Crime

കോവിഡിന്റെ തിരക്കിനിടയിലും ഇരിങ്ങാലക്കുട ആലീസ് കൊലക്കേസിന്റെ അന്വേഷണം ഊര്‍ജിതമായി തുടരുന്നു. കൊല നടന്ന് നാലു മാസം പിന്നിട്ടിട്ടും കൊലയാളി ഇപ്പോഴും കാണാമറയത്തു തന്നെ തുടരുന്നു. സ്വര്‍ണം തട്ടിയെടുക്കാന്‍ പട്ടാപകല്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന ആളെ തിരിച്ചറിയാന്‍ ഇരിങ്ങാലക്കുട പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ഇരിങ്ങാലക്കുട സ്വദേശിയായ ആലീസ് കൊല്ലപ്പെട്ടത് നവംബര്‍ പതിനാലിനായിരുന്നു. ഭര്‍ത്താവു മരിച്ച ശേഷം വീട്ടില്‍ തനിച്ചായിരുന്നു ആലീസിന്റെ താമസം. രാത്രികാലങ്ങളില്‍ അയല്‍വാസിയായ സ്ത്രീ കൂട്ടിനു വരും.

രാവിലെ പള്ളിയില്‍ കുര്‍ബാനയ്ക്കു പോയ ശേഷം പിന്നെ, ആലീസ് പുറത്തു പോകാറില്ല. രാവിലെ പത്തിനും പന്ത്രണ്ടിനും മധ്യേയായിരുന്നു കൊലപാതകം. ഈ സമയം വീടിന്റെ പരിസരത്ത് ആകെ കണ്ടിട്ടുള്ളത് കര്‍ട്ടന്‍ പണിക്കാരെ മാത്രം. മറ്റാരേയും അയല്‍വാസികള്‍ കണ്ടിട്ടില്ല. കൊലയാളിയെക്കുറിച്ച് യാതൊരു സൂചനകളും ലഭിച്ചതുമില്ല. ഏതൊരു കുറ്റകൃത്യം നടന്ന സ്ഥലത്തും കുറ്റവാളി തെളിവുകള്‍ അവശേഷിച്ചു പോകുമെന്നാണ് പൊലീസിന്റെ പതിവു കണക്കുക്കൂട്ടല്‍. ഇക്കാര്യത്തില്‍ അങ്ങനെയൊരു തെളിവു കിട്ടിയതാകട്ടെ ഒരു ന്യൂസ് പേപ്പറിന്റെ കഷണം.

ആയുധം പൊതിഞ്ഞു കൊണ്ടുവന്നത് ഈ പേപ്പറിലാെണന്ന് സംശയിച്ചു. ന്യൂസ് പേപ്പറിന്റെ പിന്നാലെ പൊലീസ് പോയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സൈബര്‍ സെല്ലിന്റെ സഹായവും തേടി. മൂന്നു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. എന്നിട്ടും പിടികിട്ടിയില്ല. ഏറ്റവും ഒടുവില്‍ ആലീസിന്റെ മൃതദേഹത്തിനരികില്‍ നിന്ന് ഒരു മുടിനാരു കിട്ടി. ഇത് കൊലയാളിയുടേതാണെന്ന സംശയത്തില്‍ ഡി.എന്‍.എ. പരിശോധന നടത്തി വരുന്നു. സംശയമുള്ളവരുടെ ഡി.എന്‍.എയുമായി ഒത്തു വരുന്നുണ്ടോെയന്നാണ് പൊലീസ് പരിശോധിക്കുന്നത്. കൊലയാളിയെ കണ്ടെത്താന്‍ ആവുന്നത്ര പരിശ്രമിക്കുന്നുണ്ടെങ്കിലും അന്വേഷണം ഇനിയും ലക്ഷ്യത്തില്‍ എത്തിയിട്ടില്ല.

മലപ്പുറം കൊണ്ടോട്ടിയലെ പച്ചക്കറിക്കടയിൽ വില പരിശോധിക്കാനെത്തിയ നഗരസഭ സെക്രട്ടറിക്ക് പൊലീസ് മർദനം. നഗരസഭ ചെയർപേഴ്സനൊപ്പം കടയുടെ മുന്നിൽ നിന്നിരുന്ന ഉദ്യോഗസ്ഥരെ കാര്യം പോലും അന്വേഷിക്കാതെ മർദിച്ചുവെന്നാണ് ആക്ഷേപം. എന്നാൽ ആളറിയാതെ പറ്റിയതാണെന്നും സംഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും പൊലീസ് അറിയിച്ചു.

പച്ചക്കറിക്കടയിൽ സാധനങ്ങൾ ഉയർന്ന നിരക്കിൽ വിൽക്കുന്നു എന്ന പരാതി അന്വേഷിക്കാനാണ് നഗരസഭ ചെയർപേഴ്സനും,
സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും കടയിലെത്തിയത്. പരിശോധനയ്ക്ക് ശേഷം കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന ഇവരെ അപ്രതീക്ഷിതമായി ആക്രമിക്കുന ദൃശ്യങ്ങളാണ് പുറത്തു വന്നത്. സെക്രട്ടറിക്ക് മർദ്ദനമേൽക്കുകയും ചെയ്തു.

എന്നാൽ ഈ കടയ്ക്ക് മുന്നിൽ സ്ഥിരമായി ആളുകൾ കൂടുന്നുണ്ടെന്നും, നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ ഇവരെ മാറ്റാൻ ശ്രമിക്കുന്നതിനിടെ പറ്റിപ്പോയതാണെന്നുമാണ് പൊലീസിൻ്റെ വിശദീകരണം. ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡും ധരിച്ചിട്ടുണ്ടായിരുന്നില്ല. സംഭവം ഇരുകൂട്ടരും തമ്മിൽ ഒത്തുതീർപ്പാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസര്‍ കുടിച്ച് ഒരാള്‍ മരിച്ചു.റിമാന്‍ഡ് തടവുകാരനായ മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. സാനിറ്റൈസര്‍ കുടിച്ച ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാര്‍ച്ച് 24നാണ് ഇയാളെ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 18 നാണ് ഇയാളെ മോഷ്ണകേസില്‍ റിമാന്‍ഡ് ചെയ്തത്.

 

ക്വാറന്റീനില്‍ കഴിയാതെ കറങ്ങി നടന്ന മണ്ണാര്‍ക്കാട്ടെ കോവിഡ് ബാധിതനെതിരെ കേസെടുത്തതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹോം ക്വാറന്റീന്‍ നിര്‍ദേശം ലംഘിച്ചതിനാണ് കോസെടുത്തത്.

അദ്ദേഹത്തിന്റെ മകനെയും കുടുംബാംഗങ്ങളെയും ഹോം ക്വാറന്റീനിലാക്കിയതായി കളക്ടര്‍ ഡി ബാലമുരളി പറഞ്ഞു. കോവിഡ് ബാധിതന്റെ മകന്‍ കെഎസ്‌ആര്‍ടിസിയിലെ കണ്ടക്ടറാണ്. ഇയാളുടെ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകന്‍ മാര്‍ച്ച്‌ 17 ന് കെഎസ്‌ആര്‍ടിസിയില്‍ ഡ്യൂട്ടിക്ക് കയറിയിരുന്നു.

മണ്ണാര്‍ക്കാട്ടു നിന്ന് അട്ടപ്പാടി വഴി കോയമ്ബത്തൂര്‍ ബസ്സിലാണ് ഇയാള്‍ ഡ്യൂട്ടി എടുത്തത്. മാര്‍ച്ച്‌ 18 ന് ഇയാള്‍ പാലക്കാട്-തിരുവനന്തപുരം ബസ്സിലും ഡ്യൂട്ടി ചെയ്തിരുന്നതായി കണ്ടെത്തി. ഇയാള്‍ ജോലി ചെയ്ത ബസ്സുകളില്‍ യാത്ര ചെയ്തിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

മണ്ണാര്‍ക്കാട് കാരാക്കുറിശ്ശി സ്വദേശിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മകനെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയത്.ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മാര്‍ച്ച്‌ 13 നാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച്‌ ഇയാള്‍ നാട്ടില്‍ കറങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബസില്‍ യാത്ര ചെയ്തു, പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍, ബാങ്കുകള്‍, യത്തീം ഖാന, പള്ളികള്‍ എന്നിവിടങ്ങളില്‍ ഇയാള്‍ പോയിരുന്നു. മലപ്പുറത്തും കോവിഡ് ബാധിതന്‍ പോയതായാണ് സംശയം ഉയര്‍ന്നിട്ടുള്ളത്.

ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ‘മാ ആദി ശക്തി’ എന്ന് സ്വയം വിളിക്കുന്ന ഒരു ആള്‍‍ദൈവമാണ് പൊലീസിനെയും ജനങ്ങളെയും കുറച്ചുനേരം മുള്‍മുനയില്‍ നിര്‍ത്തിയത്. എല്ലാ കൂടിച്ചേരലുകളും നിരോധിക്കപ്പെട്ട ലോക്ക്ഡൗണ്‍ സമയത്താണ് ഇവര്‍ യോഗം സംഘടിപ്പിച്ചത്. പ്രാര്‍ത്ഥനകളും മറ്റും നടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. രണ്ട് ട്രക്ക് പൊലീസ് സ്ഥലത്തെത്തി.

പൊലീസ് എത്തിയപ്പോള്‍ വാള്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ‘അമ്മ’യെയാണ് കണ്ടത്. വാള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ തയ്യാറായില്ല. വെല്ലുവിളിയും തുടങ്ങി. ഇതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി.

സ്ഥലത്ത് നൂറോളം പേര്‍ എത്തിയിരുന്നു. എല്ലാവരും ‘അമ്മ’യ്ക്കൊപ്പം പ്രാ‍ത്ഥിക്കാന്‍ എത്തിയതാണ്. പൊലീസ് ചെറിയ തൊതില്‍ ഒരു ലാത്തിച്ചാര്‍ജ് സംഘടിപ്പിച്ചതോടെ അവരും ഒഴിഞ്ഞുപോയി.

ദുബായില്‍ നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന 10 മാസം പ്രായമുള്ള കുട്ടി കിണറ്റില്‍ വീണു മരിച്ചു. വര്‍ക്കല പുന്നമൂട് പുന്നവിള വീട്ടില്‍ സുബിന്റെയും ശില്‍പയുടെയും മകള്‍ അനശ്വര സുബിന്‍ ആണ് മരിച്ചത്. കൈവരിയും ഗ്രില്ലും നെറ്റുമുള്ള കിണറിന് 100 അടിയോളം താഴ്ചയുണ്ട്. അതില്‍ 15 അടിയോളം വെള്ളവുമുണ്ട്. ശില്‍പ കുട്ടിയുമായെത്തി കിണറിന്റെ വല വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ ഗ്രില്ലിനിടയിലൂടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.

വൈകീട്ട് 3.15 ഓടെയാണ് സംഭവം. ശില്‍പയും മക്കളും ഇക്കഴിഞ്ഞ 11നാണ് ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. തിരിച്ചെത്തിയ ഉടനെ ഇവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. വര്‍ക്കല ഫയര്‍ഫോഴ്സ് കരയ്ക്കെത്തിച്ച മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ചന്‍ സുബിന്‍ വിദേശത്താണ്. സഹോദരി അങ്കിത.

ഊട്ടിയില്‍ കൊറോണയുടെ പേരിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവ് കുത്തേറ്റു മരിച്ചു. സംഭവത്തില്‍ മലയാളി യുവാവിനെ അറസ്റ്റ് ചെയ്തു. ചുമട്ടുതൊഴിലാളിയായ ഊട്ടി നൊണ്ടിമേട് സ്വദേശി ജ്യോതിമണിയാണ് (44) കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയും ഊട്ടിയില്‍ ബേക്കറി തൊഴിലാളിയുമായ ദേവദാസാണ് (40) അറസ്റ്റിലായത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഊട്ടി ചന്തയ്ക്ക് മുന്നിലുള്ള ചായക്കടയിലാണ് സംഭവം നടന്നത്. ചായകുടിക്കാനെത്തിയ ഇരുവരും തമ്മില്‍ കൊറോണയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. അതിനിടെ, ചായക്കടയുടെ മുന്നില്‍ പച്ചക്കറി മുറിക്കാന്‍ വെച്ച കത്തി ഉപയോഗിച്ച് ദേവദാസ് ജ്യോതിമണിയെ കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ആശുപത്രിയില്‍ കൊണ്ടുപോകും വഴി ജ്യോതിമണി മരണപ്പെട്ടു. സംഭവത്തില്‍ ദേവദാസിനെ പോലീസ് അറസ്റ്റുചെയ്തു.

ശ്രീനഗറിൽ മലയാളി ജവാൻ സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ചു. സിആർപിഎഫ് ജവാനും ഇടുക്കി കട്ടപ്പന സ്വദേശിയുമായ സിജു ആണ് മരിച്ചത്.

സിജുവിനു നേരെ വെടിയുതിർത്ത സഹസൈനികൻ ജലാ വിജയ് പിന്നാലെ ആത്മഹത്യ ചെയ്തു. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ആരോഗ്യ വകുപ്പിന്റെ പേരില്‍ കൊറോണ വൈറസ് സംബന്ധിച്ച് വ്യാജ വാട്ട്‌സപ്പ് സന്ദേശം പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി ബീച്ച്‌റോഡ് അലിനാസിലെ ഷാന ഷരീഫാ(20)ണ് അറസ്റ്റിലായത്.എടക്കാട് എസ്‌ഐ ഷീജുവും സംഘവുമാണ് ഇയാളെ പിടികൂടിയത്.

ഹെലികോപ്റ്ററില്‍ മീഥൈല്‍ വാക്‌സിന്‍ എന്ന വിഷ പദാര്‍ഥം തെളിക്കുന്നുവെന്ന വ്യാജ ശബ്ദ സന്ദേശം വാട്ട്‌സപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കുടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

വ്യാജ സന്ദേശം പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന വാട്ട്‌സപ്പ് ഗ്രൂപ്പ് അഡ്മിനിനെയും പൊലീസ് തെരയുന്നുണ്ട്. വ്യാജ സന്ദേശം പ്രചരിപ്പിച്ച എല്ലാ ഗ്രൂപ്പുകളെയും വ്യക്തികളെയും കുറിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷിച്ച് വരികയാണ്.

വീട്ടിൽ സമ്പർക്ക വിലക്കിൽ കഴിഞ്ഞിരുന്നയാൾ ആശാവർക്കറെ മർദിച്ചതായി പരാതി. വാമനപുരം പഞ്ചായത്തിലെ പൂവത്തൂർ വാർഡ് ആശാ വർക്കർ പൂവത്തൂർ സരസ്വതി ഭവനിൽ ലിസി (37) ക്കാണ് മർദനമേറ്റത്. സംഭവത്തിൽ പൂവത്തൂർ വിഎസ് ഭവനിൽ വിഷ്ണു(27)വിനെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് മൂന്നിനാണ് സംഭവം.

ലിസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദിക്കുകയും പെൺമക്കളെ അസഭ്യം വിളിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഒൻപതിന് സൗദിയിൽ നിന്നു നാട്ടിലെത്തിയ ഇയാളെ ആരോഗ്യ വകുപ്പ് അധികൃതർ വിളിക്കുകയും വീട്ടിൽ നിന്നും പുറത്തു പോകരുതെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.

താൻ നാട്ടിലെത്തിയ വിവരം ആശാ വർക്കർ ആരോഗ്യ വകുപ്പിനു കൈമാറിയെന്നാരോപിച്ചായിരുന്നു അക്രമമെന്ന് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ലിസിയുടെയും മക്കളുടെയും നിലവിളി കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഇതിനിടയിൽ ഇയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ ചെവിക്ക് സാരമായി പരുക്കേറ്റ ലിസിയെ വാമനപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

Copyright © . All rights reserved