മഞ്ചേശ്വരത്ത് മൂന്നു ദിവസം മുന്‍പു കാണാതായ അധ്യാപികയെ ദുരൂഹസാഹചര്യത്തില്‍ കടപ്പുറത്തു മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം ചന്ദ്രകൃപയിലെ എ ചന്ദ്രശേഖരന്റെ ഭാര്യ ബി കെ രൂപശ്രീയുടെ (44) മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്തു കിടന്നിരുന്ന മൃതദേഹത്തിന്റെ തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു. ഒരാള്‍ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു രൂപശ്രീ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
മിയാപദവ് എസ്വിഎച്ച്എസ്എസിലെ അധ്യാപികയായ രൂപശ്രീയെ ജനുവരി 16നാണ് കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു. വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ രൂപശ്രീയുടെ സ്‌കൂട്ടര്‍ ഹൊസങ്കടിയില്‍ നിന്നു 2 കിലോമീറ്റര്‍ അകലെ ദുര്‍ഗിപള്ളത്തെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കണ്ടെത്തിയതിനു ശേഷവും രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് അതിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ അതും ഓഫായി. ഫോണ്‍ ഉപേക്ഷിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം. പരേതനായ കൃഷ്ണ ഭണ്ഡാരിയുടെയും എല്‍ഐസി ഏജന്റ് ലീലാവതിയുടെയും മകളാണ് രൂപശ്രീ. മഞ്ചേശ്വരം സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരനാണു ഭര്‍ത്താവ് ചന്ദ്രശേഖരന്‍. മക്കള്‍: കൃതിക്, കൃപ. സഹോദരങ്ങള്‍: ദീപ, ശില്‍പ.
ശബാന ആസ്മിക്ക് വേണ്ടി പ്രാര്‍ഥിച്ച് പ്രമുഖര്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗായിക ലതാ മങ്കേഷ്കര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സിനിമാ രംഗത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു.
ശബാന ആസ്മിക്കുണ്ടായ അപകടം അസ്വസ്ഥപ്പെടുത്തുന്നത് എന്നു കുറിച്ച നരേന്ദ്ര മോദി എത്രയും വേഗം സുഖമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതായി ട്വീറ്റ് ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ലതാ മങ്കേഷ്കര്‍ തുടങ്ങി നിരവധി പേര്‍ ട്വീറ്റുകളുമായി രംഗത്തെത്തി.
അതേസമയം ശബാന ആസ്മി അപകടനില തരണം ചെയ്തതായി മഹാത്മാ ഗാന്ധി ആശുപത്രിയിൽ നിന്നുള്ള ഡോക്ടര്‍മാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് മുംബൈ-പുനെ എക്‌സ്പ്രസ് പാതയില്‍ അപകടം ഉണ്ടായത്. ശബാനയും ഭർത്താവ് ജാവേദ് അക്തറും സഞ്ചരിച്ച കാർ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപത്തായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ ശബാന ആസ്മിയെ കലാംബോളിയിലുള്ള മഹാത്മാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ പെട്ട ടാറ്റ സഫാരിയുടെ മുൻവശം തകർന്ന നിലയിലാണ്. ശനിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്. ജാവേദ് അക്തറിന് പരിക്കില്ല.
ശബാനയക്ക് പുറമെ ഇവരുടെ ഡ്രൈവർക്കും, മറ്റൊരു സ്ത്രീക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ട്രക്ക് ഡ്രൈവറുടെ പരാതിയില്‍ ശബാന ആസ്മിയുടെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
മലപ്പുറം വളാഞ്ചേരിയിൽ നാല് പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പത്ത്, പതിമൂന്ന്, പതിനഞ്ച്, പതിനേഴ് വയസ് പ്രായമുള്ള കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. സ്കൂളിൽ കൗൺസിലിങിനിടെയാണ് പീഡനവിവരം ഇവർ വെളിപ്പെടുത്തിയത്.
10 വയസ് പ്രായമുള്ള ഇളയകുട്ടിയാണ് സ്കൂളിലെ കൗൺസിലിംങ് ക്ലാസിനിടെ പീഡനവിവരം അധ്യാപകരോട് ആദ്യം വെളിപ്പെടുത്തുന്നത്. തനിക്ക് മാത്രമല്ല തന്റെ മൂന്ന് സഹോദരിമാർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. തുടർന്ന് നാല് പേരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരമറിയിക്കുകയായിരുന്നു.
പോക്സോ കേസ് ചുമത്തിയാണ് പിതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ അമ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഇവർ ജോലിക്ക് പോയിരുന്ന സമയങ്ങളിലാണ് പീഡനം നടന്നിരിക്കുന്നത് എന്നാണ് വിവരം. പ്രതി പലപ്പോഴും മദ്യപിച്ചായിരുന്നു വീട്ടിലെത്തിയിരുന്നതെന്നും അമ്മ മൊഴിനൽകിയിട്ടുണ്ട്.
ചെന്നൈ: അലങ്കാനല്ലൂർ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടു പേർ മരിച്ചു. ചോഴവന്താൻ ശ്രീധർ, ചെല്ലപാണ്ടി എന്നിവരാണ് മരിച്ചത്. മത്സരത്തിനിടെ 30 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലാണ്. വിദഗ്ധ ആരോഗ്യ പരിശോധനയ്ക്കു ശേഷം 739 കാളകളും 688 കാളപിടിത്തക്കാരും മത്സരത്തിൽ പങ്കെടുത്തു. ഏറ്റവും മികച്ച കാളയ്ക്കുള്ള ഒന്നാം സ്ഥാനം മറനാട് കുളമംഗലം കാള നേടി. മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി നല്‍കിയ കാറാണ് ഒന്നാം സമ്മാനമായി നല്‍കിയത്. പതിനായിരങ്ങളാണ് ജെല്ലിക്കെട്ട് കാണാനെത്തിയത്.
ബലാത്സംഗ കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പ്രതികളോട് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങിനെതിരെ ഇരയുടെ അമ്മ. ഇരയുടെ അമ്മയായ ആശാ ദേവിയുടെ വേദന താന്‍ മനസിലാക്കുന്നുവെന്ന് പറഞ്ഞാണ് പ്രതികളോട് ക്ഷമിക്കണമെന്ന് ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടത്.
രാജീവ് ഗാന്ധി വധക്കേസിലെ പ്രതിയായ നളിനിയോട് സോണിയ ഗാന്ധി ക്ഷമിച്ച മാതൃക പിന്തുടരണമെന്ന് ആശാ ദേവിയോട് താന്‍ അപേക്ഷിക്കുന്നതായി ഇന്ദിര ജയ്‌സിങ് ട്വീറ്റ് ചെയ്തു. ഞങ്ങള്‍ ആശാ ദേവിക്കൊപ്പമുണ്ടെന്നും എന്നാല്‍ വധശിക്ഷയ്ക്ക് എതിരാണെന്നും ഇന്ദിര ജയ്‌സിങ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍, ഇന്ദിര ജയ്‌സിങ്ങിനെതിരെ ആശാ ദേവി രംഗത്തെത്തി. പ്രതികളോട് പൊറുക്കണമെന്ന് ആവശ്യപ്പെടാന്‍ ഇന്ദിര ജയ്‌സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നാണ് ഈ രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നത്. പീഡനക്കേസ് പ്രതികള്‍ നീതി അര്‍ഹിക്കുന്നില്ല എന്നും ആശാ ദേവി തിരിച്ചടിച്ചു.
അതേസമയം, ഡല്‍ഹി കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. പ്രതികളിലൊരാളുടെ ദയാഹർജി തള്ളിയതിനു പിന്നാലെ, ഡല്‍ഹി പട്യാല കോടതി പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചു. പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് തൂക്കിലേറ്റാനാണ് ഉത്തരവ്.
ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ രാവിലെ തളളിയിരുന്നു. ദയാഹർജി ഇന്നലെ രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭവനു കൈമാറിയത്. ദയാഹർജി തളളണമെന്ന ശുപാർശയോടെയാണ് ദയാഹർജി നൽകിയത്. ഇതു ലഭിച്ച് മണിക്കൂറുകൾക്കകമാണ് രാഷ്ട്രപതി ദയാഹർജി തളളിയത്. ജനുവരി 22 നാണ് നാലു പ്രതികളെയും തൂക്കിലേറ്റാൻ നേരത്തെ തീരുമാനിച്ചിരുന്നത്.
ഉത്തർപ്രദേശിലെ ബിജ്നോറിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കട്ടിലിനോട് ചേർത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൂന്ന് തിരകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വെടിവച്ച് കൊന്ന ശേഷം പെൺകുട്ടിയെ ചുട്ടെരിച്ചതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ആളൊഴിഞ്ഞ പ്രദേശത്തെ കിണറിന് സമീപത്തായാണ് മൃതദേഹം കിടന്നിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാൻ ഡിഎൻഎ സാംപിളുകൾ ശേഖരിച്ചതായും പൊലീസ് വ്യക്തമാക്കി
മൃതദേഹം തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സമീപത്തെ സ്റ്റേഷൻ പരിധികളിൽ ആരെയും കാണാതായതായി പരാതി കിട്ടിയിട്ടില്ലെന്നും പൊലീസ് പറയുന്നു. കുറ്റവാളികൾക്കായും തിരച്ചിൽ ഊർജിതമാണ്.
മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ അമ്മയെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രതികള്‍ അടിച്ചുകൊന്നു. പത്ത് വയസ്സുകാരിയായ കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ ജയിലിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി അമ്മയെ ഉപദ്രവിക്കുകയായിരുന്നു. മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടുകൂടിയാണ് കഴിഞ്ഞ ഒമ്പതിന് നടന്ന സംഭവത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്.
2018ല്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ക്കെതിരെ അമ്മ പരാതി നല്‍കിയിരുന്നു. പ്രതികള്‍ ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയുടെ വീട്ടിലെത്തി കേസില്‍നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വീട്ടുകാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ ബന്ധുവിനും ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെണ്‍കുട്ടിയുടെ അമ്മ മരണപ്പെടുകയായിരുന്നു. ബന്ധു ഇപ്പോഴും ചികിത്സയിലാണ്.
സംഭവത്തെ തുടര്‍ന്ന് അഞ്ച് പ്രതികളെ കാണ്‍പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായെന്നും അതിനാലാണ് പ്രതികള്‍ക്ക് ഇത്രവേഗം ജാമ്യം ലഭിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
A group of five men accused of molesting a young girl, who are currently out on bail, attacked the victim’s mother after she refused to withdraw the case in Kanpur. The mother succumbed to injuries at the hospital. @myogiadityanath where is law and order in the state. @Uppolice pic.twitter.com/9FVO7TvCMX
— Saurabh Trivedi (@saurabh3vedi) January 17, 2020
പ്രണയം നിരസിച്ച യുവാവിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ വിദ്യാര്‍ഥിനി ജീവനൊടുക്കി. പള്ളിക്കുന്ന് സ്റ്റാഗ്ബ്രൂക്ക് എസ്റ്റേറ്റില്‍ സുരേഷിന്റെ മകള്‍ സൗമ്യ (21) ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്. മരണ ദൃശ്യങ്ങള്‍ ഫോണില്‍ കണ്ട യുവാവ് ഇതിന്റെ സ്ക്രീന്‍ ഷോട്ടുമായി പീരുമേട് പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചു. സ്റ്റേഷനില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ സൗമ്യയുടെ വീട്ടിലേക്കു പൊലീസ് എത്തി വാതില്‍ പൊളിച്ചു കയറിയെങ്കിലും രക്ഷിക്കാനായില്ല. പിതാവ് സുരേഷ് വിദേശത്താണ്. അമ്മ ഈ സമയത്ത് ജോലിക്കു പോയിരിക്കുകയായിരുന്നു.
പൊലീസ് വന്നപ്പോഴാണ് അയല്‍വാസികള്‍ ഉള്‍പ്പെടെ വിവരം അറിയുന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണു സൗമ്യ. ഏലപ്പാറ കീഴേപെരുന്തറ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അനീഷുമായി അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ ഫോണില്‍ സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രണയ ബന്ധം മുറിയുന്നതിന്റെ മാനസിക സമ്മര്‍ദത്തിലായിരുന്നു യുവതിയെന്നു പൊലീസ് കരുതുന്നു. അനീഷിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ട് ഫോണ്‍, ഫ്രിജിനു മുകളില്‍ വച്ച ശേഷം സൗമ്യ ജീവനൊടുക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണു പൊലീസിനു ലഭിച്ചത്. അനീഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
നാടിനെ ഞെട്ടിച്ച കൊലപതകമായിരുന്നു കൂടത്തായി കൊലപാതകങ്ങൾ. കൂടത്തായി കൊലപാതക പാരമ്പരകളില്‍ മുഖ്യപ്രതിജോളിയുടെ കുത്തഴിഞ്ഞ ജീവിതം കുറ്റപത്രത്തില്‍ കൃത്യമായി വരച്ചുകാട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ . ജോളി കോഴിക്കോട് വച്ച് മാരകരോഗത്തിന്റെ പരിശോധനയ്ക്ക് വിധേയയായതടക്കം ഞെട്ടിക്കുന്നവിവരങ്ങള്‍ അന്വേഷണസംഘം ഇതിനകം ശേഖരിക്കുകയും അനുബന്ധരേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയുടെ വഴിവിട്ടുള്ള ജീവിതം കോടതിക്ക് ബോധ്യപ്പെടുന്നതിന് വേണ്ടിയാണ് ഇവരുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകള്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്.
ഇവര്‍ മാരകരോഗത്തിന്റെ പരിശോധനയ്ക്കായി പോയ സ്ഥലവും തീയതിയും രേഖകള്‍ സഹിതം കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ അറസ്റ്റിലാകുന്നതിന് ആറുമാസം മുന്‍പ് ത്വക്ക് രോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെ റിട്ട. ത്വക്ക് രോഗ ഡോക്ടറുടെ അടുത്ത് ജോളി ചികില്‍സ തേടിയിരുന്നു. ഇതിന് ഇവര്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കിയ മരുന്ന്കുറിപ്പടിയും മരുന്നുകളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. ജയിലില്‍ കഴിയവേ ഈ മരുന്ന ഇവര്‍ക്ക് വനിതാ പോലീസുകാര്‍ വാങ്ങിനല്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപരിചിതരായ പുരുഷന്മാരെ പരിചയപ്പെട്ടാല്‍ പോലും അടുത്തേക്ക് ചേര്‍ന്നിരുന്ന് സംസാരിക്കുന്ന പ്രകൃതമായിരുന്നു ജോളിക്കുണ്ടായിരുന്നത് എന്നതിന്റെ തെളിവും പോലീസ് കോടതിയില്‍ ഹാജരാക്കി.
ഇത് ഇവരുടെ മറ്റൊരു വിചിത്രസ്വഭാവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ റോയ് തോമസ് വധകേസില്മാത്രമാണ് ഇപ്പോള്‍ കുറ്റപ്രതം സമര്‍പ്പിച്ചിരിക്കുന്നത്. മറ്റ് കേസുകളിലും ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കും. ഇപ്പോഴും ജോളിയുമായി ബന്ധപ്പെട്ട ചെറിയ വിവരങ്ങള്‍ പോലും അന്വേഷണസംഘം കൃത്യമായി ശേഖരിക്കുന്നുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവായ പൊന്നാമറ്റം ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ഈ മാസം 18നോടെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
രോഗിയായ ഭാര്യയെ കാറിൽ ഉപേക്ഷിച്ചു ഭർത്താവ് ദുരൂഹ സാഹചര്യത്തിൽ മുങ്ങി. ഭക്ഷണവും വെള്ളവും ലഭിക്കാതെ വീട്ടമ്മ കാറിനുള്ളിൽ കിടന്നത് ഒന്നര ദിവസം. അവശയായ വീട്ടമ്മയെ ഓട്ടോറിക്ഷ ഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ചത്. വയനാട് മാനന്തവാടി വെൺമണി കമ്പെട്ടി വലിയ വേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈലാ മണിയെയാണ്(53) ഇന്നലെ രാവിലെ 11 ന് അടിമാലി–കുമളി ദേശീയപാതയിൽ അടിമാലി പൊലീസ് സ്റ്റേഷനു സമീപം അവശനിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയാണ് തന്നെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങിയതെന്ന് ലൈലാ മണി പറയുന്നു.
വ്യാഴാഴ്ച രാവിലെ മുതൽ ദേശീയപാതയോരത്തു കിടന്നിരുന്ന കാർ, ഓട്ടോറിക്ഷ ഡ്രൈവർ കൂമ്പൻപാറ തോപ്പിൽ ദീപുവിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇന്നലെയും കാർ അവിടെത്തന്നെ കിടക്കുന്നതു കണ്ട് ദീപു സുഹൃത്തുമായി എത്തി പരിശോധിച്ചപ്പോൾ ആണ് മുൻ സീറ്റിൽ ലൈലാ മണിയെ കണ്ടെത്തിയത്. പൊലീസിന്റെ സഹായത്തോടെ ലൈലാ മണിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.നാലു വർഷം മുൻപുണ്ടായ രോഗത്തെ തുടർന്ന് ലൈലാ മണിയുടെ ശരീരം തളർന്നിരുന്നു.
പരസഹായമില്ലാതെ ഇവർക്ക് എഴുന്നേറ്റു നിൽക്കാൻ കഴിയില്ല. സംസാരശേഷിയും കുറവാണെന്ന് ഇവർ പൊലീസിനു മൊഴി നൽകി. മാനന്തവാടിക്കു സമീപം 6 സെന്റ് സ്ഥലവും വീടും ഉണ്ടെന്നും രണ്ടു മക്കളാണ് തനിക്കുള്ളതെന്നും ഇവർ പൊലീസിനോടു പറഞ്ഞു. ഒരു മകൻ മഞ്ജിത്, കട്ടപ്പന ഇരട്ടയാറിൽ താമസിക്കുന്നു. മൂന്നു ദിവസം മുൻപ് മജ്‍ഞിത്തിന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞാണ് മാത്യു, വയനാട് നിന്ന് കാറിൽ തന്നെ കൂട്ടിക്കൊണ്ടു വന്നതെന്നും ലൈലാ മണി പൊലീസിനു മൊഴി നൽകി.
അടിമാലിയിൽ എത്തിയപ്പോൾ ശുചിമുറിയിൽ പോയി വരാം എന്നു പറഞ്ഞ് കാറിൽ നിന്നു മാത്യു ഇറങ്ങിയെന്നും പിന്നീട് തിരികെ എത്തിയില്ലെന്നും ലൈലാ മണി പറയുന്നു. ബുധനാഴ്ച മുതൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ കാറിൽ കിടന്നതോടെ അവശനിലയിൽ ആയി. കാറിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പർ മാത്യുവിന്റേതാണെന്നാണ് പൊലീസ് നിഗമനം. ഈ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്തെങ്കിലും പൊലീസിൽ നിന്നാണെന്ന് അറിയിച്ചതോടെ സ്വിച്ച് ഓഫ് ചെയ്തതായി എസ്ഐ സി.ആർ.സന്തോഷ് പറഞ്ഞു.
പരസ്പര വിരുദ്ധമായാണ് ലൈലാ മണി സംസാരിക്കുന്നത്. മാത്യു വയനാട്ടിൽ കൊയിലേരി, വെൺമണി, പടച്ചിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചിരുന്നു. വാടകയ്ക്കായിരുന്നു മിക്കയിടങ്ങളിലെയും താമസം. കാറിൽ ചായപ്പൊടി വിൽപനയായിരുന്നു കുറെക്കാലം. ഇയാളും ഭാര്യയും തിരുവനന്തപുരം സ്വദേശികളാണ്. എന്നാണ് ഇവർ വയനാട്ടിലെത്തിയതെന്ന് വയനാട്ടിൽ ഉള്ളവർക്കും അറിയില്ല. ആരോടും അധികം അടുത്തിടപഴകാത്ത പ്രകൃതമാണ് ഇവരുടേത്. വെൺമണിയിലെ സ്ഥലവും വീടും വിറ്റുവെന്നും ഇപ്പോൾ വയനാട്ടിൽ വരാറില്ലെന്നും പ്രദേശവാസികൾ പറയുന്നു