറ്റും വരെ ഇതു തുടരാനായിരുന്നു തീരുമാനം. പ്രതികൾക്കു വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞതിനാൽ ഇനി ഇവിടെ മെഴുകുതിരിവെട്ടം തെളിയില്ല. പകരം നിർഭയ എന്ന പേര് ഇന്ത്യയുടെ മനസ്സിൽ ജ്വലിക്കുന്ന സ്മരണയായി എന്നും നിലനിൽക്കും

കൊറോണ ഭീതിയില്‍ ലോകം ഭയന്ന് വിറച്ചു കഴിയുമ്പോള്‍ വൈറസ് പടര്‍ത്താന്‍ അഹ്വാനം ചെയ്ത് ഇന്‍ഫോസിസ് ജീവനക്കാരന്‍. ‘കൈ​കോ​ര്‍​ക്കാം. പൊ​തു​സ്ഥ​ല​ത്തു ചെ​ന്നു തു​മ്മാം. വൈ​റ​സ് പ​ട​ര്‍​ത്താം’ – എന്നാണ് ഇയാൾ ഫേയ്സ്ബുക്കില്‍ കുറിച്ചത്. തുടര്‍ന്ന് ഇ​ന്‍​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ മു​ജീ​ബ് മു​ഹ​മ്മ​ദ് (25) ബാം​ഗളൂരില്‍ അറസ്റ്റിലായി. ഇയാളെ ഇന്‍ഫോസിസ് പുറത്താക്കുകയും ചെയ്തു. ‌‌

പോസ്റ്റിട്ടതിന് പിന്നാലെ മുജീബിനെതിരേ രൂക്ഷ വിമര്‍ശനവുമായി നിരവധിപേര്‍ രം​ഗത്തെത്തി. തുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ‌‌ മു​ജീ​ബി​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ കു​റി​പ്പ് ഇ​ന്‍‌​ഫോ​സി​സി​ന്‍റെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​നും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യ്ക്കും എ​തി​രാ​ണ്. ഇ​ന്‍​ഫോ​സി​സി​ന് അ​ത്ത​രം പ്ര​വൃ​ത്തി​ക​ളോ​ട് സ​ഹി​ഷ്ണു​ത​യി​ല്ലാ​ത്ത ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. അ​ത​നു​സ​രി​ച്ചാണ് മു​ജീ​ബി​നെതിരെ നടപടിയെടുത്തതെന്ന് കമ്പനി അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ സിഖ് ഗുരുദ്വാരയില്‍ കഴിഞ്ഞ ദിവസം നടന്ന 27 പേര്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരാക്രമണത്തില്‍ മലയാളിയും ഉള്‍പ്പെട്ടുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് സ്വദേശി അബുഖാലിദ് എന്ന മുഹമ്മദ് സാജിദ് ആണ് ഭീകരാക്രമണത്തില്‍ പങ്കെടുത്തത്. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ അബുഖാലിദ് അടക്കം നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു.

ഗുരുദ്വാര ഭീകരാക്രമണത്തില്‍ പങ്കെടുത്ത അബു ഖാലിദിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം ഐഎസ് പുറത്തുവിട്ടു. കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്ന് 14 പേരില്‍ ഒരാളാണ് അബുഖാലിദ്. പഡ്‌നെയില്‍ ഒരു ഷോപ്പ് നടത്തുകയായിരുന്നു ഇയാള്‍. 2016ല്‍ എന്‍ഐഎ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. കാബൂളിലെ ഷോര്‍ബസാറിലുള്ള ഗുരുദ്വാരയാണ് ആക്രമിക്കപ്പെട്ടത്. ചാവേറുകളും തോക്കേന്തിയ അക്രമികളും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടക്കുമ്പോള്‍ 150ലേറെ ആളുകള്‍ ഗുരുദ്വാരയ്ക്കകത്ത് ഉണ്ടായിരുന്നു.

താലിബാന്‍ നേരത്തെ തന്നെ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് അഫ്ഗാനിസ്ഥാനില്‍ സിഖുക്കാര്‍ക്കു നേരെയുണ്ടായ ഐഎസ് ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആലപ്പുഴ പുളിങ്കുന്ന് വെടിക്കെട്ടു ശാല അപകടം മരണം 6 ആയി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടർന്ന പുളിങ്കുന്ന് സ്വദേശികളായ തങ്കമ്മ (56) ബിന്ദു എന്നി വീട്ടമ്മമാർ ആണ് ഒടുവിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആണ് പുളിങ്കുന്ന് വലിയ പള്ളിക്ക് സമീപം പടക്ക നിർമാണശാല പൊട്ടിത്തെറിച്ചത്.

കൂടാതെ വിജയമ്മ, ബിനു, റെജി, കുഞ്ഞുമോൾ എന്നിവരും അപകടത്തിൽ മരിച്ചിരുന്നു. അനധികൃത പടക്ക നിർമാണ യൂണിറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മരണപ്പെട്ടവർ ഉൾപ്പെടെ 8 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്ഥാപനത്തിന്റെ അയൽ വീടുകൾക്ക് നാശ നഷ്ടമുണ്ടായി. പുളിങ്കുന്ന് സ്വദേശി കൊച്ചുമോൻ ആന്റണി പുരയ്ക്കലിൻറെ ഉടമസ്ഥതയിലുള്ളതാണ് ഈ പടക്ക നിർമ്മാണ യൂണിറ്റ്.

വലിയ പള്ളിക്ക് സമീപമുള്ള നിർമ്മാണ യൂണിറ്റും വീടും സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.

സ്ഥാപനത്തിന് പടക്ക വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളത്. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.

കോവിഡ് 19ന്റെ വ്യാപനസാധ്യത കരുതലോടെ മനസിലാക്കാതിരുന്നതാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് തിരിച്ചടിയായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ ഇത് വ്യക്തമാക്കുന്നു. പ്രതിരോധ മരുന്നുകളിലൂടെ കോവിഡിന്റെ സമൂഹവ്യാപനം തടയാനാകും എന്നായിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് അന്ന് നൽകിയിരുന്ന ഉപദേശം.

ഇത് മുഖവിലയ്ക്ക് എടുത്ത അദ്ദേഹം ഹസ്തദാനം പോലും ഒഴുവാക്കിയിരുന്നില്ല. ആശുപത്രിയിലെ രോഗികൾക്ക് പോലും ഹസ്തദാനം നൽകിയെന്ന് ബോറിസ് ജോൺസൻ തന്നെ വ്യക്തമാക്കിയിരുന്നു. ‘എനിക്ക് ഒരു പേടിയുമില്ല. ഇന്നലെ ആശുപത്രിയില്‍ പോയപ്പോഴും ഞാന്‍ ഹസ്തദാനം നടത്തി..’ അദ്ദേഹം പലയിടത്തും ആവര്‍ത്തിച്ചു. അമിത ആത്മവിശ്വാസം വിനയായെന്ന് പ്രതിപക്ഷ കക്ഷികളടക്കം ഒളിയമ്പെയ്തുകഴിഞ്ഞു. രാജ്യത്ത് വ്യാപക വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു.

രോഗലക്ഷണങ്ങളെ തുടർന്ന് ബോറിസ് സ്വയം ക്വാറന്റീനിൽ ആയിരുന്നു. വ്യാഴാഴ്ച ജനപ്രതിനിധിസഭയിലെ ചോദ്യോത്തരവേളയിൽ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടത്. തുടർന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ഔദ്യോഗിക വസിതിയിൽ ഇരുന്നുകൊണ്ടു വിഡിയോ കോൺഫറൻസിലൂടെ ചുമതലകൾ നിറവേറ്റുമെന്നാണ് ബോറിസ് ജോൺസൻ അറിയിച്ചിരിക്കുന്നത്.

യുകെയിൽ ഇതുവരെ 11,658 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 578 പേർ മരിച്ചു. യുഎസ്, ഇറ്റലി, ചൈന, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കു ശേഷം കോവിഡ് സ്ഥിതി ഏറ്റവും വഷളായിരിക്കുന്നത് ബ്രിട്ടനിലാണ്. കഴിഞ്ഞ ദിവസം രാജകുടുംബാംഗം ചാൾഡ് രാജകുമാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്കോട്‌ലൻഡിലെ ബാൽമൊറാലിൽ ഉള്ള രാജകുമാരനു ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്.

കോവിഡിന്റെ തിരക്കിനിടയിലും ഇരിങ്ങാലക്കുട ആലീസ് കൊലക്കേസിന്റെ അന്വേഷണം ഊര്‍ജിതമായി തുടരുന്നു. കൊല നടന്ന് നാലു മാസം പിന്നിട്ടിട്ടും കൊലയാളി ഇപ്പോഴും കാണാമറയത്തു തന്നെ തുടരുന്നു. സ്വര്‍ണം തട്ടിയെടുക്കാന്‍ പട്ടാപകല്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന ആളെ തിരിച്ചറിയാന്‍ ഇരിങ്ങാലക്കുട പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ഇരിങ്ങാലക്കുട സ്വദേശിയായ ആലീസ് കൊല്ലപ്പെട്ടത് നവംബര്‍ പതിനാലിനായിരുന്നു. ഭര്‍ത്താവു മരിച്ച ശേഷം വീട്ടില്‍ തനിച്ചായിരുന്നു ആലീസിന്റെ താമസം. രാത്രികാലങ്ങളില്‍ അയല്‍വാസിയായ സ്ത്രീ കൂട്ടിനു വരും.

രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്കു പോയ ശേഷം പിന്നെ, ആലീസ് പുറത്തു പോകാറില്ല. രാവിലെ പത്തിനും പന്ത്രണ്ടിനും മധ്യേയായിരുന്നു കൊലപാതകം. ഈ സമയം വീടിന്റെ പരിസരത്ത് ആകെ കണ്ടിട്ടുള്ളത് കര്‍ട്ടന്‍ പണിക്കാരെ മാത്രം. മറ്റാരേയും അയല്‍വാസികള്‍ കണ്ടിട്ടില്ല. കൊലയാളിയെക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചതുമില്ല. ഏതൊരു കുറ്റകൃത്യം നടന്ന സ്ഥലത്തും കുറ്റവാളി തെളിവുകള്‍ അവശേഷിച്ചു പോകുമെന്നാണ് പൊലീസിന്റെ പതിവു കണക്കുക്കൂട്ടല്‍. ഇക്കാര്യത്തില്‍ അങ്ങനെയൊരു തെളിവു കിട്ടിയതാകട്ടെ ഒരു ന്യൂസ് പേപ്പറിന്റെ കഷണം.

ആയുധം പൊതിഞ്ഞു കൊണ്ടുവന്നത് ഈ പേപ്പറിലാെണന്ന് സംശയിച്ചു. ന്യൂസ് പേപ്പറിന്റെ പിന്നാലെ പൊലീസ് പോയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സൈബര്‍ സെല്ലിന്റെ സഹായവും തേടി. മൂന്നു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. എന്നിട്ടും പിടികിട്ടിയില്ല. ഏറ്റവും ഒടുവില്‍ ആലീസിന്റെ മൃതദേഹത്തിനരികില്‍ നിന്ന് ഒരു മുടിനാരു കിട്ടി. ഇത് കൊലയാളിയുടേതാണെന്ന സംശയത്തില്‍ ഡി.എന്‍.എ. പരിശോധന നടത്തി വരുന്നു. സംശയമുള്ളവരുടെ ഡി.എന്‍.എയുമായി ഒത്തു വരുന്നുണ്ടോെയന്നാണ് പൊലീസ് പരിശോധിക്കുന്നത്. കൊലയാളിയെ കണ്ടെത്താന്‍ ആവുന്നത്ര പരിശ്രമിക്കുന്നുണ്ടെങ്കിലും അന്വേഷണം ഇനിയും ലക്ഷ്യത്തില്‍ എത്തിയിട്ടില്ല.

മലപ്പുറം കൊണ്ടോട്ടിയലെ പച്ചക്കറിക്കടയിൽ വില പരിശോധിക്കാനെത്തിയ നഗരസഭ സെക്രട്ടറിക്ക് പൊലീസ് മർദനം. നഗരസഭ ചെയർപേഴ്സനൊപ്പം കടയുടെ മുന്നിൽ നിന്നിരുന്ന ഉദ്യോഗസ്ഥരെ കാര്യം പോലും അന്വേഷിക്കാതെ മർദിച്ചുവെന്നാണ് ആക്ഷേപം. എന്നാൽ ആളറിയാതെ പറ്റിയതാണെന്നും സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും പൊലീസ് അറിയിച്ചു.

പച്ചക്കറിക്കടയിൽ സാധനങ്ങൾ ഉയർന്ന നിരക്കിൽ വിൽക്കുന്നു എന്ന പരാതി അന്വേഷിക്കാനാണ് നഗരസഭ ചെയർപേഴ്സനും,
സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും കടയിലെത്തിയത്. പരിശോധനയ്ക്ക് ശേഷം കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന ഇവരെ അപ്രതീക്ഷിതമായി ആക്രമിക്കുന ദൃശ്യങ്ങളാണ് പുറത്തു വന്നത്. സെക്രട്ടറിക്ക് മർദ്ദനമേൽക്കുകയും ചെയ്തു.

എന്നാൽ ഈ കടയ്ക്ക് മുന്നിൽ സ്ഥിരമായി ആളുകൾ കൂടുന്നുണ്ടെന്നും, നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ഇവരെ മാറ്റാൻ ശ്രമിക്കുന്നതിനിടെ പറ്റിപ്പോയതാണെന്നുമാണ് പൊലീസിൻ്റെ വിശദീകരണം. ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡും ധരിച്ചിട്ടുണ്ടായിരുന്നില്ല. സംഭവം ഇരുകൂട്ടരും തമ്മിൽ ഒത്തുതീർപ്പാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസര്‍ കുടിച്ച് ഒരാള്‍ മരിച്ചു.റിമാന്‍ഡ് തടവുകാരനായ മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. സാനിറ്റൈസര്‍ കുടിച്ച ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാര്‍ച്ച് 24നാണ് ഇയാളെ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 18 നാണ് ഇയാളെ മോഷ്ണകേസില്‍ റിമാന്‍ഡ് ചെയ്തത്.

 

RECENT POSTS
Copyright © . All rights reserved