കല്‍പറ്റ: വയനാട് മീനങ്ങാടിക്കടുത്ത് പിതാവിനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. പിതാവിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി തുടയെല്ല് പൊട്ടി. ഗുരുതരമായി പരിക്കേറ്റ കാര്യമ്ബാടി സ്വദേശി ജോസഫ് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ മകളുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ബത്തേരിയില്‍ മീനങ്ങാടിക്കടുത്ത് വെച്ചാണ് സംഭവം. ബത്തേരിയില്‍ നിന്ന് അന്‍പത്തിനാലിലേക്ക് വരുന്ന വഴിയാണ് സംഭവം നടന്നത്. യാത്രക്കാര്‍ ഇറങ്ങുന്നതിന്റെ മുമ്ബ് ബസ് എടുത്തതാണ് അപകടത്തിന് കാരണം. ജോസഫിന്റെ മകള്‍ നീതു ഇറങ്ങാന്‍ നോക്കവെ ബസ് മുന്നോട്ട് എടുത്തതോടെ പെണ്‍കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസ് നിര്‍ത്താതെ പോകുകയും യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അല്‍പദൂരം മാറി ബസ് നിര്‍ത്തുകയും ചെയ്തു. സംഭവം ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടര്‍ പുറത്തേയ്ക്ക് തള്ളുകയായിരുന്നു.
റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയിലെ എട്ട് പൊട്ടി പുറത്തേക്ക് വന്നു. മുട്ടിന്റെ ചിരട്ട പൊടിഞ്ഞുപോകുകയും ചെയ്തു. കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ജോസഫിന്റെ മകള്‍ നീതു പോലീസില്‍ പരാതി നല്‍കി.
ബസ് ജീവനക്കാര്‍ക്കെതിരെ നടപടി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഡ്രൈവറും കണ്ടക്ടറും കുറ്റക്കാരെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. നടപടിക്ക് ഗതാഗതമന്ത്രി ഗതാഗത കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.
ആശുപത്രിയിലെത്തിച്ച ശേഷം ജീവനക്കാർ സംഭവം നിസാരവൽക്കരിച്ചെന്നും സ്ഥലം വിട്ടെന്നും മകൾ പറയുന്നു. തുടയെല്ലുകള്‍ തകര്‍ന്ന ജോസഫിന്റെ കാലിന് മൂന്ന് പൊട്ടലുകളുമുണ്ട്.കാലിന്റെ ചിരട്ട തകര്‍ന്ന നിലയിലുമാണ്.
പൊലീസ് ബസ് കണ്ടക്ടറുടെയും ഉടമയുടെയും മൊഴിയെടുത്തു. ജോസഫിനെ തള്ളിയിട്ടില്ല എന്നും വീഴുന്നത് കണ്ടില്ല എന്നുമാണ് ഉടമയുടെയും കണ്ടക്ടറുടെയും മറുപടി. മോട്ടോർ വാഹന വകുപ്പും തുടർനടപടികൾ എടുക്കും
കൊല്ലം പാരിപ്പള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തി. പാരിപ്പള്ളി സ്വദേശിനി ഐശ്വര്യ (19)യുടെ മൃതദേഹം ഇന്നു രാവിലെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടിയെ കാണാതായത്.
ഐശ്വര്യയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ക്യൂബാ ടീം അംഗങ്ങള്‍ ആയ ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍മാരായ വിപിന്‍, വിജേഷ്, ശ്രീകുമാര്‍, ഹരിരാജ്, ജിമ്മി ജോസഫ്, സരുണ്‍, നിജിന്‍ ബാബു, ജെയിംസ് എന്നിവരാണ് തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ബസ് ഡ്രൈവര്‍ മുകേഷ് കേസിലെ രണ്ടാംപ്രതിയാണ്. ഒന്നാം പ്രതി രാംസിങ്ങിന്റെ സഹോദരനാണ്. ദയാഹര്‍ജിതള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ നൽകിയിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ദയാഹര്‍ജി നല്‍കിയത്. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അതേസമയം, നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി പട്യാലാഹൗസ് കോടതി. പ്രതികള്‍ ദയാഹര്‍ജി നല്‍കിയതോടെ ജയില്‍ ചട്ടപ്രകാരം മരണവാറന്‍റ് സ്റ്റേ ചെയ്യപ്പെട്ടതായി കോടതി നിരീക്ഷിച്ചു. മരണവാറന്‍റ് പുറപ്പെടുവിച്ച ശേഷം കേസിലുണ്ടായിട്ടുള്ള പുരോഗിതകള്‍ വിശദീകരിച്ച് ജയില്‍ അധികൃതര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കണം. 22ന് തന്നെ വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ഭയയുടെ അമ്മയും വികാരപരമായല്ല നിയമപരമായി വേണം വധശിക്ഷ നടപ്പാക്കാനെന്ന് അമിക്കസ്ക്യൂറി വൃന്ദ ഗ്രോവരും വാദിച്ചു.
ഈ മാസം 22ന് വധശിക്ഷ നടപ്പിലാക്കുന്നതിലുള്ള നിയമതടസ്സങ്ങള്‍ പട്യാലഹൗസ് കോടതിയെ അമിക്കസ് ക്യൂറി വൃന്ദ ഗ്രോവരും തിഹാല്‍ ജയിലധികൃതരുടെ അഭിഭാഷകനും അറിയിച്ചു. ജയില്‍ ചട്ടപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ദയാഹര്‍ജി നല്‍കിയാല്‍ അത് തള്ളുന്നതു വരെ വധശിക്ഷ നടപ്പാക്കാനാകില്ല. ദയാഹര്‍ജി തള്ളിയതിന് ശേഷം പതിനാല് ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ. അതിനാല്‍ 22ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് ജയിലധികൃതര്‍ കോടതിയെ അറിയിച്ചു. ഇത് ശരിവച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നീളുമെന്ന് സെഷന്‍സ് ജഡ്ജി സതീഷ് അറോറ നിരീക്ഷിച്ചത്. കേസില്‍ പ്രതികള്‍ക്ക് ബാക്കിയുള്ള നിയമനടപടികള്‍ അവയുടെ തല്‍സ്ഥിതി തുങ്ങിയവ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണം. ഇത് പരിഗണിച്ച് പുതിയ മരണവാറന്‍റ് പുറപ്പെടുവിക്കുന്നത് പരിഗണിക്കും.
വിദേശത്തുള്ള ഭാര്യയുമായുള്ള ലൈവ് വിഡിയോ കോളിനിടെ ഭർത്താവ് ജീവനൊടുക്കി. പുതുപറമ്പിൽ ജോസിന്റെ മകൻ ജയ്‌സൺ (37) ആണു മരിച്ചത്. കുടുബപ്രശ്‌നങ്ങൾ ആണു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ കണ്ട ഭാര്യ സൗമ്യ, നാട്ടിലുള്ള ഭർതൃപിതാവ് ജോസിനെ വിവരം അറിയിച്ചു.
തുടർന്ന് ബന്ധുക്കൾ വീട്ടിൽ എത്തിയെങ്കിലും ആളെ രക്ഷിക്കാനായില്ല. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
മാല പൊട്ടിക്കപ്പെട്ടത് വീട്ടമ്മ അറിഞ്ഞില്ലെങ്കിലും സിസിടിവി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കയ്യോടെ കള്ളനെയും പിടികൂടി. വെള്ളാങ്ങല്ലൂർ പാലപ്രക്കുന്ന് സ്വദേശി ലീലയുടെ 3 പവന്റെ മാല ബൈക്കിൽ വന്നു കവർന്ന കേസിൽ കോടന്നൂർ നാരായണൻകാട്ടിൽ ശരത്‌ലാലിനെ (31)യാണ് സിഐ: പി.ആർ. ബിജോയിയുടെ നേതൃത്വത്തിൽ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.
ചൊവ്വാഴ്ച ഉച്ചയോടെ ഒറ്റയ്ക്കു നടന്നുപോകുന്നതിനിടെയാണു കവർച്ച. വീട്ടിലെത്തിയ ശേഷമാണു മാല നഷ്ടപ്പെട്ട വിവരം വീട്ടമ്മ അറിഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. എസ്ഐ കെ.എസ്.സുബിന്ത്, സിപിഒമാരായ അനൂപ് ലാലൻ, ജോസി ജോസ്, പ്രവീൺ ഭാസ്‌കരൻ, പി.വി.അനീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
കൊല്ലം കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വീട്ടമ്മയുടെ മൃതദേഹം കല്ലറയില്‍ നിന്നു നാളെ പുറത്തെടുക്കും. ഭര്‍ത്താവും മകനും സുഹൃത്തുക്കളും ചേര്‍ന്ന് ഷീലയെ കൊലപ്പെടുത്തിയെന്ന അമ്മയുടെ പരാതി തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത്.
കുണ്ടറ വെള്ളിമണ്‍ സ്വദേശിനായ ഷീല കഴിഞ്ഞ ജൂലൈ 29 നാണ് മരിച്ചത്. അന്നു രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ ഷീലയെ ആദ്യം കുണ്ടറയിലെയും പിന്നീട് കൊല്ലത്തെയും സ്വകാര്യ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം വേണമെന്നും ഷീലയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്തവ് സിംസണും ബന്ധുക്കളും വഴങ്ങിയില്ലെന്നാണ് ആരോപണം. ഷീലയുടെ അമ്മ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് നല്‍കിയ പരാതി അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
പരാതിക്കാരില്‍ നിന്നും മരിച്ച ഷീലയുടെ ഭര്‍ത്താവില്‍ നിന്നും പഞ്ചായത്തംഗത്തില്‍ നിന്നും ഉള്‍പ്പടെ മൊഴിയെടുത്തു. ഇതേ തുടര്‍ന്നാണ് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്നു ഷീലയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും ലഭിച്ച ശേഷം തുടരന്വേഷണത്തിലേക്ക് കടക്കും.
കോഴിക്കോട് ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യ ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ വഴിത്തിരിവ്. അമ്മയെ വാടകക്കൊലയാളിയുടെ സഹായത്തോടെ കൊലപ്പെടുത്തുകയും െതളിവുനശിപ്പിക്കാനായി വാടകക്കൊലയാളിയെയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. മൂന്നു വർഷം മുൻപ് കോഴിക്കോട് ജില്ലയിലെ രണ്ടു സ്ഥലത്തു നിന്നായി മൃതശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
മുക്കം വെസ്റ്റ് മണാശേരി സൗപർണികയിൽ ബിർജുവിനെ (53) ആണു ക്രൈം ബ്രാഞ്ച് സംഘം നീലഗിരിയിലെ താമസസ്ഥലത്തു നിന്നു പിടികൂടിയത്. മൂന്നുവർഷം മുൻപ് കണ്ടെത്തിയ ശരീരഭാഗങ്ങൾ മലപ്പുറം വണ്ടൂർ പുതിയോത്ത് ഇസ്മായിലിന്റേത് (47) ആണെന്നു തിരിച്ചറിഞ്ഞു. ബിർജുവിന്റെ അമ്മ ജയവല്ലിയെ (70) ഇസ്മായിലിന്റെ സഹായത്തോടെ ബിർജു കൊലപ്പെടുത്തിയതാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം സാരി ഉപയോഗിച്ചു ഫാനിൽ കെട്ടിത്തൂക്കി. ജയവല്ലി ആത്മഹത്യ ചെയ്തതാണെന്നു നാട്ടുകാരെ വിശ്വസിപ്പിച്ചു. കൊലപാതകത്തിൽ സഹായിച്ചതിനു 10 ലക്ഷം രൂപ ഇസ്മായിലിനു നൽകാമെന്നു ബിർജു വാഗ്ദാനം ചെയ്തിരുന്നു. പ്രതിഫലത്തിനായി ഇസ്മായിൽ പലതവണ ശല്യം ചെയ്യുകയും കൊലപാതകവിവരങ്ങൾ പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഇയാളെ ബിർജു വീട്ടിലേക്കു വിളിച്ചുവരുത്തി കൊല്ലുകയിരുന്നു. കയർ കഴുത്തിൽ മുറുക്കി കൊന്നശേഷം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം പല ഭാഗങ്ങളാക്കി മുറിച്ചു ചാക്കിലാക്കി.
കാലുകളും കൈകളും തലയും വെവ്വേറെ ചാക്കുകെട്ടിലാക്കി പുഴയിലാണു തള്ളിയത്. കൈകളും തലയുമില്ലാത്ത ശരീരഭാഗം ചാക്കിൽ കെട്ടി കാരശ്ശേരി പഞ്ചായത്തിൽ റോഡരികിൽ കോഴിമാലിന്യങ്ങൾക്കിടയിൽ തള്ളി. ശരീരഭാഗങ്ങളെല്ലാം ഒരാളുടേത് ആണെന്നു ഡിഎൻഎ പരിശോധനയിലൂടെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിരലടയാള പരിശോധനയിൽ നിന്നാണു മരിച്ചതു ഇസ്മായിൽ ആണെന്ന നിഗമനത്തിലെത്തിയത്.
മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇസ്മായിലിന്റെ പേരിൽ മോഷണക്കേസുകൾ ഉണ്ടായിരുന്നു. ഈ കേസുകളിൽ ഇസ്മായിലിന്റെ വിരലടയാളം ശേഖരിച്ചിരുന്നു. മൃതദേഹത്തിന്റെ വിരലടയാളവും ഇതും ഒന്നാണെന്നു പരിശോധനയിൽ കണ്ടെത്തി. തുടർന്നു ഇസ്മായിലിന്റെ മാതാവിന്റെ രക്തസാംപിൾ ശേഖരിച്ചു ഡിഎൻഎ പരിശോധന നടത്തിയതോടെ മരിച്ചത് ഇസ്മായിൽ ആണെന്ന് ഉറപ്പിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ തേടിയുള്ള അന്വേഷണത്തിലാണ് മുക്കം ഭാഗത്തു നിന്നു ക്വട്ടേഷൻ ഇടപാടിൽ ഇസ്മായിലിനു പണം ലഭിക്കാനുണ്ടായിരുന്നുവെന്നു സുഹൃത്തുക്കളിൽ നിന്നു വിവരം ലഭിച്ചത്. ഈ ക്വട്ടേഷൻ ഇടപാട് കൊലപാതകം ആണെന്ന സൂചനയും ക്രൈം ബ്രാഞ്ചിനു ലഭിച്ചു. തുടർന്നു മുക്കം ഭാഗത്തു സമീപകാലത്തു നടന്ന അസ്വാഭാവിക മരണങ്ങളുടെ പട്ടിക ശേഖരിച്ചു.
ജയവല്ലിയുടെ മരണത്തിൽ നാട്ടുകാർക്കുള്ള സംശയങ്ങളും മരണത്തിനു ശേഷം മകൻ ബിർജു വീടും സ്ഥലവും വിറ്റു നാട്ടിൽ നിന്നു പോയതും സംശയമുളവാക്കി. ഇസ്മായിലും ബിർജുവും തമ്മിൽ ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകളും ലഭിച്ചു. ഏറെ നാൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഇയാൾ നീലഗിരിയിലുണ്ടെന്നു കണ്ടെത്തി. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നെന്നു ക്രൈം ബ്രാഞ്ച് പറയുന്നു. 2017ൽ മൃതശരീരത്തിന്റെ ഭാഗങ്ങൾ ചാക്കിൽ െകട്ടിയ നിലയിൽ പല സ്ഥലത്തു നിന്നായി കണ്ടെത്തിയതാണു കേസിന്റെ തുടക്കം. 2017 ജൂൺ 26നു ചാലിയം കടലോരത്തു നിന്നു മൃതദേഹത്തിന്റെ ഇടതു കൈകയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. തുടർന്നു പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മൂന്നു ദിവസത്തിനു ശേഷം ഇതേ ഭാഗത്തുനിന്നു വലതുകൈയും കിട്ടി.
അന്വേഷണം നടക്കുന്നതിനിടെ ജൂലൈ 6നു കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റിൽ തടപറമ്പ് റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ കൈകാലുകളും തലയും ഒഴികെയുള്ള ശരീരഭാഗം കണ്ടെത്തി. ഓഗസ്റ്റ് 13ന് ചാലിയത്തു വച്ചു തലയോട്ടിയും കണ്ടെത്തി. ശരീരഭാഗങ്ങളെല്ലാം ഒരാളുടേതാണെന്ന് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. 2017 ഒക്ടോബർ നാലിനാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ച് ഐജി ഇ.ജെ.ജയരാജിന്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എം.ബിനോയ് ആണു അന്വേഷിച്ചത്.
ക്ലാസ് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന് അധ്യാപികയുടെ മുന്നിൽവെച്ച് അച്ഛൻ മകനെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അരൂർ മേഴ്സി സ്കൂളിൽവെച്ചാണ് ക്ലാസ് മുറിയിൽ അധ്യാപികയുടെ മുന്നിൽവെച്ച് അച്ഛൻ ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ തല്ലിയത്. രക്ഷിതാക്കളുടെ മീറ്റിങ്ങിനിടെയായിരുന്നു സംഭവം. മാർക്ക് കുറഞ്ഞതിന് അധ്യാപികയോട് കയർക്കുകയും, പിന്നീട് മകനെ അച്ഛൻ തല്ലുകയും ചെയ്യുന്ന വീഡിയോ പിൻനിരയിൽ ഇരുന്ന ആരോ മൊബൈലിൽ പകർത്തുകയായിരുന്നു.
വീഡിയോയുടെ തുടക്കം മുതലേ വിദ്യാർഥിയുടെ പിതാവ് ദേഷ്യത്തോടെ അധ്യാപികയോട് സംസാരിക്കുന്നത് കാണാം. മാർക്ക് കുറഞ്ഞതിന്‍റെ കാരണം അന്വേഷിച്ച് ഇയാൾ അധ്യാപികയോട് തട്ടിക്കയറി. പ്രിൻസിപ്പലിനെ വിളിക്കാനും ഇയാൾ ആക്രോശിക്കുന്നുണ്ട്. മാർക്ക് കുറഞ്ഞതിന്‍റെ കാരണം അധ്യാപിക, വിദ്യാർഥിയോട് തിരക്കുന്നതിനിടെയാണ് ക്ലാസ് മുറിയിലെ മുൻനിരയിൽ ഇരുന്ന അച്ഛൻ ചാടി എഴുന്നേറ്റ് മകന്‍റെ മുഖത്ത് അടിക്കുന്നത്. ക്ലാസ് ടെസ്റ്റിന്‍റെ പേപ്പർകൊണ്ട് മുഖംമറച്ചുനിന്ന് കുട്ടിയെയാണ് അച്ഛൻ തല്ലിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അച്ഛനെതിരെ രൂക്ഷവിമർശനവുമായി കമന്റുകൾ വന്നു. ഒടുവിൽ പൊലീസും ചൈൽഡ് ലൈനും സംഭവത്തിൽ ഇടപെട്ടു. നിയമനടപടി തുടങ്ങിയതായി അധികൃതർ പറയുന്നു.
സംഭവം സോഷ്യൽ മീഡിയയിലൂടെ വൈറലായതോടെ വിശദീകരണവുമായി കുട്ടിയുടെ അച്ഛനും അരൂർ സ്വദേശിയുമായ സതീശൻ പൈ രംഗത്തെത്തി. മകനെ ഏറെ സ്നേഹിക്കുന്നയാളാണെന്നും ദേഷ്യം നിയന്ത്രിക്കാനാകാത്ത നിമിഷത്തിൽ സംഭവിച്ചുപോയ തെറ്റാണെന്നുമാണ് ഇയാൾ പറയുന്നത്. ഒരു മാസം മുമ്പ് ക്ലാസ് ടെസ്റ്റിൽ കുട്ടിക്ക് മാർക്ക് കുറഞ്ഞപ്പോൾ സ്കൂളിലെത്തി മകനെ ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. വീണ്ടും മാർക്ക് കുറഞ്ഞതോടെയാണ് സ്കൂളിലെത്തി അധ്യാപികയോട് വിവരം തിരക്കിയത്. സംസാരത്തിനിടയിൽ ദേഷ്യം നിയന്ത്രിക്കാനാകാതെ വന്ന ഘട്ടത്തിലാണ് മകനെ തല്ലിയതെന്നും ഇയാൾ പറയുന്നു. വർഷം 75000 രൂപയോളം ഫീസ് നൽകിയാണ് മകനെ പഠിപ്പിക്കുന്നതെന്നും ഇയാൾ പറയുന്നു.
തനിക്കെതിരെ രഹസ്യമൊഴി നൽകിയ ആളുമായി കോടതിയിൽ വച്ച് സംസാരിച്ച് ജോളി. കഴിഞ്ഞ ദിവസം കോടതിയിലെത്തിച്ചപ്പോഴാണ് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളി, തനിക്കെതിരെ രഹസ്യമൊഴി നൽകിയ ജോസഫ് ഹില്ലാരിയോസുമായി സംസാരിച്ചത്. വനിതാ പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു സംസാരം.
കൂടത്തായിയിൽ കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുവും കേസിലെ പ്രധാന സാക്ഷികളിലൊരാളുമാണ് ജോസഫ്. ജോളിയുടെ ഭർത്താവ് റോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത് ജോസഫ് ഹില്ലാരിയോസായിരുന്നു.
ഈ പരാതിയിലാണ് പൊലീസ് ദുരൂഹമരണത്തിന് കേസ് രജിസ്റ്റർ ചെയ്തതും ഇൻക്വസ്റ്റ് നടത്തിയതും. അന്വേഷണഭാഗമായി ശവക്കല്ലറകൾ തുറക്കാൻ അന്വേഷണ സംഘം തീരുമാനിച്ചപ്പോൾ അഭിഭാഷകനെ കണ്ട ജോളിക്കൊപ്പം മറ്റു ബന്ധുക്കളുടെ കൂടെ ഇയാളും ഉണ്ടായിരുന്നു.
പിന്നീട് ജോസഫ് മജിസ്ട്രേറ്റിന് മുമ്പാകെ ജോളിക്കെതിരെ രഹസ്യമൊഴി നൽകി. ഇയാളുമായി ജോളി കോടതിയിൽ വച്ച് സംസാരിച്ചതിനെ തുടർന്ന് ജോസഫിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്‍ ചോദ്യംചെയ്തിരുന്നു.
പിതാവിന്റെ സ്വത്ത് ഭാഗംവച്ചതുമായി ബന്ധപ്പെട്ട് അനിയൻ നൽകിയ ഒരു കേസിൽ ഹാജരാകാനാണ് കോടതിയിലെത്തിയതെന്നായിരുന്നു ജോസഫ് ഹില്ലാരിയോസ് അറിയിച്ചത്. തന്നെ കണ്ടപ്പോൾ ജോളി അടുത്തു വന്ന് സംസാരിച്ചതാണെന്നും കുടുബത്തിലെ ആളുകൾ തന്നെപ്പറ്റി എന്താണ് പറയുന്നതെന്ന് അന്വേഷിച്ചുവെന്നുമാണ് ജോസഫ് ചോദ്യം ചെയ്യലിൽ അറിയിച്ചത്.
ഭക്ഷണം പോലും നല്‍കാതെ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും രണ്ടു മക്കളെയും വീട്ടുതടങ്കലില്‍ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചു. ചുനക്കര ലക്ഷംവീട് കോളനിയില്‍ അന്ധനായ കുഞ്ഞുമോന്‍-സജീദ ദമ്പതികളുടെ മകള്‍ നിഷ(26)യെയാണ് ഭര്‍തൃ വീട്ടുകാര്‍ വീട്ടുതടങ്കലില്‍ പീഡിപ്പിച്ചത്. നിഷയുടെ മക്കളായ നിജാഫാത്തിമ(ആറ്), മുഹമ്മദ്സല്‍മാന്‍(ഒന്ന്) എന്നിവരും വട്ടപ്പാറയിലുള്ള ഭര്‍തൃവീട്ടില്‍ തടങ്കലിലായിരുന്നു.
ഭക്ഷണം പോലും ലഭിക്കാതെ അവശയായ നിഷയെ കഴിഞ്ഞ 10 ന് ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് മര്‍ദിച്ചു. കൂടുതല്‍ സത്രീധനം ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരിയും പീഡിപ്പിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഓടി രക്ഷപെട്ട നിഷ റോഡിലെത്തി നാട്ടുകാരോട് വിവരം പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കരയില്‍ നിന്നും പിങ്ക് പോലീസെത്തി പിങ്ക് പോലീസെത്തി യുവതിയെയും മക്കളെയും മോചിപ്പിച്ച് ജില്ലാ ആശുപത്രിയിലാക്കി.
ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. വിവരമറിഞ്ഞെത്തിയ നിഷയുടെ മാതാപിതാക്കള്‍ മൂവരെയും ചുനക്കരയിലെ വാടകവീട്ടിലേക്ക് കൊണ്ടുപോയി. നിഷയെ പിന്നീട് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ജില്ലാ ആശുപത്രിയിലെത്തി നിഷയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തി.
മാവേലിക്കര റെയില്‍വേ ലെവല്‍ക്രോസില്‍ വച്ച് ട്രെയിനിടിച്ച് തെറിച്ച് വീണാണ് നിഷയുടെ അച്ഛന്‍ കുഞ്ഞുമോന്റെ കാഴ്ച നഷ്ടപ്പെട്ടത്. ഇതിനു ശേഷം നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇവര്‍ കഴിഞ്ഞുവന്നത്. നാട്ടുകാരും പള്ളിക്കമ്മിറ്റിയും മുന്‍കൈയെടുത്ത് 2012 ലാണ് നിഷയുടെ വിവാഹം നടത്തിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മര്‍ദിച്ചതെന്ന് നിഷ പറഞ്ഞു.